വയനാട്: വയനാട് ദുരന്തത്തിന് ഒരാണ്ട് തികയുന്ന ഇന്ന് പുത്തുമലയിലെ ഹൃദയഭൂമിയിൽ ഉറങ്ങുന്ന പ്രിയപ്പെട്ടവരുടെ കണ്ണീരോർമകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ബന്ധുക്കളും പ്രിയപ്പെട്ടവരുമെത്തി. മരിച്ചവരോടുള്ള ആദര സൂചകമായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. പ്രിയപ്പെട്ടവരെ മറവ് ചെയ്‌ത സ്ഥലത്തേക്ക് ഉറ്റവരും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് ഇന്ന് എത്തിയത്. സ്ഥലത്ത് സർവമത പ്രാർഥനയും നടന്നു.
ഹൃദയഭൂമിയിൽ ഉറങ്ങുന്നവർക്ക് സമർപ്പിക്കാനായി പൂക്കളും മിഠായികളും കളിപ്പാട്ടങ്ങളുമെല്ലാം കരുതിയാണ് ഓരോരുത്തരും വന്നത്. അയൽക്കാരായിരുന്നവരെ ഏറെകാലം കഴിഞ്ഞ് കണ്ടുമുട്ടിയ ഇടം കൂടിയായി ഹൃദയഭൂമി മാറുകയായിരുന്നു. രാവിലെ മുതൽ ഉറ്റവർ ഉറങ്ങുന്ന മണ്ണിലേക്ക് ബന്ധുക്കൾ വന്നുതുടങ്ങിയിരുന്നു. പ്രാർഥനകൾക്ക് ശേഷവും ഇവിടം വിട്ട് മടങ്ങാൻ കഴിയാതെ അവർ തങ്ങളെ വിട്ട് പോയവർക്കൊപ്പം തുടർന്നു.
വഴിയോരത്ത് സ്ഥാപിച്ച ഫ്ലെക്‌സ് ബോർഡിൽ പ്രിയപ്പെട്ടവരെ തിരയുന്നവരും കണ്ണീർ കാഴ്‌ചയായി. ജില്ലയുടെ പല ഭാഗത്തായി കഴിയുന്നവർക്ക് ഹൃദയഭൂമിയിൽ എത്താൻ സർക്കാർ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു. ഉരുൾപൊട്ടലിൽ മരിച്ച 269 പേരെയാണ് ഈ ഭൂമിയിൽ സംസ്‌കരിച്ചത്. കഴിഞ്ഞ ദിവസമാണ് പുത്തുമല ശ്‌മശാന ഭൂമിയെ പുനർനാമകാരണം ചെയ്‌ത് ഹൃദയഭൂമി എന്ന പേരിലേക്ക് മാറ്റിയത്.