താര സംഘടന അമ്മയുടേയും നിര്‍മാതാക്കളുടെ സംഘടനയുടേയും തെരഞ്ഞെടുപ്പുകളില്‍ പ്രതികരണവുമായി കെആര്‍ മീര. അമ്മയുടെ പ്രസിഡന്റാകാന്‍ ശ്വേത മേനോനും നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റാകാന്‍ സാന്ദ്ര തോമസും മത്സരിക്കുന്നതിനെക്കുറിച്ചാണ് കെആര്‍ മീരയുടെ പ്രതികരണം. ഇരുവരും ജയിക്കുകയാണെങ്കില്‍ അത് സ്വര്‍ണ ലിപികളില്‍ എഴുതി വെക്കേണ്ടതാകുമെന്നാണ് കെആര്‍ മീര പറയുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെആര്‍ മീരയുടെ പ്രതികരണം. സാന്ദ്രയുടേയും ശ്വേതയുടേയും സ്ഥാനാര്‍ത്ഥിത്വത്തിന് കടപ്പെട്ടിരിക്കുന്നത് ഡബ്യുസിസിയോടും സ്വന്തം നിലനില്‍പ്പ് പണയം വച്ച് അതിന് രൂപം കൊടുത്ത 18 സ്ത്രീകളോടുമാണെന്നാണ് മീര പറയുന്നത്. സാന്ദ്ര്യയുടെ ജീവിതം തന്നെ പോരാട്ടമാണെന്നും കെആര്‍ മീര പറയുന്നു.
കെആര്‍ മീരയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മലയാള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു സാന്ദ്ര തോമസ് മല്‍സരിക്കുന്നു. എ എം എം എ പ്രസിഡന്റ് സ്ഥാനത്തേക്കു ശ്വേത മേനോനും. ചരിത്രത്തില്‍ ആദ്യമായാണ് ഈ സ്ഥാനങ്ങളിലേക്കു രണ്ടു വനിതാ സ്ഥാനാര്‍ത്ഥികള്‍. ഇവര്‍ വിജയിച്ചാല്‍ അതു സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും മലയാള സിനിമയിലെ ഈ രണ്ടു സംഘടനകളില്‍ പ്രധാന സ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ സ്ത്രീകള്‍ക്ക് അവസരമുണ്ടായതിനു ഡബ്ല്യു സി സി എന്ന സംഘടനയോടും സ്വന്തം ജോലിയും നിലനില്‍പ്പും പണയം വച്ച് അതിനു രൂപം നല്‍കിയ പതിനെട്ടു സ്ത്രീകളോടും ചരിത്രം കടപ്പെട്ടിരിക്കുന്നു.
രണ്ടു സംഘടനകളും താരതമ്യം ചെയ്യുമ്പോള്‍, കടുത്ത പോരാട്ടം സാന്ദ്ര തോമസിന്റേതാണ്. സാന്ദ്രയുടെ ജീവിതം തന്നെ പോരാട്ടമാണ്. ആദ്യ സിനിമയെടുക്കുമ്പോള്‍ വെറും ഇരുപത്തഞ്ചാം വയസ്സ്. പന്ത്രണ്ടു വര്‍ഷമായി തുടര്‍ച്ചയായി സിനിമയെടുക്കുന്നു. പത്തുമുപ്പതു വര്‍ഷമായി ഒരേ ആളുകള്‍ നയിക്കുന്ന സംഘടന എന്നതാണു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രധാന സവിശേഷത. ഭാരവാഹികളായ നാലുപേര്‍ തനിക്കെതിരേ ചെയ്ത ഗുരുതരമായ കുറ്റകൃത്യത്തിനെതിരേ സാന്ദ്ര തോമസ് പരാതിപ്പെട്ടു. സാന്ദ്രയെ സംഘടന പുറത്താക്കി. സാന്ദ്ര കോടതിയില്‍ പോയി. കോടതി നടപടി സ്റ്റേ ചെയ്തു.
തനിക്കെതിരേ കുറ്റകൃത്യം ചെയ്തവര്‍ക്കെതിരേ സാന്ദ്ര പോലീസില്‍ പരാതി നല്‍കി. പോലീസ് കുറ്റകൃത്യം അന്വേഷിച്ചു തെളിവുസഹിതം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ ജാമ്യമെടുത്തു. പക്ഷേ, അവര്‍ ഭാരവാഹികളായി തുടരുന്നു. മാത്രമല്ല. ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ വീണ്ടും അതേ പദവികളിലേക്കു മല്‍സരിക്കുകയും ചെയ്യുന്നു. അതില്‍ പ്രതിഷേധിച്ചാണു സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു സാന്ദ്ര തോമസ് പാനല്‍ ഉണ്ടാക്കി മല്‍സരിക്കുന്നത്. (എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന നടന്റെ പേരിലും ലൈംഗികാതിക്രമ കേസ് നിലവിലുണ്ട്. )
നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ സാന്ദ്ര തോമസ് പോയതു കറുത്ത പര്‍ദ്ദധരിച്ചാണ്. സ്വാഭാവികമായും മാധ്യമങ്ങളുടെ ചോദ്യങ്ങളെല്ലാം വസ്ത്രത്തെ കേന്ദ്രീകരിച്ചായി. വസ്ത്രമാണു ലൈംഗികാതിക്രമങ്ങള്‍ക്കു പ്രേരകമെന്ന സന്ദേശമല്ലേ നല്‍കുന്നത്, പര്‍ദ്ദയാണു സ്ത്രീക്ക് ഏറ്റവും സുരക്ഷിത വസ്ത്രമെന്നു തെളിയിക്കുകയാണോ തുടങ്ങിയ ചോദ്യങ്ങള്‍. സാന്ദ്രയുടെ മറുപടി കൃത്യമായിരുന്നു. സംഘടനയുടെ നിലവിലെ സാഹചര്യങ്ങളില്‍ ഈ വസ്ത്രമാണ് സുരക്ഷിതമെന്നും, ഞാന്‍ ക്രിസ്ത്യാനിയാണ്, ബൈബിളിലെ സാറയുടെ വേഷവും ഇതായിരുന്നു എന്നും.
ബൈബിളിലെ സാറ ഒരു സങ്കീര്‍ണമായ കഥാപാത്രമാണ്. ബിസി ഒന്നാം സഹസ്രാബ്ദത്തിലോ രണ്ടാം സഹസ്രാബ്ദത്തിലോ ആണു സാറ ജീവിച്ചിരുന്നത്. അതായത്, കൊടിയ പിതൃമേധാവിത്വത്തിന്റെയും ആണ്‍മേല്‍ക്കോയ്മയുടെയും ഗോത്രജീവിതത്തിന്റെയും കാലം. സാമൂഹികമായും ബൌദ്ധികമായും അന്നത്തെ അവസ്ഥയിലാണ് ഇത്തരം സംഘടനകളിലെ പ്രമാണിമാരും. ചരിത്രവും പൗരധര്‍മവും ഭരണഘടനയുമൊന്നും അവരുടെ തലച്ചോറില്‍ കടന്നു ചെന്നിട്ടില്ല. സ്ത്രീയെ വ്യക്തിയായോ പൗരനായോ അവര്‍ കാണുന്നില്ല. ശരീരമായും വസ്ത്രമായും മാത്രമേ കാണുന്നുള്ളൂ. പാവങ്ങള്‍ക്ക് അതിനും മാത്രം അറിവും ബോധവുമേ ഉള്ളൂ. കൂടുതല്‍ പോരാട്ടങ്ങള്‍ക്കു സാന്ദ്ര തോമസിനും ശ്വേത മേനോനും നന്‍മ നേരുന്നു.