"പന്ത്രണ്ടരയ്ക്ക് നടയടയ്ക്കും..അതിനുമുന്നേ ക്ഷേത്രത്തിനുളളിൽ കയറാൻ കഴിയണം.." സാമാന്യം സ്പീഡിൽത്തന്നെയാണ് വണ്ടി പൊയ്ക്കൊണ്ടിരിക്കുന്നത്..
ബ്ളോക്കിലൊന്നും പെടാതിരുന്നാൽ മതിയായിരുന്നു..
ഇത്രടംവന്നിട്ട് ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ കഴിയാതെ വരുമോ..?
പന്ത്രണ്ടര കഴിഞ്ഞാൽപ്പിന്നെ നടതുറക്കുന്നതെപ്പൊഴാണോ ആവോ..?
ക്ഷേത്രത്തിനുമുന്നിൽ ഞങ്ങളെ ഇറക്കിയിട്ട്, ഡ്രൈവർ, കാർ പാർക്കിംഗിൽ കൊണ്ടിടാൻ
പോയി. അയാളെ വെയ്റ്റ്ചെയ്യാനൊന്നും നിന്നില്ല. നടയടയ്ക്കാൻ ഏതാനും മിനിറ്റുകൾ മാത്രമെന്ന് വാച്ച്...!
ക്ഷേത്രത്തിനുളളിലേക്ക് തിടുക്കത്തിൽ നടന്നു കയറുകയായിരുന്നു.
സാധാരണയിലും കൂടുതൽ പോലീസുകാർ..!
വി ഐ പികളാരെങ്കിലും വന്നു പോയതാവുമോ....
അതോ..ഇന്നിനി വരുന്നുണ്ടാവുമോ..?
കഴിഞ്ഞതവണ വന്നപ്പോഴൊന്നും ഇങ്ങനെയില്ലായിരുന്നു. സ്വസ്ഥമായും സമാധാനമായും
ഭഗവത് ദർശനം സാധ്യമായിരുന്നു.
നടയടയ്ക്കുംമുന്നേ ശ്രീകോവിലിനുള്ളിൽ പ്രവേശിക്കണം..
നടപ്പന്തലിലൂടെ ധൃതിയിൽ നടക്കുന്നതിനിടയിൽ മൊബൈൽ സയലന്റാക്കി ബാഗിലിട്ടു.
വളരെ നീണ്ട മൂന്നു നാലു വരി ക്യൂ.. കണ്ടുതൊഴാൻ കഴിയുമോയെന്ന് സംശയം.. . സ്പെഷ്യൽ ക്യൂ വഴിയും ഭക്തന്മാർക്കു പ്രവേശനമുണ്ട്.. നിശ്ചിത ഫീസടയ്ക്കണം.
ആലോചിച്ചു നില്ക്കാൻ സമയമില്ല..
പണ്ട് വി.ഐ.പി പരിഗണനയിൽ, ഭഗവാനെ തൊട്ടരികെ നിന്നു ദർശിക്കാനും, ഭഗവാനു നേദിച്ച വെണ്ണയുരുള കൈകളിൽ വാങ്ങാനും കഴിഞ്ഞിട്ടുണ്ട്.
അങ്ങനെയുമൊരു കാലം..!
ക്ഷേത്രത്തിനകത്തു പ്രവേശിച്ചിട്ടും ഭഗവാനെ ദർശിക്കാനുളള ഭാഗ്യമുണ്ടാവില്ലേ?
ആരെക്കൊണ്ടെങ്കിലും ഒന്നു വിളിച്ചു പറയിപ്പിക്കാനായാൽ..! പെട്ടെന്നൊരു ചിന്ത മനസ്സിലൂടെ കടന്നുപോയി..
നടപ്പന്തലിൽ, ഒരു സൈഡിലേക്കു മാറിനിന്ന് ബാഗിൽനിന്നു ഫോണെടുത്ത്
ഭർത്താവിന്റെ സഹപ്രവർത്തകനായിരുന്ന
വി ഐ പിയുടെ നമ്പർ സേർച്ചുചെയ്യുന്നതിനിടയിൽ എവിടെനിന്നോ ഒരാൾ പാഞ്ഞുവന്ന് ഫോൺ പിടിച്ചുവാങ്ങിയത് പെട്ടെന്നായിരുന്നു..
"ക്ഷേത്രവളപ്പിൽ ഫോൺ ഉപയോഗിക്കരുതെന്ന് വെണ്ടയ്ക്കാവലിപ്പത്തിൽ എഴുതിവച്ചതു കണ്ടില്ലേ..?
ഓരോന്നു ചാടിവന്നോളും ബാക്കിയുള്ളോർക്ക് പണിയുണ്ടാക്കാൻ. "
അയാൾ ഒച്ചവച്ചു..
"ഇനി മൂന്നുമണി കഴിയും ഫോൺ തിരിച്ചു കിട്ടണമെങ്കിൽ..
ഫോൺ ഓഫീസിൽ ഏല്പിയ്ക്കും. ഫോട്ടോകൾ വല്ലതുമെടുത്തിട്ടുണ്ടോന്ന് അവിടെ പരിശോധിക്കണം."
അയാൾ നടന്നു കഴിഞ്ഞു..
"ക്ഷേത്രനുളളിൽവച്ച് ഫോൺ പിടിക്കപ്പെട്ടാൽ
സെക്യൂരിറ്റിക്കാരന്റെ ജോലിപോകും..
അയാൾ അയാളുടെ ജോലിചെയ്തു..
അത്രയേയുളളൂ." കണ്ടു നിന്ന ഒരാൾ.
" മളളിയൂരും, ചോറ്റാനിക്കരയിലും ദർശനംനടത്തിയശേഷം ഗുരുവായൂരപ്പനെ തൊഴാൻ
ധൃതിയിൽ പാഞ്ഞുവന്നതാണ്. നടയടയ്ക്കുംമുമ്പ്
അകത്തു കയറാനുളള വെപ്രാളത്തിലായിരുന്നു.
ആരെക്കൊണ്ടെങ്കിലും ഒന്നു വിളിച്ചു പറയിപ്പിക്കാം എന്നു
വിചാരിച്ചാ ഫോണെടുത്തത്.
ഇത്രയും ദൂരം വന്നിട്ട് ഭഗവാനെ കണ്ടു തൊഴാൻ കഴിയാതെ തിരിച്ചുപോകേണ്ടിവന്നാൽ.."
കണ്ണു നിറഞ്ഞുപോയി..
"ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെ കണ്ടു കാര്യം പറയൂ..
അറിയാതെ പറ്റിപ്പോയതാണെന്ന് അദ്ദേഹത്തെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു..
അപ്പോൾത്തന്നെ ഫോൺ മടക്കിത്തരും.."
ക്ഷേത്രജീവനക്കാരനാണെന്നു തോന്നുന്ന വേറൊരാൾ പറഞ്ഞു.
"ആയിരം രൂപകൊടുത്ത് വി.ഐ.പി പാസ് എടുത്താൽ പ്രത്യേക കവാടത്തിലൂടെ ശ്രീകോവിലിനുമുന്നിലെത്താം..
ഭഗവാനെ കണ്ടിട്ടുപോകാം..
അതിനും ആളുകൾ ക്യൂവാണ്..
വേഗം ചെല്ല്..!"
എന്താണു സംഭവിച്ചതെന്നു കേൾക്കാൻ മനസ്സുകാണിച്ച
അഡ്മിനിസ്ട്രേറ്റർ.
ഫോൺ പിടിച്ചുവാങ്ങിയ സെക്യൂരിറ്റിയെത്തന്നെ തങ്ങളെ ക്ഷേത്രത്തിനുളളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ
ചുമതലപ്പെടുത്തി.
വി ഐ പി പരിഗണനയോടെ വീണ്ടുമൊരു ദർശന ഭാഗ്യം... !
"കൃഷ്ണാ ഗുരുവായൂരപ്പാ.. നിന്നെത്തേടിയെത്തുന്ന
ഭക്തന് നീ ദർശനം നിഷേധിക്കയില്ലെന്ന സത്യം ഒരിക്കൽക്കൂടി
ബോധ്യമായിരിക്കുന്നു.
ഭഗവാനേ നിന്റെ കൃപാകടാക്ഷം ഞങ്ങളിൽ എന്നുമുണ്ടായിരിക്കേണമേ.."
ആത്മനിർവൃതിയോടെ
ഭഗവാനെ ഒന്നുകൂടി വണങ്ങി പുറത്തിറങ്ങുമ്പോൾ
കൊടിമരച്ചുവട്ടിൽ തങ്ങളെക്കാത്ത് അക്ഷമനായി നില്ക്കുന്ന ഡ്രൈവർ..
അയാൾക്ക് അഞ്ചുമണിക്ക് ഒരോട്ടംപോകാനുണ്ടെന്നു പറഞ്ഞിരുന്ന
കാര്യം അപ്പൊഴാണോർത്തത്..