Image

യേശുവേ സ്‌തോത്രം (കണ്ടതും കേട്ടതും ഭാഗം-1: ജോണ്‍ ജെ. പുതുച്ചിറ)

Published on 09 August, 2025
യേശുവേ സ്‌തോത്രം (കണ്ടതും കേട്ടതും ഭാഗം-1: ജോണ്‍ ജെ. പുതുച്ചിറ)

അന്നൊരു ഞായറാഴ്ച‌യായിരുന്നു. പള്ളിയിൽ കുർബ്ബാനയ്ക്കിടയിലെ അച്ചന്റെ പ്രസംഗവിഷയം 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക' എന്നുള്ളതായിരുന്നു.

ആ പ്രസംഗം കേട്ടിട്ടാണ് തൊമ്മച്ചനും ചാണ്ടിയും വന്നിരിക്കുന്നത്. ഈ തൊമ്മച്ചനും ചാണ്ടിയും അയൽക്കാരാണ്, തൊമ്മച്ചൻ സമ്പന്ന നായ നാട്ടുപ്രമാണി; ചാണ്ടി ദരിദ്രവാസിയായ ഒരു അയൽവാസിയും
ഇപ്പോൾ ചാണ്ടിക്ക് ഒരത്യാവശ്യം ഉണ്ടായിരിക്കുന്നു. ബാംഗ്ലൂരിൽ പഠിക്കുന്ന മകന് അത്യാവശ്യമായി അയ്യായിരം രൂപാ അയച്ചുകൊടുക്കണം.

പക്ഷേ ചാണ്ടിയുടെ മണിപ്പേഴ്‌സ് കാലിയാണ്. എങ്കിലും പണം അയയ്ക്കാതിരിക്കാനാവില്ല. കാരണം മകനെ കോളജിൽനിന്ന് ഇറ ക്കിവിടും. അന്യദേശത്തു കിടന്ന് മകൻ കഷ്‌ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാനേ വയ്യ.
ഒന്നാം തീയതി ശമ്പളം കിട്ടുമ്പോഴല്ലാതെ സ്‌കൂളിലെ പ്യൂണായ ചാണ്ടിക്ക് ഇനി വരുമാനമില്ല. അതിനാൽ മകന് പണമയയ്ക്കാൻ തൽക്കാലം എവിടുന്നെങ്കിലും കടം വാങ്ങുകയേ നിർവ്വാഹമുള്ളൂ.
ഒടുവിൽ അയൽവാസിയായ തൊമ്മച്ചൻ മുതലാളിയോടുതന്നെ കടം ചോദിക്കാൻ ചാണ്ടി തീരുമാനിക്കുന്നു.
തൊമ്മച്ചനാണെങ്കിൽ ഇടവകയിലെ ഭക്തസംഘടനകളുടെ പ്രസി ഡന്റ്, സൺഡേസ്ക്‌കൂൾ അധ്യാപകൻ. ആഴ്ച്‌ചയിലൊരിക്കൽ കുമ്പ സാരിക്കുകയും ദിവസവും കുർബ്ബാന കൈക്കൊള്ളുകയും ചെയ്യുന്ന പരമഭക്തൻ. അടുത്തിടെ വിശുദ്ധനാട് സന്ദർശിച്ചു വന്നതേയുള്ളൂ.
സാമ്പത്തികവശം പറഞ്ഞാൽ ഏക്കറു കണക്കിന് സ്ഥലം. റബ്ബ റിൽനിന്നും കുരുമുളകിൽ നിന്നുമൊക്കെയായി നല്ല വരുമാനം.
മക്കൾ രണ്ടുപേർ അമേരിക്കയിലും.
എങ്കിലും ആൾ അല്പനാണ്, സ്വാർത്ഥനുമാണ്.
എന്നാൽപോലും ഇന്നത്തെ പള്ളിയിലെ പ്രസംഗവിഷയത്തിന്റെ ബലത്തിൽ അയൽവാസിയോട് ഒരു അയ്യായിരം രൂപാ കടം മേടിക്കാൻ ചാണ്ടി തീരുമാനിക്കുന്നു.
അയാൾ തൊട്ടടുത്തുള്ള തൊമ്മച്ചന്റെ വീട്ടിലേക്ക്.
ഗേറ്റിങ്കൽ വീട്ടുപേരിനോടൊപ്പം എഴുതിവച്ചിരിക്കുന്നു: "God is Love', അതു കണ്ടപ്പോൾ തന്നെ ചാണ്ടിക്ക് ആശ്വാസമായി ദൈവം സ്നേഹമാണെന്ന് ഉദ്ഘോഷിക്കുന്നവനാണ്. തന്നെ ഗൗനിക്കാതി രിക്കില്ല.
ചാണ്ടി ഗേറ്റു കടന്ന് ബംഗ്ലാവിൻ്റെ സിറ്റൗട്ടിൽ എത്തി. അവിടെ പ്രധാന വാതിലിനു മുന്നിൽ എഴുതിവച്ചിരിക്കുന്നു:
ഈശോ വസിക്കും കുടുംബം'.
കൊള്ളാം, തൊമ്മച്ചൻ തന്നോടൊപ്പം ഈശോമിശിഹായെ കൂടി പാർപ്പിച്ചിരിക്കുന്നു. അപ്പോൾ തന്നോട് അല്പ്‌പം കരുണ ചൊരിയാ തിരിക്കില്ല.
ബംഗ്ലാവിന്റെ മുൻവശത്തെ ഡോർ തുറന്നു കിടക്കുന്നു. അതിലൂ ടെ നോക്കിയാൽ സ്വീകരണമുറിയുടെ ഉൾവശം കാണാം. ഭിത്തിയിൽ യേശുക്രിസ്തു മുതൽ അൽഫോൻസാമ്മ വരെയുള്ള സകല വിശു ദ്ധരുടെയും ചിത്രങ്ങൾ. അവയ്ക്കു മുന്നിൽ വൈദ്യുത ദീപങ്ങൾ പ്രഭ ചൊരിയുന്നു. ദൈവാലയം പോലും തോറ്റു പോകുന്ന ഭക്തി നിർഭരമായ അന്തരീക്ഷം,
ടീപ്പോയിൽ ദീപിക, സത്യദർശനം, കുടുംബജ്യോതി....
അകത്തെ മുറിയിൽ തൊമ്മച്ചനും ഭാര്യയുംകൂടി ശാലോം ടിവി കണ്ടുകൊണ്ടിരിക്കുന്നു. അതിൽനിന്നും 'യേശു നല്ലവൻ - ആഹാ യേശു നല്ലവൻ' എന്ന പാട്ട് ഉച്ചത്തിൽ നിർഗ്ഗളിക്കുന്നു.
ചാണ്ടിക്ക് സമാധാനമായി. ആകെക്കൂടി നല്ല ഭക്തിനിർഭരമായ അന്തരീക്ഷം,
ഒരു ളോഹയും കൂടി എടുത്തണിയിച്ചാൽ തൊമ്മച്ചന്റെ പക്കൽ കുമ്പസാരിച്ചിട്ടു പോകാം. ആൾ ഇത്ര വിശുദ്ധനാണെന്ന് ചാണ്ടി ഇപ്പോഴാണ് അറിയുന്നത്.
ശാലോം ചാനലിനു മുന്നിൽ പ്രാർത്ഥനാനിരതനായി നിന്ന തൊ മ്മച്ചൻ ഇതിനിടെ അയൽക്കാരനെ കാണുന്നു. അടുത്തു വരുന്നു. കാര്യം തിരക്കുന്നു.
ചാണ്ടി മകന് ഫീസ് കൊടുക്കാൻ അയ്യായിരം രൂപാ കടം തരണം എന്ന വിഷയം അവതരിപ്പിക്കുന്നു.
തൊമ്മച്ചൻ അതുകേട്ട് പൊട്ടിച്ചിരിച്ചു:
'താൻ ഈ ലോകത്തെങ്ങുമല്ലേ ജീവിക്കുന്നത്! ഡോളറിന്റെ വില 70 ൽ നിന്ന് ദേണ്ടെ കിടക്കുന്നു അറുപത്തഞ്ചിലേക്ക് - ഗുണം
പിടിക്കുമോ! പിന്നെ റബ്ബറിൻ്റെ വിലയിടിവ് സാധനങ്ങളുടെ വിലക്ക യറ്റത്തെക്കുറിച്ചൊന്നും ഞാൻ പ്രത്യേകം പറയേണ്ടല്ലോ ദൈവാധീനം കൊണ്ട് ഒരുവിധത്തിൽ കഷ്‌ടിച്ച് അരിമേടിച്ചു പോകുന്നു.' തൊ മ്മച്ചന്റെ പരിദേവനം: 'ഈ അവസ്ഥയിൽ തനിക്ക് എന്നോടു കടം ചോദിക്കാൻ തോന്നിയല്ലോ...!'
ചാണ്ടിയുടെ കണക്കുകൂട്ടലുകളൊക്കെ പിഴച്ചു. അയാൾ നിരാശ നായി തിരിച്ചു നടന്നു.
വയറ്റിൽ നിന്ന് ഉരുണ്ടുകൂടി പുറത്തേയ്ക്കു നിർഗ്ഗമിച്ച ഏമ്പക്ക ത്തോടൊപ്പം തൊമ്മച്ചൻ അപ്പോഴും ഉരുവിട്ടു.
'യേശുവേ സ്തോത്രം!"
അല്പം ഗ്യാസ് താഴെക്കൂടെയും പോയി അപ്പോഴും സ്തുതിച്ചു. 
'യേശുവേ സ്തോത്രം!"

തുടരും......
 

Join WhatsApp News
George Neduvelil 2025-08-12 04:25:44
യേശുവിലാണെൻ വിശ്വാസം, കീശയിലാണെൻ ആശ്വാസം. മീശയിലാണെൻ കൗശലം. മേലനങ്ങാതെയും വിയർക്കാതെയും സുഖലോലുപരായി ജീവിക്കാനും, റോബിനച്ചനെ പ്പോലെ തലയണക്കടിയിൽ ലക്ഷങ്ങൾ സൂക്ഷിച്ചു സുരക്ഷിതനായി സുഖനിദ്രയിലാറാടാനും, അപകടം മണക്കുമ്പോൾ ഞൊടിയിടക്കുള്ളിൽ തലയൂരാനും, സമൂഹത്തിനുമുന്നിൽ സംശയത്തിനിടം നൽകാതെ തലയുയർത്തി നിൽക്കാനും, വിശിഷ്ട വിളിപ്പേരുകളായ അച്ചൻ, തന്തയാൻ (പിതാവ് എന്ന പഴകിയ വിളിക്കു പകരമായി ഞാൻ ഇഷ്ടപ്പെടുന്നത്) തിരുമേനി, പരിശുദ്ധൻ, പരമാദ്ധ്യക്ഷൻ എന്നിങ്ങനെയുള്ള നാമവിശേഷണങ്ങളാൽ വിളിക്കപ്പെടാനും അറിയപ്പെടാനുമായി ദൈവം വിളിച്ചിരിക്കുന്നുവെന്ന് പ്രഖാപിച്ചുകൊണ്ട്, ഏഴു മീറ്ററിലധികം ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞു ഒരുപിടി ജന്മങ്ങൾ കൂദാശതൊഴിലാളികളായി പരിലസിക്കുന്നു. ഫ്രാങ്കോയെപ്പോലുള്ള തന്തയാന്മാർക്കു അന്തിയുറങ്ങാൻ കന്യാസ്ത്രീമഠങ്ങളുടെ വാതിലുകൾ തുറക്കപ്പെടും. കിടപ്പുമുറികൾ വികാരജനകമായി ഒരുക്കപ്പെട്ടിരിക്കും.കാലുതിരുമ്മാനും താല്പര്യങ്ങൾ ആരായാനും സേവിക്കാനും കർത്താവിൻറെ മണവാട്ടികൾ കാത്തുനിൽക്കുന്നുണ്ടാവും. കാരാഗൃഹത്തിൽ കാരിരുമ്പഴികൾ എണ്ണുമ്പോഴും സമാനചിത്തരായ തന്തയാന്മാർ സഹായ സഹകരണങ്ങളുമായിചന്തത്തിൽ അന്തികത്തണയും. തൊമ്മച്ചൻ മുതലാളിയെപ്പോലെയുള്ള പള്ളിഭക്തന്മാർ പണവും പ്രാർത്ഥനയുമായി അവരുടെ പാർശ്വത്തിലുണ്ടായിരിക്കും. ശുദ്ധമാനപള്ളിയെന്നു പറഞ്ഞാൽ, അങ്ങനെയാണല്ലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക