ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹം നിസാര്‍ വിക്ഷേപിച്ചു. ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം ആണ് നിസാർ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. ബുധനാഴ്ച വൈകിട്ട് 5.40ന് ആണ് ഉപഗ്രഹം വിക്ഷേപിച്ചത്.
നിസാറിന്റെ പ്രധാന ദൗത്യം ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയെന്നതാണ്. നാസ- ഐഎസ്ആർഒ സിന്തറ്റിക് ആപ്പർച്ചർ റഡാർ എന്നാണ് ഇതിന്റെ പൂർണനാമം. നാസയും ഐഎസ്ആർഒയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹ വിക്ഷേപണം ആണിത്.
പദ്ധതിയുടെ ചിലവ് 150 കോടി ഡോളറാണ്. ഇന്ത്യയുടെ ജിഎസ്എൽവി- എഫ് 16 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. നിസാർ 743 കിലോമീറ്റർ അകലെയുള്ള സൗര സ്ഥിര ഭ്രമണത്തിലൂടെയാണ് ഭൂമിയെ ചുറ്റുക. ഇരട്ട ഫ്രീക്വൻസിയുള്ള സിന്തറ്റിക് ആപ്പർച്ചർ റഡാറിലൂടെ ഭൂമിയെ നിരീക്ഷിച്ച് ചിത്രങ്ങൾ പകർത്തുന്ന ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നിസാർ.