ഭീഷ്മർ ശരശയ്യയിൽ കിടക്കുന്ന വിവരമറിഞ്ഞു മോഹാലസ്യപ്പെട്ട ധൃതരാഷ്ട്രർ ബോധം വന്നപ്പോൾ യുദ്ധത്തിന്റ വിവരങ്ങൾ ആദ്യം മുതൽ അറിയണമെന്ന ആഗ്രഹത്തോടെ മന്ത്രിയായ സജ്ഞയനോട് ചോദിക്കുന്ന ചോദ്യത്തോടെ ഗീത ആരംഭിക്കുന്നു. ധൃതരാഷ്ട്രരുടേതായി ഈ ഒറ്റ ശ്ലോകമെ ഗീതയിലുള്ളു. പതിനെട്ട് അദ്ധ്യായങ്ങളിലായി എഴുനൂറു ശ്ലോകങ്ങൾ ഗീതയിലുണ്ട്. ശ്രീകൃഷ്ണന്റേതായി 574, അർജ്ജുനന്റേതായി 84, സഞ്ജയന്റെതായി 41.
സജ്ഞയൻറെ മറുപടിയിൽ നിന്ന് ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന കൗരവപ്പടയുടെയും പാണ്ഡവപ്പടയുടെയും വിവരങ്ങൾ നമുക്ക് ലഭിക്കുന്നു. കുരു രാജാവ് ഇവിടെ തപസ്സു അനുഷ്ടിച്ചു. കൂടാതെ ധര്മ്മം വിളയിക്കാൻ വേണ്ടി ആ സ്ഥലം ഉഴുതു മറിച്ചു. കുരു രാജാവ് തപസ്സു ചെയ്തതിനാൽ കുരുക്ഷേത്രം എന്നും ധര്മ്മം വിളയിക്കാൻ ഉഴുതു മറിച്ചത് കാരണം ധര്മക്ഷേത്രം എന്നും പേരുവന്നു . ഡൽഹിയിൽ നിന്നും മുന്നൂറ് കിലോമീറ്റർ മാറി ഹരിയാന എന്ന സംസ്ഥാനത്തിലാണ് കുരുക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
യുദ്ധം നടന്നോ, അർജുനനും കൃഷ്ണനും കല്പനാസൃഷ്ടിയാണോ എന്നൊക്കെ ആർക്കു വേണമെങ്കിലും വിശ്വസിക്കാം വാദിക്കാം. വിശ്വാസങ്ങളെയും കേട്ടറിവുകളെയും വച്ച് യാതൊരു പ്രയോജനവുമില്ലാത്ത വാദപ്രതിവാദങ്ങൾ നടത്തി മനുഷ്യർ സ്പർദ്ധയും ശത്രുതയും വളർത്തുന്നു. അത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതാണ് പരസ്പരസ്നേഹവും സൗഹാർദ്ദവും നില നിർത്താൻ സഹായിക്കുക.
അവിടെ ഇപ്പോഴുമുള്ള ആലിൻ ചുവട്ടിൽ വച്ചാണ് ഭഗവാൻ അര്ജുനന് ഗീത ചൊല്ലിക്കൊടുത്തത് എന്ന് വിശ്വസിച്ചു വരുന്നു. ഉത്തരഭാരതത്തിലെ ഹരിയാനയിൽ സരസ്വതി നദിയുടെയും ദൃഷദ്വതിയുടെയും ഇടയ്ക്കുള്ള ഭൂപ്രദേശമാണ് കുരുക്ഷേത്രം. പാണ്ഡവരിൽ അഞ്ചാമനായ സഹദേവൻ മികച്ച ജ്യോതിഷി ആയിരുന്നു. അദ്ദേഹം കുറിച്ചുകൊടുത്ത മുഹൂർത്തത്തിലാണ് കുരുക്ഷേത്രം യുദ്ധം തുടങ്ങിയത്. സഹദേവന്റെ സഹായത്താൽ തനിക്ക് ഉത്തമമായി വരുന്ന സമയം ദുര്യോധനൻ തിരഞ്ഞെടുത്തെങ്കിലും യുദ്ധത്തിൽ പരാജിതനായി.
.ദുര്യോധനൻ രണ്ടു സേനയുടെയും (കൗരവ-പാണ്ഡവ)ശക്തിയെപ്പറ്റി ചിന്തിക്കുകയും അത് ഗുരുക്കന്മാരോട് പറയുകയും തന്റെ സൈന്യത്തിന് പര്യാപ്തമായ ശക്തിയുണ്ടോ എന്നൊരാശങ്കക്ക് വിധേയമാകുകയും ചെയ്യുന്നുണ്ട്. ദുര്യോധനന് ആത്മവീര്യം പകരാൻ ഭീഷ്മർ യുദ്ധകാഹളമൂതിയപ്പോൾ മറ്റുള്ളവരും വാദ്യഘോഷങ്ങൾ മുഴക്കിയത് ദിക്കെങ്ങും വ്യാപിച്ചു. ഇതേതുടർന്ന് ഭഗവൻ കൃഷ്ണനും അർജുനനും അവരുടെ ദിവ്യ ശംഖുകൾ മുഴക്കി.
അങ്ങനെ യുദ്ധം ആരംഭിക്കാൻ തുടങ്ങിയപ്പോൾ താൻ ആരോടോക്കെയാണ് യുദ്ധം ചെയ്യുന്നതെന്നറിയാനായി തേര് രണ്ടു സൈന്യങ്ങളുടെയും മധ്യത്തിൽ നിർത്താൻ അർജുനൻ കൃഷ്ണനോട് പറഞ്ഞു. അതനുസരിച്ച് കൃഷ്ണൻ നിർത്തിയ തേരിലിരുന്നു ഇരുസേനകളിലുമുള്ള ബന്ധുമിത്രാദികളെ കണ്ട കൃപാധീനനായ അർജുനൻ അവരോട് യുദ്ധം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും, ഖാണ്ടീവം കയ്യിൽ നിന്നും വഴുതിപ്പോകുന്നുവെന്നും പറഞ്ഞു പിന്നീട് യുദ്ധം വരുത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ച്, പ്രിയപ്പെട്ടവരേ വധിക്കുന്ന ഘോരപ്രവർത്തിയെപ്പറ്റിയും പറഞ്ഞു ദുഖാധീനനായി അമ്പും വില്ലും താഴെയിട്ട തേർത്തട്ടിൽ അർജുനൻ തളർന്നിരുന്നു. ലോകത്തിലെ എല്ലാ ദുഖങ്ങൾക്കും കഷ്ടപ്പാടുകൾക്കുമുള്ള മൂല കാരണം നമ്മുടെ മാനസിക സംഘർഷങ്ങളെ എങ്ങനെ നേരിടണം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാനുള്ള കഴിവില്ലായ്മയാണെന്നു ഗീത പഠിപ്പിക്കുന്നു. അർജുനവിഷാദയോഗം എന്ന ഈ അധ്യായത്തിൽ യുദ്ധത്തിനായി യുദ്ധക്കളത്തിൽ എത്തിയ അർജുനൻ തനിക്ക് യുദ്ധം ചെയ്യേണ്ടത് തൻെറ പ്രിയപ്പെട്ടവരോടാണല്ലോ എന്നോർത്തു വിഷാദമൂകനാകുന്നു. കർത്തവ്യനിർവഹണത്തിൽ നിന്നും മാറി നിൽക്കുന്നു. എല്ലാ പാതകളും ഒരേ ആത്യന്തിക സത്യത്തിലേക്കാണ് നയിക്കുന്നതെന്ന ആശയം ഗീത ഊന്നിപ്പറയുന്നുണ്ട്. ഭഗവത് ഗീത ഒരു മതത്തിനു വേണ്ടിയിട്ടുള്ള അല്ലെങ്കിൽ മതവുമായിമാത്രം ബന്ധമുള്ള ഒരു ഗ്രന്ധമല്ല. ദൈവത്തെ അന്വേഷിക്കാനും കഴിയുമെങ്കിൽ സ്വയം അറിഞ്ഞു അനുഭവിക്കാനുമാണ് ഭഗവത് ഗീത പറയുന്നത്
യുക്തിപരമായി ചിന്തിക്കാനുള്ള കഴിവും പിരിമുറുക്കങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന അറിവും നമ്മൾ വികസിപ്പിച്ചെടുത്തില്ലെങ്കിൽ അര്ജുനനെപ്പോലെ വിഷാദമൂകരാകും, പ്രശ്നങ്ങൾക്ക് മുന്നിൽ നമ്മൾ തളർന്നുപോകും. ഗീത അവയെ അപഗ്രഥനം ചെയ്തു പരിഹാരങ്ങൾ നിർദേശിക്കുന്നു.
എല്ലാവരുടെ ജീവിതത്തിലും അനുഭവപ്പെടുന്ന ഒരു സന്ദർഭമാണ് ഈ അധ്യായത്തിലും നമ്മൾ കാണുന്നത്. നമുക്ക് ജീവിതത്തിൽ വിജയം വരിക്കേണ്ടതുണ്ട്. എന്നാൽ നമ്മൾ മുന്നിൽ കാണുന്ന പ്രതിബന്ധങ്ങൾ കണ്ടു പരിഭ്രമിക്കുന്നു. എങ്ങനെ പ്രശ്നങ്ങളെ പരിഹരിക്കണമെന്ന് അറിയാതെ അബദ്ധങ്ങളിൽ പോയി പെടുന്നു. നമുക്ക് ആത്മവിശ്വാസവും ധൈര്യവും നൽകുന്നത് നമ്മുടെ അറിവാണ്. ധാർമ്മിക പ്രതിസന്ധികളും ആന്തരിക സംഘർഷങ്ങളും അനുഭവിക്കുന്ന അർജുനനു ഭഗവാൻ കൃഷ്ണന്റെ തത്വചിന്താപരമായ ആശയങ്ങളിൽ നിന്നും മാർഗ്ഗനിർദേശം ലഭിക്കുന്നു. അർജുനന്റെ മൗഢ്യം മാറ്റി വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നു. നമ്മുടേ ജീവിതത്തിലും [പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ നിരാശക്കടിമപ്പെടാതെ പ്രത്യാശയോടെ മുന്നോട്ട് പോകുവാൻ ഗീതയിലെ സന്ദേശങ്ങൾ അറിവുകൾ സഹായകമായേക്കാം. (ഇനി വിശദമായി.)
ധർമ്മക്ഷേത്രേ, കുരുക്ഷേത്രേ
സമവേതാ യുയുത്സവ:
മാമകാ: പാണ്ഡവാ ശ് ചൈവ
കിമ കുർവത സഞ്ജയ: (1:1)
ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധം ചെയ്യാനെത്തിയ എന്റെ ആൾക്കാരും പാണ്ഡവന്മാരും എന്തൊക്കെയാണ് ചെയ്തത് എന്ന ധൃതരാഷ്ട്രരുടെ ചോദ്യത്തിന് സഞ്ജയൻ മറുപടി പറഞ്ഞു. പാണ്ഡവരുടെ സൈന്യനിര കണ്ടു ദുര്യോധനൻ ഗുരു ദ്രോണാചാര്യരെ സമീപിച്ച് ഇരുപക്ഷത്തെയും മഹാരഥന്മാരെപ്പറ്റി വിവരിച്ച് പാണ്ഡവസേന ശക്തിമത്താണെന്നു പറയുന്നു. ദുര്യോധനൻ തെറ്റുകാരനാണ്. തെറ്റ് ചെയ്യുന്നവന്റെ പക്കൽ എത്ര ശക്തിയുണ്ടായാലും അയാൾ ഭയവിഹ്വലനായിരിക്കും.
അപര്യാപ്തം തദസ് മാകം
ബലം ഭീഷ്മാദിരക്ഷിതം
പര്യാപ്തം തി ദ മേ തേ ഷാം
ബലം ഭീമാദി രക്ഷിതം (1: 10)
നമ്മുടെ സൈന്യത്തിന്ന് ഭീഷ്മരുടെ രക്ഷയുണ്ടെങ്കിലും ഭീമനാൽ രക്ഷക്കപ്പെടുന്ന അവരുടെ സൈന്യത്തിന് യുദ്ധ സാമർഥ്യമുണ്ടു. ദുര്യോധനൻ തന്റെ സേനകൾക്ക് ഓരോ പ്രവേശനദ്വാരത്തിലും അവർ നിൽക്കേണ്ട സ്ഥാനവും ഭീഷ്മർക്ക് അവർ കാവലായി നിൽക്കണമെന്ന നിർദേശവും കൊടുക്കുന്നു. ദുര്യോധനന്റെ മാനസിക ദൗർബല്യം കണ്ടു അദ്ദേഹത്തെ കർമ്മധീരനാക്കാൻ കുരുവംശത്തിലെ പിതാമഹനായ ഭീഷ്മർ അപ്പോൾ ശംഖുനാദം മുഴക്കി. അതേത്തുടർന്ന് ചെണ്ട, ശംഖ്, കൊമ്പ് വാദ്യങ്ങൾ തുടങ്ങിയവയുടെ കാഹളം മുഴങ്ങുകയുണ്ടായി. ഉഗ്രഭീതിയുണ്ടാക്കുന്ന വിധമായിരുന്നു അവയുടെ ശബ്ദങ്ങൾ. അതിന്ശേഷം കൃഷ്ണഭഗവാൻ അദ്ദേഹത്തിന്റെ പാഞ്ചജന്യവും അർജുനൻ അദ്ദേഹത്തിന്റെ ദേവദത്ത ശംഖും മുഴക്കി. അതിനെ തുടർന്ന് മറ്റ് പാണ്ഡവരും, ശിഖണ്ഡി, ധൃഷ്ട ദ്യു മന ൻ , ദ്രുപദൻ സാത്യകി, സുഭദ്രപുത്രൻ, തുടങ്ങിയവരും വെവ്വേറെ അവരുടെ ശംഖുകൾ മുഴക്കി.
സാഘോഷോ ധാർത്തരാഷ്ട്രാണാം
ഹൃദയാനി വൃദാരയത്
നഭസ് ച പൃഥ്വി വീം ചൈവ
തുമുലോ വ്യനുനാദയൻ (1:19)
മണ്ണിലും വിണ്ണിലും പ്രതിധ്വനിച്ച അതിഭയങ്കരമായ ഈ ഘോഷനാദം ധൃതരാഷ്ട്രരുടെ മക്കളുടെ ഹൃദയം നടുക്കുന്നതായിരുന്നു.
ഇങ്ങനെ സഞ്ജയന്റെ വിവരണത്തിൽ നിന്നും നമുക്ക് യുദ്ധത്തിന്റെ ആരംഭനടപടികളെക്കുറിച്ച് അറിവ് ലഭിക്കുന്നു.
അങ്ങനെ രണ്ടു ഭാഗത്തും സേനകൾ യുദ്ധത്തിന് തയ്യാറായപ്പോൾ അർജുനൻ തന്റെ വില്ലെടുത്തുകൊണ്ട് തേരാളിയായ കൃഷ്ണനോട് പറഞ്ഞു. ഓ ! അച്യുതാ, എന്റെ തേര് രണ്ടുസേനകളുടെയും നടുവിൽ നിറുത്തുക ദുര്യോധനന്റെ ദുരാഗ്രഹപൂർത്തിക്കായി യുദ്ധം ചെയ്യാനൊരുങ്ങിയെത്തിയവരെ ഞാൻ കാണട്ടെ. ആരോടോക്കെയാണ് ഞാൻ യുദ്ധം ചെയ്യേണ്ടതെന്ന് മനസ്സിലാക്കട്ടെ അർജുനന്റെ നിർദേശപ്രകാരം കൃഷ്ണൻ രണ്ടു സേനകളുടെയും നടുവിലായി ഭീഷ്മർ, ദ്രോണർ, മറ്റു രാജാക്കന്മാർ എന്നിവരുടെ മുന്നിൽ രഥം നിർത്തി. കൃഷ്ണൻ പറഞ്ഞു. ഓ ! അർജുനാ നോക്കുക അവിടെ കൗരവർ സന്നിഹിതരായിരുന്നു. അവിടെ രണ്ടു സേനകളിലും നിരന്നിരുന്നു പിതാക്കന്മാരെയും പിതാമഹന്മാരെയും ഗുരുക്കളെയും അമ്മാവന്മാരെയും, സഹോദരന്മാരെയും പേരക്കിടാങ്ങളെയും സുഹുര്ത്തുക്കളെയും എല്ലാ ബന്ധുക്കളെയും കണ്ട ശോകാകുലനായി അനുകമ്പയോടെ അർജുനൻ പറഞ്ഞു ഇവിടെ യുദ്ധത്തിന് നിരന്നിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരേ കണ്ടു എന്റെ വായ് വരളുന്നു.എന്റെ അവയവങ്ങൾ ക്ഷയിക്കുന്നു. എന്റെ ശരീരമാസകലം വിറയ്ക്കുന്നു.ഗാണ്ടീവംഎന്റെ കൈയിൽ നിന്നും വഴുതിപ്പോകുന്നു. എനിക്ക് എന്റെ കാലിൽ നിൽക്കാൻ പറ്റുന്നില്ല എന്റെ മനസ്സ് കലങ്ങുന്ന.
നിമിത്താനി ച പശ്യാമി
വിപരീതാനി കേശവ!
ന ച ശ്രേയോ നു പശ്യാമി
ഹത്വാ സ്വജന മാഹവേ (1:31)
ന കാംക്ഷേ വിജയം കൃഷ്ണ
ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ
കിം ഭോഗൈർ ജീവിതേന വാ? (1:32)
സ്വന്തക്കാരെ യുദ്ധത്തിൽ കൊല്ലുന്നത് നല്ലതായി ഞാൻ കാണുന്നില്ല. ഓ ! മധുസൂദന മൂന്നു ലോകങ്ങൾ കിട്ടുമെന്നാകിലും ഞാൻ ഈ പ്രിയപ്പെട്ടവരേ കൊല്ലുകില്ല. എന്നിട്ടല്ലേ ഈ ഇന്ദ്രപുരി. ഇവരെയൊക്കെ കൊന്നിട്ട് നമുക്ക് എങ്ങനെ സന്തോഷവാന്മാരാകാൻ കഴിയും. അവർ ആതതായികൾ (കൊല്ലപ്പെടേണ്ടവർ) ആണെങ്കിലും അവരെ കൊന്നാൽ പാപമുണ്ടാകും. അതുകൊണ്ട് സ്വന്തക്കാരായ ധൃതരാഷ്ട്രപുത്രന്മാരെ ഞങ്ങൾ കൊല്ലാൻ പാടില്ല. ദുരാഗ്രഹം മൂലം ബുദ്ധിഭ്രംശം സംഭവിച്ച ഇവർ കുലനാശം കൊണ്ടുണ്ടാകുന്ന ദോഷത്തെ അറിയുന്നില്ലെങ്കിലും അതറിയുന്ന നമ്മൾ ഈ പാപത്തിൽ നിന്നും പിന്മാറേണ്ടതാണെന്നറിയാതിരിക്കരുത്.
യുദ്ധത്തിൽ ഒരു കുലം നശിപ്പിക്കപ്പെടുമ്പോൾ സനാതനങ്ങളായ കുലധർമ്മങ്ങൾ നശിക്കയും ആ ധർമ്മക്ഷയം കൊണ്ട് ആകമാനം ധർമ്മ ബാധിക്കുകയും ചെയ്യുന്നു. ആ നഷ്ടം അവിടത്തെ സ്ത്രീകളെ ദുഷിപ്പിക്കുന്നു. അങ്ങനെ സ്ത്രീകൾ ദുഷിക്കുമ്പോൾ വർണ്ണസങ്കരം ഉണ്ടാകുന്നു. തന്നെയുമല്ല പരമ്പരാഗതമായി ആർജ്ജിക്കപ്പെടുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നഷ്ടപ്പെട്ട് പോകുമ്പോൾ മരിച്ചുപോയവർക്ക് പിണ്ഡം വയ്ക്കാൻ ആരും കാണുകയില്ല. തന്മൂലം കുലം നശിപ്പിച്ചവന്റെ തലയിൽ ആ പാപം വന്നുചേരുന്നു. കഷ്ടം ! എത്രയോ ഘോരമായ പാപമാണ് നാം ചെയ്യാൻ പോകുന്നത്. രാജകീയമായ അധികാരമോഹം കൊണ്ട് നാം നമ്മുടെ സ്വന്തക്കാരെയും ബന്ധുക്കളെയും കൊല്ലാൻ പോകുന്നു. ആയുധമെടുക്കാതെ, എതിർക്കത്തെ നിൽക്കുന്ന എന്നെ കൗരവർ കൊല്ലുന്നത് എനിക്ക് സന്തോഷമാകും.ഇത്രയും പറഞ്ഞതിനു ശേഷം ഖാണ്ടീവം നിലത്തെറിഞ്ഞു തന്റെ തുറന്ന രഥത്തിന്റെ കൊടിമരത്തിൽ ചാരി വിഷാദമഗ്നനായി, തീവ്രമായ മാനസിക ക്ലേശത്തോടെ അർജുനൻ ഇരുന്നു.
യുദ്ധഭൂമിയിൽ സ്വന്തക്കാരെയും പ്രിയപ്പെട്ടവരെയും കണ്ടു സമനില തെറ്റി, അനുകമ്പയും, കരുണയും സങ്കടവും വന്നു അർജുനൻ ഉന്നയിച്ച ചോദ്യങ്ങളാണ് നമ്മുടെ ജീവിതഗതിൽ നമ്മളും ചോദിച്ചുപോകുന്നത്. പ്രതികൂലസാഹചര്യങ്ങളെ അഭിമുഖീകരിക്കാനും അതിജീവിക്കാനുമുള്ള കരുത്താണ് ഉണ്ടാകേണ്ടത്. അറിവിലൂടെ, കർത്തവ്യനിർവഹണത്തിനുള്ള ശേഷിയിലൂടെ അതിനുള്ള യോഗാഭ്യാസത്തിലൂടെ ഭക്തി മാർഗ്ഗത്തിലൂടെ അത് നേടാമെന്ന് ഭഗവൻ കൃഷ്ണന്റെ മറുപടിയുടെ നമ്മൾ മനസിലാക്കുന്നു.ഭീതി പുരണ്ട ഉത്കണ്ഠയോടെ അർജുനൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നപ്പോൾ കൃഷ്ണൻ മറുപടി പറയുന്നില്ല. അർജുനന്റെ മനസ്സിലുള്ളത് മുഴുവൻ വാർന്ന് വീഴാൻ അവസരം കൊടുക്കുകയായിരുന്നു. അവസാനം ഒരു ഭീരുവിനെപോലെ തന്റെ കർത്തവ്യങ്ങളിൽ നിന്ന് പിന്മാറിയിരുന്നപ്പോൾ ഭഗവൻ കൃഷ്ണൻ അതിനു മറുപടി പറയുന്നു. അടുത്ത അദ്ധ്യായത്തിൽ അതേക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.
അടുത്ത അദ്ധ്യായം രണ്ട് : സാംഖ്യയോഗം