മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗ് ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി തള്ളി. ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചു.
ജാമ്യാപേക്ഷ പരിഗണിക്കാനുള്ള അധികാരം തനിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ കന്യാസ്ത്രീകൾക്ക് ജയിലിൽ തുടരേണ്ടി വരും. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇരുവരും സെഷൻസ് കോടതിയെ സമീപിച്ചത്.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ വന്‍ ആഘോഷപ്രകടനം അരങ്ങേറി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍തന്നെ ജ്യോതിശര്‍മ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു.
കന്യാസ്ത്രീകള്‍ക്ക് ജാമ്യംനല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യവും മുഴക്കി. തുടര്‍ന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജ്‌റങ്ദളിന്റെ അഭിഭാഷകര്‍ പുറത്തെത്തി അറിയിച്ചു. ഇതോടെയാണ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങള്‍ ആരംഭിച്ചത്.
ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ ഇടതു എംപിമാരുടെ സംഘം ഇന്ന് സന്ദർശിച്ചു. സന്ദർശനശേഷം സി.പി.എം. നേതാവ് ബൃന്ദാ കാരാട്ട്, കന്യാസ്ത്രീകൾക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇരുവരെയും നിലത്താണ് കിടത്തിയതെന്നും പ്രതികരിച്ചു. ഇരുവരും തീർത്തും നിരപരാധികളാണെന്നും അവർ കൂട്ടിച്ചേർത്തു.
കേസ് രാഷ്ട്രീയ പ്രേരിതവും തികച്ചും ആസൂത്രിതവുമാണെന്ന് സന്ദർശനശേഷം ജോസ് കെ. മാണി എം.പി. പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് വലിയ ഉപദ്രവം നേരിടേണ്ടി വന്നുവെന്നും, പുറത്തുപറയാൻ പറ്റാത്ത അതിക്രമങ്ങൾ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഭരണകൂടത്തിന്റെ പദ്ധതിയാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു. കന്യാസ്ത്രീകളുടെ ആരോഗ്യനില മോശമാണെന്നും, മരുന്നുകൾ പോലും ലഭ്യമല്ലെന്നും, ആശുപത്രിയിലേക്ക് മാറ്റണമെന്നും ആനി രാജയും ആവശ്യപ്പെട്ടു.
കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത് മനുഷ്യക്കടത്ത് ആരോപിച്ചാണ്. ആശുപത്രി, ഓഫിസ് ജോലികൾക്കായി 2 പെൺകുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടർന്നാണ് ഇവരെ പൊലീസും ബജ്റങ്ദൾ പ്രവർത്തകരും ചോദ്യം ചെയ്തത്. പെൺകുട്ടികളുടെ കുടുംബവും കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീട് അറസ്റ്റു രേഖപ്പെടുത്തി.
പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണയിലാണുള്ളത്. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദൾ പ്രവർത്തകർ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയർന്നിരുന്നു. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
ഭരണഘടനയ്ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവർത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് ആരോപിച്ചു. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധത്തിനിടെ കെ.സി. ജോസഫ് കുഴഞ്ഞുവീണു.
ബുധനാഴ്ച ലോക്‌സഭയിലും കോണ്‍ഗ്രസ് വിഷയം ഉന്നയിച്ചു. ബുധനാഴ്ച രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ യുഡിഎഫ് എംപിമാര്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.സി. വേണുഗോപാല്‍ സഭയില്‍ ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ യുഡിഎഫ് എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുംചെയ്തു.
English summary:
Chhattisgarh Sessions Court rejects bail plea of Malayali nuns; they will remain in jail.