Image

'അമ്മ' നേതൃത്വത്തിലേക്ക് സ്ത്രീകൾ വരട്ടെ; അത് സമൂഹത്തിന് നല്ലൊരു സന്ദേശം നൽകും; സലിം കുമാർ

Published on 30 July, 2025
'അമ്മ' നേതൃത്വത്തിലേക്ക് സ്ത്രീകൾ വരട്ടെ; അത് സമൂഹത്തിന് നല്ലൊരു സന്ദേശം നൽകും;  സലിം കുമാർ

 മലയാള ചലച്ചിത്ര താര സംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിലേക്ക് സ്ത്രീകൾ വരട്ടെ എന്ന് നടൻ സലിം കുമാർ. പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും സ്ത്രീകൾ ആവണം. അങ്ങനെ വന്നാൽ 'അമ്മ' സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുമെന്നും സലിം കുമാർ പറഞ്ഞു. എന്നാൽ, ആരോപണവിധേയർ മത്സരക്കണോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

അതേസമയം, 'അമ്മ'യിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ മത്സര ചിത്രം നാളെ വ്യക്തമാകും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. തുടർന്ന് നാല് മണിക്ക് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15-നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. ദേവൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ട് പേർ. പത്രിക നൽകിയിരുന്ന ജഗദീഷ്, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ പിൻമാറിയതായാണ് വിവരം.

ആരോപണവിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതൽ താരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹം മത്സര തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ആരോപണവിധേയർ മാറിനിൽക്കുകയാണ് വേണ്ടതെന്നും, ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരുമെന്നും മല്ലിക പറഞ്ഞിരുന്നു. മോഹൻലാൽ 'അമ്മ' പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറിയത് മടുത്തിട്ടാണെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

English summary:

Let women come into the leadership of AMMA; it would be a good message for society," says Salim Kumar.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക