Image

അഖിലം ലൈവ് ( കഥ : ആൻസി സാജൻ )

Published on 07 August, 2025
അഖിലം ലൈവ് ( കഥ : ആൻസി സാജൻ )

എന്റെ ഹൃദയം പടപടാന്ന് അടിക്കുകയാണ്. ഭയം കൊണ്ട് ഇറുങ്ങിപ്പോയി ഞാൻ. കഴുത്തിലൊക്കെ വിയർപ്പൊഴുകി. കണ്ണു തുറക്കാൻ കഴിയാതെ ഞാനങ്ങനെതന്നെ കിടന്നു..

ദൈവമേ...

എന്തായിരിക്കും നടന്നത്..

ആധിത്തിരകളുടെ കയറ്റിറക്കത്തിൽ ഞാൻ വലഞ്ഞു.. പതുക്കെപ്പതുക്കെ

വേവലാതികൾ ഒന്നൊന്നായി ഒഴിഞ്ഞുപോകവെ എനിക്കു മനസ്സിലായി..

കണ്ടതെല്ലാം സ്വപ്നമായിരുന്നുവെന്ന്...

എന്റെ ഹൃദയം സാവധാനം ശാന്തമായി...

കണ്ണു തുറന്ന്  നോക്കുമ്പോൾ ഫാനിന്റെ കറക്ക ശബ്ദവും അതുണർത്തുന്ന കാറ്റിന് താഴെ ദിവാകരൻ ചേട്ടൻ വലുതല്ലാത്ത കൂർക്കംവലിയോടെ കിടന്നുറങ്ങുന്നതും കണ്ടു.

ഫോണെടുത്ത് തെളിച്ച് സമയം നോക്കുമ്പോൾ ഒന്നരമണി.

അത്രയേ ആയുള്ളോ ...

പതിനൊന്നു മണി വരെ  ദിവാകരൻ ചേട്ടൻ യൂട്യൂബ് നോക്കി എന്തൊക്കെയോ കാണുന്നുണ്ടായിരുന്നു..

ഞാനും ഫേസ്ബുക്കിൽ റീലും നോക്കിക്കിടന്നു .

രണ്ട് ചെറിയ പിള്ളേരുണ്ട് . സിനിമയിലെ തമാശകളാണവരുടെ റീലുകളിലധികവും. പെൺകുട്ടി നടൻമാരുടെ ശബ്ദത്തിലും ആങ്കൊച്ച് നടിമാരുടെ ശബ്ദത്തിലുമാണ് വരുന്നത്.

ഇവർക്കൊക്കെ ഇതൊക്കെ എങ്ങനെ  സാധിക്കുന്നോ ..

ഒന്ന് കണ്ടാൽ പിന്നെ മഴ ചിതറുന്ന പോലെ അടുത്ത റീൽ വരികയായി.

എനിക്ക് ചിരിക്കാൻ ഇപ്പോഴിപ്പോൾ വേറൊന്നും വേണ്ടെന്നായി.

ഭയമകന്നെങ്കിലും എന്റെ ആശങ്കകൾ ഒഴിഞ്ഞു പോയില്ല.

കിടന്നിട്ട് ഒരു സമാധാനമില്ലായ്മ..

അനക്കം കേട്ട് ദിവാകരൻ ചേട്ടൻ ഉണരാതിരിക്കാൻ ഞാൻ പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റു.

ഭിത്തിയുടെ താഴെ കട്ടിലിനോട് ചേർന്നെന്ന പോലെ ഉണർന്നു നിൽക്കുന്ന  നിശാ ലാമ്പിന്റെ കുഞ്ഞു വെളിച്ചത്തിൽ ചവിട്ടിച്ചവിട്ടി ഞാൻ ജനലിനടുത്ത് ചെന്നു.

പതിയെ ചെറിയൊരു ഭയത്തോടെ ജനല്പാളി തുറന്നു പുറത്ത് പതുങ്ങി നിൽക്കുന്ന ഇരുട്ടിലൂടെ നോക്കി...

മതിലിന് മുകളിലൂടെ രണ്ട് പറമ്പുകൾക്കപ്പുറത്ത് എന്റെ നോട്ടമറിയാതെ അഖിലയുടെ വീട് ഉറക്കം പൂണ്ട് നിൽക്കുന്നു.

സമാധാനമായി. അഖില അവളുടെ രണ്ട് വയസ്സുള്ള മകനെയും അടുക്കിപ്പിടിച്ച് ഉറങ്ങുന്നുണ്ടാവും ..

ദിനേശന്റെ ഒച്ചവിളികളൊന്നും ഇന്നലെ കേട്ടില്ല.

കുടിച്ച കള്ളിന്റെ മത്തിൽ കുളിച്ച് അവനും ഉറക്കമായിരിക്കും.

എന്തൊരു സ്വപ്നമാ കണ്ടത് ദൈവമേ..

തിരിച്ചു പതുങ്ങി വന്ന് കിടക്കുമ്പോൾ കട്ടിലനങ്ങി..

എന്താണ് തങ്കം? നീയെന്തിനാ എണീറ്റ് നടക്കുന്നേ..?

ദിവാകരൻ ചേട്ടൻ ഉറക്കപ്പിച്ച് പോലെ ചോദിക്കുന്നതു കേട്ട് ' ഒന്നുല്ല ചേട്ടാ ' ന്നു പറഞ്ഞ് ഞാൻ പുള്ളിക്കാരന്റെ പുതപ്പിന്റെ അറ്റം വലിച്ച് ദേഹത്തിട്ട് ചുരുണ്ടുകൂടിക്കിടന്നു..

ഫേസ് ബുക്കിലൊരാൾ വന്ന് എന്തൊക്കെയോ പറഞ്ഞിട്ട് ആത്മഹത്യ ചെയ്ത വീഡിയോ ഉണ്ടെന്ന് അഖിലയാണ് പറഞ്ഞത്. അന്നവളത് കാണിച്ചു തരാനൊരുങ്ങിയപ്പോൾ 'എനിക്ക് കാണണ്ട നീ പോയേ ' ന്നു പറഞ്ഞ് ഞാനവളെ വഴക്കു പറഞ്ഞു വിട്ടു.

' തങ്കം ടീച്ചറിനെന്താ ഇത്ര പേടി' യെന്ന് എന്നോട് കളിയാക്കിച്ചോദിച്ചിട്ട് അഖില രണ്ട് പറമ്പും കടന്ന് അവളുടെ വീട്ടിലേക്ക് പോയി.

ദിനേശന്റെ ഒച്ചയും വിളികളും കേൾക്കുന്ന ദിവസങ്ങളിലൊക്കെ രാത്രിയേറെ ആയാലും മതിലിന് മുകളിലൂടെ അവരുടെ വീട്ടിലേക്ക് കണ്ണും നീട്ടി ജനാലയ്ക്കൽ ഞാനങ്ങനെ നിൽക്കും.

പറച്ചിലുകളൊന്നും വ്യക്തമല്ലെങ്കിലും വല്ലാത്ത ഉയർന്ന സ്വരത്തിൽ അവന്റെ ചീത്തവിളികൾ ഞങ്ങളുടെ ജനാലയിലേക്ക് പാറി വരാറുണ്ടായിരുന്നു. എടാ ദിനേശാ എന്നു വിളിച്ച് അവന്റെയമ്മ നിലവിളിക്കുമ്പോൾ എനിക്കറിയാം.. ദിനേശൻ അഖിലയുടെ മുടി പിടിച്ച് ഉലയ്ക്കുകയോ അവളെ അടിക്കുകയോ ചെയ്തിരിക്കുമെന്ന്.

കുഞ്ഞ് വല്ലാതെ കരയുന്നത് കേൾക്കുമെങ്കിലും അഖിലയുടെ ഒരു ശബ്ദവും എനിക്ക് കേൾക്കാനായില്ല.

തങ്കം , നിനക്ക് വേറെ പണിയൊന്നുമില്ലേ... അഖിലയുടെ വീട്ടിലേക്ക് നോക്കി നിൽക്കുന്ന എന്നെ 

ദിവാകരൻ ചേട്ടൻ വഴക്കു പറയും.

എന്നാ മനുഷ്യനാ അവൻ ..!

നിന്റെ കുട്ടിയല്ലേ ദിനേശൻ...!

അതും ഒരു കളിയാക്കലാണ്.

പ്രൈമറി ക്ലാസുകളിൽ ദിനേശനെ ഞാൻ പഠിപ്പിച്ചിട്ടുള്ളതു കൊണ്ടാണ് ദിവാകരൻ ചേട്ടൻ അങ്ങനെ കളിയാക്കുന്നത്.

ഒരു പാട് കുഞ്ഞുങ്ങളിരുന്നു പഠിച്ച ക്ലാസ്സ് മുറികളിലേക്ക് ഓർമ്മകളിറക്കി വച്ച് ഞാനപ്പോഴൊക്കെയും നിശ്ശബ്ദയാവും...

പഠിത്തമുഴപ്പി ദിനേശൻ കറങ്ങി നടക്കുന്നതറിഞ്ഞ് പല പ്രാവശ്യം ഞാനവനെക്കണ്ട് സംസാരിച്ചതാണ്. പിന്നീടൊക്കെ എന്നെക്കണ്ടാൽ അവൻ ഒഴിഞ്ഞു മാറി നടന്നു.

ദിനേശനൊരു പെൺകുട്ടിയെയും കൊണ്ട് വന്നുവെന്ന് അവന്റെ അമ്മ തന്നെയാണ് വന്നു പറഞ്ഞത്. അവൾക്ക് പത്തൊൻപത് വയസ്സേ ഉണ്ടായിരുന്നുള്ളൂ.

അഖിലയാണത്.

തലവിധിയാ ടീച്ചറെ ഇതൊക്കെ

അല്ലാണ്ടെന്ത് ?

അഖില പറയുന്നത് കേട്ടപ്പോൾ അവളിൽ ധൈര്യം വളർന്നു വരുന്നുണ്ടെന്ന് എനിക്ക് തോന്നി.

ദിനേശന്റെ അമ്മ പശുവിനെ വളർത്തുന്നുണ്ട്.

പാലുതരാൻ വരുന്ന സമയം അഖില എന്നോട് മിണ്ടീം പറഞ്ഞും നിക്കും.

അങ്ങനെയാണ് ഫേസ് ബുക്ക് വിശേഷങ്ങൾ ഏറെയും ഞാനറിഞ്ഞത്.

ഒരു ദിവസം അവൾ എന്നോട് ചോദിച്ചു...

മലയാളം ടീച്ചറിന് കവിതയെഴുതാനറിയില്ലേ..?

ഒരു വരിയെങ്കിലും എഴുതാൻ കൊതിക്കാത്ത മലയാളം ടീച്ചർമാരുണ്ടാകുമോ?

ആട്ടെ നീ കവിതയൊക്കെ വായിക്കുമോ..?

പിന്നേ..

ഇപ്പോൾ പുസ്തകങ്ങളാണെനിക്ക് കൂട്ട്..

ന്നാ നീയെഴുത് കവിത...

അത് പറഞ്ഞിട്ട് ഞാൻ ചിരിച്ചു..

വേണ്ട ടീച്ചറേ വായിച്ചു വായിച്ച് ഞാനെന്റെ ജീവിതം കൊണ്ടു നടന്നോളാം...

പിന്നേ, ടീച്ചറെഴുതിയ കവിത വല്ലോമൊണ്ടെങ്കിൽ ഞാൻ എഫ്ബിയിലിട്ടു തരാം..

ലൈക്കുകൾ പറന്നു വരും.

നീയിട്...

ഏയ് ... എഫ്ബിയിലെനിക്ക് അക്കൗണ്ടുണ്ട്. പക്ഷേ ഞാനതിൽ ആക്ടീവല്ല

എന്നു പറഞ്ഞിട്ട് അവൾ ഇൻസ്റ്റഗ്രാമിനെക്കുറിച്ച് പറഞ്ഞു. അതും കഴിഞ്ഞ് എന്നോടവൾ ചോദിച്ചു..

തങ്കം ടീച്ചർ തന്ത വൈബ് എന്നു കേട്ടിട്ടുണ്ടോ?

എന്തു വൈബാ ?

അതായത്..

ഫേസ് ബുക്കൊക്കെ വയസ്സായവർക്കുള്ളതാണെന്ന്...

വല്ലാത്ത പെൺകുട്ടി .

രാത്രിയായാൽ ദിനേശന്റെ മുടി പിടിച്ചുലയ്ക്കലും അടികളും ഏറ്റുവാങ്ങുന്നതിന്റെ യാതൊരു ലാഞ്ജനയുമില്ലവൾക്ക് .

അതേപ്പറ്റി അവൾ പറഞ്ഞു.

'മോനുണ്ടായിപ്പോയില്ലേ ടീച്ചറേ...'

വെറുതെ കിടക്കുന്നുവെന്നല്ലാതെ എനിക്കുറക്കമേ വന്നില്ല.

കണ്ട സ്വപ്നം പിന്നെയും എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു.

ആരോട് ഞാനിത് പറയും.. ഇല്ല അവളങ്ങനൊന്നും ചെയ്യില്ല.

മനപ്പൂർവം ഞാൻ അനിമോളുടെ കാര്യങ്ങൾ ഓർത്തു.

' അവനി ' എന്ന് അനിമോൾക്ക് പേരിട്ടത് ഞാനാണ്.

കഥ കേൾക്കാനിഷ്ടമുള്ള കുട്ടി.

അച്ഛമ്മേടെ പൊന്നാരാ... ?

എന്ന് ചോദിക്കുമ്പോൾ വാക്കു തിരിയാത്ത പ്രായത്തിൽ അവൾ ''നാനാ ' എന്ന് നെഞ്ചിൽ കൈ ചേർത്ത് പറയുന്നതോർത്തു.

പ്രശാന്ത് ഇനിയെന്നു വരുമെന്നറിയില്ല. അവനും ഗ്രീഷ്മയ്ക്കും തീർത്താൽ തീരാത്തത്ര ജോലിത്തിരക്കാണ്. അതിനിടെ ഇങ്ങോട്ട് എങ്ങനെ വരാൻ?

ദിവാകരൻ ചേട്ടനും ഞാനും കൂടി എറണാകുളത്തേക്ക് ചെല്ലാനാണ് അവർ പറയുന്നത്. ഫ്ളാറ്റിന്റെ ഓരോ മുറികളിലിരുന്ന് അവർ ലാപ്ടോപ്പിൽ ജോലി ചെയ്തിരിക്കുന്നത് കാണാനാണോ എറണാകുളത്ത് പോകുന്നത്.?

അവരിങ്ങോട്ട് വല്ലപ്പോഴും വന്നാൽ തന്നെ കൂട്ടത്തിൽ വീട്ടിലെ സഹായിയും കാണും.

ഗ്രീഷ്മയ്ക്ക് ജോലിത്തിരക്കു തന്നെ അപ്പോഴും.

ദിവാകരൻ ചേട്ടന് അവർ വരുന്നതിഷ്ടമാണ്.

കോഴിബിരിയാണിയൊക്കെ വച്ച് അടുക്കളയിൽ പൂരമായിരിക്കും എപ്പോഴും.  വെപ്പുകാരിയുള്ളതു കൊണ്ട് എനിയ്ക്കും വെറുതെയിരിക്കാം.

ഇനി വരുമ്പോഴാകട്ടെ അയ്മനത്തമ്പലത്തിലും ഒളശ്ശേലെ വേട്ടയ്ക്കൊരുമകൻ കാവിലുമൊക്കെ അനിമോളെ കൊണ്ടുപോകണം...

എന്നു വരുമോ? ആർക്കറിയാം.

ഞാൻ മാറിപ്പോയ പുതപ്പ് വലിച്ചെടുത്ത് പിന്നേം ചുരുണ്ടുകൂടാനൊരുങ്ങിയപ്പോൾ ദിവാകരൻ ചേട്ടനുണർന്നു.

തങ്കം , നീയെന്താ ഉറങ്ങാത്തെ ?

അത് ഞാനൊരു വല്ലാത്ത സ്വപ്നം കണ്ടു ചേട്ടാ...

എന്താത് ?

നമ്മടെ അഖിലയില്ലേ..

ഫേസ്ബുക്കിൽ ലൈവ് വന്ന് പ്രശ്നങ്ങളൊക്കെ വിളിച്ചു പറഞ്ഞിട്ട്

ആത്മഹത്യ ചെയ്തെന്ന്...!

ദിവാകരൻ ചേട്ടൻ ഉറക്കപ്പിച്ചു പോലെ ചിരിച്ചു..

തങ്കം നീ ഉറങ്ങാൻ നോക്ക്

പ്രഷറു കൂട്ടാതെ...

രാവിലെ കുറെ വൈകിയാണ് ഞാനുണർന്നത്..

നോക്കുമ്പോൾ

അടുക്കളപ്പുറത്ത് പാല്കുപ്പി വച്ചിട്ട് അഖില തിരിഞ്ഞു പോകുന്നു..

അഖിലേ..

വിളികേട്ടതും അവൾ എന്നെ നോക്കി..

ആഹാ.. പള്ളിയുറക്കം കഴിഞ്ഞോ ?

വിളിക്കണമെന്നോർത്തതാ..

നീയിങ്ങുവന്നേ..

രാത്രി ഞാനൊരു വല്ലാത്ത സ്വപ്നംകണ്ടു..

നിന്നെക്കുറിച്ച് ..

എന്നെക്കുറിച്ചോ..

ഫേസ്ബുക്കിൽ ലൈവിട്ട് ഞാനാത്മഹത്യ ചെയ്യുന്നതാരിക്കും..

ഒന്നു പോ ടീച്ചറേ..

ഒരു സ്വപനക്കാരി...

പിന്നേ , കോട്ടയത്ത് എനിക്കൊരു ജോലി ശരിയായിട്ടുണ്ട്. ഇന്നു മുതൽ ഞാനതിന് പോകുവാ.

പിന്നെപ്പറയാം സ്വപ്നമൊക്കെ.

അതും പറഞ്ഞ് ധൃതികൂട്ടി രണ്ട് പറമ്പുകൾക്കപ്പുറത്തുള്ള വീട്ടിലേക്ക് അഖില ഓടിയെന്ന പോലെ പോയി..

എന്തെന്നില്ലാത്ത ഒരു സമാധാനമാണ് ആ പോക്കുകണ്ടപ്പോൾ എനിക്കുണ്ടായത്.

ഞാനവിടെത്തന്നെ കുറച്ചേറെ നേരം നിന്നു പോയി.

 

Join WhatsApp News
Sudhir Panikkaveetil 2025-08-08 00:38:08
ടീച്ചറുടെ സ്വപ്നം പൂവണിഞ്ഞില്ല. അതിനേക്കാൾ സുന്ദരമായി ഒരു യാഥാർഥ്യം സഫലമായി. അഖിലക്ക് ജോലി കിട്ടി. വെറുതെ ഒരു രാത്രിയിലെ ഉറക്കം കളഞ്ഞു. എന്നാലും എല്ലാം ശുഭം. മനസ്സിലെ ഭീതികൾ ആശങ്കകൾ അതേപ്പറ്റി വിഷമിക്കരുത്. അഖിലയോടുള്ള സോഫ്റ്റ് കോർണർ അതുപോലെ സംഭവിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക