Image

ജീവിത ഗണിതം‍ (കവിത: ഡോ. ഇ . എം. പൂമൊട്ടില്‍)

Published on 29 July, 2025
ജീവിത ഗണിതം‍ (കവിത: ഡോ. ഇ . എം. പൂമൊട്ടില്‍)

സങ്കലനങ്ങള്‍, വ്യപകലനങ്ങളും
ഹരണങ്ങള്‍ ഒട്ടേറെ ഗുണങ്ങളും 
വേണ്ടത്രപോലീശ്വരന്‍ ചേര്‍ത്തൊരുക്കിയ 
വിജ്ഞേയ ഗ്രന്ഥമതാകുന്നു ജീവിതം
വിന്യസിപ്പൂ ആദിയന്ത്യവുമില്ലാതെ 
വിസ്മയമാം കണക്കീ പുസ്തകത്തില്‍‍!

ഭാഗങ്ങള്‍ രണ്ടീ ഗ്രന്ഥത്തിനുണ്ടെന്നത്
ജ്ഞാനമതുള്ളവരത്രേ ഗ്രഹിപ്പൂ 
ഭാഗം ദ്വിതീയം തുറന്നു നോക്കീടുകില്‍ 
കാണാം അതില്‍ കണക്കിന്‍ പൊരുള്‍ വ്യക്തം
എന്നിരുന്നാലും അതെപ്പോള്‍ തുറക്കണം
എന്നതിന്‍ നിശ്ചയം മര്‍ത്യനസാധ്യം!

നേട്ടങ്ങളാകുന്ന അധികത്തിനൊപ്പം 
കോട്ടങ്ങളാം ന്യൂനമതു ചേരവെ
ലഭ്യമാം സംഖ്യയിന്‍ പൊരുളറിയാതെ 
അത്ഭുതത്തില്‍‍ വസിച്ചീടവെ മര്‍ത്യന്‍, 
വര്‍ദ്ധനയെന്നൊരാ ഗുണനത്തിനൊപ്പം 
ധര്‍മ്മങ്ങളാം ഹരണങ്ങള്‍ ലയിക്കവെ
വ്യക്തതയില്ലാത്ത ശിഷ്ടങ്ങളെ കണ്ടു 
വ്യര്‍ത്ഥമായ് ദുഃഖിച്ചിടുന്നു നിത്യം!!

ഗണിതമീ ജീവിതം ഗഹനമെന്നാലും  
ഗണനീയമീ സത്യമെന്നോര്‍ക്കണം: 
ഗുണനം അധികവും ഏറെ കുറിച്ചതാല്‍ 
ഉന്നതി നേടിയനേകരെന്നാലും 
ഒരുനാളവവരന്ത്യ നേരത്ത് കാണും 
ഒരു വട്ട പൂജ്യമായീ ഭൂമിയെ!!!  


                           *********

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക