ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തെക്കുംഭാഗം പോലീസാണ് നോട്ടീസ് പുറത്തിറക്കിയത്. നിലവിൽ സതീഷ് ഷാർജയിലാണുള്ളത്.
ഈ മാസം 19-ന് പുലർച്ചെയാണ് ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണം ആത്മഹത്യയാണെന്ന് ഷാർജയിലെ ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഭർത്താവ് സതീഷ് മകളെ നിരന്തരം മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻ ആരോപിച്ചിരുന്നു. ക്രൂരമായ പീഡനങ്ങൾക്ക് ശേഷമാണ് മകൾ ആത്മഹത്യ ചെയ്തതെന്നും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും രാജശേഖരൻ വ്യക്തമാക്കി. ഭർത്താവ് പറഞ്ഞതെല്ലാം കള്ളമാണെന്നും, മർദിച്ച് അവശയാക്കിയതിന് പിന്നാലെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നും പിതാവ് കൂട്ടിച്ചേർത്തു.
അതുല്യയുടെ മൃതദേഹം പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വീട്ടിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചു.
English summary:
Athulya's suicide: Lookout notice issued against husband Satheesh, body brought back to her native place.