ഇരിങ്ങാലക്കുട: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. ഭർതൃവീട്ടിലെ ടെറസിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഭർത്താവ് നൗഫലിനെയും (29) അമ്മ റംലത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നൗഫൽ നാഭിയിൽ ചവിട്ടിയതിന് പോസ്റ്റുമോർട്ടത്തിൽ തെളിവ് ലഭിച്ചതായി പോലീസ് പറഞ്ഞു. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൂത്ത കുട്ടിക്ക് ഒരു വയസ്സ് തികയും മുമ്പ് ഫസീല രണ്ടാമതും ഗർഭിണിയായതിന്റെ പേരിൽ പീഡനം നേരിട്ടിരുന്നതായി കണ്ടെത്തി.
നൗഫൽ ശാരീരികമായും അമ്മ റംലത്ത് മാനസികമായും ഫസീലയെ ഉപദ്രവിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ.കാർഡ് ബോർഡ് കമ്പനി ജീവനക്കാരനാണ് നൗഫൽ. അതേസമയം ഭർതൃപീഡനത്തെ തുടർന്നാണ് ഫസീല ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കൂടാതെ ഭർതൃവീട്ടിൽ നിന്ന് തനിക്ക് പീഡനം നേരിട്ടിരുന്നെന്ന് ഫസീല കുടുംബത്തിന് സന്ദേശവും അയച്ചിരുന്നു.