വാഗ്വാദമാകാം -
ജയിക്കാനൊ തോൽക്കാനൊ
സമനിലയിൽ പിരിയാനൊ അല്ല -
മനസ്സിലാക്കാൻ;
നിസ്സീമമായി മനസ്സിലാക്കാൻ,
മനസ്സിൽ നിന്ന് നിസ്സംഗം
അവസാനത്തെ തർക്കവാസനയെയും
ആട്ടിപ്പുറത്താക്കാൻ.
മനസ്സിലാക്കാനായി
മരണക്കിടക്കയിൽ
ഒന്നും ശേഷിക്കില്ലെന്നതാണ്
ഉച്ചശ്രേണിയിലുള്ള
ഒരു മനസ്സിലാക്കൽ!
2
ആനക്കാര്യത്തിലാകട്ടെ
ചേനക്കാര്യത്തിലാകട്ടെ
ഒരു കാര്യവുമില്ലെന്ന
കണ്ടെത്തലാണ് യഥാർത്ഥ കാര്യം
അടുക്കളയിൽ തട്ടാത്തി
നല്ല ചൂര മൊരിച്ചെടുക്കുമ്പോൾ
പൊന്നുരുക്കുന്ന തട്ടാന്റെ വീട്ടിലും
പൂച്ചയ്ക്ക് കാര്യമുണ്ട്.
3
ചോദ്യമല്ല പ്രശ്നം
ഉത്തരമല്ല പ്രശ്നം
ഉത്തരം കിട്ടാതെ ഉത്തരത്തിൽ
കെട്ടിത്തൂങ്ങി കാണികളുടെ കൌതുകത്തിനു മുന്നിൽ ചലനമററ
ഒരു ചോദ്യചിഹ്നമാകലാണ് പ്രശ്നം.
പ്രശ്നം വെച്ചു നോക്കുമ്പോൾ
രാശിയിൽ പല പരിഹാരവും കാണും
ഒന്നിനും ശാശ്വതമായ പരിഹാരമില്ലെന്ന കണ്ടെത്തലാണ്
പ്രപഞ്ചപ്രശ്നപരിഹാരം.
4
ചോദ്യങ്ങളുടെ ആവനാഴിയിൽ
ഉത്തരങ്ങളും
ഉത്തരങ്ങളുടെ ആവനാഴിയിൽ
ചോദ്യങ്ങളും കാണും
ഉത്തരം കണ്ടെത്തുക എന്നതല്ല
മറിച്ച് ഉത്തരത്തെ നേരിടുക
എന്നതാണ് പ്രശ്നം
വരണ്ട ഭൂമി ചോദിക്കുന്നു
ആകാശം ഉത്തരം വർഷിക്കുന്നു!
5
പ്രയോഗത്തിൽ ഭൂതകാലമൊ
ഭാവികാലമൊ ഇല്ലാത്ത
ഒരു ഭാഷയെക്കുറിച്ച്
സങ്കൽപ്പിക്കുക
അതിന് സ്വരങ്ങളും വ്യഞ്ജനങ്ങളും കണ്ടെത്തുക
അത് മൊഴിയാൻ
പുതിയ നാവും
അത് കേൾക്കാൻ
പുതിയ ചെവിയും കണ്ടെത്തുക
അത് മനസ്സിലാക്കാൻ
പുതിയ ഒരു ഹൃദയവും മെനയുക.
ഒരധികപറ്റായ ഞാൻ
ഒന്ന് മാറി നിൽക്കട്ടെ!
പ്രപഞ്ചത്തിനു കേട്ടു
രസിക്കാനായി പ്രപഞ്ചം തന്നെ
നിശ്ശബ്ദത കുത്തി നിറച്ച
വാക്കുകൾക്ക്
പുതിയൊരീണം
സന്നിവേശിക്കട്ടെ!!