Image

കൃഷ്ണമണി (കവിത: വേണുനമ്പ്യാർ)

Published on 01 August, 2025
കൃഷ്ണമണി (കവിത: വേണുനമ്പ്യാർ)

വ്യവസ്ഥയ്ക്കും
അവ്യവസ്ഥയ്ക്കും
അപ്പുറമാകുന്നു
നമ്മുടെ ആവാസവ്യവസ്ഥ.

വാക്ക് അർത്ഥം
പേറുന്ന ഒരു വ്യവസ്ഥ
അർത്ഥം നൽകി
വാക്ക് അവ്യവസ്ഥയിലേക്ക് മടങ്ങട്ടെ!

എങ്ങാനും കാണാൻ കിട്ടുമൊ
വാക്ക് മറന്നവനെ?
അവനുമായി ഒരു വാഗ്വാദം
സാദ്ധ്യമാകണം
അവനോട് തോൽക്കുമ്പോൾ
അത് നമ്മുടെ ജയമാകാനാണ് സാദ്ധ്യത.

പാമ്പ് ഉറയഴിച്ചിടുന്നതു പോലെ
കവിത ഊർജ്ജസ്വലതയോടെ
വാക്കഴിച്ചിടുകയാണ്
കവിത കമ്പനങ്ങളുടെ കൽപ്പനയാകട്ടെ
വാക്കിന്റെതാണെങ്കിലും
കവിത വെറും വാക്കല്ല.

വാക്കിന്റെ ഉറവിടത്തെ സ്പർശിക്കുന്നവൻ
ദൈവത്തിന്റെ കണ്ണിലെ
കൃഷ്ണമണിയെ സ്പർശിക്കുന്നു
അവൻ മരണത്തെ അതിജീവിക്കും
വാക്കിന്റെ ഉറവിടത്തിൽ
അവൻ ജ്ഞാനസ്നാനം ചെയ്യും!

കണക്കിന്റെ കണിശതയും 
കവിതയുടെ പൂർണ്ണതയും -
തുള്ളി തുള്ളിയായി തുടങ്ങിയ
വാക്കിന്റെ ജലധാര കര കവിഞ്ഞ്
ഒരു കടലോളമായിരിക്കുന്നു
നിശ്ശബ്ദമായി ആ നിശ്ശബ്ദതയിലേക്ക് ആഴ്ന്നിറങ്ങാം
അതിനെ നേരിടാം
അതിരറ്റ അവബോധത്തിന്റെ
അനുഗ്രഹം ഏറ്റുവാങ്ങാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക