Image

പതക്കം (കഥ: ശ്രീകുമാർ ഭാസ്കരൻ)

Published on 29 July, 2025
പതക്കം (കഥ: ശ്രീകുമാർ ഭാസ്കരൻ)

“പ്രതാപൻ സാർ ആത്മഹത്യ ചെയ്തു.”
ഞാൻ സ്കൂളില്‍ നിന്നും വരുമ്പോൾ രഞ്ജിത്ത് എന്നോട് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി.
പ്രതാപൻ സാറിനെ എനിക്കറിയാം. അദ്ദേഹം ചെങ്ങന്നൂര്‍  സ്വദേശിയാണ്. മാലെ യില്‍ അദ്ധ്യാപകനായിട്ട് ഇരുപത്തെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ അത്രയും സീനിയോരിറ്റി ഉള്ള ഇന്ത്യന്‍ അദ്ധ്യാപകര്‍ മാലെയില്‍ ഇല്ല. പതിറ്റാണ്ടുകൾക്കു മുമ്പേ മാലെയിലെത്തിയ വ്യക്തി. ആദ്യ കാലഘട്ടങ്ങളിൽ എത്തിയ മലയാളികളിൽ ഒരാള്‍. 
അദ്ദേഹത്തിന്റെ കൂടെയെത്തിയ മലയാളികള്‍ എല്ലാം ഓരോ കാലങ്ങളില്‍ നാട്ടിലേക്കു തിരിച്ചു പോന്നു. പ്രതാപന്‍ സാര്‍ മാത്രം അവിടെ നിന്നു. കാരണം അദ്ദേഹത്തിന് വിവാഹപ്രായമെത്തിയ രണ്ടു സഹോദരിമാരുണ്ടായിരുന്നു. ഇരട്ടകള്‍. അച്ഛനില്ല. നേരത്തെ മരിച്ചു പോയിരുന്നു. പിന്നെ ഡിഗ്രിക്ക് പഠിക്കുന്ന ഒരു അനുജനായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് അദ്ദേഹത്തിനു മറ്റുള്ളവരെപ്പോലെ ജോലി ഇട്ടെറിഞ്ഞിട്ടു നാട്ടിലേക്കു പോകാന്‍ പറ്റുമായിരുന്നില്ല. 
ഇടയ്ക്ക് പ്രതാപന്‍ സാര്‍ ഞങ്ങള്‍ താമസിക്കുന്ന റൂമില്‍ വരും. രഞ്ജിത്തിനെ കാണാന്‍. അപ്പോള്‍ അദ്ദേഹം പറയും.
“നിങ്ങള്‍ ഈ ദാരിദ്ര്യം മാറ്റി നല്ല എ. സി. റൂമൊക്കെയെടുത്ത് താമസിക്കണം. എങ്കിലേ ഉയര്‍ച്ച ഉണ്ടാവുകയുള്ളൂ. ദാരിദ്ര്യ മനോഭാവമാണ് ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. അത് ആദി മാറ്റണം. എങ്കിലേ സാമ്പത്തിക സമൃദ്ധി ഉണ്ടാവുകയുള്ളൂ.” 
സാധാരണ മോട്ടിവേഷന്‍ പ്രാസംഗികരാണ് ഇങ്ങനെ പറയാറുള്ളത്. ഈ പറയുന്ന മോട്ടിവേഷനിസ്റ്റുകളുടെ വീട്ടിലെ അവസ്ഥ വളരെ പരിതാപകരമായിരിക്കും. അതാരും അറിയില്ല. അല്ലെങ്കില്‍ അറിയിക്കില്ല. അറിഞ്ഞാല്‍പിന്നെ ആരും മോട്ടിവേഷന്‍ ക്ലാസ്സെടുക്കാന്‍ വിളിക്കില്ലല്ലോ. 
സ്വയം നന്നാവാതെ മറ്റുള്ളവരെ നന്നാക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന മൂന്നു കൂട്ടരേ ലോകത്തുള്ളു. ഒന്ന്, പുരോഹിതര്‍. രണ്ട്,  അദ്ധ്യാപകര്‍. മൂന്ന്, മോട്ടിവേഷന്‍ അവതാരങ്ങള്‍. ഇക്കൂട്ടര്‍ ഒരിക്കലും സ്വയം  നന്നാവാന്‍ ശ്രമിക്കാറില്ല. കാരണം അതിനുള്ള സമയം അവര്‍ക്ക് കിട്ടാറില്ല. നിരന്തരം മറ്റുള്ളവരെ നന്നാക്കാനുള്ള തിരക്ക് കൊണ്ട്.  
കേരളത്തില്‍ നിന്നും മാലിയിലേക്ക് കാര്യമായ കുടിയേറ്റം തുടങ്ങുന്നത് തൊണ്ണൂറുകള്‍ക്ക് ശേഷമാണ്. മാലിയില്‍ ഒരദ്ധ്യാപകന് അന്നത്തെ സാലറി എന്ന് പറയുന്നത് ഇരുപതിനായിരം ഇന്ത്യൻ രൂപയായിരുന്നു. അന്ന് ഒരു സ്കൂൾ അധ്യാപകന് അതൊരു വലിയ തുകയായിരുന്നു. ഒരു കോളേജ് പ്രോഫസ്സറിന് നാലായിരം രൂപ ശമ്പളം ഉള്ള സമയത്താണിതെന്നോര്‍ക്കണം. യു. ജി. സി. സ്കെയിൽ വരുന്നതിനു മുമ്പുള്ള സമയം. അതുകൊണ്ട് ധാരാളം മലയാളികൾ മാലിയിലേക്ക് പോയി. 
“പ്രതാപന്‍ സാറാണ് ബുദ്ധിപരമായി പ്രവര്‍ത്തിച്ചത്. സാറിന്  പെന്‍ഷന്‍ കിട്ടും. അതൊരു നല്ല തുകയാണ്”.
ഒരിക്കല്‍ രഞ്ജിത്ത്എന്നോട് പറഞ്ഞു. 
“സാറിന്റെ കൂടെ വന്നവര്‍ എല്ലാം നാട്ടിലേക്ക് തിരിച്ചുപോയി. പക്ഷെ പുള്ളിമാത്രം പിടിച്ചു നിന്നു. അതിപ്പോള്‍ വലിയ ഗുണമായി. അദ്ധ്യാപകനായി ഇരുപത്തിയഞ്ച് വര്‍ഷം  പൂര്‍ത്തിയാക്കിയവര്‍ക്ക് മാലിസര്‍ക്കാര്‍ പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി സാര്‍ നാട്ടില്‍ പോയാലും ആ തുക സാറിനു കിട്ടും.”. 
രഞ്ജിത്ത് അസൂയയോടെ പറഞ്ഞതാണിത്. ആ പ്രതാപന്‍ സാറാണിപ്പോള്‍......
എല്ലാകാര്യവും ബുദ്ധിപരമായി ചെയ്ത പ്രതാപന്‍ സാര്‍, പക്ഷെ ഒരു കാര്യം മണ്ടത്തരമാണ് ചെയ്തത്. വിവാഹം. അതൊരു വലിയ പരാജയമായിപ്പോയി. 
ചില തെറ്റുകള്‍ അങ്ങനെയാണ്. അത് നമ്മളേയും കൊണ്ടേ പോകു. അങ്ങനെ സംഭവിക്കും എന്ന് നമുക്ക് മുൻകൂട്ടി ആലോചിക്കാനും കഴിയില്ല. 
“എടുക്കാന്‍ പറ്റാത്ത പോട്ടില്‍ക്കൊണ്ട് തല ഇട്ടപോലെയായിപ്പോയി പുള്ളിയുടെ വിവാഹം. പാവം”.
രഞ്ജിത്ത് പരിതപിച്ചു.
“ചിലപ്പോള്‍ വിവാഹബന്ധം ഒരു അബദ്ധം ആകും. അത് ആര്‍ക്കും  പറ്റാം. അതിനു ബുദ്ധി ഒരു ഘടകമല്ല.  ശാസ്ത്രലോകത്തെ ഏറ്റവും വലിയ ബുദ്ധിമാന്‍ അല്ലെങ്കില്‍ ജീനിയസ് എന്ന് പറയപ്പെട്ടിരുന്ന ഐന്‍സ്റ്റീനും ആ അബദ്ധം പറ്റിയിട്ടുണ്ട്. വിവാഹം എന്ന അബദ്ധം. പിന്നല്ലേ നമ്മള്‍. സാധാപുരുഷകേസരികള്‍. പുവര്‍ ഫെല്ലോസ്”. ഞാന്‍ പറഞ്ഞു.
ആദ്യ ഭാര്യ മിലേവയുമായിട്ടുള്ള ഐന്‍സ്റ്റീനിന്റെ വിവാഹബന്ധം അല്പായുസ്സായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ശിഷ്യ ആയിരിന്നിട്ടുപോലും. അതില്‍ ഉണ്ടായ രണ്ടു കുട്ടികളില്‍ ഇളയവന്‍ എഡ്വേര്‍ഡിന് ഗുരുതരമായ മാനസികരോഗമായ  സ്കിസോഫ്രേനിയയും ഉണ്ടായിരുന്നു. ആ ദുഃഖം എന്നും അദ്ദേഹത്തെ വ്രണിത ഹൃദയനാക്കി. സ്വതവേ ഡിസലക്സിയ എന്ന അപാകത ഉള്ളയാളായിരുന്നു ഐന്‍സ്റ്റീന്‍.
ആയിരത്തി തൊള്ളായിരത്തി പത്തൊന്‍പതില്‍, അദ്ദേഹത്തിന്റെ ഭാര്യ മിലേവ വിവാഹമോചനത്തിന് സമ്മതിച്ചു. ഒരു വ്യവസ്ഥയിന്മേല്‍. അത് ഐന്‍സ്റ്റീന് ഭാവിയില്‍ കിട്ടാന്‍ പോകുന്ന നോബല്‍ സമ്മാനത്തുക തനിക്കു നല്‍കണം എന്ന വ്യവസ്ഥയായിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്നില്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ അദ്ദേഹം ആ വാക്ക് പാലിക്കുകയും ചെയ്തു.  
രക്ഷപ്പെടണമല്ലോ. അങ്ങനെ ആദ്യഭാര്യയില്‍നിന്നും അദ്ദേഹം രക്ഷപ്പെട്ടു.
പക്ഷെ ആ ബുദ്ധിമാന്‍ അതേ അബദ്ധം വീണ്ടും ആവര്‍ത്തിച്ചു. രണ്ടാമതും അദ്ദേഹം വിവാഹം കഴിച്ചു. ഇപ്രാവശ്യം അദ്ദേഹം വിവാഹംകഴിച്ചത് അദ്ദേഹത്തിന്റെ ഒരു ബന്ധുവായിരുന്ന എല്‍സയെയാണ്. മൂന്നരവസ്സില്‍ മാത്രം സംസാരിച്ചു തുടങ്ങിയ ഐന്‍സ്റ്റീന്‍ എന്ന ആ മനുഷ്യന് ഒറ്റയ്ക്ക് ജീവിക്കുക അസാദ്ധ്യമായിരുന്നു. എന്തിന് കടയില്‍പ്പോയി സാധനം വാങ്ങിയിട്ട്   ബാക്കിതരുന്ന തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും ഐന്‍സ്റ്റീന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. 
രണ്ടാം വിവാഹവും ഒരു പരാജയമായിരുന്നു. പക്ഷെ ഇപ്രാവശ്യം വിവാഹമോചനത്തിന് അദ്ദേഹം തയ്യാറായില്ല. പടലപ്പിണക്കങ്ങളുടേയും അവിഹിതബന്ധ ആരോപണങ്ങളുടേയും കുരിശുംപേറി ആ മനുഷ്യന് ജീവിക്കേണ്ടി വന്നു. മരിക്കും വരെ. 
ഒരിക്കല്‍ അദ്ദേഹം പറഞ്ഞു ‘എന്‍റെ എല്ലാ പ്രൊജക്റ്റുകളും  വിജയകരമായിരുന്നു. പരാജയപ്പെട്ട രണ്ടു പ്രൊജക്റ്റുകളേയുള്ളു. അത് എന്‍റെ രണ്ടു വിവാഹമായിരുന്നു.’
പിന്നീട് ഹിറ്റലറിനെ പേടിച്ച് അമേരിക്കയില്‍ അഭയം പ്രാപിച്ച ഐന്‍സ്റ്റീനിനോട്, അദ്ദേഹത്തിന്റെ സുഹൃത്ത് ഒരിക്കല്‍ എഴുതിച്ചോദിച്ചു, ‘അമേരിക്കയില്‍ സുഖമാണോ?’.
അമേരിക്കയില്‍ ജീവിതച്ചിലവ് വളരെ കൂടുതല്‍ ആയിരുന്നു. അതിനു തക്ക വരുമാനം ഐന്‍സ്റ്റീനിന് ഉണ്ടായിരുന്നില്ല.
ഐന്‍സ്റ്റീനിന്റെ മറുപടി രസകരമായിരുന്നു.
“ഹിറ്റലറേയും രണ്ടു ഭാര്യമാരേയും അതിജീവിച്ച എനിക്ക് ഇവിടെ സുഖം തന്നെ.” 
എന്നുപറഞ്ഞാല്‍ രണ്ടാമത്തെ ഭാര്യയേയും അദ്ദേഹത്തിന്  സഹിക്കേണ്ടി വന്നുവെന്നര്‍ത്ഥം.
ആദ്യം, മാലിയില്‍ അദ്ധ്യാപക ജോലിക്ക് പ്രായപരിധി ഉണ്ടായിരുന്നു. മുൻപ് മുപ്പതുവയസ്സിന് താഴെയുള്ള യുവാക്കളേയും യുവതികളേയും ആയിരുന്നവർ താൽപര്യപ്പെട്ടിരുന്നത്. പിന്നീട് പ്രായപരിധി നാല്പത്തഞ്ചു  വയസ്സാക്കി. ഇപ്പോൾ പ്രായപരിധി പൂർണമായും എടുത്തു കളഞ്ഞു. 
പ്രധാനകാരണം ഇപ്പോൾ ഇന്ത്യയിൽ നിന്നും അധികം അദ്ധ്യാപകർ അവിടെ വർക്ക് ചെയ്യാൻ താല്പര്യപ്പെടുന്നില്ല എന്നത് തന്നെയാണ്. രണ്ടു കാരണമാണ്. ഒന്ന്, അവിടുത്തെ വിദ്ധ്യാഭ്യാസസംസ്കാരം തൃപ്തികരമല്ല. തലതിരിഞ്ഞ പിള്ളേരും ഉഷ്ണകാലാവസ്ഥയും യോഗ്യമല്ലാത്ത ഭക്ഷണവും അങ്ങനെ പോകുന്നു പ്രശ്നങ്ങള്‍. രണ്ട്, ഇന്ത്യയിൽ ഇപ്പോൾ നല്ല ശമ്പളമുണ്ട്. ഒരു സീനിയർ അധ്യാപകന് മാലിയിൽ കിട്ടുന്നതിനേക്കാട്ടിലും കൂടുതൽ ശമ്പളം ഇന്ത്യയിലുണ്ട്. 
എന്നാൽ പ്രതാപന്‍ സര്‍ മാലിയിൽ എത്തുമ്പോൾ, അവിടെ തികച്ചും പരിതാപകരമായ ഒരു അവസ്ഥയായിരുന്നു. ദൂരെയുള്ള ഐലൻഡുകളിലെ സ്കൂളിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. അത് ഇന്നും അങ്ങനെ തന്നെ. പ്രധാന യാത്രാ  സൗകര്യം ബോട്ടാണ്, അന്നും ഇന്നും ഉള്ളത്. അന്ന് സീപ്ലെയിനുകൾ ഇല്ല. ഇന്ന് സീപ്ലെയിനുകൾ ഉണ്ട്. പക്ഷേ അത് അദ്ധ്യാപകര്‍ക്ക് പ്രാപ്യമല്ല. വലിയ ചിലവേറിയ ഒന്നാണ് അതിലെ യാത്ര. അതുകൊണ്ട് അദ്ധ്യാപകർക്ക് യാത്രയ്ക്ക് ബോട്ട് തന്നെ ആശ്രയം.  ബോട്ടു യാത്ര കടലിന്റെ അവസ്ഥയെ ആശ്രയിച്ചാണ് നടത്തുന്നത്. കടല്‍ ശോഭിച്ചാല്‍ യാത്ര നിലയ്ക്കും. ബോട്ട് പോയപോലെ തിരിച്ചുപോരും. കടല്‍ എപ്പോള്‍ ക്ഷോഭിക്കും എന്ന് നമുക്ക് പ്രവചിക്കുക സാദ്ധ്യവുമല്ല. ഫലത്തില്‍ ബോട്ടുയാത്ര ഒരു ഞാണിന്മേല്‍ കളിയാണ്. 
ദൂരെയുള്ള ഐലൻഡുകളിലേക്ക് എട്ടു മുതൽ പതിനാറ് മണിക്കൂർ വരെ യാത്ര വേണ്ടിവരും. എല്ലാ ഐലൻഡിലും കുറഞ്ഞത്‌ ഒരു ഹോസ്പിറ്റലും ഒരു സ്കൂളും നിര്‍ബന്ധമായും കാണും.  കുട്ടികൾ കുറവായിരിക്കും. എങ്കിലും ഒരു സ്കൂൾ അനിവാര്യമാണ്. ഉള്ള കുട്ടികള്‍ക്കാകട്ടെ വിദ്യാഭ്യാസത്തോട് വലിയ താല്പര്യമുണ്ടായിരിക്കുകയുമില്ല. 
പല രാജ്യങ്ങളുടേയും സാമ്പത്തിക ഔദാര്യത്തില്‍ മാത്രമാണ് മാലിയിലെ വിദ്ധ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നുപോകുന്നത്. പക്ഷെ അത് ഫലപ്രധമായി വിനിയോഗിക്കാനുള്ള ബുദ്ധിവൈഭവമോ സംവിധാനമോ മാലിക്ക് ഇല്ല. അഴിമതിയുടെ കൂത്തരങ്ങാണ് മാലി. ഞാനും എന്‍റെ കാര്യവും. അതാണ്‌ അവിടുത്തെ പല ഭരണാധികാരികളുടേയും മുദ്രാവാക്യം.  
പ്രതാപൻ സാർ പ്രാരംഭത്തിൽ പതിനാലു മണിക്കൂർ ദൂരെയുള്ള ഒരു ഐലൻഡിൽ ആയിരുന്നു. പിന്നീട് അദ്ദേഹം സീനിയർ ആയപ്പോൾ, ക്യാപിറ്റൽ സിറ്റിയായ മാലെയിലെ ഒരു സ്കൂളിലേക്ക് വന്നു. അവിടെയാണ് രഞ്ജിത്ത് പഠിപ്പിച്ചിരുന്നത്. പ്രതാപൻ സാർ ഇംഗ്ലീഷ് അധ്യാപകനാണ്. ഇംഗ്ലീഷ് ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻറ് ആയിരുന്നു. 
പ്രതാപൻ സാർ ഒറ്റത്തടി ആയിരുന്നു. ഏറെക്കാലം. കുടുംബപ്രാരാബ്ധം കൊണ്ട് സമയത്ത് വിവാഹം കഴിക്കാന്‍ പറ്റിയില്ല. സഹോദരിമാരുടെ വിവാഹവും അനിയൻറെ ജോലിയും, വിവാഹവും ഒക്കെ കഴിഞ്ഞപ്പോഴേക്കും പ്രതാപൻ സാറിന് ഒരു പ്രായം കഴിഞ്ഞിരുന്നു. പിന്നെ വീട്ടുകാരുടേയും കൂട്ടുകാരുടേയും  നിർബന്ധത്തിന് വഴങ്ങി അന്‍പത്താറാം വയസ്സില്‍  ആ മണ്ടത്തരം ചെയ്തു. വിവാഹം കഴിച്ചു. 
അന്യമതസ്ഥയാണ് ഭാര്യ. അതൊരു പ്രേമവിവാഹം എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ അന്‍പത്താറാമത്തെ വയസ്സില്‍  പ്രതാപൻ സാർ ഒരു നവവരനായി. 
പ്രതാപന്‍ സാറിന്റെ വിവാഹം നാട്ടിൽ വച്ച് രജിസ്റ്റർ ചെയ്തു. അത്യാവശ്യബന്ധുക്കളും കൂട്ടുകാരും മാത്രം ഉൾപ്പെടുന്ന ഒരു വിവാഹം. പിന്നെ മാലെയില്‍ വന്നു വാടകയ്ക്ക് ഒരു ഫ്ലാറ്റെടുത്ത് താമസം തുടങ്ങി. പ്രാരംഭത്തില്‍ വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പോയി. അദ്ദേഹത്തിന്റെ ഭാര്യ ലസിക, ജാഫറിനെ  പരിചയപ്പെടുന്നത് വരെ. 
പ്രതാപൻ സാർ ഇക്സ്ട്രാ ട്യൂഷനൊക്കെ എടുത്ത് കൂടുതലായിട്ട് പൈസ ഉണ്ടാക്കുമായിരുന്നു. 
അദ്ദേഹത്തിന്റെ ഭാര്യ ലസിക ഒരു ഡിഗ്രി ഹോൾഡർ മാത്രമായിരുന്നു. അതുകൊണ്ട് മലെയിൽ ജോലി കിട്ടാനുള്ള സാദ്ധ്യതയും കുറവായിരുന്നു. അപ്പോഴാണ്‌ മലെയിലെ മറ്റൊരു സ്കൂളിൽ അദ്ധ്യാപകനായ ജാഫറിനെ ലസിക പരിചയപ്പെടുന്നത്. 
ജാഫര്‍ പെരിന്തൽമണ്ണ സ്വദേശിയാണ്. ജാഫറിന് ലസികേക്കാട്ടിലും ഏഴ് വയസ്സിന്റെ ഇളപ്പം ഉണ്ടായിരുന്നു. ലസികയുടെ  അനിയനെപ്പോലെ ആ ബന്ധം പ്രാരംഭത്തില്‍ മുന്നോട്ട് പോയി. മിക്കവാറും സായാഹ്നങ്ങളില്‍ ജാഫര്‍ ലസികയുടെ ഫ്ലാറ്റില്‍ ചിലവഴിച്ചു. ആ സമയത്ത് പ്രതാപൻ സാർ ട്യൂഷൻ എടുക്കാൻ പോയിട്ടുണ്ടാവും. അത് ഒരു ദുരന്തത്തിലേക്കുള്ള വഴിമരുന്നായി പിന്നീട്. 
ലസിക നല്ല സൈസ് ഒത്ത ഒരു സ്ത്രീയായിരുന്നു. നല്ല ഉയരവും അതിനു തക്ക വണ്ണവുമൊക്കെയുള്ള ഒരു സ്ത്രീ. ജാഫറിനെ ഒക്കെത്തെടുത്തുവെച്ചു നടക്കാന്‍ പറ്റിയ സൈസുള്ള ഒരു സ്ത്രീ. അവരുടെ വസ്ത്രധാരണത്തില്‍ അല്പം അപാകതയുണ്ടോ എന്ന് ആര്‍ക്കും തോന്നിപ്പോകുമായിരുന്നു.
 ജാഫറാകട്ടെ അവരുടെ പകുതി സൈസ് പോലും ഉണ്ടായിരുന്നില്ല. ഉയരവും കുറവായിരുന്നു. അവര്‍ക്കൊപ്പം  ജാഫർ നിന്നാല്‍, ആനയുടെ സമീപത്ത് ആട് നിൽക്കുന്നതുപോലുള്ള വ്യത്യാസം അവര്‍ തമ്മില്‍ ഉണ്ടായിരുന്നു. 
ലസിക, ജാഫറിനെ അനിയനെപ്പോലെയൊരു വ്യക്തി  എന്ന നിലയിലാണ് മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നത്. പക്ഷെ അതങ്ങനെയായിരുന്നില്ല എന്ന് കാലംകൊണ്ട് തെളിഞ്ഞു. 
ആ സമയങ്ങളിൽ എല്ലാം പ്രതാപന്‍ സാര്‍ ട്യൂഷൻ എടുക്കുന്ന തിരക്കിലായിരുന്നു. പക്ഷേ പിന്നീട് എനിക്ക് തോന്നിയത് പ്രതാപന്‍ സര്‍ എന്തെക്കെയോ മന:പൂർവ്വം ഒഴിവാക്കുകയാണെന്ന്. 
പല സായാഹ്നങ്ങളിലും അദ്ദേഹം ഒറ്റയ്ക്ക് ബോട്ടുലാന്‍ഡിന്റെ സമീപം നില്‍ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പലപ്പോഴും അദ്ദേഹം സ്വന്തം ഫ്ലാറ്റിലേക്കുള്ള പോക്ക് പരമാവധി താമസിച്ചാക്കി. 
പിന്നെപ്പിന്നെ അത് ഉറങ്ങാന്‍ വേണ്ടി മാത്രമുള്ള പോക്കായി മാറി. രണ്ടാഴ്ച കൂടുമ്പോള്‍ അദ്ദേഹം നാട്ടിലേക്ക് പോകും. ഒറ്റയ്ക്ക്. സഹോദരങ്ങളെ കാണും. രണ്ടു ദിവസം അവിടെ ചിലവഴിക്കും. പിന്നെ തിരിച്ചുപോരും. 
ആ സമയങ്ങളിൽ ലസിക ജാഫറുമായിട്ട് വിനോദ കേന്ദ്രങ്ങളിൽ കറങ്ങി നടക്കുന്നുണ്ടായിരുന്നു. ലസിക നന്നായിട്ട് മദ്യപിക്കുമായിരുന്നു.
“ആ സ്ത്രീ ഹുളു മാലിയിലെ സുപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് ഒരുദിവസം ബഹളം ഉണ്ടാക്കുന്നത്‌ കണ്ടു.”
ഒരിക്കല്‍ ലസികയെ സുപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് കണ്ടവിശേഷം എന്റെ സഹ  അദ്ധ്യാപിക ലക്ഷ്മി എന്നോടു പറയുകയായിരുന്നു.
“കന്നിനെ കയം കാണിച്ചാലുള്ള പ്രശ്നമാണിതൊക്കെ.” ലക്ഷ്മി ആത്മഗതം എന്നപോലെ പറഞ്ഞു. 
ലസിക മിക്ക ദിവസവും ജാഫറിനൊപ്പം ഹുളു മാലിയില്‍ പോകുമായിരുന്നു. ബിയര്‍ കഴിക്കാന്‍.  മാലിയില്‍ ലഭ്യമാകുന്ന ബിയറിന് വീര്യം കൂടുതലാണ്. കാരണം അതില്‍ ആല്‍ക്കഹോളിന്‍റെ അളവ് വളരെക്കൂടുതലാണ്. 
ഒരു ഹാഫ് ബിയര്‍ കഴിച്ചാൽപ്പോലും ഒരു സാധാരണക്കാരന് തലയ്ക്കു പിടിക്കാന്‍ ഉണ്ടാകുമായിരുന്നു. അങ്ങനെ ലസിക സമൃദ്ധമായി ജീവിച്ചു. ഇതു കണ്ടില്ല എന്ന നിലയിൽ പ്രതാപൻ സാറും ജീവിച്ചു പോന്നു. 
വയസ്സാംകാലത്ത് ഒരു സഹായമാകും എന്ന് കരുതി വീട്ടുകാരും നാട്ടുകാരും നിർബന്ധിച്ചു കെട്ടിച്ച ആ വിവാഹം സാവധാനം ഒരു ദുരന്തമായി മാറുകയായിരുന്നു. 
ഒരിക്കൽ വളരെ വൈകി ഡിപ്പാർട്ട്മെന്റില്‍ ഇരിക്കുന്ന പ്രതാപന്‍ സാറിനോട് ‘വീട്ടിൽ പോകുന്നില്ലേ’ എന്ന് രഞ്ജിത്ത് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് ‘എന്തിന്,  കാണാൻ പാടില്ലാത്തത് കാണാൻ വേണ്ടിയൊ’. 
അദ്ദേഹത്തിന്റെ ആ പറച്ചിലില്‍  ഒരുപാട് വസ്തുതകള്‍ ഉണ്ടായിരുന്നു. പലതും അദ്ദേഹം മൂടിവെച്ചു. 
പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവരുന്നതും ജനം അറിയുന്നതും ജാഫറിന്റെ വിവാഹം കഴിഞ്ഞപ്പോഴാണ്. 
ജാഫറിന്റെ ഭാര്യ കൗമാരം കഷ്ടിച്ചു കഴിഞ്ഞ ഒരു പെണ്ണായിരുന്നു. കോഴിക്കോട്ടുകാരി. ഒരു സോമില്‍ ഉടമയുടെ ഒരേയൊരു മകള്‍.  പൂത്തപണക്കാരി. വിദ്ധ്യാഭ്യാസത്തിലേ അല്പം കുറവുള്ളൂ. ബാക്കിയെല്ലാം ആവശ്യത്തിലധികം ഉണ്ടായിരുന്നു.  
പിന്നീട് ജാഫര്‍ ലസികയെ സന്ദര്‍ശിക്കുന്നത് നിര്‍ത്തി. 
‘അഡിക്ഷന്‍’ മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ മാത്രമല്ല, ശാരീരികബന്ധത്തിലും ഉണ്ടെന്ന് ലസിക തെളിയിച്ചു. അപ്പോഴേക്കും ജാഫര്‍, ലസികയുടെ ഒരു ‘ഗിഗലൊ’ ആയി മാറിക്കഴിഞ്ഞിരുന്നു. ജാഫറിനെ കാണാതെ ഒരാഴ്ച തികയ്ക്കാന്‍ ലസികയ്ക്ക് സാധിച്ചില്ല.
ഒരു ദിവസം അവര്‍ ഒറ്റയ്ക്ക് ഹുളു മാലിയില്‍പ്പോയി ആവുന്നത്ര കുടിച്ചിട്ട് ജാഫറിന്റെ ഫ്ലാറ്റില്‍ ചെന്നു. വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കി. അനന്തരഫലം, മധുവിധുവിന്റെ മണം മാറാത്ത, ജാഫറിന്റെ പുതുമണവാട്ടി, രണ്ടുമാസം കഴിഞ്ഞപ്പോള്‍ വണ്ടി പിടിച്ച് നാട്ടിലേക്ക് പോയി. പിന്നെ ഒരു സമവായചര്‍ച്ചയ്ക്കൊന്നും ആരും മുതിര്‍ന്നില്ല.  
ഒരുബന്ധം മറനീക്കി പുറത്ത് വന്നപ്പോള്‍, മറ്റൊരു ബന്ധം,  തിരശ്ശീലയിട്ടു. 
പിന്നെ അപ്രതീക്ഷിതമായി ഒരു ദിനം അതും സംഭവിച്ചു. സ്കൂളില്‍ നിന്നും ലീവെടുത്ത് ഹുളുമാലിയില്‍പ്പോയി നന്നായി മദ്യപിച്ചത്തിനു ശേഷം  സ്കൂളിലെത്തിയ ജാഫര്‍, എല്ലാവരും കാണ്‍കെ പ്രതാപന്‍ സാറിനെ പരിഹസിച്ചു. മനോജ്ഞ മനോഹര മലയാളത്തിലല്ല, നല്ല ഒന്നാംതരം സായ്പിന്റെ ഭാഷയില്‍. എങ്കിലേ അത് എല്ലാവര്‍ക്കും  മനസ്സിലാകൂ. 
പ്രതാപന്‍ സാറിന്റെ കഴിവുകേടുകൊണ്ട് ‘ഗിഗലൊ’ ആയിപ്പോയ വരിയുടക്കപ്പെട്ട കാളയുടെ ഗര്‍ജ്ജനമായിരുന്നു അത്. ഒരു നിമിഷം ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റ് നിശ്ചമായി. എല്ലാവരും അറിഞ്ഞു. എല്ലാവര്‍ക്കും എല്ലാം മനസ്സിലായി. 
ബഹളം കേട്ട് ക്ലാസ്സില്‍ നിന്നും ഓടിവന്ന രഞ്ജിത്ത് ജാഫറിനെ  ബലമായി പിടിച്ചുകൊണ്ടുപോയി രംഗം ശന്തമാക്കി. പക്ഷെ അപ്പോഴേക്കും പ്രതാപന്‍ സാര്‍ എന്ന ചീട്ടുകൊട്ടാരം അമ്പേ തകര്‍ന്നു വീണിരുന്നു. 
അപരിഹാര്യമായ നഷ്ടവും പേറി അന്നുച്ചയ്ക്ക്‌ പ്രതാപന്‍ സാര്‍ ലീവെടുത്തു. രഞ്ജിത്ത് സാറിന്റെ ഫ്ലാറ്റില്‍ അന്വേഷിച്ചെത്തുമ്പോള്‍  സാര്‍ നല്ല ഉറക്കത്തിലായിരുന്നു.  
രഞ്ജിത്ത് തിരിച്ചു പോന്നു. അന്ന് വൈകിട്ട് പ്രതാപന്‍ സര്‍ ഞങ്ങളുടെ റൂമിലെത്തി, അദ്ദേഹത്തിനു കിട്ടിയ പുരസ്കാരം രഞ്ജിത്തിന്റെ കൈയ്യില്‍ കൊടുത്തു. സ്റ്റാര്‍ ആകൃതിയിലുള്ള ഒരു പതക്കം. പിന്നെ ഒന്നും മിണ്ടാതെ സാര്‍ തിരിച്ചു പോയി. തിരിച്ചു പോകുന്ന പ്രതാപന്‍ സാര്‍ തികച്ചും ശാന്തനായിരുന്നു.
അടുത്ത ദിനം സാര്‍ ലീവിലായിരുന്നു. അപ്പോഴും രഞ്ജിത്ത് സാറിനെ അന്വേഷിച്ചു റൂമിലെത്തി.
സാര്‍ ചോറ് വെക്കുന്ന തിരക്കിലായിരുന്നു. എല്ലാം പഴയതുപോലെ. പതിവിനു വിപരീതമായി അന്ന് സാര്‍ ആവശ്യപ്പെട്ടപ്പോള്‍ രഞ്ജിത്തും ചോറ് കഴിക്കാന്‍ കൂടി. സാധാരണ അവന്‍ ഒഴിവുകഴിവ് പറഞ്ഞു മുങ്ങുകയാണ് പതിവ്. ലസിക നാട്ടിലായിരുന്നു.
ചോറ് കഴിക്കുമ്പോള്‍ ആ ഓണത്തിനു നാട്ടില്‍ ഓണം ആഘോഷിക്കാന്‍ കൂടുന്നതിനെപ്പറ്റി സാര്‍ പറഞ്ഞു. പതിവിനു വിപരീതമായി സാര്‍ വാചാലനായിരുന്നു. 
അദ്ദേഹം സ്വന്തം നാടിനെപ്പറ്റി രഞ്ജിത്തിനോട് ധാരാളം സംസാരിച്ചു. പൊതുവേ ആരോടും അധികം സംസാരിക്കാത്ത ഒരു  സ്നേഹനിധിയായിരുന്നു അദ്ദേഹം. ആര്‍ക്കും എപ്പോഴും സഹായത്തിന്  ആശ്രയിക്കാവുന്ന ഒരു വ്യക്തി. എല്ലാവര്‍ക്കും സാറിനെ വലിയ ഇഷ്ടമായിരുന്നു. അതിന്റെ അനന്തരഫലമായിരുന്നു അദ്ദേഹത്തിന്റെ വൈകിയുള്ള വിവാഹം തന്നെ. 
‘വൈകിട്ട് വരണം നമുക്കൊന്നിച്ച്‌ ഒരു സായാഹ്ന സവാരിയും സര്‍ഫിംഗും ആകാം’ എന്ന് പ്രതാപന്‍ സാര്‍ രഞ്ജിത്തിനോട് പറഞ്ഞു. രഞ്ജിത്ത് സമ്മതിച്ചു.  
അതിന്‍പ്രകാരം വൈകിട്ടെത്തിയ രഞ്ജിത്ത് കണ്ടത് സാര്‍ ബഡ്ഡില്‍ കമിഴ്ന്നു കിടക്കുന്നതാണ്. മലര്‍ത്തിക്കിടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വായില്‍ നിറയെ നുരയുണ്ടായിരുന്നു. ശരീരം തണുത്തിരുന്നു. എന്നാല്‍ നിറവ്യത്യാസമൊ ഗന്ധമോ  ഉണ്ടായിരുന്നില്ല. 
രഞ്ജിത്ത് ഉടന്‍ സ്കൂൾ പ്രിസിപ്പലിനെ വിവരം അറിയിച്ചു. ഒരു അദ്ധ്യാപകന്റെ കസ്റ്റോഡിയന്‍ മാലി നിയമമനുസരിച്ച് സ്കൂള്‍ പ്രിന്‍സിപ്പിലാണ്. പിന്നെ എല്ലാം വളരെ പെട്ടെന്നു നടന്നു. 
രഞ്ജിത്ത് അപ്പോഴാണ്‌ റൂമില്‍ വന്ന് എന്നോട് വിവരം പറയുന്നത്. 
ഞങ്ങള്‍ ഉടന്‍ ഹോസ്പിറ്റലിലേക്ക് പോയി. ഔപചാരികമായ ഒരു പോസ്റ്റ്‌മോര്‍ട്ടം ഉണ്ടായി. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വെച്ച്. പിന്നെ ബോഡി മോര്‍ച്വറിയിലേക്ക് മാറ്റി. 
മരണകാരണം പോയ്സണിംഗ് തന്നെയെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. സയനൈഡ് പൊയ്സണ്‍ ആവാം എന്ന സംശയവും ഡോക്ടര്‍ പ്രകടിപ്പിച്ചിരുന്നു. ആര്‍ക്കും സാറിന്റെ മരണത്തില്‍ സംശയമോ  പരാതിയോ ഇല്ലാതിരുന്നതുകൊണ്ട് ബോഡി നാട്ടിലേക്ക് കൊണ്ടുപോകാന്‍ തടസ്സമുണ്ടായില്ല. 
സ്പൈസ് ജെറ്റില്‍ അടുത്ത ദിവസം ബോഡി നാട്ടിലെത്തിച്ചു. പ്രതാപന്‍ സാറിന്റെ അനിയനെ വിവരം അറിയിച്ചിരുന്നു. ബോഡിക്ക് ഒപ്പം ലക്ഷ്മിയുടെ ഹസ്ബന്‍ഡും അനുഗമിച്ചു.
പ്രതാപന്‍ സാര്‍  ആത്മഹത്യ ചെയ്തത് എന്തിനെന്ന് ഊഹിക്കാം. 
അപമാനഭാരം.  
ആരോടും അദ്ദേഹത്തിന് പരാതിയില്ലായിരുന്നു. വിവാഹം നിര്‍ബന്ധിച്ചു നടത്തിയ സുഹൃത്തുക്കളോടോ, വഴിപിഴച്ചുപോയ ഭാര്യയോടോ എന്തിന് സാറിനെ അപമാനിച്ച  ജാഫറിനോട് പോലും. 
ആരുടേയും നേരെ വിരല്‍ ചൂണ്ടുന്ന ഒരു ആത്മഹത്യാക്കുറിപ്പോ ഒന്നും ഉണ്ടായിരു ന്നില്ല. പൂവില്‍ നിന്നും ഒരു ദളം വാടിക്കൊഴിഞ്ഞു വീഴുന്നതുപോലെ സാര്‍ വിടവാങ്ങി.
നാട്ടില്‍ വിധിയാം വണ്ണം സംസ്കാരം നടന്നു. സാറിന്റെ അനുജന്റെ മകന്‍ കര്‍മ്മങ്ങള്‍ ചെയ്തു. 
“ഒരുപാടുപേരുടെ പ്രശ്നം പരിഹരിക്കാന്‍ ആ മനുഷ്യന്‍ ഒറ്റയ്ക്ക് മാലിയ്ക്ക് വന്നു. അതൊക്കെ പരിഹരിച്ചു. ഇപ്പോള്‍ എല്ലാ പ്രശ്നവും ഏറ്റെടുത്തുകൊണ്ട് ആ മനുഷ്യന്‍ ഒറ്റയ്ക്ക് യാത്രയ്യായി. പാവം മനുഷ്യന്‍” രഞ്ജിത്ത് പറഞ്ഞു. 
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഞാനും രഞ്ജിത്തും കടല്‍ഭിത്തിയില്‍ നില്‍ ക്കുകയായിരുന്നു. രാത്രി സമയം പത്തുമണിയോടടുത്തു. കടല്‍ തികച്ചും ശാന്തമായിരുന്നു. 
രഞ്ജിത്ത് പോക്കറ്റില്‍ നിന്നും റോസ് പേപ്പറില്‍ പൊതിഞ്ഞ ഒരു പൊതിയെടുത്തു. അത് തുറന്നു. അത് പ്രതാപന്‍ സാറിനു കിട്ടിയ പതക്കമായിരുന്നു. 
നക്ഷത്രരൂപമുള്ള പതക്കം. മുന്‍പ് മാലിസര്‍ക്കാരിന്റെ വിദ്ധ്യാഭ്യാസവകുപ്പ് പ്രതാപന്‍ സാറിനെ അനുമോദിച്ചുകൊണ്ട് നല്‍കിയ പതക്കം. അദ്ദേഹത്തിന്റെ അദ്ധ്യാപനത്തിന്‍റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്. 
രഞ്ജിത്ത് ആ പതക്കം എന്‍റെ കൈയ്യില്‍ തന്നു. നല്ല കട്ടിയുള്ള പതക്കം. 
“ഇത് സ്വര്‍ണ്ണം പൂശാണോ” ഞാന്‍ ചോദിച്ചു.
“അല്ല. തനിത്തങ്കം.  മൂന്നരപ്പവന്‍. പ്രതാപന്‍ സാറിന്റെ അവസാനത്തെ തിരുവവശേഷിപ്പ്.”രഞ്ജിത്ത് പറഞ്ഞു.
ഞാന്‍ ആ പതക്കം അവന്റെ കൈയ്യില്‍ തിരിച്ചുകൊടുത്തു. അവന്‍ അതുമായി   കടല്‍ഭിത്തിയുടെ അഗ്രത്തെ കല്ലിലേക്ക് ഇറങ്ങി നിന്നു.   
പ്രതാപന്‍ സാറിന് കൃത്യമായ പ്ലാനുണ്ടായിരുന്നു. അത് ആരോടും  അദ്ദേഹം പറഞ്ഞിരുന്നില്ലെങ്കിലും. അതുകൊണ്ടാണ് ആ പതക്കം സാര്‍ രഞ്ജിത്തിന് കൊടുത്തത്. അത് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയാതെ പോയി. അറിഞ്ഞപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു.
രഞ്ജിത്ത് ആ പതക്കം വെള്ളത്തിനു മീതേ വെച്ചു. പിന്നെ കൈയ്യെടുത്തു. ഞാന്‍ ടോര്‍ച്ചടിച്ചുകൊണ്ടിരുന്നു. ആ പതക്കം വെട്ടിത്തിളങ്ങി വെള്ളത്തില്‍ ആലോലമാടി താഴേക്കു പോയി. ടോര്‍ച്ചിന്റെ പ്രകാശത്തില്‍ അതിന്റെ തിളക്കം മങ്ങി മങ്ങി....പിന്നെ തീര്‍ത്തും കാണാതെയായി.
അവിടെ കടലിന് ആറു കിലോമീറ്റര്‍ ആഴമുണ്ടായിരുന്നു. 
dr.sreekumarbhaskaran@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക