സാൻ ഫ്രാൻസിസ്കോയിൽ ഞായറാഴ്ച്ച അറസ്റ്റ് ചെയ്യപ്പെട്ട ഡെൽറ്റ എയർലൈൻസ് കോ-പൈലറ്റ് ഇന്ത്യൻ വംശജനാണെന്നു സ്ഥിരീകരണം. മിനെപോളിസിൽ നിന്നു പറന്നെത്തിയ വിമാനം ഇറങ്ങി 10 മിനിറ്റിനുള്ളിൽ നിരവധി ഫെഡറൽ ഏജന്റുമാർ കോക്ക്പിറ്റിൽ ഇരച്ചു കയറിയാണ് റസ്തം ഭഗ്‌വഗറെ (34) അറസ്റ്റ് ചെയ്തത്.
അതീവ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളാണ് ഭഗ്‌വഗറുടെ മേൽ ആരോപിച്ചിട്ടുള്ളതെന്നു യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് സ്ഥിരീകരിച്ചു. 10 വയസിനു താഴെ മാത്രം പ്രായമുള്ള ഒരു കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നതുൾപ്പെടെയാണ് കുറ്റങ്ങൾ. വദനസുരതത്തിനു കുട്ടിയെ നിർബന്ധിച്ചു എന്നതും അഞ്ചു കുറ്റങ്ങളിൽ ഉൾപ്പെടുന്നു.
കോൺട്രാ കോസ്റ്റ കൗണ്ടി ഷെറീഫിന്റെ ഓഫിസ് ഏപ്രിൽ മുതൽ ഭഗ്‌വഗറെ കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളുമായി ബന്ധപ്പെട്ടാണ് കേസെന്നു ആദ്യം റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഭഗ്‌വഗർ നേരിട്ട് കുറ്റം ചെയ്തു എന്ന വെളിപ്പെടുത്തൽ തിങ്കളാഴ്ച്ച ഉണ്ടായി.
ഷെരീഫിന്റെ ഉദ്യോഗസ്ഥരും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഏജന്റുമാരും ഉൾപ്പെട്ട 10 പേർ ചേർന്നാണ് ഫ്ലൈറ്റ് നമ്പർ 2809 ഇറങ്ങിയപ്പോൾ വിമാനത്തിൽ കയറിയത്. അവർ ആയുധമേന്തിയിരുന്നു. എന്നാൽ യാത്രക്കാരോടോ ക്രൂവിലെ മറ്റു അംഗങ്ങളോടോ യാതൊന്നും വിശദീകരിച്ചില്ല.
യാത്രക്കാർ ഇറങ്ങും മുൻപ് അവരുടെ നടപടികൾ പൂർത്തിയായി. ഭഗ്‌വഗറെ അറസ്റ്റ് ചെയ്തു വിലങ്ങു വച്ചാണ് കൊണ്ടുപോയത്.
ഒരു കുട്ടിക്കെതിരെ ഭഗ്‌വഗർ ലൈംഗിക അതിക്രമം നടത്തുന്നതായി ഏപ്രിലിൽ റിപ്പോർട്ട് കിട്ടിയതായി ഷെറിഫിന്റെ ഓഫിസ് സ്ഥിരീകരിച്ചു. മാർട്ടിനെസ് തടവറയിൽ കഴിയുന്ന പൈലറ്റിനു $5 മില്യൺ ആണ് ജാമ്യത്തുക നിശ്ചയിച്ചിട്ടുള്ളത്.
നിയമവിരുദ്ധമായ പെരുമാറ്റം അംഗീകരിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഡെൽറ്റ എയർ പറഞ്ഞു. ഭഗ്‌വഗറെ സസ്‌പെൻഡ് ചെയ്യുന്നു. "ആരോപിക്കപ്പെട്ട കുറ്റങ്ങൾ ഞങ്ങളെ അമ്പരപ്പിച്ചു."
Delta's arrested Indian pilot charged with child sex crimes