മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം അതിശക്തമാവുകയാണ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് ദുര്‍ഗ് റയില്‍വേ സ്റ്റേഷനില്‍ വച്ച് ജൂലൈ 25-ന് അറസ്റ്റിലായത്. നിലവില്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാമ്യാപേക്ഷ ഉടന്‍ സമര്‍പ്പിക്കാന്‍ ആകുമെന്നും കരുതുന്നതായി സിസ്റ്റര്‍ പ്രീതിയുടെ ഇടവക വികാരി ഫാ. ജോണ്‍ പൈനുങ്കല്‍ പറഞ്ഞു.
സഭയുടെ കീഴിലുള്ള ആഗ്രയിലെ ആശുപത്രിയിലേക്കും ഓഫിസിലേക്കും ജോലിക്കായി വന്ന മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ഇവരെ ചോദ്യം ചെയ്ത റെയില്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. പാഞ്ഞെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് ചോദ്യം ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ഹിന്ദു മതത്തില്‍പെട്ട കുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും ഈ കുട്ടികളെ മതപരിവര്‍ത്തനത്തിനായി കൊണ്ടുപോകുകയാണെന്നുമാണ് ബജ്റംഗ്ദള്‍ ആരോപിച്ചത്. പിന്നീട് പൊലീസെത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് പെണ്‍കുട്ടികളെ ഒരു യുവാവ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് രണ്ട് കന്യാസ്ത്രീകള്‍ക്കു കൈമാറിയെന്നാണ് പരാതിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഗുരുതരമായ വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള കുറ്റമാണിത്. സംഭവത്തില്‍ സിസ്റ്റര്‍ പ്രീതി ഒന്നാം പ്രതിയും സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയുമാണ്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമം സെക്ഷന്‍ 4, ബി.എന്‍.എസ് 143 എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്നും മനുഷ്യ കടത്ത് സംശയിക്കുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
സീറോ-മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായുള്ള അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എ.എസ്.എം.ഐ) അംഗങ്ങളാണ് കന്യാസ്ത്രീകള്‍. പെണ്‍കുട്ടികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണുള്ളത്. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം അറിയിച്ചു. ഭരണഘടനയ്ക്കെതിരെയും രാജ്യത്തിനെതിരെയും പ്രര്‍ത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് ആരോപിച്ചു.
കന്യാസ്ത്രീകളെ ജയിലില്‍ നിന്നും മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രതിപക്ഷം ഈ വിഷയം പാര്‍ലമെന്റിലുന്നയിക്കാനൊരുങ്ങുന്നതിനിടെ ബെന്നി ബഹനാന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.പിമാര്‍ ഛത്തീസ്ഗഢില്‍ എത്തി. കേരള ബി.ജെ.പി പ്രതിനിധി അനൂപ് ആന്റണി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മയുമായി കൂടിക്കാഴ്ച നടത്തി. പോസിറ്റീവായ തീരുമാനം ഉണ്ടാകുമെന്ന് വിജയ് ശര്‍മ ഉറപ്പുനല്‍കിയതായി അനൂപ് ആന്റണി പറഞ്ഞു. സി.പി.എമ്മിന്റെ സമുന്നത നേതാവായ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ നേതാക്കളും കന്യാസ്ത്രീകളെ സന്ദര്‍ശിക്കും.
രാജ്യത്ത് ഉടനീളം ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ അരങ്ങേറുമ്പോഴാണ് കേരളത്തില്‍ ഈസ്റ്ററിനും ക്രിസ്മസിനും കേക്കുമായി പോകുന്ന കാപട്യം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി വാഴ്ചയുടെ കീഴില്‍ ക്രിസ്തീയ സമൂഹമടക്കമുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളാണ് ഛത്തീസ്ഗഢില്‍ മറനീക്കി പുറത്തുവന്നത് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. മതം അനുഷ്ഠിക്കാന്‍ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ടെന്നും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും, ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ് ഛത്തീസ്ഗഢില്‍ നടന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ബി.ജെ.പിയുടെ വാദം. സംഭവം ഉണ്ടായ ഉടന്‍ തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ട് നീതിപൂര്‍വ്വമായ അന്വേഷണം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും അറിയിച്ചു. കന്യാസ്ത്രീകള്‍ക്കും അവിടെ പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ സഭാംഗങ്ങള്‍ക്കും പൂര്‍ണ്ണ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പാര്‍ട്ടി പറയുന്നു.
ഛത്തീസ്ഗഢ് സംഭവത്തോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് ക്രൈസ്തവ സമൂഹമാണെന്ന ആക്ഷേപത്തിന് ആക്കംകൂടിയിരിക്കുകയാണ്. ക്രിസ്മസ് ആരാധനയും പ്രാര്‍ത്ഥനാ കൂട്ടായ്മയും തടസപ്പെടുത്തുകയാണ്. വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിക്കുന്നതിന് പൊലീസും കൂട്ടുനില്‍ക്കുന്ന സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ 2025 ജനുവരി മുതല്‍ ജൂണ്‍ വരെ മാത്രം 378 അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായതായാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024-ല്‍ 834 സംഭവങ്ങളും 2023-ല്‍ 734 അക്രമങ്ങളും അരങ്ങേറി. ഒരോവര്‍ഷവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൂടിവരുന്നതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാലയളവില്‍ കേരളത്തില്‍ ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് മലയാളികളുടെ സഹിഷ്ണുതാ പാരമ്പ്യത്തിന്റെ തെളിവാണ്.
ക്രൈസ്തവര്‍ക്കെതിരെ ഇക്കൊല്ലം ഇതുവരെ ഏറ്റവും കൂടുതല്‍ അക്രമം ഉണ്ടായത് ഛത്തീസ്ഗഢിലാണ്-82. ഉത്തര്‍പ്രദേശ്-73, കര്‍ണാടക-32, രാജസ്ഥാന്‍-25, മധ്യപ്രദേശ്-24, ബീഹാര്‍-22, ധാര്‍ഖണ്ഡ്-21 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. മണിപ്പൂരിലും ക്രൈസ്തവര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. ശാരീരിക ആക്രമണം, ഭീഷണി, അധിക്ഷേപം, വസ്തുവകകള്‍ നശിപ്പിക്കുക, മതചടങ്ങുകള്‍ സംഘടിക്കുന്നത് തടസപ്പെടുത്തുക, ആള്‍ക്കൂട്ട ആക്രമണം എന്നിവയൊക്കെയാണ് ഇവിടങ്ങളില്‍ നടക്കുന്നത്.
'നാനാത്വത്തില്‍ ഏകത്വം' എന്നത് ഇന്ത്യന്‍ ദേശീയതയുടെ സവിശേഷതയാണ്. മതവും ജാതിയും ഭാഷയും സംസ്‌കാരവും പൈതൃകവുമൊക്കെ വ്യത്യസ്തമായിരിക്കുമ്പോഴും ഭാരതീയരെന്ന പൊതുബോധം നമ്മെ ഒരുമിപ്പിക്കുന്ന സുപ്രധാന ഘടകമാണ്. ഈ പ്രത്യേകത ലോകത്തെ ഒരു രാജ്യത്തിനും അവകാശപ്പെടാനാവില്ല. ആ പൊതുബോധത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ഛത്തീസ്ഗഢിലേതുള്‍പ്പെടെ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന് നേരെ കാലാകാലങ്ങളായി നടക്കുന്ന അക്രമ പരമ്പരകള്‍.