അറിഞ്ഞതിനേക്കാൾ
ഏറെ ഇനിയും
അറിയാനുണ്ടായിരുന്നു
അവയെല്ലാം
മറവിലായിരുന്നു
നീന്തിക്കയറിയ
കരയ്ക്കുമപ്പുറം
മരുഭൂമിയുടെ
ഊഷരതയാണെന്നും
ആകാശം എന്നോർത്തത്
അഭയമോ ആലയമോ
ആയിരുന്നില്ലെന്നും
കുളിരാകെയും
കാറ്റിൽ ഒളിപ്പിച്ച
കനലായിരുന്നുവെന്നും
തിരിച്ചറിഞ്ഞിട്ടും
ഞാനിന്നും
നിന്റെ നിദ്രയിൽ മാത്രം
പൂക്കുന്ന
നിശാഗന്ധിയാകുന്നു
പിന്നെയും പെയ്യുന്ന
മുകിലും മഴയും
മാത്രമാകുന്നു.
മഴവഴിക്കൾക്കപ്പുറം
പൂക്കുന്ന
വെയിൽപ്പൂക്കൾ
ഇനിയും
സ്വപ്നം കാണുന്നു.
നീ വിതച്ച വയലേലകൾ
നീ കൊയ്ത് കൂട്ടിയ
കളപ്പുരകൾ
ഒക്കെയും
എന്നിട്ടും
ശൂന്യം
വിമൂകം
വിഷാദാർദ്രം