Image

ഓപ്പറേഷൻ സിന്ദൂർ: വെടിനിർത്തലിനായി ഒരു ലോകനേതാവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ല; ട്രംപിനെ തള്ളി നരേന്ദ്ര മോദി

Published on 29 July, 2025
ഓപ്പറേഷൻ സിന്ദൂർ: വെടിനിർത്തലിനായി ഒരു ലോകനേതാവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ല; ട്രംപിനെ തള്ളി നരേന്ദ്ര മോദി

ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇന്ത്യയോട്  ഒരു ലോകനേതാവും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ. ഇന്ത്യ- പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടർന്നാണ് എന്ന യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ തളളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. 

പാകിസ്ഥാനിൽ നിന്ന് കനത്ത ആക്രമണമുണ്ടാവുമെന്ന് അമേരിക്ക അറിയിച്ചു. എന്നാൽ പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്നാണ് അവർക്ക് ഇന്ത്യ നൽകിയ മറുപടിയെന്നും മോദി പറഞ്ഞു. 

ചൊവ്വാഴ്ച ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി നൽകവേ, മൂന്ന് രാജ്യങ്ങൾ ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പൂർണ്ണ പിന്തുണ ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ ആയുധങ്ങള്‍ പാക് ആയുധങ്ങളുടെ ശേഷിയെ തുറന്നു കാട്ടിയെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും പാകിസ്ഥാന്റെ ആണവ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കില്ലെന്ന് നാം തെളിയിച്ചുവെന്നും മോദി പറഞ്ഞു.

പാക് വ്യോമസേനാ താവളങ്ങള്‍ ഇപ്പോഴും ഐസിയുവിലാണ്. എപ്പോള്‍, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാന്‍ പൂര്‍ണ സ്വാതന്ത്യം നല്‍കി. 22 മിനിട്ടില്‍ പഹല്‍ഗാം ആക്രമണത്തിന് മറുപടി നല്‍കി. പാകിസ്ഥാന് ഒന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മുന്‍പും പലതവണ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. പക്ഷേ, പാകിസ്ഥാന്റെ ഉള്ളില്‍ കടന്ന് കനത്ത ആക്രമണം നടത്തുന്നത് ആദ്യമാണ്. പാക്കിസ്ഥാന് ചിന്തിക്കാന്‍പോലും കഴിയാത്ത സ്ഥലങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചെന്നും മോദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക