വാഷിങ്ടണ്‍: അയ്യായിരം അടി ഉയരത്തില്‍ പറക്കുന്നതിനിടെ എന്‍ജിന്‍ തകരാറിലായ വിമാനം അടിയന്തരമായി നിലത്തിറക്കി. വെള്ളിയാഴ്ച വാഷിങ്ടന്‍ ഡല്ലസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ജർമ്മനിയിലെ മ്യൂണിക്കിലേക്ക് പോകാനായി പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിനുകളിൽ ഒരെണ്ണം 5000 അടി ഉയരത്തിൽ വച്ച് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.
പിന്നാലെ പൈലറ്റ് അടിയന്തര സാഹചര്യങ്ങളിൽ അയയ്ക്കുന്ന മെയ്‌ഡേ സന്ദേശം എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് അയച്ചു. തിരികെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് അവസരമൊരുക്കി.
നിറയെ ഇന്ധനവുമായി പറന്നുയര്‍ന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഇന്ധനം കത്തിച്ച് കളയുന്നതിനായി രണ്ടര മണിക്കൂറോളമാണ് ഒറ്റ എഞ്ചിനുമായി വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നത്.
ഒടുവിൽ ആശങ്കകള്‍ക്ക് വിരാമമിട്ട് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്ക് ആര്‍ക്കും അപകടമുണ്ടായില്ല.
ഇടത് എഞ്ചിൻ തകരാറിലായതിനാൽ ലാൻഡിംഗിനിടെ വിമാനത്തിന് സ്വന്തമായി നീങ്ങാൻ കഴിഞ്ഞിരുന്നില്ല, റൺവേയിൽ നിന്ന് ഒടുവിൽ വലിച്ചു നീക്കേണ്ടിവന്നു.
ബോയിങ്ങിന്റെ 787 ഡ്രീംലൈനര്‍ വിഭാഗത്തില്‍ വരുന്ന വിമാനമാണ് 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിലും ഉള്‍പ്പെട്ടിരുന്നത്.