Image

പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 14 ജോണ്‍ ജെ. പുതുച്ചിറ)

Published on 01 August, 2025
പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 14 ജോണ്‍ ജെ. പുതുച്ചിറ)

പതിനാല്

ഒരു പ്രഭാതത്തില്‍ അങ്ങകലെ എവിടെ നിന്നോ തപ്പും തുടിയും മുഴങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ മധുവിന് കൗതുകമായി.
''ആദിവാസികളുടെ കോവിലിലെ ഉത്സവമാണ്.'' ഗോപാലകൃഷ്ണന്‍ പറഞ്ഞു: ''പണ്ടെങ്ങോ പോയിട്ടുണ്ട്. തികച്ചും അപരിഷ്‌കൃതം!''
''എങ്കില്‍ അതു തന്നെയാവും അതിന്റെ വെറൈറ്റിയും.'' മധു പറഞ്ഞു.
''എന്നാല്‍ വൈകുന്നേരത്തേക്കു റെഡിയായിക്കൊള്ളൂ. നമുക്ക് എല്ലാവര്‍ക്കും കൂടി പൊയ്ക്കളയാം.''
അതുകേട്ടപ്പോള്‍ മധുവിന് ഉത്സാഹമായി.
ഉത്സവത്തിന് പോകാന്‍ തന്നെയും കൂട്ടും എന്നറിഞ്ഞപ്പോള്‍ ശോഭയ്ക്കും പെരുത്തു സന്തോഷം.
അന്ന് പുരയിടത്തിലെ പണി കഴിഞ്ഞ് നേരത്തെ തന്നെ അവര്‍ പുഴയില്‍ കുളിച്ചു കയറി.
അതിലും നേരത്തെ തന്നെ ശോഭ കുളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ് ഒരുങ്ങി നിന്നിരുന്നു.
''ആഹ്ങാ, ഇപ്പോള്‍ നിന്നെക്കണ്ടാല്‍ ഒരു കല്യാണപെണ്ണിനെപ്പോല്‍ തോന്നിക്കുമല്ലോ.'' ഗോപാലകൃഷ്ണന്‍ കളിയാക്കി.
സന്ധ്യ മുതല്‍ക്കാണ് ആദിവാസി കോവിലിലെ കലാപരിപാടികള്‍.
രാത്രി മയങ്ങിത്തുടങ്ങിയപ്പോള്‍ ടൗണില്‍ നിന്ന് ഒരു ഓട്ടോറിക്ഷാ പിടിച്ച് അവര്‍ മൂവരും കൂടി ഉത്സവസ്ഥലത്തേയ്ക്ക് യാത്രയായി.
അല്പനേരത്തെ സഞ്ചാരമെ വേണ്ടിവന്നുള്ളൂ. അവര്‍ ആ ക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്നു.
അവിടം ഏറെക്കുറെ ജനനിബിഢമായിരുന്നു. ആ ആദിവാസി കോളനിയിലെ അന്തേവാസികള്‍ ഒക്കെയും ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയിരുന്നു.
പിന്നെ കുറെ നാട്ടുകാരും.
''നാട്ടില്‍ നിന്നെത്തിയ ഈ ചെറുപ്പക്കാരെ സൂക്ഷിക്കണം. കോഴിക്കൂട്ടിലാണ് ഈ കുറുക്കന്മാരുടെ കണ്ണ്.'' ഗോപാലകൃഷ്ണന്‍ പിറുപിറുത്തു.
മധു തലയാട്ടി. അവിടെ ആദിവാസി സ്ത്രീകളുടെ ഒപ്പം കണ്ട പല കുട്ടികളുടെയും പിതാക്കന്മാര്‍ നാട്ടുകാരാണെന്ന് അവനറിയാമായിരുന്നു.
നാട്ടിലെ ഉത്സവങ്ങളുടെ പകിട്ടില്ല. എങ്കിലും അപരിഷ്‌കൃതരായ ഒരു ജനസമൂഹത്തിന്റെ ഒത്തുകൂടലിന്റെ സന്തോഷം ഒന്നു വേറെ തന്നെ.
വഴിയോരങ്ങളില്‍ വാണിഭക്കാരുടെ തിരക്ക്. അവരുടെ പക്കല്‍ വില പേശി സാധനങ്ങള്‍ വാങ്ങുന്ന ആദിവാസി പെണ്‍കൊടികളും.
അതു കണ്ടപ്പോള്‍ ശോഭയ്ക്കു കൗതുകമായി.
''ഉം? തനിക്കെന്താണ് വേണ്ടത്?'' വഴിയോരക്കച്ചവടക്കാരുടെ മുന്നില്‍ പതുങ്ങിപ്പതുങ്ങി നില്‍ക്കുന്ന ശോഭയെ കണ്ടപ്പോള്‍ മധു തിരക്കി.
''ഹേയ്, ഒന്നും വേണ്ട.'' അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
എന്നിട്ടും മധു അവള്‍ക്ക് കുറെ കുപ്പിവളകളൊക്കെ വാങ്ങി സമ്മാനിച്ചു.
''അതു ശരി. ഞാനൊരു ആലോചന തുടങ്ങിയതേയുള്ളൂ. അപ്പോഴേയ്ക്കും കയറി അധികാരം സ്ഥാപിച്ചു തുടങ്ങിയോ!'' ഗോപാലകൃഷ്ണന്‍ കളിയാക്കി.
ശോഭ ചൂളിപ്പോയി. മധു ചിരിച്ചതേയുള്ളൂ.
അവര്‍ ക്ഷേത്ര പരിസരത്ത് അല്പനേരം ഒന്ന് ചുറ്റിക്കറങ്ങിയപ്പോഴേയ്ക്കും, തുടികൊട്ടും മേളവുമായി സ്റ്റേജില്‍ കലാപരിപാടികള്‍ ആരംഭിക്കുകയായി.
ആദിവാസികളുടെ പാട്ടും നൃത്തവും കോപ്രായങ്ങളും.
നാട്ടുകാരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ അത് അപരിഷ്‌കൃതമെന്നു തോന്നാം.
എന്നാല്‍ പരിഷ്‌കൃത ലോകം കണ്ടിട്ടില്ലാത്ത ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരമായിട്ടാണ് മധു അത് ആസ്വദിച്ചത്.
അതുകൊണ്ടുതന്നെ അത് അവന് ജീവിതത്തിലെ അസുലഭമായ കലാ വിരുന്നായി മാറുകയും ചെയ്തു.
അര്‍ദ്ധരാത്രി പിന്നിടുമ്പോഴും കലാപരിപാടികള്‍ തുടരുകയായിരുന്നു.
ആദിവാസി പുരുഷന്മാര്‍ മിക്കവരും മദ്യത്തിന്റെ ലഹരിയിലാണ്.
പെണ്ണുങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.
കാടിന്റെയോ ഇരുളിന്റെയോ മറവിലേയ്ക്ക് ചില സ്ത്രീപുരുഷന്മാര്‍ മുങ്ങാംകുഴിയിടുന്നതും കാണാം.
സ്‌നേഹിക്കുന്ന ഒരു ഹൃദയത്തിന്റെ സാമീപ്യം ശോഭയ്ക്കും മധുവിനും ഒന്നുപോലെ ലഹരി പകര്‍ന്നു.
എങ്കിലും കലാപരിപാടികള്‍ കഴിയുവോളം അവര്‍ ആ കോവിലിന്റെ പരിസരത്ത് നിന്നില്ല. അര്‍ദ്ധരാത്രി ആയപ്പോള്‍ സൗകര്യത്തിന് ഒരു ഓട്ടോറിക്ഷാ ലഭിച്ചപ്പോള്‍ അവര്‍ അതില്‍ കയറി വീട്ടിലേക്കു തിരിച്ചു പോന്നു.
താമസിച്ചാണ് എല്ലാവരും ഉറങ്ങിയത്.
എങ്കിലും അതിരാവിലെ ഒരു ചൂടുകാപ്പിയുമായി ശോഭ വന്ന് തട്ടിയുണര്‍ത്തുന്നത് മധു സ്വപ്നം കണ്ടു.
ഗോപാലകൃഷ്ണനും സഹോദരിയുടെ പതിവുള്ള വിളിക്കു വേണ്ടി കാത്തുകിടന്നു.
പക്ഷെ ഏറെ നേരം കഴിഞ്ഞിട്ടും അവളെ കണ്ടില്ല.
ഇവള്‍ക്ക് ഇന്ന് എന്തുപറ്റി?
ഗോപാലകൃഷ്ണന്‍ സന്ദേഹത്തോടെ എഴുന്നേറ്റ് അനിയത്തി കിടന്ന മുറിയിലേക്ക് ചെന്നു.
ശോഭ അപ്പോഴും മൂടിപ്പുതച്ചു കിടക്കുകയാണ്.
''ശോഭേ, മോളേ...'' അവന്‍ ആകാംക്ഷയോടെ അടുത്തു ചെന്നു; നെറ്റിയില്‍ കൈ വച്ചു നോക്കി. തീ പോലെ പൊള്ളുന്ന പനി!
''എനിക്കു വയ്യ ചേട്ടാ-നല്ല പനി'' അവള്‍ ഞരങ്ങി.
''എന്റെ ദൈവമേ ഒരു പനി വന്നിട്ട് അങ്ങോട്ടു മാറിയതല്ലേയുള്ളൂ; വീണ്ടും...''
അപ്പോഴേയ്ക്കും മധുവും എഴുന്നേറ്റു വന്നു.
''എന്താ എന്തുപറ്റി?''
''ശോഭയ്ക്കു നല്ല പനി. ഞാന്‍ പോയി മരുന്നു വാങ്ങിച്ചു കൊണ്ടു വരാം. മധു ഇവിടെ കാണണം.''
മധു തലയാട്ടി.
ഗോപാലകൃഷ്ണന്‍ മരുന്നു വാങ്ങുന്നതിനു വേണ്ടി പട്ടണത്തിലെ ഡോക്ടറുടെ പക്കലേയ്ക്കു പോയി.
''പനിയല്ലേ സാരമില്ല. മരുന്നു കഴിക്കുമ്പോള്‍ അതങ്ങു മാറിക്കൊള്ളും.'' മധു അവളെ ആശ്വസിപ്പിച്ചു.
ഒരു മന്ദഹാസമായിരുന്നു ശോഭയുടെ മറുപടി.
''കുട്ടിക്കാലത്തു പനി വരുമ്പോള്‍ അമ്മ നല്ല ചുക്കുകാപ്പി ഇട്ടു തന്ന ഓര്‍മ്മയുണ്ട്. ഞാന്‍ അതുപോലെരെണ്ണം തയ്യാറാക്കാം.'' മധു വീണ്ടും പറഞ്ഞു.
അവന്‍ അടുക്കളയില്‍ ചെന്ന് ചുക്കും കുരുമുളകും കരുപ്പെട്ടിയുമൊക്കെ എടുത്ത് ഒരു കാപ്പി തയ്യാറാക്കി.
അല്പനേരത്തിനുള്ളില്‍ നല്ല ഒരു ചൂടുകാപ്പിയുമായി അവന്‍ ശോഭയുടെ മുന്നില്‍.
കാപ്പി ഗ്ലാസ് മേശപ്പുറത്തു വച്ചിട്ട് അവന്‍ ശോഭയെ മെല്ലെ പിടിച്ചെഴുന്നേല്‍പ്പിച്ച് കിടക്കയില്‍ ഇരുത്തി. പിന്നെ കാപ്പി ഗ്ലാസ് അവളെ ഏല്പിച്ചു.
ഗോപാലകൃഷ്ണന്‍ മരുന്നും വാങ്ങി വരുമ്പോള്‍ ശോഭ ആ ചൂടുകാപ്പി ഊതിക്കുടിച്ചുകൊണ്ടിരിക്കയാണ്.
''ആഹ്ങ്ങാ! ഇവിടുത്തെ കാര്യങ്ങളില്‍ ഇത്രയും പുരോഗതി ഉണ്ടായോ!'' അവന്‍ തമാശമട്ടില്‍ ചോദിച്ചു.
''ഞാന്‍ നല്ലൊരു ചുക്കുകാപ്പി തയ്യാറാക്കിക്കൊടുത്തു.'' മധു പറഞ്ഞു.
അക്കൂട്ടത്തില്‍ ശോഭ സഹോദരന്‍ കൊണ്ടുവന്ന ഗുളികകളും കഴിച്ചു.
അല്പനേരം കഴിഞ്ഞപ്പോള്‍ അതിന്റെ മാറ്റം അവളില്‍ പ്രകടമാവുകയും ചെയ്തു.
വൈകുന്നേരമായപ്പോള്‍ നല്ല മാറ്റം.
പിറ്റേന്ന് അവളുടെ പനി പൂര്‍ണ്ണമായി ശമിക്കുക തന്നെ ചെയ്തു.
ഗോപാലകൃഷ്ണന് അപ്പോഴാണ് ആശ്വാസമായത്.
''ഇനി ഇവളുടെ ഈ പനിയും തലവേദനയുമൊന്നും ചുമക്കാന്‍ എന്നെക്കൊണ്ടാവില്ല. എത്രയും പെട്ടെന്ന് ഇവളെ അങ്ങോട്ടു കൈപിടിച്ചു തരാന്‍ ഞാന്‍ ഉദ്ദേശിക്കയാണ്.'' അവന്‍ ചങ്ങാതിയോടു പറഞ്ഞു.
മധുവിന്റെ മനോമുകുരത്തില്‍ അപ്പോള്‍ തെളിഞ്ഞുവന്നത് ഒരു കതിര്‍ മണ്ഡപത്തിന്റെ ചിത്രമാണ്-
അവിടെ പുതുവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് നവവധുവായി ശോഭ.
അവളുടെ ചാരത്ത് നവവരനായി താനും!
''ങും? എന്തേ?'' മറുപടി കേള്‍ക്കാതായപ്പോള്‍ ഗോപാലകൃഷ്ണന്‍ അവന്റെ തോളത്തു പിടിച്ചു കുലുക്കി.
''ഹേയ് ഒന്നുമില്ല. ഒരു നിമിഷം ഞാനൊരു സ്വപ്ന ലോകത്തിലായിപ്പോയി.'' മധു പറഞ്ഞു.
രണ്ടാളും ചിരിച്ചു.
''ഇനി താമസിപ്പിക്കേണ്ട. നമുക്ക് എത്രയും പെട്ടെന്ന് വിവാഹനിശ്ചയം നടത്താം.'' ഗോപാലകൃഷ്ണന്‍ പറഞ്ഞു.
''എനിക്കിപ്പോഴെ സമ്മതം.''
''അധികം ആര്‍ഭാടമൊന്നും വേണ്ട. ഒരു ചെറിയ ചടങ്ങു മതി.''
''തീര്‍ച്ചയായും. ജീവിതത്തില്‍ ഞാന്‍ ഏതാണ്ട് ഒരു ഒറ്റയാനാണെന്ന് അറിയാമല്ലോ. നിശ്ചയത്തിന് ഇത്ര ദൂരം വരാന്‍ നാട്ടില്‍ നിന്ന് ആരും ഉണ്ടാവില്ല.''
''അപ്പോള്‍ എന്റെ ജോലി അല്പംകൂടി എളുപ്പമായി. അധികം പേര്‍ക്ക് വിരുന്നൊരുക്കേണ്ടല്ലോ!''
അപ്പോള്‍ത്തന്നെ അവര്‍ രണ്ടാളും കൂടി ആലോചിച്ച് 'നിശ്ചയ'ത്തിന് ഒരു തീയതി തീരുമാനിച്ചു.
ഗോപാലകൃഷ്ണന്‍ അയല്‍ക്കാരും സുഹൃത്തുക്കളും ബന്ധുക്കളുമായി കുറെപ്പേരെ അന്നത്തേയ്ക്കു വിളിച്ചുകൂട്ടി.
''പയ്യന്റെ വീട്ടുകാരെയോ നാട്ടുകാരെയോ ഒന്നും കാണുന്നില്ല. ഇവന് വീടും നാടും കൂടുമൊന്നുമില്ലേ?'' മദ്യപിച്ചെത്തിയ ഒരു കാരണവര്‍ അലമ്പുണ്ടാക്കാനുള്ള ശ്രമമാണ്.
''എല്ലാം ഞാന്‍ വേണ്ടവിധത്തില്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ട് അമ്മാവാ.'' ഗോപാലകൃഷ്ണന്‍ കയ്യോടെ അയാളുടെ വായടച്ചു.
സ്വന്തം സഹോദരനേക്കാളേറെ അവളുടെ കാര്യത്തില്‍ ഉല്‍ക്കണ്ഠ കാട്ടേണ്ട ആരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.
അതിനാല്‍ ചടങ്ങുകളൊക്കെ പെട്ടെന്ന് കഴിച്ചു. വിവാഹത്തീയതിയും നിശ്ചയിച്ചു. കൃത്യം ഒരു മാസത്തിനുശേഷമുള്ള ഒരു വ്യാഴാഴ്ച ദിവസം.
ആളുകള്‍ പിരിഞ്ഞു.
പിന്നെ മധുവും ശോഭയും അവരുടേതു മാത്രമായ ഒരു സ്വപ്നലോകത്തിലായിരുന്നു.
ആ വയനാടന്‍ താഴ്‌വാരത്തില്‍ നിന്നും അങ്ങങ്ങകലെ-
കന്യാകുമാരി, കാഷ്മീര്‍, കൊടൈക്കനാല്‍...
ആ മധുര മനോജ്ഞ ലോകത്ത് അവര്‍ ആടിയും പാടിയും വിഹരിച്ചു.
ചില സിനിമകളിലെ നായകനേയും നായികയേയും പോലെ-
തന്റെ ജീവിതത്തിന് വീണ്ടും ഒരു അര്‍ത്ഥമുണ്ടായിരിക്കുന്നതായി മധു തിരിച്ചറിഞ്ഞു.
ഇതിനുമുമ്പ് രണ്ടു പെണ്‍കുട്ടികള്‍ തന്റെ മനസ്സിലേയ്ക്കു കടന്നു വന്നു.
രണ്ടാളും തനിക്കു നല്‍കിയത് വിരഹത്തിന്റെ നൊമ്പരം മാത്രമാണ്.
എന്നാല്‍ ഗ്രാമത്തിന്റെ എല്ലാ നൈര്‍മ്മല്യവുമായി തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ പെണ്‍കുട്ടിയില്‍ മധുവിന് യാതൊരു സന്ദേഹവുമില്ല.
ഇവള്‍ എന്നുമെന്നുമെന്നും തന്റേതു തന്നെ.
ലോകത്തില്‍ ഒരു ശക്തിക്കും ഇവളെ തന്നില്‍ നിന്നും അകറ്റാനാവില്ല.
ശോഭ എന്നെന്നും തന്റേതു മാത്രം...!
അവന്‍ അഹങ്കാരത്തോടെ, ആഹ്ലാദത്തോടെ അടിയുറച്ചു വിശ്വസിച്ചു.
ശോഭയ്ക്കാണെങ്കില്‍ കൊച്ചുകൊച്ചു സ്വപ്നങ്ങളേയുള്ളൂ. അവളുടെ മനസ്സിലേക്കു കടന്നു വരുന്ന ആദ്യത്തെ പുരുഷനാണ് അയാള്‍.
ഒരു ഗ്രാമകന്യകയുടെ എല്ലാ വിശുദ്ധിയോടും കൂടി അവള്‍ അയാള്‍ക്ക് തന്നെത്തന്നെ സമര്‍പ്പിക്കാന്‍ എപ്പോഴെ തയ്യാര്‍.
അന്നു മുതല്‍ ഗോപാലകൃഷ്ണന്‍ കല്യാണക്കാര്യങ്ങളില്‍ വ്യാപൃതനായി. ചടങ്ങിന് വിളിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി; പിന്നെ അവരെ ഓരോരുത്തരെയായി ക്ഷണിച്ചു തുടങ്ങി.
അങ്ങനെ ഒരു ദിവസം പുരയിടത്തിലെ പണിക്ക് മധു തനിയെ ഉണ്ടായിരുന്നുള്ളൂ. അന്ന് ഉച്ചയോടെ അവന്‍ ഭക്ഷണം കഴിക്കാന്‍ എത്തുമ്പോള്‍ ശോഭ ഭീതി കലര്‍ന്ന മുഖഭാവത്തോടെ നില്‍ക്കയായിരുന്നു.
''എന്താ, എന്തുപറ്റി?'' അവന്‍ ഉല്‍ക്കണ്ഠയോടെ തിരക്കി.
അവള്‍ മറുപടി പറയുന്നതിനു മുമ്പുതന്നെ അവന്‍ കണ്ടെത്തി: ശോഭയുടെ മൂക്കിനു ചുറ്റുപാടും ചോര പടര്‍ന്നു പിടിച്ചിരിക്കുന്നു...
''അയ്യോ ശോഭേ ഇതെന്തു പറ്റി?'' അവന്‍ ഉല്‍ക്കണ്ഠയോടെ തിരക്കി.
''ഞാനൊന്നു മൂക്കു ചീറ്റിയപ്പോള്‍... നിറയെ ചോര... മധുവേട്ടാ എനിക്കു പേടിയാകുന്നു...'' അവള്‍ തളര്‍ച്ചയോടെ ആശങ്കയോടെ പറഞ്ഞു.
അവളേക്കാളേറെ ഉല്‍ക്കണ്ഠയുണ്ടായിരുന്നു മധുവിന്.
''ശോഭയൊന്ന് ഒരുങ്ങി നില്‍ക്കൂ. ഞാനൊരു വണ്ടി പിടിച്ച് വേഗം വരാം.''
അവന്‍ പട്ടണത്തിലേക്ക് ഓടി.
അല്പസമയത്തിനുള്ളില്‍ അവന്‍ ഒരു ഓട്ടോറിക്ഷയുമായി എത്തുമ്പോള്‍ ശോഭ റെഡിയായി നില്‍ക്കയായിരുന്നു.
നഗരത്തിലുള്ള ഒരു മികച്ച പ്രൈവറ്റ് ഹോസ്പിറ്റലിലേക്കാണ് മധു അവളെ കൊണ്ടു പോയത്.
ഡോക്ടറെ കണ്ടു; വിശദമായ കുറെ പരിശോധനകള്‍. ഒടുവില്‍ അവയുടെ റിസല്‍ട്ട് ലഭിച്ചപ്പോള്‍ ഡോക്ടര്‍ മധുവിനെ മാത്രമായി അകത്തേയ്ക്കു വിളിപ്പിച്ചു.
(തുടരും........)


Read More: https://www.emalayalee.com/writers/304

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക