Image

'എന്റെ മക്കള്‍ക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കളെ പോലെയാവാന്‍ കഴിയില്ല'; 'ഞാന്‍ അവരുടെ അത്രയൊന്നും വലിയ താരമല്ല,’ സുരേഷ് ഗോപി

Published on 29 July, 2025
'എന്റെ മക്കള്‍ക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കളെ പോലെയാവാന്‍ കഴിയില്ല';  'ഞാന്‍ അവരുടെ അത്രയൊന്നും വലിയ താരമല്ല,’ സുരേഷ് ഗോപി

മലയാള സിനിമയിലെ മൂന്ന് സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയും. മൂന്നു പേരുടെയും മക്കളും ഇന്ന് സിനിമയില്‍ സജീവമാണ്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ യുവ താരങ്ങളില്‍ ഒരാളാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍, ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു.

സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും, മാധവ് സുരേഷും, ഇപ്പോള്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായിക്കഴിഞ്ഞു. ചില ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഗോകുല്‍ പതുക്കെ മലയാള സിനിമയില്‍ കളംനിറയുകയാണ്. ഇളയ മകന്‍ മാധവ് ആകട്ടെ, അടുത്തിടെയാണ് അഭിനയത്തിലേക്ക് ചുവട് വച്ചത്.

എന്നാല്‍, ദുല്‍ഖറിനെയും പ്രണവിനെയും പോലൊരു ഹൈപ്പ് സുരേഷ് ഗോപിയുടെ മക്കള്‍ക്ക് കിട്ടിയിട്ടില്ല. ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍, തന്റെ മക്കള്‍ക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും മക്കളെ പോലെയാവാന്‍ സാധിക്കാത്തതിന് കാരണം സുരേഷ് ഗോപി വിശദീകരിച്ചിരുന്നു.

‘ഞാന്‍ വിനയം കൊണ്ട് പറയുന്നതല്ല… പക്ഷെ, യേശുദാസിന്റെ മകന്‍ പാടുന്നു എന്ന് പറയുമ്പോള്‍ വിജയ്ക്ക് ഉള്ള ഒരു ലോഡ്, മമ്മൂട്ടിയുടെ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന് ഉള്ള ഒരു ലോഡ്, പ്രണവ് മോഹന്‍ലാലിന് ഉള്ള ഒരു ലോഡ്, അതെന്തായാലും എന്റെ മക്കള്‍ക്ക് ഉണ്ടാവില്ല. അതിന് കാരണം, ഞാന്‍ അവരുടെ അത്രയൊന്നും വലിയ ഒരു താരമല്ല,’ സുരേഷ് ഗോപി തുറന്നു പറഞ്ഞു.

അത് കൊണ്ട്, തന്റെ മക്കളായ ഗോകുലും മാധവും, ഒരിക്കലും ദുല്‍ഖറിനെയും പ്രണവിനെയും പോലെയല്ല എന്നും സൂപ്പര്‍ സ്റ്റാര്‍ വെളിപ്പെടുത്തി. അച്ഛന്റെ വാക്കുകള്‍ ശരി വച്ച ഗോകുല്‍ സുരേഷ്, അദ്ദേഹം തനിക്ക് ഒരിക്കലും ഒരു പ്രെഷറും തന്നിട്ടില്ല എന്നാണ് പറഞ്ഞത്.

‘അച്ഛന്‍ സ്വന്തം കരിയറില്‍ തന്നെ അങ്ങനെ ഒരു പ്രെഷര്‍ എടുത്തിട്ടില്ല. അത് കൊണ്ട് തന്നെ, ഞങ്ങളുടെ അടുത്തും ആ പ്രെഷര്‍ തന്നിട്ടില്ല. ‘നിനക്ക് ഇങ്ങനെ ഒരു ഉത്തരവാദിത്തം ഉണ്ട്, നീ അച്ഛനെ നിരാശപ്പെടുത്തരുത്,’ എന്നൊന്നും പറഞ്ഞിട്ടില്ല. ഞങ്ങളെ ടെന്‍ഷന്‍ അടിപ്പിച്ചിട്ടേയില്ല. അതിപ്പോ പഠിത്തത്തിന്റെ കാര്യമാവട്ടെ – സ്‌കൂള്‍, കോളേജ്, ഇപ്പോള്‍ ജോലി, സിനിമ, അങ്ങനെയൊരു സമ്മര്‍ദ്ദം തന്നിട്ടേയില്ല,’ സുരേഷ് ഗോപിയുടെ മൂത്ത മകനായ യുവ നടന്‍ വിശദീകരിച്ചു.

ഗോകുല്‍ സുരേഷ് 2016ല്‍ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന സിനിമയിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ പിന്നീട് നായക വേഷങ്ങള്‍ക്കായി വാശി പിടിക്കാതെ, പല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ ചെയ്തു ശ്രദ്ധേയനായി.

തന്റെ അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം പാപ്പന്‍ എന്ന ചിത്രത്തിലും, മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍പീസ്, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്നീ ചിത്രങ്ങളിലും, ഗോകുല്‍ വേഷമിട്ടിട്ടുണ്ട്. ഗഗനചാരി എന്ന ചിത്രത്തിലെ നടന്റെ പ്രകടനം വലിയ പ്രശംസകള്‍ നേടിയിരുന്നു.

സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ്, കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. എന്നാല്‍, അത്ര നല്ല പ്രതികരണമല്ല യുവ നടന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. രണ്ടാമത്തെ സിനിമയായ ജാനകി VS സ്റ്റേറ്റ് ഓഫ് കേരള പുറത്തിറങ്ങിയിട്ടും ഇത് തന്നെയാണ് അവസ്ഥ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക