രണ്ടുകവിതകൾ തമ്മിൽ പ്രേമിച്ചാൽ എന്താവുമെന്നോ...
തൊട്ടുരുമ്മി തൊട്ടുരുമ്മി
വാക്കുകൾ തമ്മിൽ പുണർന്നുരുമ്മി
അക്ഷരങ്ങളുടെ വാരിയെല്ലുകൾ
കോർത്തുകുരുങ്ങി
നെടുകെ മുറിഞ്ഞു കടലാസിൽ വീഴും..
കടലാണെന്നു പറഞ്ഞ കവിതയെ
കടല പൊതിഞ്ഞു വിക്കാമെന്നല്ലാതെ
കടലാസ് തോണിക്ക് പോലും
കൊള്ളില്ലന്ന് കടലാസു കവികൾ
കട്ടായം പറയും..
ആകാശമാണെന്ന് കുത്തിക്കുറിച്ചത്
ആത്മാർത്ഥത വറ്റിയപ്പോ
നിറംമങ്ങി വാക്കുമങ്ങി
വെളുത്തു വെളുത്തപ്പാടെ
വെയിലേറ്റ് നരച്ചെന്ന്
ആക്രിപ്പാണ്ടി വിലങ്ങിനിന്നു വിലപേശും..
രണ്ടു കവിതകൾ തമ്മിൽ പ്രേമിച്ചാൽ
രണ്ടാലൊന്നിനെ കവിതയെന്ന -
പേരിന് കൊള്ളാതെയാവും.
രണ്ടും കെട്ടൊരെണ്ണം
രണ്ടാനമ്മയുടെ ചട്ടുകം പൊള്ളി
ചന്തിപൊത്തിപ്പായും..
രണ്ടു കവിതകൾ തമ്മിൽ പ്രേമിച്ചാൽ
രണ്ടിലെ കവിതയും
തമ്മിൽ കൊത്തും,
കണ്ണിൽ കണ്ണിൽ വിഷം തീണ്ടും...
ഒടുവിലെ വരിയിലേക്കിഴഞ്ഞു ചാവും..!