തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാലു ജില്ലകളിലെ കലക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥര്‍ക്കു മാറ്റം. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടര്‍മാരെയാണ് മാറ്റിയത്. ജി.പ്രിയങ്ക(എറണാകുളം), എം.എസ്.മാധവിക്കുട്ടി(പാലക്കാട്), ചേതന്‍കുമാര്‍ മീണ(കോട്ടയം) ഡോ.ദിനേശന്‍ ചെറുവാട്ട്(ഇടുക്കി) എന്നിവരാണു പുതിയ ജില്ലാ കലക്ടര്‍മാര്‍. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്നു കോട്ടയത്തെ പുതിയ കളക്ടര്‍ ചേതന്‍കുമാര്‍ മീണ. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടര്‍. പാലക്കാട് ജില്ലാ കളക്ടറായി നിയമിതയായ എം.എസ്.മാധവിക്കുട്ടി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. ഇടുക്കിയുടെ പുതിയ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട് പഞ്ചായത്ത് ഡയറക്ടറായിരുന്നു.
എറണാകുളം ജില്ലാ കളക്ടറായിരുന്ന എന്‍.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലായി നിയമിച്ചു. കെഎഫ്സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോണ്‍ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. തൊഴില്‍വകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴില്‍ സെക്രട്ടറി. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോര്‍ജിനെ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറായി നിയമിച്ചു.
തദ്ദേശ ഭരണവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാന്‍ഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായും മാറ്റി.
തൊഴിലുറപ്പ് പ്ദ്ധതി മിഷന്‍ ഡയറക്ടറായിരുന്ന എ.നിസാമുദ്ദീനെ കിലയുടെ ഡയറക്ടറായും രജിസ്ട്രേഷന്‍ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായും മാറ്റി നിയമിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി ആയിരുന്ന ഡോ.അശ്വതി ശ്രീനിവാസിനെ ന്യൂഡല്‍ഹിയിലെ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറാക്കി. പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ഡയറക്ടറായ ഡോ.ജെ.ഒ.അര്‍ജുനെ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സിഇഒ ആയി നിയമിച്ചു.
ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ.മീരയെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്ടറായും ഒറ്റപ്പാലം സബ്കളക്ടര്‍ ഡോ.മിഥുന്‍ പ്രേമരാജിനെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറായും നിയമിച്ചു. മാനന്തവാടി സബ്കളക്ടര്‍ മിസാല്‍ സാഗര്‍ ഭരതിനെ പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കോഴിക്കോട് സബ്കളക്ടര്‍ ഹരീഷ് ആര്‍.മീണയെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറാക്കി.
ദേവികുളം സബ്കളക്ടറായിരുന്ന വി.എം. ജയകൃഷ്ണനായിരിക്കും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പുതിയ എംഡി. കോട്ടയം സബ്കളക്ടര്‍ ഡി.രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടറായും പെരിന്തല്‍മണ്ണ സബ്കളക്ടറായിരുന്ന അപൂര്‍വ ത്രിപാഠിയെ ലൈഫ് മിഷന്‍ സിഇഒയായും നിയമിക്കും. ഷീബാ ജോര്‍ജിനെ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി.
പുതിയ സബ് കളക്ടര്‍മാരുടെ നിയമനവും ഉടനുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. അന്‍ജീത് കുമാറിനെ ഒറ്റപ്പാലത്തും അതുല്‍ സാഗറിനെ മാനന്തവാടിയിലും ആയുഷ് ഗോയലിനെ കോട്ടയത്തും വി.എം.ആര്യയെ ദേവികുളത്തും എസ്.ഗൗതംരാജിനെ കോഴിക്കോട്ടും ഗ്രന്ഥേ സായികൃഷ്ണയെ ഫോര്‍ട്ട് കൊച്ചിയിലും സാക്ഷി മോഹനനെ പെരിന്തല്‍മണ്ണയിലും സബ്കളക്ടര്‍മാരായി നിയമിക്കും. മസൂറിയില്‍ രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയാക്കിയെത്തുന്ന മുറയ്ക്കാകും ഇവരുടെ നിയമനം.