Image

സ്നേഹനദിയൊഴുകുന്നു.. ( മൈത്രിയും കരുണയും : ജാസ്മിൻ ജോയ് )

Published on 29 July, 2025
സ്നേഹനദിയൊഴുകുന്നു.. ( മൈത്രിയും കരുണയും : ജാസ്മിൻ ജോയ് )

ബുദ്ധൻ്റെ സംഭാഷണങ്ങളിൽ പലപ്പോഴും കടന്നുവരുന്ന രണ്ട് വാക്കുകളാണ് മൈത്രിയും കരുണയും.

മറ്റൊരാൾക്ക് സന്തോഷം കൊടുക്കാൻ പ്രാപ്തിയുള്ള സ്നേഹമാണ് മൈത്രിയെന്നും  , മറ്റൊരാളുടെ വേദന ദൂരീകരിക്കാൻ പ്രാപ്തിയുള്ള സ്നേഹമാണ് കരുണയെന്നും   ബുദ്ധൻ ഈ വാക്കുകൾക്ക്  
അർത്ഥം നൽകി.

മൈത്രി മറ്റൊരാൾക്ക് സന്തോഷം പകർന്നു കൊടുക്കുന്നു. എന്നാൽ, മറ്റൊരാളുടെ വേദനയിൽ പങ്കുചേരുമ്പോൾ  സ്നേഹത്തിൻ്റെ ഉന്നത ശിഖരമായ കരുണയെ സ്പർശിക്കുകയാണ്.


കരുണയില്ലെങ്കിൽ ആനന്ദമില്ല. ജീവിതത്തിൽ കേവലമായ  സന്തോഷം പലപ്പോഴും നമുക്ക് ലഭിക്കുന്നുണ്ട്. പക്ഷെ, സന്തോഷമല്ല ആനന്ദം.
എത്രയോ ആഴമേറിയ വാക്കാണ് കരുണ. 
ആശാൻ കരുണ എന്ന കാവ്യം രചിച്ചതും അതുകൊണ്ട് തന്നെ.

ബുദ്ധനിലേക്ക് രണ്ടു പാതകളുണ്ട്. പ്രജ്ഞയുടെയും കരുണയുടെയും.   അറിയാത്തവന് ബുദ്ധൻ ബോധേന്ദ്രിയൻ മാത്രമാണ്. അറിഞ്ഞവന് ചേതനയുള്ളതെന്തും ബുദ്ധത്വമാണ്.

പുരാതന ജനപദങ്ങളിലെ
ശൂദ്രരുടെയും ചണ്ഡാളരുടെയും അടിമകളുടെയും നൊമ്പരങ്ങളിലേക്ക് സിദ്ധാർത്ഥൻ്റെ കാരുണ്യം ഒഴുകിയെത്തി. അനേകായിരങ്ങളിൽ പ്രതീക്ഷ ജനിച്ചു. അത് സ്നേഹത്തിൻ്റെ മാന്ത്രിക വിദ്യയാണ്. ലോകചരിത്രഗതിയെ മാറ്റിയെഴുതാൻ 
സ്നേഹസാന്ത്വനങ്ങൾക്ക് സാധിക്കും.

ദാരിദ്ര്യം, രോഗം, അനാഥത്വം , വാർദ്ധക്യം എന്നിവയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ദുഃഖങ്ങൾ .
ദുഃഖിതർക്ക് താങ്ങും തണലും ആകുമ്പോഴാണ് സ്നേഹത്തിൻ്റെ ഉന്നതിയിലേക്ക്  മനുഷ്യൻ എത്തുന്നത്.
ആനന്ദത്തിൻ്റെ സ്ഥാനമാണത്.
ആധുനിക ശാസ്ത്രം ഇത് അംഗീകരിക്കുന്നു.
മറ്റുള്ളവരിലേക്ക്  സ്നേഹസഹായങ്ങൾ പകരുമ്പോൾ  ശരീരം ഹാപ്പി ഹോർമോണുകൾ ഉൽപാദിക്കുന്നു. സന്തോഷ ഹോർമോണുകളാണ് മനുഷ്യരിൽ ചൈതന്യം നിറയ്ക്കുന്നത്.

മൈത്രി സ്നേഹത്തേക്കാൾ വലുതാണ്. സർവചരാചരങ്ങളോടുമുള്ള സ്നേഹമാണ് മൈത്രി . ഒരാളിൽ നിലീനമായ ഹിംസാത്മകതയെ അത് ഇല്ലാതാക്കുന്നു. മൈത്രി സങ്കല്പത്തെയാണ് അംബേദ്കർ തൻ്റെ ദർശനത്തിൻ്റെ കേന്ദ്രമായി ഉൾക്കൊണ്ടത്.

സ്നേഹത്തിൻ്റെ പ്രതീകമാണ് യേശു. മരുഭൂമിയുടെ പരുക്കൻ സ്വഭാവത്തിനും ജീവിതത്തിനും അപരിചിതമായിരുന്നു യേശുവിൻ്റെ സ്നേഹവചനങ്ങൾ . 
സ്ത്രീസഹജമായ ആർദ്രതയോടെയും കാരുണ്യത്തോടെയുമാണ് സമൂഹത്തിൽ യേശു ഇടപ്പെട്ടത്. സ്ത്രീകളുടെ വലിയ സംഘങ്ങളാണല്ലോ അദ്ദേഹത്തെ പിന്തുടർന്നത്.
യേശു ഉപാധികളില്ലാതെ സ്നേഹിച്ചു.കുരിശുമരണം ത്യാഗപരമായ സ്നേഹമാണ്. മനുഷ്യവർഗത്തോടുള്ള സ്നേഹത്തിൻ്റെ ആഴമാണത്.

യേശുവിൻ്റെ സ്നേഹത്തിൻ്റെ തോണി ചരിത്രത്തിൻ്റെ പല കടവുകളിൽ അടുക്കുന്നതും പുതിയ സ്നേഹപ്രവാഹങ്ങളിലൂടെ സഞ്ചരിക്കുന്നതും പിന്നീട് നമ്മൾ കാണുന്നു. അസീസിയിലെ ഫ്രാൻസീസ്,  ഫാ. ഡാമിയൻ, ഗാന്ധിജി, മാർട്ടിൻ ലൂതർ ജൂനിയർ,മദർ  തെരേസ, ബാബ ആംതെ.. ആ നിര നീണ്ടുപോകുന്നു.

'അവനാത്മ സുഖത്തിനാചരിക്കുന്നവയപരന്
സുഖത്തിനായി വരേണം ' . എന്നാണ്  ശ്രീനാരായണ ഗുരു പറഞ്ഞത്. അദ്ദേഹത്തിൻ്റെ ജീവിത ലക്ഷ്യവും അതായിരുന്നു.
ജീവിച്ച അദ്വൈതമായിരുന്നു ഗുരു.
സ്വന്തം സുഖം തേടുമ്പോൾ മറ്റുള്ളവരുടെ സുഖത്തേയും പരിഗണിക്കണമെന്നാണ് ഗുരുവചനം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവമാണ് അദ്വൈതം. മനുഷ്യസ്നേഹത്തിൽ നിന്നും സമത്വവിചാരങ്ങളിൽ നിന്നുമാണ് ഗുരുക്കൻമാരും വിമോചകരും  ജനിക്കുന്നത്.

പ്രണയം എന്നത് മനുഷ്യർ അനുഭവിക്കുന്ന, ഏറ്റവും സുന്ദരമായ ,പ്രത്യാശകളും അഭിലാഷങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും നിറഞ്ഞ മാനസികാവസ്ഥയാണ്.
ശാരീരികവും മാനസികവുമായ അനേകം ഘടകങ്ങളുടെ പ്രവർത്തനത്തിലൂടെയാണ് പ്രണായാനുഭവമുണ്ടാകുന്നത്. അതു സ്വാർത്ഥമാകുമ്പോഴാണ് തിന്മകൾ ഉണ്ടാകുന്നത്. പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റൊരാൾക്കുവേണ്ടിയുള്ള സമർപ്പണമാണ് പ്രണയം.
പ്രണയം താങ്ങും കരുതലും ആശ്വാസവുമാണ്. പ്രണയത്തിൻ്റെ വരികൾ നമ്മളാണ് എഴുതേണ്ടത്. ഹൃദയമാണ് അതിന് സംഗീതം നൽകുന്നത്. 
പ്രണയത്തെ സമഗ്രമായി കാണുന്നവർ വിശ്വദർശനം ഉള്ളവരായിരിക്കും. അവരുടെ പ്രണയം എല്ലാം സൃഷ്ടികളിലേക്കും പടരുന്നു.  മാധവിക്കുട്ടിയുടെ പ്രണയം നോക്കൂ.. താഴ്‌വാരങ്ങളിലേക്ക് ഒഴുകിപ്പടരുന്ന നദിയുടെ ലാവണ്യനടനമായിരുന്നു അത്.   മാധവിക്കുട്ടിയുടെ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല ,
രാധയുടെത് പോലെ.. അവരുടെ രചനകൾ സ്വാതന്ത്രത്തിൻ്റെയും സ്നേഹത്തിൻ്റെയും ആഖ്യാനങ്ങളായിരുന്നു.

സൂഫികളുടേത് പ്രണയത്തിൻ്റെ ലോകമാണ്. എല്ലാം വിസ്മരിച്ച് ഈശ്വരനിൽ ലയിക്കുന്ന പ്രക്രിയ.
ആത്മാവും ഈശ്വരനും ഒന്നായി ചേരുന്ന ആനന്ദമായിരുന്നു സൂഫി സന്യാസിയായിരുന്ന  റൂമിയുടെ പ്രണയം.

ഒരു പിയാനോയിലെ ഭിന്ന സ്വരങ്ങൾ പോലെ സ്നേഹത്തിന് എത്ര ഭാവങ്ങളാണുള്ളത്?
മാതൃസ്നേഹം, പിതൃസ്നേഹം ,സഹോദര സ്നേഹം,  അനുരാഗം,  പ്ലാറ്റോണിക് പ്രണയം, വാൽസല്യം, കുടുംബസ്നേഹം, സൗഹൃദം, സ്വയം സ്നേഹം, രാജ്യസ്നേഹം, നിസ്വാർത്ഥ സ്നേഹം, വർഗസ്നേഹം, നൊസ്റ്റാൾജിക് സ്നേഹം  ആത്മീയ സ്നേഹം, സാങ്കല്പിക സ്നേഹം, നിക്ഷ്പക്ഷ സ്നേഹം, മൃഗസ്നേഹം, പ്രകൃതി സ്നേഹം, ത്യാഗപരമായ സ്നേഹം... അങ്ങനെ സ്നേഹസാഗരത്തിലേക്ക് നദികൾ പലതും വന്നുചേരുന്നു.
സ്നേഹത്തിൻ്റെ തിമിരത്തിൽ ഒന്നും തിരിച്ചറിയാൻ കഴിയാതെ പോകുന്നവർ ധാരാളമുണ്ട്.
ധൃതരാഷ്ട്രരുടെ അന്ധമായ പുത്രവാൽസല്യമാണല്ലൊ മഹാഭാരതയുദ്ധത്തിന് കാരണമായത്.

ഏതു സ്നേഹത്തിലും സ്വാർത്ഥതയുണ്ടെന്ന്
മനഃശാസ്ത്രജ്ഞർ നിരീക്ഷിക്കാറുണ്ട്. അമ്മയും ശിശുവും തമ്മിലുള്ള ബന്ധത്തിലാണ് അത് ഏറ്റവും കുറഞ്ഞിരിക്കുന്നത് . അമ്മയുടെയും ശിശുവിൻ്റെയും  സ്വത്വത്തെയും അഭിലാഷത്തെയും വേർതിരിക്കാനാവില്ല.

സ്നേഹരാഹിത്യമാണ് ഭൂമിയിലെ വൈരങ്ങൾക്കെല്ലാം കാരണം. സ്നേഹമില്ലായ്മയിൽ നിന്നാണ് ഹിംസ ഉണ്ടാകുന്നത്.  സ്നേഹത്തിൽ നിന്നുതന്നെയാണ് മറ്റ്  നന്മകൾ ജനിക്കുന്നത്. 
സ്നേഹിക്കുന്നവരെയും സ്നേഹിക്കപ്പെടുന്നവരെയും കണ്ടാലറിയാം, അവരുടെ മുഖങ്ങൾ വിളക്കുപോലെ പ്രകാശിച്ചു കൊണ്ടിരിക്കും. സ്നേഹിക്കപ്പെടാതെ പോകുന്നത് എത്ര വേദനാജനകമാണ്.

മനുഷ്യരും ,വംശങ്ങളും മതങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള രക്തച്ചൊരിച്ചിലുകൾക്ക് ചരിത്രപരവും സങ്കീർണവുമായ കാരണങ്ങൾ ഉണ്ടാകാം.
പക്ഷെ ,എത്ര ആഴമേറിയ മുറിവുകൾക്കും  സ്നേഹത്തിൻ്റെ ലേപനമാണ് പ്രതിവിധി.

മനുഷ്യൻ്റെ ജനിതകം സ്നേഹത്തിൻ്റെ ഭാഷയിൽ എഴുതപ്പെടുമ്പോൾ ഭൂമിയിൽ ശാന്തിയും സമാധാനവും ആനന്ദവും വന്നു ചേരും.
മുൻപ് സൂചിപ്പിച്ചതുപോലെ മൈത്രി എന്നത് പ്രപഞ്ചത്തിലെ സർവചരാചരങ്ങളോടുമുള്ള സ്നേഹമാണ്.
മൈത്രിയിലേക്കാണ്, ലോകത്തെ മുഴുവൻ പ്രണയിക്കാൻ സാധിക്കുന്ന ഹൃദയവിശാലതയിലേക്കാണ്   മനുഷ്യമനസ്സുകൾ പരിണമിക്കേണ്ടത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക