ശ്രീ വേണു നമ്പ്യാരുടെ കവിതകൾ എല്ലാം ദാർശനിക കാഴ്ചപ്പാടുകളുടെ സമ്മിശ്രമാണ്. കൃഷ്ണമണി എന്ന അദ്ദേഹത്തിന്റെ കവിതയിൽ. കവിത കമ്പനങ്ങളുടെ കല്പനയാകട്ടെയെന്നാണ് അദ്ദേഹം പറയുന്നത്. കമ്പനം (vibration) മൂലമാണ് ശബ്ദമുണ്ടാകുന്നത്. ശബ്ദം കാല്പനികതയെ സൃഷ്ടിക്കുന്നു. ഈ കവിതയുടെ അവസാന ഭാഗത്ത് വാക്കിന്റെ ജലധാര കവിഞ്ഞു കടലോളമായിരിക്കുന്നു എന്ന് പറയുന്നുണ്ട് പക്ഷെ അത് സംഭവിക്കുന്നത് നിശ്ശബ്ദമായിട്ടാണ്. ശബ്ദങ്ങൾക്കേ നിശ്ശബ്ദമാകാൻ കഴിയു. പക്ഷെ ആ നിശബ്ദതക്ക് നിഗുഢതയുണ്ട്. അത് നമ്മൾ അറിയണം. ആ നിശ്ശബ്ദതയിലേക്ക് ആഴ്ന്നിറങ്ങണം എന്ന് ശ്രീ വേണു നമ്പ്യാർ പറയുമ്പോൾ അലക്സാണ്ടർ പോപ്പ് പറയുന്നതിനോട് സാമ്യം വരുന്നു.
എന്തായാലും നമ്മുടെ അറിവുകൾ പൂർണ്ണമായിരിക്കണം. എങ്കിൽ അതിരറ്റ അവബോധത്തിന്റെ അനുഗ്രഹം ഏറ്റു വാങ്ങാമെന്നാണ് ശ്രീ വേണു നമ്പ്യാർ പറയുന്നത്. അതിരറ്റ അവബോധം എന്ന് വച്ചാൽ മുഴുവനായ അറിവ്. അതാണ് അനുഗ്രഹമെന്നും കവി ഉറപ്പിക്കുന്നു. വാക്കിന്റെ ഉറവിടം സ്പർശിക്കുന്നവൻ ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണിയെ സ്പർശിക്കുന്നു. ബൈബിൾ പറയുന്നത് ആദിയിൽ വചനമുണ്ടായി ആ വചനം ദൈവത്തോട്കൂടിയായിരുന്നു അത് ദൈവമായിരുന്നു എന്നാണു. വാക്കിനു സർഗ്ഗശക്തിയുണ്ട്, ദൈവീകത്വമുണ്ട്.. വെളിച്ചമുണ്ടാകട്ടെ എന്ന് ദൈവം പറഞ്ഞപ്പോൾ വെളിച്ചമുണ്ടായി. കവിതയിൽ വാക്കുകൾ അഴിഞ്ഞു വീഴട്ടെയെന്നു കവി നിർദേശിക്കുന്നു. കവിത വെളിച്ചമാകണം അത് പ്രകാശം പരത്തണം. താഴെയുള്ള വരികളിൽ വിവരിക്കുന്ന പോലെ വെറുതെ ഒന്ന് മിന്നിപ്പോയാൽ പോരാ. വളരെ അർത്ഥവത്തായ ഒരു ബിംബാവലിയിലൂടെ (imagery)ശ്രീ വേണു നമ്പ്യാർ വായനക്കാരന് ഇന്ദ്രിയാനുഭൂതി പകരുകയും വിഷയത്തിന്റെ ഒരു മാനസിക ചിത്രം അവനു നൽകുകയും ചെയ്യുന്നു.
കവിതയാണ് നമ്മൾ അന്വേഷിക്കുന്നത്. കവിതയുടെ ആ നിശബ്ദതയിലേക്ക്, തുള്ളി തുള്ളിയായി തുടങ്ങിയ ജലധാരയിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രീ നമ്പ്യാർ പറയുമ്പോൾ ആംഗല കവി അലക്സാണ്ടർ പോപ്പിനെ നമ്മൾ ഓർക്കുന്നു. അദ്ദേഹത്തിന്റെ essay on criticism എന്ന കവിതയിലെ രണ്ടു വരികൾ ഇവിടെ പ്രസ്താവമാണ്. A little learning is a dangerous thing; / Drink deep, or taste not the Pierian spring." പിയേറിയൻ സ്പ്രിങ് എന്ന് പറയുന്നത് ഗ്രീക്ക് പുരാണങ്ങളിൽ നിന്നുത്ഭവിച്ച അറിവിന്റെയും പ്രചോദനത്തിന്റെയും ആലങ്കാരികമായ സ്രോതസ്സാണ്. ഇതിനെ കലയുടെയും ശാസ്ത്രത്തിന്റെയും ദേവിമാരായ കാവ്യദേവതമാരുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒമ്പത് പേരടങ്ങുന്ന ഈ ദേവതമാർ മാസിഡോണിയയിലെ ഈ ജലധാരക്കടുത്തു കുടികൊള്ളുന്നതായി സങ്കല്പം. ഇതിനെ കൂടുതൽ പ്രസിദ്ധമാക്കിയത് അലക്സാണ്ടർ പോപ്പ് എന്ന കവിയാണ്. അദ്ദേഹം പറയുന്നത് പിയേറിയൻ സ്പ്രിങ്ങിലെ വെള്ളം രുചിച്ച് നോക്കിയാൽ പോരാ മുഴുവനായിട്ട് കുടിക്കണം. കലയിലും സാഹിത്യത്തിലും നൈപുണ്യമുള്ള ഒമ്പത് ദേവതമാരാണ് ആ ജലധാരക്ക് ചുറ്റിലുമുള്ളത്. അതുകൊണ്ട് തന്നെ അത് മുഴുവൻ പാനം ചെയ്യുക. അതായത് അറിവ് മുഴുവൻ നേടുകയെന്നാണ്. അതിന് മുമ്പ് അദ്ദേഹം പറയുന്നുണ്ട് അല്പജ്ഞാനം ആപൽക്കരം ആണെന്ന്. കുറച്ചു അറിയുന്നതിനെക്കാൾ അറിയാതിരിക്കുന്നത് നല്ലതെന്നു അഭിപ്രായപ്പെടുന്നു.
മഹാഭാരതത്തിൽ ഛായാമുഖി എന്ന ഒരു മാന്ത്രിക കണ്ണാടിയെപ്പറ്റി പറയുന്നുണ്ട്. പ്രേമപൂർവം ഹിഡുംബി ഭീമന് സമർപ്പിച്ചതാണ് ഈ ഛായാമുഖി. ഇതിന്റെ പ്രത്യേകത ഇതിൽ നോക്കുമ്പോൾ നമ്മൾ കാണുന്നത് നമ്മൾ പ്രണയിക്കുന്ന ആളിന്റെ പ്രതിബിംബമാണെന്നാണ്. ഹിഡുംബിയുടെ മോഹങ്ങളിൽ ഭീമൻ ആ കണ്ണാടി നോക്കുമ്പോൾ തന്നെ കാണുമെന്നായിരുന്നു. എന്നാൽ ഭീമൻ അതിൽ നോക്കിയപ്പോൾ കണ്ടത് പാഞ്ചാലിയുടെ രൂപമാണ്. അത് ഹിഡുംബിയെ വേദനിപ്പിച്ചു. എന്ത് ചെയ്യാൻ സാധിക്കും.ശ്രീ വേണു നമ്പ്യാരുടെ മായാദർപ്പണം എന്ന കവിതയിൽ പ്രസ്തുത ഛായാമുഖിയുടെ ആശയമുണ്ട്. പ്രണയിനി കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ പ്രിയമുള്ളവന്റെ രൂപം കണ്ടു. പിന്നെ അവർ ഒരുമിച്ച് നോക്കിയപ്പോൾ പ്രണയമുഖം കണ്ടു. ഈ കണ്ണാടി നമ്മുടെ മായാഭ്രമങ്ങളുടെ പ്രതീകമാണ്. തിരിച്ചുകിട്ടാത്ത പ്രണയത്തിന്റെ വേദനയാണ്. ഇങ്ങനെ ശരിക്കും ഒരു കണ്ണാടിയുണ്ടെങ്കിൽ അത് മനുഷ്യർ തല്ലി ഉടച്ചേനെ.
പിന്നെ കവി പറയുന്നു അങ്ങനെ ഭൂമിയിലെ മനുഷ്യരും ചുറ്റുപാടും കണ്ണാടിയുടെ മായാജാലങ്ങൾ കണ്ടു രസിക്കുമ്പോൾ കാലനും ഒരു മോഹമുണ്ടായി കണ്ണാടി കാണുവാൻ. കാലൻ നോക്കുമ്പോൾ കാണാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് നമുക്ക് ഊഹിക്കാം. ധാർമികതയോടെ സദുഗുണസമ്പന്നതയോടെ ജീവിക്കുന്ന മനുഷ്യരെ, പ്രപഞ്ച നിയമം അനുസരിച്ച് ജീവിച്ചവരെ, പാപങ്ങളിൽ നിന്നും മുക്തരായി പുണ്യം ചെയ്തു ജീവിച്ചവരെ. അതേസമയം ദുഷ്കർമ്മങ്ങളിൽ മുഴുകി കുറ്റങ്ങൾ മാത്രം ചെയ്തു ജീവിക്കുന്ന മനുഷ്യരെയും കാണാൻ സാധ്യതയുണ്ടല്ലോ. അങ്ങനെയുള്ള ഒരാൾ ആയിരിക്കും കാലൻ നോക്കിയപ്പോൾ പ്രത്യക്ഷപ്പെട്ടതും ഓർക്കാപ്പുറത്ത് കാലന്റെ കഴുത്തിൽ മുഷ്ടികൊണ്ട് ഇടിച്ചതും. അല്ലെങ്കിൽ കുറ്റങ്ങളും, പാപങ്ങളും ചെയ്തു നടക്കുന്ന മനുഷ്യർ തന്നെ അവരുടെ കർമ്മങ്ങളെപ്പറ്റി ചിന്തിച്ച് അവരുടെ പൈശാചിക രൂപം കണ്ടു അക്രമോൽസുകരായതാകാം. അധർമ്മം അതിക്രമിക്കുന്ന ഈ കാലഘട്ടത്തിൽ കവികളുടെ ചിന്തകളിൽ ഇങ്ങനെയുള്ള ആശയങ്ങൾ വരുന്നത് സ്വാഭാവികം.
ശ്രീ വേണു നമ്പ്യാർക്ക് അഭിനന്ദനങൾ.
ശുഭം