Image

സാംഖ്യയോഗം (ശ്രീമദ് ഭഗവത് ഗീത അദ്ധ്യായം - 2: സുധീർ പണിക്കവീട്ടിൽ)

Published on 08 August, 2025
സാംഖ്യയോഗം  (ശ്രീമദ് ഭഗവത് ഗീത അദ്ധ്യായം - 2: സുധീർ പണിക്കവീട്ടിൽ)

കപിലമുനിയുടെ സാംഖ്യദർശനമല്ല ഇവിടെ വിസ്തരിക്കുന്നത്. വേദാന്തത്തിലെ ജ്ഞന്മാർഗ്ഗത്തെപ്പറ്റിയാണ് ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നത്. ഇരുസൈന്യങ്ങളുടെ നടുക്കായി നിറുത്തിയ തേർത്തട്ടിൽ തളർന്നു ചഞ്ചലമനസ്കനായി ധർമ്മവും അധർമ്മവും തിരിച്ചറിയാതെയിരിക്കുന്ന അർജുനൻ തന്റെ മാനസികവിഷമങ്ങൾ വിവരിച്ച്  പൂർണ്ണമായി കൃഷ്ണനെ ശരണം പ്രാപിക്കുന്നു. അപ്പോൾ ഭഗവൻ അർജുനനെ തത്വങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു. ശരീരം നാശമുള്ളതാണ്. ആത്മാവ് നശിക്കുന്നില്ല. ആത്മാവിനെആർക്കും കൊല്ലാൻ കഴിയുകയില്ല. പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയവ സ്വീകരിക്കുന്നപോലെ ആത്മാവ് ജീർണ്ണിച്ച ശരീരങ്ങളെ ഉപേക്ഷിക്കുന്നു. ജീവികളുടെ ആദി അവ്യക്തമാണ്. മധ്യാവസ്ഥയാണ്  വ്യക്തം. അന്ത്യവും അവ്യക്തമാണ്. സ്വധർമ്മാനുഷ്ഠാനത്തിൽ നിന്ന് പിന്മാറുന്നത് മാനികൾക്ക് മരണത്തേക്കാൾ ഭയാനകമാണ്. ഇതിനു ശേഷം കർമ്മയോഗത്തെപ്പറ്റി ഭഗവൻ അർജുനനെ ഉപദേശിക്കുന്നു. കർമ്മയോഗമനുഷ്ഠിക്കുന്നവർക്ക് ഭയപ്പെടേണ്ടതില്ലെന്നും  കാമ്യകർമ്മങ്ങളെ (ഫലകാംക്ഷയോടെയുള്ള കർമ്മങ്ങൾ) വിശദീകരിച്ച് ത്രിഗുണവിഷയങ്ങൾക്കതീതനാകാനും പറയുന്നു. ഫലം കിട്ടണമെന്ന ആഗ്രഹത്തോടെ കർമ്മം ചെയ്യരുതെന്നും എന്നാൽ കർമ്മം ചെയ്യാതിരിക്കരുതെന്നും ഉപദേശിക്കുന്നു. സ്ഥിതപ്രജ്‌ഞനെപ്പറ്റിയും ബ്രഹ്മനിഷ്ഠയെപ്പറ്റിയും വിവരിക്കുന്നു. ഇനി വിശദമായി
സഞ്ജയൻ പറഞ്ഞു. ദുഖത്തോടെ, ഈറനണിഞ്ഞ കണ്ണുകളോടെ ഇരുന്ന കരുണാമയനായ അർജുനനോട് മധുസൂദനൻ പറഞ്ഞു. ഈ വിഷമഘട്ടത്തിൽ മഹാന്മാർക്ക് യോജിക്കാത്തവിധം ഏതു മായക്കാണ് നീ അധീനനായിരിക്കുന്നത്. 

ക്ളൈബ്യം മാ സ്മഗമ: പാർത്ഥ !
നൈത ത്ത്വായ്യുപപദ്യതേ 
ക്ഷുദ്രം ഹൃദയദൗർബല്യം 
ത്യക് ത്വോ ത്തിഷ്ഠ പരന്തപ !
നപുംസകം ആയി അധഃപതിക്കാതിരിക്കുക. അത് നിനക്ക് യോജിച്ചതല്ല. ഈ ഹൃദയദൗർബല്യം മാറ്റി കർമ്മോന്മുഖകനാകുക  ശത്രുക്കളെ തപിപ്പിക്കുന്നവനെ.
അർജുനൻ: ശത്രുദമനനായ കൃഷ്ണാ, പൂജനീയരായ ഭീഷ്മരും ദ്രോണരുമായി ഞാൻ എങ്ങനെ യുദ്ധത്തിൽ ഏർപ്പെടും. ശ്രേഷ്ഠരായ ഇവരെ കൊല്ലുന്നതിനേക്കാൾ ഈ ലോകത്തിൽ ഭിക്ഷ യാചിക്കുന്നത് നല്ലതാണ് ഇവരെ കൊന്നു കിട്ടുന്ന സുഖത്തിൽ ചോരപുരണ്ടിരിക്കുകില്ലേ. യുദ്ധത്തിൽ ഞങ്ങളോ, അവരോ ജയിച്ചേക്കാം.ഇതിൽ ഏതാണ് കാമ്യം എനിക്കറിഞ്ഞുകൂടാ. ഹൃദയദൗബല്യം മൂലം എന്റെ ശരീരം തളരുന്നു. 

കാർപണ്യദോഷത്താൽ (മാനസികമായ ഇടിവ്)  എന്ത് ചെയ്യണമെന്നറിയാനുള്ള തിരിച്ചറിവ് എനിക്കില്ലാതായിരിക്കുന്നു. അതുകൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു. എന്തിലാണ് എന്റെ  നന്മയിരിക്കുന്നത് എന്ന്  അസന്ദിഗ്ദ്ധമായ ഭാഷയിൽ എന്നോട് പറയുക. .ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ നിന്റെ ശിഷ്യനാണ്. ഞാൻ നിന്നിൽ അഭയം തേടുന്നു. എനിക്ക് നേർവഴി പറഞ്ഞു തരിക. ഈ ഭൂമി മുഴുവൻ കിട്ടിയാലും ദേവന്മാരുടെ മേലാധിപത്യം ലഭിച്ചാലും എന്റെ ദുഃഖത്തെ അതിനു മാറ്റാൻ കഴിയില്ല. കൃഷ്ണന്റെ ഉപദേശം സ്വീകരിക്കാൻ തയ്യാറുള്ള അർജുനൻ, കൃഷ്ണനെ വിശ്വസിക്കുന്നു അർജുനൻ. തനിക്ക് നല്ലതേ പറഞ്ഞു തരു എന്ന്  ഉറച്ച് വിശ്വസിക്കുന്ന അർജുനൻ അർജുനന്റെ ഈ മനോനിലയാണ് ഭക്തന്മാർക്ക് ഉണ്ടായിരിക്കേണ്ടത്. പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ അചഞ്ചലമായ ഭക്തിയോടെ ഭഗവാനിൽ ആശ്രയം തേടുക. അഭയം തേടുക.

സഞ്ജയൻ പറഞ്ഞു. യുദ്ധം ചെയ്യുകയില്ലെന്നു ഹൃഷികേശനോട് പറഞ്ഞു അർജുനൻ നിശ്ശബ്ദത പാലിച്ചുനിന്നു. ഉഭയസൈന്യങ്ങളുടെ മധ്യത്തിൽ മനോവേദനയോടെ നിൽക്കുന്ന അര്ജുനനോട് ഹൃഷികേശൻ ഒരു മന്ദഹാസത്തോടെ താഴെ പറയുന്ന കാര്യങ്ങൾ പറഞ്ഞു. ഭഗവൻ: നീ ആർക്ക് വേണ്ടി കേഴുന്നവോ അവർക്കുവേണ്ടി നീ കേഴേണ്ടവനല്ല. അതേസമയം നീ ജ്ഞാനികളെപോലെ സംസാരിക്കുകയും ചെയ്യുന്നു. ബുദ്ധിമാന്മാർ ജീവിച്ചിരിക്കുന്നവർക്കോ, മരിച്ചവർക്കോ വേണ്ടി കരയുന്നില്ല.ഒരിക്കലും, ഞാനോ നീയോ, ഈ രാജാക്കന്മാരോ ഇല്ലാതിരുന്നിട്ടില്ല. ഇവരൊന്നും ഇല്ലാതാകാൻ പോകുന്നുമില്ല. ആത്മാവ് ഒരു ശരീരം വിട്ടു വേറൊരു ശരീരം തിരഞ്ഞെടുക്കുമ്പോൾ ബുദ്ധിമാന്മാർ അതിൽ ഖേദിക്കുന്നില്ല. ചൂടും, തണു പ്പും, സുഖവും വേദനയും ഇന്ദ്രിയാനുഭൂതികളാണ്. അവ ക്ഷണികങ്ങളാണ്. അവയെ സഹിക്കുക. സുഖദുഃഖങ്ങളിൽ സമചിത്തത പാലിക്കുന്നവനെ ഇന്ദ്രിയവിഷയങ്ങൾ അലട്ടുന്നില്ല. അവൻ അമൃതത്വത്തിനു യോഗ്യനായിത്തീരുന്നു. ഇല്ലാത്തത് ഉണ്ടായിരുന്നതായും, ഉള്ളത് ഇല്ലാതിരുന്നതുമായ അവസ്ഥയില്ല. ഈ രണ്ടിന്റെയും സത്യാവസ്ഥ ദാർശനികർ കണ്ടെത്തുന്നു. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ആത്മാവ് നാശമില്ലാത്തതാണ്. അതിനെ നശിപ്പിക്കാൻ ആരാലും സാധ്യമല്ല. ശരീരം നാശമുള്ളതാണ്. അതിൽ വസിക്കുന്ന ആത്മാവ് നിത്യനും നാശരഹിതനുമാണ്. അതിനാൽ അർജ്ജുനാ നീ യുദ്ധം ചെയ്താലും.
ആത്മാവിനെപ്പറ്റിയുള്ള വിവരണം 
ന ജായതേ മ്രിയതേ വാ കദാചിത് 
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ 
അജോ നിത്യ: ശ്വാശ്വ തോതയം പുരാണ:
ന ഹന്യതേ ഹന്യാമാനേ ശരീരേ  (2:20)
ആത്മാവിനെ കൊല്ലുന്നവനായും ആത്മാവിനെ കൊല്ലപ്പെട്ടവനായും വിചാരിക്കുന്നവർ സത്യം അറിയുന്നില്ല. ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നില്ല. ഉണ്ടായിട്ട് ഇല്ലാതാവുകയോ ഇല്ലാതിരുന്നിട്ട് ഉണ്ടാകുകയോ ചെയ്യുന്നില്ല. എന്നും ഒരേ രൂപത്തിൽ ഇരിക്കുന്ന ആത്മാവ് ശരീരം നശിക്കുമ്പോഴും  നശിക്കുന്നില്ല. ആത്മാവിനു നാശമില്ലെന്നും ജനനമില്ലെന്നും ക്ഷയമില്ലെന്നുമറിയുന്നവൻ ആരെ കൊല്ലും. എങ്ങനെ കൊല്ലിക്കും. പഴയ വസ്ത്രങ്ങൾ കളഞ്ഞു മനുഷ്യൻ പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നപോലെ ജീർണ്ണിച്ച ശരീരത്തെ വിട്ട് ആത്മാവ് പുതിയ ശരീരത്തെ  സ്വീകരിക്കുന്നു.
വാസാംസി ജീർണാനി യഥാ
നവാനി ഗൃഹ്‌ണാതി നരോപരാണി 
തഥാ ശരീരാണി വിഹായ ജീർണാ-
ന്യന്യാനി സംയാതി നവാനി ദേഹീ (2:22)
ആയുധങ്ങൾ ഇതിനെ  മുറിപ്പെടുത്തുന്നില്ല.അഗ്നിയിൽ ഇതിനു പൊള്ളലേൽക്കുന്നില്ല. വെള്ളം ഇതിനെ നനയ്ക്കുന്നില്ല. കാറ്റ് ഇതിനെ ഉണക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങൾ വഴി അറിയാൻ അസാധ്യമാകയാൽ ആത്മാവിനെ അവ്യക്തനെന്നും മനസ്സ് കൊണ്ട് അറിയാൻ വയ്യാത്തതിനാൽ അചിന്ത്യനെന്നും ആത്മാവിനെ അറിഞ്ഞിട്ടും നിനക്ക് ദുഖിക്കാൻ  അവകാശമില്ല. ഇനിയിപ്പോൾ ഇത് ജനിക്കുന്നുവെന്നും മരിക്കുന്നുവെന്നും, മഹാബാഹുവായ അർജുന , നീ വിചാരിക്കുന്നുവെങ്കിൽ കൂടി നീ ദുഃഖിക്കരുത്. കാരണം ജനിച്ചാൽ ഒരിക്കൽ  മരണമുണ്ട്‌.ഒഴിവാക്കാൻ കഴിയാത്ത ഒന്നിനെക്കുറിച്ച് നീ വ്യസനിക്കരുത്.

അവ്യക്താദീനി ഭൂതാനി 
വ്യക്ത മധ്യാനി ഭാരത!
അവ്യക്ത നിധനാന്യേവ 
തത്രകാ പരിദേവനാ (2:28)
എല്ലാ ജീവികളുടെയും ജനനത്തിനുമുമ്പുള്ള അവസ്ഥ സ്പഷ്ടമല്ല. മരണത്തിനു ശേഷമുള്ളതും അസ്പഷ്ടമാണ്. ഇതിനിടയിൽ ജീവിതമാണ് സ്പഷ്ടം. അതിൽ നീ എന്തിനു വിലപിക്കണം. ആത്മാവിനെ  ആശ്ചര്യമെന്നു വിചാരിക്കുന്നവനും പറയുന്നവനും കേൾക്കുന്നവനുമുണ്ട്. എന്നാൽ ആരും ആത്മാവിനെ അറിയുന്നില്ല. സകല അപായങ്ങളിൽ നിന്നും മുക്തമാണീ ആത്മാവ്. ഓ ! ഭാരത അതുകൊണ്ട് നീ അതേക്കുറിച്ച് ദുഖിക്കേണ്ട.

ജ്ഞാനവും കർമ്മയോഗവും

നീ നിന്റെ കർത്തവ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കരുത്. ഒരു ക്ഷത്രിയനെ സംബന്ധിച്ചേടത്തോളം ധർമ്മയുദ്ധത്തിൽ പങ്കെടുക്കുകയെന്നത് ഏറ്റവും ശ്രേഷ്ഠമാണു. ഉദ്ദേശിച്ചിരിക്കാതെ അങ്ങനെ ഒരു യുദ്ധം (സ്വർഗ്ഗത്തിന്റെ പടിവാതിൽ തുറക്കുന്ന സമയം) ഭാഗ്യവാന്മാരായ ക്ഷത്രിയർക്കേ ഒത്തുവരികയുള്ളു. ഈ ധർമ്മയുദ്ധം ചെയാതിരുന്നു കൃത്യവിലോപം കാണിച്ചാൽ നിനക്ക് മാനഹാനിയുണ്ടാകും. നീ പാപിയാകും. നിന്റെ മാനക്കേടിനെക്കുറിച്ച് ചരിത്രം  ഉദഘോഷിക്കും.അഭിമാനിയായ ഒരു മനുഷ്യന് അപമാനം മൃതിയേക്കാൾ കഷ്ടത്തരം. പേടികൊണ്ടാണ് നീ പിന്മാറിയതെന്നു മഹാരഥന്മാർ കരുതും. നിന്നെ ശ്രേഷ്ടനായി കണ്ടവർ നിന്നെ നിസ്സാരമായി കാണും. നിന്റെ ശത്രുക്കൾ നിന്റെ പൗരുഷത്വത്തെ പരിഹസിക്കും. പറയാൻ പറ്റാത്ത അനവധി കാര്യങ്ങൾ അവർ നിന്നെ കുറിച്ച് പറയും. അതിനേക്കാൾ വേദനാജനകമായി എന്തുണ്ട്. വധിക്കപ്പെട്ടാൽ നിനക്ക് സ്വർഗ്ഗം പ്രാപിക്കാം. വിജയശ്രീലാളിതനായാൽ ഈ ഭൂമിയെ സ്വന്തമാക്കാം അതുകൊണ്ട് എഴുന്നേൽക്കുക  കൗന്തേയ യുദ്ധം ചെയ്യാനുള്ള ദൃഡനിശ്ചയത്തോടെ.
ഹതോ വാ പ്രാപ്സ്യസി സ്വർഗം 
ജിത്വാ വാ ഭോ ക്ഷ്യ സേ മഹീം 
തസ്മാദുത്തിഷ്ഠ കൗന്തേയ 
യുദ്ധായ കൃത  നിശ്ചയഃ (2:37)
സുഖവും ദുഖവും നേട്ടവും കോട്ടവും വിജയവും പരാജയവും ഒരേപോലെ കാണുക. അരമുറുക്കികെട്ടികൊണ്ട് യുദ്ധത്തിന് തയ്യാറാകുക ഇതുമൂലം നിനക്ക് പാപമുണ്ടാകില്ല. അങ്ങനെ അറിവിനെക്കുറിച്ചുള്ള (സാംഖ്യവിഷയകമായ) വിവരങ്ങൾ ഞാൻ നിന്റെ മുന്നിൽ നിവർത്തി. 
ഇനി പ്രവർത്തിയെപ്പറ്റി (കർമ്മയോഗം) കേൾക്കുക. ഇത് മനസ്സിലാക്കുമ്പോൾ നീ കർമ്മബന്ധങ്ങളിൽ നിന്നു മുക്തനാകാൻ പ്രാപ്തനാകും. മേല്പറഞ്ഞ സാംഖ്യയോഗത്തിലെ ശരീരത്തിന്റെ നാശത്തെത്തക്കുറിച്ച് ആത്മാവിന്റെ അനശ്വരതയെക്കുറിച്ച് ഭഗവാൻ അർജുനനെ മനസ്സിലാക്കി. അതിനുശേഷ ഒരു ക്ഷത്രിയന്റെ കടമയെയും കർത്തവ്യത്തെയുംക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി. ഹൃദയദൗർബല്യം കളഞ്ഞു കർമ്മോന്മുഖനാകാൻ ഉപദേശിച്ചു. സുഖവും ദുഖവും മിഥ്യയാണെന്നു മനസ്സിലാക്കി. പഴയ വസ്ത്രങ്ങൾ കളഞ്ഞു പുതിയവ ധരിക്കുന്ന മനുഷ്യനെപ്പോലെ ആത്മാവ് പുതിയ ശരീരത്തെ തേടുന്നു. അതുകൊണ്ട് ആത്മാവിനെ ആർക്കും നശിപ്പിക്കാൻ കഴിയുകയില്ല. സ്വന്തക്കാരും ബന്ധക്കാരും യുദ്ധത്തിൽ കൊല്ലപ്പെട്ട പോകുമെന്ന ദുഃഖം  .കാരണം അവർ കൊല്ലപ്പെടുന്നില്ലെന്ന സത്യം ഭഗവൻ  വെളിപ്പെടുത്തി. ആദിയും അന്ത്യവും വെറും മിഥ്യയാണെന്നും മധ്യത്തിലായി കാണുന്നത് സ്പഷ്ടമാണെന്നു തോന്നുമെങ്കിലും അതും വെറും മായയാണെന്നു ഭഗവാൻ മനസ്സിലാക്കിപ്പിക്കുന്നു.
കർമ്മയോഗത്തിൽ അഭിക്രമനാശം (ചെയ്ത പ്രവർത്തി നിഷ്ഫലമാകൽ) സംഭവിക്കുന്നില്ല. വിപരീതഫലവും ഉണ്ടാകില്ല. അല്പമാത്രമായ കർമ്മം പോലും ശ്രേഷ്ഠമായ ഫലമുളവാക്കും. നിശ്ചയദാർഢ്യവും ഏകാഗ്രതയുമാണ് കർമ്മയോഗത്തിൽ വേണ്ടത്. അതില്ലാത്തവരുടെ ബുദ്ധിപലശാഖകളോടുകൂടിയും അവസാനമില്ലാത്തതുമായിരിക്കും. ബുദ്ധിയില്ലാത്തവർ ഭംഗി വാക്കുകളാൽ വേദങ്ങൾ ഉദഘോഷിച്ചുകൊണ്ട് പറയുന്നു. ഇതല്ലാതെ വേറൊന്നില്ലന്നു.

അതിൽ പറയുന്ന സ്വഗ്ഗപ്രാപ്തിയാണ് ലക്ഷ്യമെന്നും അത് നേടാനുള്ള ക്രിയാവിശേഷങ്ങളെപ്പറ്റി പറയുന്നു സുഖവും ആധിപത്യവും കാംക്ഷിക്കുന്നവർക്ക് അവരുടെ മനസ്സിനെ അത്തരം സുഖാകാംക്ഷകൾ  കീഴടക്കുന്നത്കൊണ്ട് അവർ ദൃഡനിശ്ചയമോ, ഏകാഗ്രതയോ ഇല്ല. സ്വർഗ്ഗപ്രാപ്തിക്കുവേണ്ടി വേദങ്ങൾ അനവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർദേശിക്കുന്നു. അത്തരം വിവരണത്തെ വ്യാസൻ വിമർശിച്ചിരിക്കുന്നു.

വേദങ്ങളിൽ പറയുന്ന സത്യം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങൾക്കതീതനായിരിക്കുക. മനസ്സ് ബുദ്ധിയും ത്രിഗുണങ്ങളിൽ രൂപവൽക്കരിക്കപ്പെട്ടിരിക്കുന്നു. സുഖദുഃഖങ്ങളിൽ നിന്ന് നീ സ്വാതന്ത്രനാകുക. അനശ്വരമായ സത്യത്തെ  പാലിക്കുക.നേടാനും കൂട്ടിവയ്ക്കാനും ശ്രമിക്കാതിരിക്കുക. നീ നിന്റെ ആത്മാവിന്റെ യജമാനനാകുക. പ്രബുദ്ധനായ ഒരു ബ്രാഹ്മണന് വേദങ്ങൾ വെള്ളപ്പൊക്കത്തിൽ മൂടിപ്പോയ കിണർപോലെയാണ്. വെള്ളം തേടി  കിണറ്റിലിനരികിലേക്ക് പോകുന്നപോലെ  വേദങ്ങളിൽ നിന്ന് അറിവ് തേടുന്ന മനുഷ്യർ മായയാൽ ബന്ധിതനാണ്. ഇന്ദ്രിയ സുഖങ്ങൾക്ക് വേണ്ടി കാംക്ഷിക്കുന്നവന് വേദങ്ങൾ സഹായകമായേക്കാവുന്ന സൂചന. എന്നാൽ അറിവ് നേടി കഴിയുമ്പോൾ വെള്ളപ്പൊക്കത്തിൽ മൂടിപോകുന്ന കിണറുപോലെ വേദങ്ങളുടെ പ്രാധാന്യം കുറയുന്നു. 
കർമ്മണ്യേ വാധികാരസ്തേ 
മാ ഫലേഷു കദാചന 
മാ കർമ്മ ഫല ഹേതുർ ഭു :
മാ തേ സംഗോ സ്‌ത്വാ കർമണി
ഫലേച്ഛ കൂടാതെ നീ കർമ്മം ചെയ്യുക. പ്രവർത്തിയുടെ ഫലം നിന്റെ ഉദ്ദേശ്യമായിരിക്കരുത്. പ്രവർത്തി ഉപേക്ഷിക്കാനും നീ ആഗ്രഹിച്ചുപോകരുത്. 

യോഗസ്ഥനായി കിട്ടുന്നതിലും കിട്ടാത്തതിലും സമചിത്തത പാലിച്ച്, ആസക്തി വെടിഞ്ഞു കർമ്മങ്ങൾ അനുഷ്ഠിക്കുക. ഈ സംഭവത്തെ യോഗം എന്ന് പറയുന്നു. കാമ്യകർമ്മങ്ങളിലുള്ള ഭ്രമങ്ങളിൽ നിന്നും (ഫലകാംക്ഷയോടെ ചെയ്യുന്ന കർമ്മങ്ങൾ) സമത്വബുദ്ധിയോടെ ചെയ്യുന്ന കർമ്മങ്ങളെക്കാൾ നികൃഷ്ടമാണ്. അതിനാൽ സമത്വബുദ്ധിയിൽ ആശ്രയിക്കുക. ഫലപ്രാപ്തി ലക്ഷ്യമാക്കി കർമ്മം ചെയ്യുന്നവർ ദീനന്മാരാണ്.  കർമ്മ ബന്ധങ്ങളുടെ കെട്ടുപാടിൽ നിന്നും. മുക്തനായ ഒരാൾ, (യോഗി) ഈ ലോകത്തിൽ നന്മ തിന്മകളുടെ ഫലങ്ങളിൽ നിന്ന് രക്ഷപെടുന്നു. അതുകൊണ്ട് യോഗത്തിനായി പ്രയത്നിക്കുക. യോഗം പ്രവർത്തിയിൽ ഉള്ള നൈപുണ്യമാണ്‌. (യോഗം സമത്വബുദ്ധിയാണ്, യോഗം കർമ്മകുശലതയാണ്, രണ്ടു പരസ്പരപൂരകങ്ങൾ മാത്രം) ലൗകിക ബന്ധങ്ങളിൽ നിന്ന് വിരക്തി നേടിയ ജ്ഞാനികൾ പ്രവർത്തിയുടെ ഫലം നിരാകരിച്ചവർ ജന്മബന്ധങ്ങളിൽ നിന്ന് വിമുക്തരായിരിക്കുന്നു. അവർ പരമ പദത്തെ പ്രാപിക്കുന്നു. കാമ്യകർമ്മങ്ങളിലുള്ള ഭ്രമങ്ങളിൽ നിന്ന് പൂർണ്ണമായി നീ മുക്തി നേടുമ്പോൾ ഇതുവരെ കേട്ടതിനോടും ഇനി കേൾക്കാനിരിക്കുന്നതിനോടും താല്പര്യക്കുറവ് തോന്നും. കേൾക്കുകയും, കേൾക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് അതുവരെയുള്ള അനുഭവങ്ങളും ഇനി ഉണ്ടാകാനിരിക്കുന്ന അനുഭവങ്ങളും  എന്നത്രെ. ഇതുവരെ കേട്ട കാര്യങ്ങളിൽ ഭ്രമിച്ചിരിക്കുന്ന നിന്റെ ബുദ്ധി ഏകലക്ഷ്യത്തിൽ ഇളക്കമില്ലാതെ നിർത്തുമ്പോൾ നീ യോഗത്തെ പ്രാപിക്കും. 

അർജുനൻ പറഞ്ഞു. ഒരു മനുഷ്യന്റെ ധാരണ ഉറച്ചതും അവന്റെ മനസ്സ് ഏകാഗ്രതയിൽ ദൃഡവുമാണെന്നതിന്റെ അടയാളം എന്താണ്? അങ്ങനെയുള്ള സ്ഥിതപ്രജ്ഞൻ എങ്ങനെ സംസാരിക്കുന്നു . എങ്ങനെ സ്ഥിതി ചെയ്യുന്നു, എങ്ങനെ സഞ്ചരിക്കുന്നു.  ഓ ! പാർത്ഥ ഒരു മനുഷ്യൻ അവന്റെ എല്ലാ ആഗ്രഹങ്ങളും  ഉപേക്ഷിക്കുമ്പോൾ ആത്മാവിൽ ആനന്ദം കണ്ടെത്തുമ്പോൾ ആ മനുഷ്യനെ സ്ഥിതപ്രജ്ഞൻ എന്ന് പറയപ്പെടുന്നു. ആത്മീയാനന്ദം എന്ന് പറയുന്നത് പ്രലോഭനത്തിൽ നിന്നുള്ള മുക്തിയാണ് ലൗകികാനുഭൂതികൾ  സുഖവും അതേ.പോലെ ദുഖവും  ഉണ്ടാക്കുന്നു.
സുഖം തേടാത്ത ദുഃഖത്തിൽ അചഞ്ചലതപാലിക്കുന്ന, വികാരവിമുക്തനായ, പേടി, കോപം, എന്നിവയിൽ ഇളകാത്തയാളെ സ്ഥിതപ്രജ്‌ഞൻ എന്ന് പറയപ്പെടുന്നു. ഒന്നിനോടും വിശേഷസ്നേഹമില്ലാതെ  ഇഷ്ടാനിഷ്ടങ്ങൾ വരുമ്പോൾ സുഖമോ ദുഖമോതോന്നാത്ത മനുഷ്യന്റെ ബുദ്ധി ഉറച്ചതാകുന്നു. ആമ അവയവങ്ങളെ ഉള്ളിലേക്ക് വലിക്കുന്നപോലെ വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ പിൻവലിക്കുന്നവന്റെ ബുദ്ധി ഉറച്ചതാകുന്നു. ഇന്ദ്രിയങ്ങളെ പ്രലോഭിപ്പിക്കുന്ന വസ്തുക്കളെ ഒരാൾ വർജ്ജിച്ചാലും, അതിനോടുള്ള അഭിലാഷം അയാളിൽ നിന്ന് വിട്ടു മാറാതെ കിടക്കും. എന്നാൽ പരമാത്മാവിനെ  ദർശിക്കുമ്പോൾ  സ്ഥിതപ്രജ്ഞന്റെ വിഷയവാസന കൂടി മാറിപ്പോകുന്നു. ബുദ്ധിമാനായ ഒരു മനുഷ്യൻ ഇന്ദ്രിയ സംയമനത്തിനു പ്രയത്നിച്ചാലും അടങ്ങി നിൽക്കാൻ കൂട്ടാക്കാത്ത ഇന്ദ്രിയങ്ങൾ അവന്റെ മനസ്സിന്റെ ഏകാഗ്രതയെ ഭജ്ഞിപ്പിച്ച് കൊണ്ടിരിക്കും. ഇന്ദ്രിയങ്ങളെ അടക്കി യോഗയുക്തനായി എന്നിൽ മനസ്സ് ഏകാഗ്രമാക്കുന്നവന്റെ ബുദ്ധി ഉറച്ചതാകുന്നു.
ധ്യായതോ വിഷയാൻ പുംസഃ 
സംഗ സനേഷുപ ജായതേ 
സംഗാത് സം ജായതേകാമ:
കാമാത് ക്രോധോഭി ജായതേ  (2:62)
ക്രോധാത് ഭവതീസമ്മോഹ :
സമ്മോഹാത് സ്മൃതി വിഭ്രമ 
സ്മൃതി ദം ശാ ത് ബുദ്ധിനാശോ 
ബുദ്ധിനാശാ ത് പ്രണശ്യതി (2:63)
വിഷയങ്ങളെ ധ്യാനിച്ചിരിക്കുന്നവന് അവയിൽ ആസക്തിയുണ്ടാകുന്നു. അതിൽനിന്നും കാമം ഉണ്ടാകുന്നു കാമത്തിൽ നിന്നു ക്രോധമുണ്ടാകുന്നു. ക്രോധത്തിൽ നിന്ന് ബുദ്ധി ഭ്രംശവും ബുദ്ധിഭ്രംശം കൊണ്ട് ഓർമ്മകേടും ഓർമ്മകേടിൽ നിന്നും ബുദ്ധിനാശവുമുണ്ടാകുന്നു. ബുദ്ധിനാശമുണ്ടാകുമ്പോൾ അത് ഒരാളെ നാശത്തിലേക്ക്  നയിക്കുന്നു.വിഷയകാര്യങ്ങളിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നവർക്ക് നാശമുണ്ടാകുന്നു എന്നീ ശ്ലോകം  സൂചന  തരുന്നു.
രാഗദ്വേഷങ്ങളില്ലാതെ ഇന്ദ്രിയങ്ങളെ തന്റെ സ്വാധീനത്തിലാക്കി മനസ്സിനെ കീഴടക്കിയവൻ ശാന്തി അനുഭവിക്കുന്നു. ശാന്തി കൈവരുമ്പോൾ ദുഃഖങ്ങൾ ഇല്ലാതാകുന്നു. മനചാപല്യമുള്ളവർക്ക് ആത്മ വിഷയകമായി അറിവുണ്ടാകില്ല. അവർക്ക് ആത്മധ്യാനവും സാധ്യമല്ല. അങ്ങനെയുള്ളവർക്ക് ശാന്തിയും സുഖവുമുണ്ടാകുന്നില്ല. ഇന്ദ്രിയങ്ങളുടെ ആസക്തിക്കനുസരിച്ച് മനസ്സ് പിൻതുടരുന്നവന്റെ ബുദ്ധിയും തോണിയെ കാറ്റ് വലിച്ചുകൊണ്ട് പോകുന്നപോലെ പോകുന്നു. അതുകൊണ്ട് മഹാബാഹുവായ അർജുന ഇന്ദ്രിയമനോ നിയന്ത്രണമുള്ളവന്റെ ബുദ്ധി ഉറച്ചതാണെന്നു മനസിലാക്കുക.
യാ നിശാ സർവ ഭൂതാനാം 
തസ്യാം ജാഗർത്തി സംയമീ 
യസ്യാം ജാഗ്രതി ഭൂതാനി 
സാ നിശാ പശ്യ തോ മുനേ (2:69)
എല്ലാ ജീവികൾക്കും രാത്രിയായി തോന്നുന്നതിൽ ജിതേന്ദ്രിയൻ ഉണർന്നിരിക്കുന്നു. ജീവികൾക്ക് പകൽ എന്ന് തോന്നുന്നത് സ്ഥിതപ്രജ്ഞനായ ഒരാൾക്ക് രാത്രിയാകുന്നു. അതായത് ഓരോ വ്യക്തിയും അയാളുടെ ബുദ്ധിയും മനസ്സും പോലെ ഈ ലോകത്തെ കാണുന്നു. എന്നാൽ സ്ഥിതപ്രജ്ഞനായ ഒരു വ്യക്തി അദ്ദേഹത്തിന്റെ വിവേകനേത്രങ്ങളിലൂടെ ഈ ലോകത്തെ സാധാരണവ്യക്തി കാണുന്നതിനേക്കാൾ വ്യത്യസ്തമായി കാണുന്നു. 
ആപൂര്യമാണ മചല പ്രതിഷ്‌ഠം 
സമുദ്രമാപ : പ്രവിശന്തി യദ്വത് 
തദ്വത് കാമായം പ്രവിശന്തിസർ വേ 
സാ ശാന്തി മാ പ് നോതിന കാമകാമി (2:70)
ആഗ്രഹങ്ങൾ അനന്തമാണ്. തന്മൂലം അവ ദുഃഖം കൊണ്ടുവരുന്നു. ഇന്ദ്രിയങ്ങളെ എല്ലാ ഭാഗത്തുനിന്നും കടിഞ്ഞാണിട്ട് നിറുത്തിയിരിക്കുന്ന ഒരാളാണ് യഥാർത്ഥ അറിവ് നേടിയ ആൾ. സമുദ്രത്തിൽ നദികൾ ചെന്ന് ചേരുന്നപോലെ അങ്ങനെ അനവധി നദികളിലെ വെള്ളം ചേർന്നിട്ടും ഒരിക്കലും കവിയാത്ത സമുദ്രം പോലെയാണ്  എല്ലാ ആഗ്രഹങ്ങളും തന്നിൽ ലയിപ്പിക്കുന്ന യോഗി. യോഗിയിൽ  അത് ഒരു മാറ്റവും വരുത്തുന്നില്ല. അയാൾ സമാധാനം അനുഭവിക്കുന്നു. സകല കാമങ്ങളും വെടിഞ്ഞു എന്റേതെന്നും ഞാനെന്നും ഭാവമില്ലാതെ കഴിയുന്നൊരാൾക്ക് ശാന്തിയുണ്ടാകുന്നു. ഹേ അർജുന ഇതാണ് ബ്രഹ്മനിഷ്ഠ . ഈ അവസ്ഥ പ്രാപിച്ചവർ മായയിൽ നിന്ന് മുക്തരാണ്. ഈ അവസ്ഥയിലുള്ളവർ മരണസമയത്തും ബ്രഹ്മനുമായി ഒന്നായിച്ചേരുന്നു.
അറിവിന്റെ പ്രാധാന്യത്തെപ്പറ്റി പ്രതിപാദിക്കുന്ന ഈ അദ്ധ്യായം ഗീതയിലെ പ്രധാന അധ്യായങ്ങളിൽ  ഒന്നാണ്.

അദ്ധ്യായം രണ്ടു സമാപ്തം 

ഒന്നാം അധ്യായം വായിച്ച് ബഹുമാന്യനായ റെവ ഡോക്ടർ നൈനാൻ മാത്തുള്ള സാർ ഉയർത്തിയ ചോദ്യമാണ് താഴെ. 

യുദ്ധം ഒരു കുലം നശിപ്പിക്കപ്പെടുമ്പോൾ സനാതനങ്ങളായ കുലധർമ്മങ്ങൾ നശിക്കയും ആ ധർമ്മക്ഷയം കൊണ്ട് ആകമാനം ധർമ്മത്തെ ബാധിക്കുകയും ചെയ്യുന്നു. ആ നഷ്ടം അവിടത്തെ സ്ത്രീകളെ ദുഷിപ്പിക്കുന്നു  അങ്ങനെ സ്ത്രീകൾ ദുഷിക്കുമ്പോൾ വർണ്ണസങ്കരം ഉണ്ടാകുന്നു. Readers please read this paragraph once more cant agree to this philosophy 


മറുപടി: ഗീതയുടെ ഒന്നാം അധ്യായത്തിലാണ് കൃഷ്ണനോട് അർജുനൻ ഈ ആശങ്ക പങ്കിടുന്നത്. എന്നാൽ രണ്ടാമത്തെ അധ്യായത്തിൽ കൃഷ്ണൻ ഇതിനു നേരിട്ട് മറുപടി പറയുന്നില്ല, മറിച്ച് ശരീരം ജീർണ്ണിച്ചാലും ആത്മാവിനു നാശമില്ലെന്നും  ആത്മാവിനെ ആർക്കും കൊല്ലാൻ കഴിയുന്നില്ലെന്നും  വിവരിക്കുന്നു. പിന്നെ സ്വധർമ്മാനുഷ്ഠാനത്തെ കുറിച്ച് മനസ്സിലാക്കിപ്പിക്കുന്നു. കർമ്മത്തെയും ജ്ഞാനത്തെയും വിവരിക്കുന്നു. ഫലം ഇഛിക്കാതെ  കർമ്മം അനുഷ്ഠിക്കുക എന്ന് പഠിപ്പിക്കുന്നു. ഇങ്ങനെ അറിവുകൾ പകർന്നുകൊണ്ട് അർജുനനെ ആത്മീയതലത്തിലേക്ക് ഉയർത്തുകയാണ് ഭഗവൻ കൃഷ്ണൻ. ജ്ഞാനിയായ ഒരാൾ  എല്ലാവരിലും മീതെയാണ്. അറിവുണ്ടാകുമ്പോൾ തെറ്റായ ചിന്തകൾ ഉണ്ടാകുന്നില്ല. ഗീതയുടെ നാലാം അധ്യായത്തിൽ ഭഗവൻ പറയുന്നുണ്ട്. ചാതുര്‍വര്‍ണ്യം മയ സൃഷ്ടം  ഗുണ കര്‍മ്മ വിഭാഗശ' . എന്നാൽ അതു  നമ്മൾ ഇന്നു കാണുന്ന ജാതിയെപ്പറ്റിയല്ല.   ഓരോ വ്യക്തികളുടെയും 'ജന്മ' 'കര്‍മ്മ' വാസനകളെ അടിസ്ഥാനമാക്കിയായിരുന്നു അതു നിലനിന്നിരുന്നത്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ വേർതിരിവ്  'ത്രിഗുണങ്ങളെ  അടിസ്ഥാനപ്പെടുത്തി പ്രാചീന കാലം മുതല്‍ക്കേ തുടര്‍ന്ന് വന്നുകൊണ്ടിരുന്ന ഒരു ജീവിതരീതിയായിരുന്നു. സത്വ, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങൾ അനുസരിച്ചാണ്  ഒരാളുടെ വർണ്ണം നിശ്ചയിക്കുന്നത്. 
വർണ്ണം എന്നത് തൊഴിൽ‌പരമായ തരംതിരിക്കലാണ്. വർണ്ണങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശങ്ങൾ ലഭിക്കുന്നത് ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ ആണ്. അതു പക്ഷെ വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

ബ്രാഹ്മണോ"ഽസ്യ മുഖമാസീത് | ബാഹൂ രാജന്യഃ കൃതഃ |
ഊരൂ തദസ്യ യദ്വൈശ്യഃ | പദ്ഭ്യാഗ്‌ം ശൂദ്രോ അജായത || ൧൩ ||
വിരാട് പുരുഷന്റെ  വായിൽ നിന്ന് ബ്രാഹ്മണരും, കൈകളിൽ നിന്ന് ക്ഷത്രിയരും, തുടയിൽ നിന്ന് വൈശ്യരും, പാദങ്ങളിൽ നിന്ന് ശൂദ്രരും ജനിച്ചു. വാസ്തവത്തിൽ ബ്രാഹ്മണനെ തലയിൽ നിന്നും സൃഷ്ടിച്ചുവെന്നാണ് ശരിയായ വ്യാഖ്യാനം. അതു സവർണ്ണ മേധാവിത്തത്തെ കാണിക്കാനാണ്. ആർക്കാണോ അറിവുള്ളത് ആ വ്യക്തി എന്നർത്ഥത്തിലാണ് അതുപോലെ ക്ഷത്രിയൻ കൈകളിൽ നിന്നും വന്നുവെന്നാണ്. അതായത് അദ്ദേഹം സമൂഹത്തെ  രക്ഷിക്കുന്നു. വൈശ്യൻ ഉദരത്തിൽ നിന്നും വന്നു. അവരാണ് സമൂഹത്തെ പരിപോഷിപ്പിക്കുന്നത്. ശൂദ്രൻ പാദങ്ങളിൽ നിന്നു വന്നുവെന്നു പറയുമ്പോൾ അത് ഒരു കുറവല്ല. മറിച്ച് കാലുകൾ സമൂഹത്തിനു പിന്തുണ നൽകുന്നു അവരെ മുന്നോട്ട് പോകാൻ സഹായിക്കുന്നു. ഇതൊക്കെ ജാതിയുടെ പേരിൽ ദുർവ്യഖ്യാനങ്ങൾ ചെയ്തു തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്.

ഇത് ശ്രദ്ധിക്കുക  ശൂദ്രൻ ശീല സമ്പന്നൻ ആയി മാറിയാൽ ബ്രഹ്‌മണൻ ആകാം, ബ്രാഹ്മണൻ കർമ്മഹീനൻ ആയാൽ ശൂദ്രൻ ആയി നിപതിക്കുന്നു..") അതായത് സനാതന ധർമ്മത്തിൽ ജന്മം  കൊണ്ടല്ല വർണ്ണങ്ങൾ കൈവരുന്നത് മറിച്ച് കർമ്മം കൊണ്ടാണ്. മഹർഷി വാല്മീകിയും മഹർഷി വ്യാസനും ഉപനിഷദ് ഋഷിമാരും, മഹീദാസ ഐതരേയനും തുടങ്ങി ഇങ്ങു കേരളത്തിൽ എത്തിയാൽ ചട്ടമ്പി സ്വാമികളും നാരായണഗുരുവും ഒക്കെ അങ്ങനെ ബ്രാഹ്മണ്യത്തിലേക്ക് ഉയർന്നവർ  ആണ്.
അർജുനന്റെ ചോദ്യത്തിനുള്ള ഉത്തരം മേല്പറഞ്ഞ അറിവുകളിൽ നിന്നും ലഭിക്കും. ഓരോ മനുഷ്യരും അവരുടെ ഗുണങ്ങൾ അനുസരിച്ചുള്ള ജോലിയിൽ വ്യാപൃതരാകുന്നു. അതിൽ അസ്‌പൃശ്യർ ഇല്ല.  അർജുനൻ ഈ ചോദ്യം ചോദിക്കുമ്പോൾ നാല് വർണ്ണങ്ങളുടെ സങ്കരം നടന്നാലോ എന്ന ഭയമായിരുന്നു. ഇന്നാണെങ്കിൽ നാലല്ല നാലായിരത്തിൽ കൂടുതൽ ജാതികൾ ഉണ്ട്. മനസ്സിലാക്കേണ്ടത് കർമ്മം കൊണ്ടാണ് ജാതി നിശ്ചയിക്കപ്പെടുന്നത്. അപ്പോൾ പിന്നെ വർണ്ണസങ്കരമെന്ന ആശങ്കക്ക് വഴിയില്ല തന്നെ, അര്ജുനന് കർമ്മവും ജ്ഞാനവും ഉപദേശിക്കുന്നത് അതുകൊണ്ടാണ്. അറിവില്ലായ്മ സംശയങ്ങൾ ഉണ്ടാക്കുന്നു. മേൽപ്പറഞ്ഞതിന്റെ അർത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവൻ ആരായാലും അവൻ ബ്രാഹ്മണനാണ്. ധൈര്യമുള്ളവൻ ആരായാലും അവൻ ക്ഷത്രിയനാണ്.സന്നദ്ധതയുള്ളവനാരായാലും അവൻ ശൂദ്രനുമാണ്. ‘സാംഖ്യയോഗങ്ങളില്‍ നിന്നും ലഭിക്കുന്ന ജ്ഞാനം ഒരുവനെ കര്‍മ്മബന്ധങ്ങളില്‍ നിന്നും മുക്തനാക്കുവാന്‍ പ്രാപ്തനാക്കുന്നു. തത്വവിചാരം കൊണ്ടു മനസ്സിന്റെ സമനില കൈവരിക്കാനായാല്‍ അത് ജ്ഞാനയോഗം.
ശുഭം

Read More: https://www.emalayalee.com/writers/11

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക