സനാതന ധർമ്മ പ്രചരണാർത്ഥം രണ്ടരപ്പതിറ്റാണ്ടായി വടക്കേ അമേരിക്കയിലും കാനഡയിലും പ്രവർത്തിച്ചുവരുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ )യുടെ രജതജൂബിലി ആഘോഷങ്ങളും ലോക ഹൈന്ദവ സമ്മേളനവും പോലെ തന്നെ ഏവരും ഉറ്റുനോക്കുന്ന ഒന്നാണ് അനുബന്ധമായി നടക്കുന്ന ഇലക്ഷൻ. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് ഹിന്ദുമതത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന 'ആതിര സുരേഷ്'പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. ആതിരയുടെ നേതൃത്വത്തിലുള്ള ' ടീം ശക്തി ഫോർ ഐക്യം' എന്ന പാനൽ കലാപരവും സാംസ്കാരികപരവുമായി അമേരിക്കയിലെ ഹിന്ദുക്കൾക്കായി ഒട്ടേറെ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. തന്റെ പാനലിനെ വിജയിക്കേണ്ടതിന്റെ ആവശ്യകത 'ആതിര സുരേഷ്' ഇമലയാളി വായനക്കാരുമായി പങ്കുവയ്ക്കുന്നു...
എങ്ങനെയാണ് അമേരിക്കയിൽ ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുതുടങ്ങിയത്?
തൃശൂരാണ് സ്വദേശം. 18 വയസ്സിൽ ബാങ്കിൽ ജോലികിട്ടി ആറുമാസത്തിനുള്ളിൽ അമേരിക്കയിലേക്ക് വന്നു. കണക്കിൽ മാസ്റ്റേഴ്സ് ചെയ്തു. നിലവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു.
ലോസ് ആഞ്ചലസിലാണ് താമസം. 2005ൽ അമേരിക്കയിൽ ആദ്യമായൊരു സംഘടനയിലേക്ക് ആകർഷിച്ചത് കലയോടും സംസ്കാരത്തോടുമുള്ള അഭിനിവേശമാണ്.ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഒഎച്ച്എം) എന്ന സംഘടനയിൽ രണ്ട് പതിറ്റാണ്ടായി സജീവമാണ്.ഫണ്ട്റെയ്‌സിംഗ് ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു.രണ്ടുവർഷം ഡയറക്ടർ ബോർഡിലും ഉണ്ടായിരുന്നു. വിവിധ സാംസ്കാരിക സംഘടനകളിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും സമുദായത്തിന്റെ ഉന്നമനമാണ് ലക്ഷ്യം എന്നതുകൊണ്ട് മറ്റൊന്നിലേക്കും വഴിതിരിഞ്ഞുപോയില്ല.
പദവികൾ? കെഎച്ച്എൻഎ-യുടെ പ്രാധാന്യം?
സ്വാതി തിരുനാൾ എന്ന പരിപാടിയുടെ കോ-ചെയറായി പ്രവർത്തിച്ചത് വലിയൊരനുഭവമാണ്.15 വർഷമായി ആ പ്രോഗ്രാമിന്റെ ഭാഗമാണ്.കഴിഞ്ഞ രണ്ടുവർഷമായി അതിന്റെ ചെയർപേഴ്സണാണ്. 2022ൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക( കെഎച്ച്എൻഎ) എന്ന ദേശീയ സംഘടനയുടെ ഡയറക്ടർ ബോർഡിലേക്ക് വന്നു.ഹൂസ്റ്റൺ കൺവൻഷനിൽ കൾച്ചറൽ ചെയറായിരുന്നു. മെഗാതിരുവാതിര, മുതിർന്നവരുടെ പ്രത്യേക പരിപാടി,കുട്ടികളുടെ ഭജൻ എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലുമുള്ള മലയാളികളായ ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടുതന്നെ കെഎച്ച്എൻഎയ്ക്ക് വലിയ പ്രാധാന്യമുണ്ട്.കുട്ടികളെ ഹൈന്ദവ സംസ്കാരവുമായി ചേർത്തുനിർത്തുന്നതിന് കഴിഞ്ഞ രണ്ടുവർഷങ്ങളായി ലോലിപോപ്പ് എന്നൊരു പരിപാടി നടത്തിവരുന്നു. എല്ലാ ഞായറാഴ്ചകളിലും ഇതിനായി ഒരുമണിക്കൂർ നീക്കിവയ്ക്കും.
ഏറെ ശ്രദ്ധ നേടിയ 'മൈഥിലി മാ'യെക്കുറിച്ച്?
'മൈഥിലി മാ' എന്ന പരിപാടി സംഘടിപ്പിച്ചതിലൂടെയാണ് എന്റെ നേതൃപാടവവും ഏകോപിപ്പിക്കാനുള്ള കഴിവുമൊക്കെ കൂടുതൽ പേർ ശ്രദ്ധിച്ചത്.ഓരോ ആഴ്ചയിലും 15 മണിക്കൂറിലധികം പതിവായി ലളിതാസഹരനാമം ചൊല്ലുന്ന പരിപാടി കഴിഞ്ഞ നാലഞ്ച് വർഷമായി തുടർച്ചയായി ചെയ്യാനാകുന്നത് ദൈവാനുഗ്രഹമായി കാണുന്നു.60 വയസ്സിന് മുകളിലുള്ള അമ്മമാർക്ക് വേണ്ടിയാണ് വേറിട്ട ഈ പ്രോഗ്രാം.അവധിക്ക് നാട്ടിൽ പോകുമ്പോൾ പോലും വെളുപ്പിന് നാലുമണിക്ക് ഇത് നടത്തും,ഒരിക്കലും മുടക്കിയിട്ടില്ല. 2023 ൽ ഹൂസ്റ്റണിൽ നടന്ന കെഎച്ച്എൻഎ-യുടെ ബയനിയൽ കൺവൻഷനിൽ ലളിതാസഹസ്രനാമം ഒരു കോടി സമർപ്പണം സാധ്യമായത് ഏറെ ധന്യത അനുഭവപ്പെട്ട ഒന്നാണ്. സൂമിലൂടെ നാല്പതിലധികം അമ്മമാർ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും ഇതിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നഴ്സുമാരായിട്ടും ഡോക്ടർമാരായിട്ടുമൊക്കെ വിരമിച്ച അമ്മമാരാണ് ഇതിൽ കൂടുതൽ. ജോലിസ്ഥലത്ത് നിന്ന് പങ്കെടുക്കുന്നവരുമുണ്ട്. നാമജപത്തിന് തൊട്ടുമുൻപൊരു ചിറ്റ്-ചാറ്റ് നടത്തും. അതവർക്കൊരു മാനസികോല്ലാസമാണ്. ഇപ്പോൾ കെഎച്ച്എൻഎ -യുടെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. 2025 ഓഗസ്റ്റിൽ ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കാനിരിക്കുന്ന കൺവൻഷനിൽ ലളിതാസഹസ്രനാമത്തിന്റെ മൂന്ന് കോടി സമർപ്പണമാണ് ലക്ഷ്യം.
എന്താണ് കെഎച്ച്എൻഎ-യുടെ രാഷ്ട്രീയം?
കെഎച്ച്എൻഎ ഒരു സാത്വിക സനാതന സംഘടനയാണ്.ഇതിലേക്ക് രാഷ്ട്രീയം കൊണ്ടുവരാൻ ഞങ്ങൾക്കാർക്കും താല്പര്യമില്ല.അതുതന്നെയാണ് സംഘടനയുടെ ശക്തി.
ഇലക്ഷനിൽ വിജയിച്ചാൽ,നിങ്ങളുടെ പാനൽ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികൾ?
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അച്ഛനമ്മമാരെ സഹായിക്കാൻ സന്നദ്ധരായിട്ടുള്ള ചെറുപ്പക്കാരെ ചേർത്തൊരു നെറ്റ്വർക്ക് രൂപീകരിക്കുക എന്നുള്ളതിനാണ് പ്രധാനമായും ഊന്നൽ നൽകുക.നോർത്ത് അമേരിക്കയിലെ 10,000 ഹിന്ദുകുടുംബങ്ങളെ ഏകോപിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം.മാനവസേവയും മാധവസേവയും ഒന്നാണെന്നാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഒട്ടേറെ ക്ഷേമപദ്ധതികൾ ശ്രമിക്കും. എല്ലാ സ്റ്റേറ്റുകളിലും ഹിന്ദു പ്രെയർ ഗ്രൂപ്പുകൾ തുടങ്ങാൻ ആലോചിക്കുന്നുണ്ട്.വീടുകളിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കുട്ടികളിൽ വിശ്വാസത്തിന്റെ അടിത്തറ ഊട്ടിയുറപ്പിക്കാൻ പുതിയ വഴികൾ കണ്ടെത്തും. അമേരിക്കയിലെ ഹിന്ദു യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായങ്ങൾ നൽകുക, ഉന്നത വിദ്യാഭ്യാസത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നുള്ളതാണ് മറ്റൊരു പദ്ധതി.കെഎച്ച്എൻഎ യുടെ മാട്രിമോണിയൽ സൈറ്റ് വിപുലീകരിച്ചുകൊണ്ട് ഹൈന്ദവ ആചാരങ്ങൾക്കും മൂല്യങ്ങൾക്കും വിലകല്പിക്കുന്ന പങ്കാളികളെ കണ്ടെത്തുന്നതിനും അത്തരത്തിൽ കുടുംബം വാർത്തെടുക്കുന്നതിനുമുള്ള ശ്രമവും നടത്താനുദ്ദേശമുണ്ട്. കേരളീയർ പിന്തുടർന്നുവരുന്ന ഹൈന്ദവ വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണം സാധ്യമാകുന്നതിനുവേണ്ടി അഹോരാത്രം പ്രവർത്തിക്കും.ഭാവിതലമുറയ്ക്ക് അത്തരം മൂല്യങ്ങൾ പകർന്നുകൊടുക്കേണ്ടതും അത്യാവശ്യമാണെന്ന് മനസ്സിലാക്കിയാണ് ഓരോ നീക്കവും.കുട്ടികൾക്ക് സംസ്ഥാനതലത്തിൽ വേനലവധിക്കാലത്ത് ഹിന്ദു സമ്മർ ക്യാമ്പ് നടത്തിക്കൊണ്ട് തമ്മിൽ പരിചയപ്പെടാനും സംവദിക്കാനും അവസരമുണ്ടാകും. ആത്മീയതലത്തിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരാൻ ഇത് സഹായകമാകും.
പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ എന്താണ് കൈമുതൽ?
കാൽ നൂറ്റാണ്ട് പിന്നിട്ടുകൊണ്ട് ഒരുയുവതിയുടെ പ്രസരിപ്പോടെ സംഘടന നിൽക്കുമ്പോൾ, ശരിയായ വഴിയിലൂടെ അതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടത് പ്രധാനമാണ്. സാംസ്കാരികവും കലാപരവും ആത്മീയവുമായ കാര്യങ്ങളിൽ സംഘടനയെ നയിച്ച പരിചയസമ്പന്നതയും അനുഭവവുമാണ് എന്റെ കൈമുതൽ. കെഎച്ച്എൻഎ യെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനാകുമെന്ന ആത്മവിശ്വാസംകൊണ്ടാണ് പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
വരുംതലമുറയ്ക്ക് ഇത്തരം സംഘടനകളിൽ താല്പര്യമുണ്ടോ? സംഘടനയുടെ ഭാവിയെ സംബന്ധിച്ച് എന്തുതോന്നുന്നു?
2015 ലാണ് കെഎച്ച്എൻഎ-യുടെ കൺവൻഷനിൽ മകനെ ആദ്യമായി കൂട്ടിക്കൊണ്ടുപോകുന്നത്. അന്ന് അവന് പത്തുവയസ്സേ ഉള്ളൂ. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സമപ്രായക്കാരായ മലയാളി കുട്ടികളെ നേരിൽകണ്ടതും സംസാരിച്ചതുമൊക്കെ മകൻ ഏറെ ആസ്വദിക്കുകയും അടുത്ത കൺവൻഷൻ എപ്പോഴാണെന്ന് തിരക്കുകയും ചെയ്തിരുന്നു.വരുംതലമുറ അത്തരത്തിൽ പരസ്പരം അറിഞ്ഞുവളരാൻ കെഎച്ച്എൻഎ ഒരു മികച്ച പ്ലാറ്റ്‌ഫോമാണ് ഒരുക്കുന്നത്.വർഷങ്ങൾ കഴിയുംതോറും കുട്ടികളുടെ പങ്കാളിത്തം കൂടുന്നത് സംഘടനയുടെ ഭാവിയെ സംബന്ധിച്ച് ശുഭസൂചനയും പ്രതീക്ഷയുമാണ് നൽകുന്നത്. നമ്മുടെ വേരുകളിലേക്ക് ഇനിയും ആഴ്ന്നിറങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നുള്ളതാണ് സംഘടനയുടെ തലപ്പത്ത് എത്തുന്നവരുടെ കടമ.
കുടുംബം?
അമേരിക്കയിൽ വന്നകാലം മുതൽ ഞങ്ങൾ ലോസ് ആഞ്ചലസിലാണ്.
എൽഎ കമ്മ്യൂണിറ്റി കോളജിൽ ഐടി രംഗത്താണ് ഭർത്താവ് സുരേഷ് ഇഞ്ചോർ ജോലി ചെയ്യുന്നത്.ഏക മകൻ ആകർഷ് സുരേഷ് റോബോട്ടിക്‌സ് എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.