കൂട്ടാലയിൽ അച്ഛനെ കൊന്ന് ചാക്കിലാക്കി പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൂട്ടാല സ്വദേശി സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിൻ്റെ മൂത്ത മകൻ സുമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിനടുത്തുള്ള പറമ്പിൽ നിന്നാണ് സുന്ദരൻ്റെ മൃതദേഹം കണ്ടെത്തിയത്. സുമേഷ് പുത്തൂർ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. സുന്ദരൻ്റെ രണ്ടാമത്തെ മകനും കുടുംബവും രാവിലെ പുറത്തുപോയ സമയത്താണ് സുമേഷ് വീട്ടിലെത്തിയത്. സുന്ദരൻ്റെ മകളുടെ മക്കൾ ഇതേ വീട്ടിലുണ്ടായിരുന്നു. ഇവർ ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോൾ മുത്തശ്ശനെ കാണാത്തതിനെ തുടർന്ന് അന്വേഷണം തുടങ്ങി.
വീട്ടിൽ രക്തക്കറ കണ്ടിരുന്നെങ്കിലും ചായ വീണതാണെന്ന് കരുതി. വൈകിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹത്തിനായുള്ള തെരച്ചിൽ ആരംഭിച്ചത്. തൊട്ടടുത്ത കാടുപിടിച്ച പറമ്പിൽ മൃതദേഹം വലിച്ചിഴച്ച പാടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മണ്ണൂത്തി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു. സുമേഷിനെ പുത്തൂരിൽ നിന്നാണ് പിടികൂടിയത്.
English summary:
Son's brutality in Thrissur: Killed his father, stuffed the body in a sack, and dumped it in a field; son arrested.