തിരുവനന്തപുരം: ആഗോള തലത്തിൽ ഫൊക്കാന നടത്തിയ നോവൽ രചന മത്സരത്തിൽ യുവ എഴുത്തുകാര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം അമേരിക്കൻ മലയാളി അഭിനാഷ് തുണ്ടുമണ്ണിലിന്റെ 'പരന്ത്രീസ് കുഴൽ' നേടി.
ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എഴുത്തുകാർ പങ്കെടുത്ത മത്സരത്തിൽ അമേരിക്കൻ മലയാളി ഈ നേട്ടം കൈവരിച്ചത് അഭിമാനകരമായി.
പ്രശസ്ത സാഹിത്യകാരൻ കെ.വി. മോഹൻ കുമാർ ഐ.എ.എസ് നേതൃത്വം നൽകിയ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിച്ചു.
യാതൊരു സ്വാധീനമോ ശുപാര്ശയോ പരിഗണിക്കാതെ സ്വതന്ത്രമായി നടത്തിയ വിധിയെഴുത്തിൽ ഒരു അമേരിക്കൻ മലയാളി തന്നെ ജേതാവായതിൽ തങ്ങളും അഭിമാനിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ പറഞ്ഞു.
പെന്സിവേനിയയിൽ കോളജ് പോയിന്റിൽ താമസിക്കുന്ന പത്തനംതിട്ട കമ്പനാട് സ്വദേശി അഭിനാഷ് എട്ട് പുസ്തകങ്ങളുടെ രചയിതാവ് ആണെങ്കിലും അമേരിക്കയിൽ ഏറെയൊന്നും അറിയപ്പെട്ടിരുന്നില്ല. അമ്പതോളം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനുമാണ്. ലേഖനങ്ങളും കഥകളും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
എസ് 21 പ്രിസൺ, കളിമണ്ണിന്റെ കാലൊച്ച, അടിമക്കപ്പൽ തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. കരിങ്കാലിക്കുന്ന് സേവ എന്ന നോവൽ ഡിസി ബുക്ക്സ് ഉടൻ പ്രസിദ്ധീകരിക്കും.
അമേരിക്കയിൽ കൗൺസലറായി ജോലി ചെയ്യുന്നതിനിടയിലും മലയാള സാഹിത്യത്തെ നെഞ്ചോടു ചേർക്കുന്ന അഭിനാഷ് യുവതലമുറയിലെ എഴുത്തുകാർക്കൊരു മാതൃകയാണെന്ന് ഫൊക്കാന ജൂറി ചെയർ കെ.വി. മോഹൻകുമാർ ഐ.എ.എസ് അഭിപ്രായപ്പെട്ടു.
'അടിമക്കപ്പൽ' എന്ന നോവൽ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക സാഹിത്യ പുരസ്‌കാരം (2023), എംഡിഎൽഎഫ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. എസ് 21 പ്രിസണിലൂടെ സി.കെ.കൊച്ചുകോശി സ്മാരക സാഹിത്യ അവാർഡിനും അർഹനായി. 2024 ൽ ഗാന്ധി സേവാഗ്രാം യുവപ്രതിഭ പുരസ്കാരവും ലഭിച്ചു.
എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. തുടർന്ന് ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ് ബ്ലിയു പൂർത്തിയാക്കിയ അഭിനാഷ്, മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിംഗ് സൈക്കോളജിയിൽ എംഫിലും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മോഡേൺ മാസ്റ്റർ പീസസസ് ഓഫ് വേൾഡ് ലിറ്ററേച്ചറിൽ പഠനവും പൂർത്തീകരിച്ച ശേഷം കുടുംബസമേതം അഞ്ചു വര്ഷം മുൻപ് അമേരിക്കയിലെത്തി. ഭാര്യയായും രണ്ടു മക്കളുമുണ്ട്.
പിതാവ് റ്റി.വി.ജേക്കബ്, മാതാവ് മേരി ജേക്കബ്, ഭാര്യ നീതു, മക്കള്‍ ജോനാഥന്‍, കേലബ്.
1. കരിങ്കാലിക്കുന്ന് സേവ നോവല്‍ ഡി.സി. ബുക്ക്‌സ് വൈകാതെ പ്രസിദ്ധീകരിക്കും.
2. പരന്ത്രീസ് കുഴല്‍ (നോവല്‍, എൻ.ബി.എസ് ഈ ജൂണിൽ പ്രസിദ്ധീകരിച്ചു).
3. അടിമക്കപ്പല്‍ (നോവല്‍, -NBS)
4.കളിമണ്ണിന്റെ കാലൊച്ച (നോവല്‍, ഇന്ദുലേഖ ബുക്ക്‌സ്)
5. എസ് 21 പ്രിസണ്‍ (നോവല്‍, ലോഗോസ് പബ്ലിക്കേഷന്‍)
6. നാല് ആത്മീയ പുസ്തകങ്ങള്‍ (CSS, Gloria, Pachila, Chirathu Publication's)
Awards And Acknowledgement's
1.മഹാകവി വെണ്ണിക്കുളം ഗോപാലക്കുറിപ്പ് സ്മാരക സാഹിത്യ പുരസ്‌കാരം 2023 (അടിമക്കപ്പലിന്)
2.സി.കെ.കൊച്ചുകോശി സ്മാരക സാഹിത്യ പുരസ്‌ക്കാരം(എസ് 21 പ്രിസണിന്)
3. ഗാന്ധി സേവാഗ്രാം യുവപ്രതിഭാ പുരസ്‌കാരം 2024
4.എം.ഡി.എല്‍.എഫ്. പുരസ്‌ക്കാരം (അടിമക്കപ്പലിന്)