ഓപറേഷന്‍ സിന്ദൂര്‍ വന്‍ വിജയമാണെന്നും ഇത് രാജ്യത്തിന്റെ വിജയോത്സവമാണെന്നും ലോക്‌സഭയില്‍ പരാമര്‍ശിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സഭയില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയത്.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളെയും സർക്കാർ ഓപ്പറേഷൻ കൈകാര്യം ചെയ്ത രീതിയെയും കുറിച്ച് രാഹുല്‍ മൂർച്ചയുള്ള ചോദ്യങ്ങൾ ഉന്നയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം തീര്‍ക്കാന്‍ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാക്കിയത് താനാണെന്നാണ് യു എസ് പ്രസിഡന്റ് ട്രംപ് പറയുന്നത്. അത് കള്ളമാണെങ്കില്‍ ട്രംപിനെ നുണയനെന്ന് വിളിക്കാന്‍ എന്തിനാണ് പ്രധാനമന്ത്രി മടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെ പരസ്യമായി നിഷേധിക്കാനും അദ്ദേഹത്തെ ഒരു നുണയനെന്ന് വിളിക്കാനും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു.
“യുദ്ധം നിർത്തിയെന്ന് ഡൊണാൾഡ് ട്രംപ് 29 തവണ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ധൈര്യത്തിന്റെ 50 ശതമാനമെങ്കിലും പ്രധാനമന്ത്രിക്കുണ്ടെങ്കിൽ, അദ്ദേഹം പാർലമെന്റിൽ എഴുന്നേറ്റു നിന്ന് 'ഡൊണാൾഡ് ട്രംപ് കള്ളം പറയുകയാണ്, അദ്ദേഹം ഒരിക്കലും ഒരു വെടിനിർത്തലിനും മധ്യസ്ഥത വഹിച്ചിട്ടില്ല' എന്ന് പറയണം,”
"പ്രധാനമന്ത്രി എന്തിനാണ് നിശബ്ദനായിരിക്കുന്നത്? ട്രംപ് കള്ളം പറയുകയാണെങ്കിൽ, അത് പറയൂ. പാർലമെന്റിൽ പറയൂ."രാഹുൽ ഗാന്ധി പറഞ്ഞു.
"ഡൊണാൾഡ് ട്രംപ് നുണയനാണെന്ന് പറയാൻ ധൈര്യമില്ലാത്ത ഒരു പ്രധാനമന്ത്രിയെ നമുക്ക് ആവശ്യമില്ല" രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.
പാകിസ്താനെതിരെ പോരാടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. പ്രതിരോധ സേനയുടെ കൈ കെട്ടിയിട്ട ശേഷമാണ് പാകിസ്താനെതിരെ ആക്രമണം നടത്താന്‍ ആവശ്യപ്പെട്ടതെന്നും രാഹുല്‍ ആരോപിച്ചു.