ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ. "നീതി കിട്ടിയിട്ട് മതി ചായ കുടി" എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. "വളരെ ഗൗരവകരമായി കാര്യങ്ങളെ കാണേണ്ടതുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കേസ്. ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം സന്യാസിനിമാർക്ക് ലഭിക്കണം," ക്ലിമിസ് ബാവ മാധ്യമങ്ങളോട് പറഞ്ഞു.
"ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം ദേശത്ത് അപമാനിക്കപ്പെട്ടു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ദേശം ഒന്നായി പ്രവർത്തിക്കാനുള്ള സമയമാണിത്. സന്യാസിനിമാർ ഇപ്പോൾ ജയിലിലാണ്, ജാമ്യം പോലും ലഭിച്ചിട്ടില്ല," അദ്ദേഹം ചൂണ്ടിക്കാണിച്ചു. അവർക്ക് ലഭിക്കേണ്ട നീതി പോലും ലഭിച്ചിട്ടില്ലെന്നും ക്ലിമിസ് ബാവ വ്യക്തമാക്കി. ബിജെപിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, "പിന്നെ എന്ത് ചങ്ങാത്തമാണെ"ന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. സന്യാസിനിമാരുടെ വിഷയം മാനദണ്ഡമാക്കിയായിരിക്കും ബിജെപിയോടുള്ള ഇനിയുള്ള സമീപനമെന്നും ക്ലിമിസ് ബാവ കൂട്ടിച്ചേർത്തു.
English summary:
False allegations fabricated"; "Now that justice is served, have some tea" — Cardinal Baselios Cleemis lashes out at BJP leadership over the arrest of the nuns.