Image

മൻഹാട്ടൻ കൊലയാളിക്ക് എൻ എഫ് എല്ലിനോട് രോഷം ഉണ്ടായിരുന്നു; തലച്ചോറിൽ അസുഖവും (പിപിഎം)

Published on 29 July, 2025
 മൻഹാട്ടൻ കൊലയാളിക്ക് എൻ എഫ് എല്ലിനോട് രോഷം ഉണ്ടായിരുന്നു; തലച്ചോറിൽ അസുഖവും (പിപിഎം)

ന്യൂ യോർക്ക് മൻഹാട്ടനിൽ തിങ്കളാഴ്ച്ച വൈകിട്ട് ഒരു പോലീസ് ഓഫിസർ ഉൾപ്പെടെ നാലു പേരെ വെടിവച്ചു കൊന്ന ശേഷം സ്വയം ജീവനൊടുക്കിയ ഷെയ്ൻ തമുറ (27) മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നയാളാണെന്നു റിപ്പോർട്ട്. കൂടാതെ, ആക്രമണം നടന്ന കെട്ടിടത്തിൽ എട്ടു നിലകളിൽ ഓഫിസുകളുളള നാഷനൽ ഫുട്‍ബോൾ ലീഗിനെ (എൻ എഫ് എൽ) കുറിച്ച് അയാൾക്കു പരാതി ഉണ്ടെന്നു മൃതദേഹത്തിൽ നിന്നു കണ്ടെടുത്ത കുറിപ്പിൽ പറയുന്നു.

സി ടി ഇ അഥവാ neurodegenerative disease chronic traumatic encephalopathy എന്ന രോഗം ഉണ്ടെന്നു കുറിപ്പിൽ വ്യക്തമാണ്. തലച്ചോറിൽ ഉണ്ടായ മുറിവാണ് അതിനു കാരണം.

ഫുട്ബോൾ കളിക്കാരനായിരുന്ന ഹവായ് സ്വദേശി ഏറെ പേജുകളുള്ള കുറിപ്പിൽ തന്റെ രോഗാവസ്ഥയ്ക്കു ഫുടബോളിനെ പഴി ചാരുന്നുവെന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ടിൽ പറയുന്നത്. മരിച്ചു കഴിഞ്ഞാൽ തന്റെ തലച്ചോറ് പഠന വിധേയമാക്കണം എന്നദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ലാസ് വെഗാസിൽ താമസിച്ചിരുന്ന തമുറ ഏറെ സ്ഥലങ്ങൾ കറങ്ങിയ  ശേഷമാണു ന്യൂ യോർക്കിൽ എത്തിയത്. അയാൾക്കു മനോരോഗ ചരിത്രം ഉണ്ടെന്നു എൻ വൈ പി ഡി കമ്മീഷണർ ജെസീക്ക ട്രിഷ് പറഞ്ഞു. അയാൾക്ക്‌ ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ല.

കാരണം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല 

എന്നാൽ മനോരോഗം ആണോ എൻ എഫ് എൽ ആണോ ചോരയൊഴുക്കാൻ കാരണമെന്ന് അന്വേഷണം കണ്ടെത്തിയിട്ടില്ല.

ചെറിയ തോക്കു കൊണ്ടുനടക്കാൻ തമുറയ്ക്കു ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ മൻഹാട്ടനിൽ ഉപയോഗിച്ചത് എ ആർ-15 അസോൾട്ട് റൈഫിൾ ആണ്.  ചോര പുരണ്ട റൈഫിൾ അന്വേഷണ സംഘം കണ്ടെടുത്തു.

നെവാഡ നമ്പർ പ്ളേറ്റുള്ള കാറാണ് തമുറ ഉപയോഗിച്ചിരുന്നത്. അതിനുള്ളിൽ നിറച്ച റൈഫിൾ കേസും റിവോൾവറും തിരകളും കണ്ടെത്തി. എന്നാൽ സ്‌ഫോടക വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല.

ജൂലൈ 26നു കൊളറാഡോ വഴി പോയ കാർ തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെ ന്യൂ ജേഴ്‌സി കൊളംബിയ കടന്നാണ് ന്യൂ യോർക്കിൽ എത്തിയത്. ഏഴു മണി കഴിഞ്ഞായിരുന്നു വെടിവയ്‌പ്‌.  

പാർക്ക് അവന്യുവിൽ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ, റോക്ക്ഫെല്ലർ സെന്റർ, മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എന്നിവയ്ക്കു സമീപമുള്ള 44 നില കെട്ടിടത്തിൽ പ്രവേശിച്ചയുടൻ തമുറ ലക്കും ലഗാനുമില്ലാതെ നിറയൊഴിക്കയാണ് ചെയ്തത്. ആദ്യം വെടിയേറ്റത് സെക്യൂരിറ്റി ഡ്യൂട്ടി നോക്കിയിരുന്ന എൻ വൈ പി ഡി ഓഫിസർ ദിദാറൂൾ ഇസ്ലാമിനാണ്.

ലോബിയിൽ മറ്റൊരു പുരുഷനെ കൂടി വെടിവച്ചു.

"പിന്നീട് ലിഫ്റ്റിൽ കയറി 33ആം ഫ്ളോറിലേക്കു പോയി," കമ്മീഷണർ ട്രിഷ് പറഞ്ഞു."

അഞ്ചു പേരെ മൊത്തം വെടിവച്ചെങ്കിലും ഒരാൾ മരണത്തെ അതിജീവിച്ചെന്നാണ് ട്രിഷ് പറഞ്ഞത്. അദ്ദേഹം ഗുരുതരാവസ്ഥയിലാണ്.

NYC shooter hated NFL, was sick 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക