ലോകരാജ്യങ്ങളോടെല്ലാം യുദ്ധംപ്രഖ്യാപിച്ചിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഏതോമൂഢസ്വര്ഗത്തിലാണ് ജീവിക്കുന്നതെന്ന് തോന്നുന്നു. ലോകം മാറുന്നത് അദ്ദേഹം അറിയുന്നില്ലെന്നാണ് വിചാരിക്കേണ്ടത്. അമേരിക്കയുടെ പഴയ പ്രതാപമെല്ലാം അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കയാണ്. അമേരിക്കയും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളുമൊഴികെ മറ്റെല്ലാരാജ്യങ്ങളും ദരിദ്രമായിരുന്ന കാലത്ത് അമേരിക്കയുടെ മേധാവിത്തം അവരെല്ലാം അംഗീകരിക്കയും ചൊല്പടിക്ക് നില്കുകയും ചെയ്തിരുന്നു. ഇന്ന് പഴയസ്ഥിതിയെല്ലാം മാറിയിരിക്കുന്നു. ചൈന അമേരിക്കയുടയൊപ്പം വളര്‍ന്നിരിക്കുന്നു. ഇന്‍ഡ്യ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. വിയറ്റ്നാമും ഇന്‍ഡോനേഷ്യയും പുരോഗതിയുടെ പാതയിലാണ്. ഇവരാരും അമേരിക്കയുടെ മേധാവിത്തം അംഗീകരിക്കാന്‍ തയ്യാറുള്ളവരല്ല.
മോദിയെപ്പോലെ ശക്തനായ ഭരണാധികാരിയുള്ള ഇന്‍ഡ്യ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല. ഇത് ട്രംപ് ഒഴികെ അദ്ദേഹത്തിന്റെ വൈസ്പ്രസിഡണ്ടിനും സ്റ്റേറ്റ്യെക്രട്ടറിക്കുംവരെ അറയാവുന്ന കാര്യങ്ങളാണ്. ഇവരാരും എന്തുകൊണ്ട് പ്രസിഡണ്ടിനെ പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ അനിഷ്ടത്തിന് പാത്രമാകേണ്ട എന്നുകരുതിയായിരിക്കും. രാഷ്ട്രീയക്കാര്‍ തങ്ങളുടെ രാഷ്ട്രീയഭാവിക്കുവേണ്ടി സ്വന്തം അഭിപ്രായങ്ങളും ആശയങ്ങളും ബലികഴിക്കാന്‍ തയ്യാറുള്ളവരാണല്ലോ. ഇന്‍ഡ്യയിലെ കോണ്‍ഗ്രസ്സുകാരുടെ പരിതാപകരമായ അവസ്തയൊന്ന് ആലോചിച്ചുനോക്കു. തിരുമണ്ടനായ ഒരുനേതാവിന്റെ കീഴില്‍ രാജാവ് നഗ്നനാണന്ന് പറയാന്‍ ധൈര്യമില്ലാതെ അടിമകളെപ്പോലെകഴിയുന്ന അനുയായികള്‍. അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല.
രണ്ടാംടേമില്‍ അധികാരത്തിലെത്തിയ ട്രംപ് താന്‍ ലോകചക്രവര്ത്തിയാണന്ന ഭാവത്തിലാണ് ഭരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ അന്തസ്സുള്ള ഒരുരാജ്യവും തയ്യാറല്ല. പ്രത്യകിച്ച് മോദിഭരിക്കുന്ന ഇന്‍ഡ്യ. ഇത്രനാളും മൈഫ്രണ്ട് എന്നുവിളിച്ചിരുന്ന മോദി അങ്ങനെയല്ലാതായതിനുപിന്നില് ചിലകാരണങ്ങളുണ്ട്. ഒന്നാമത് ഇലക്ഷന് പ്രചരണം നടക്കുന്നസമയത്ത് മോദി തന്നെകാണാന്‍ വരുന്നുണ്ടന്ന് ട്രംപ് വീമ്പിളക്കിയിരുന്നു. പക്ഷേ, മോദിവന്നില്ല. ആദ്യടേമില്‍ മത്സരിക്കുമ്പോള്‍ മോദി ഇലക്ഷനില്‍ ഇടപെട്ടന്ന ആരോപണം ടെമോക്രറ്റുകളുടെയിടയില് ഉണ്ടായിരുന്നു. അങ്ങനെയൊരുപഴി ഉണ്ടാകാതിര്രിക്കാന് മോദി ഒഴിഞ്ഞുമാറുകയായിരുന്നു. ഇത് ട്രംപിനെ പ്രകോപിച്ചു എന്നതില്‍ സംശയമില്ല. ഇന്‍ഡ്യാ പാകിസ്ഥാന് യുദ്ധംനടന്നപ്പോള്‍ താനിടപെട്ടാണ് യുദ്ധം അവസാനിപ്പിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് ഇന്‍ഡ്യയും പറഞ്ഞു. ട്രംപും താനുമായി ഇക്കാര്യംസംസാരിച്ചിട്ടില്ലന്ന് മോദി. ഇതും ട്രംപിനെ ചൊടിപ്പിച്ചു.
പഹല്‍ഗാം ഭീകരാക്രമണം നടക്കുന്നസമയത്ത് ജെ ഡി വാന്‍സ് ഇന്‍ഡ്യയിലുണ്ടായിരുന്നു. സംഭവങ്ങള്‍ അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. അദ്ദേഹമാണ് പാകിസ്ഥാനോട് ഇന്‍ഡ്യയുമായി നേരിട്ട്സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ പാകിസ്ഥാന് ഇന്‍ഡ്യയോട് അപേക്ഷിച്ചതിന്റെ ഫലമായിട്ടാണ് യുദ്ധം അവസാനിച്ചത്. ഇതില്‍ ട്രംപിന് പ്രത്യേകിച്ച് റോളൊന്നുംതന്നെ ഇല്ലായിരുന്നു. എട്ടുകാലി മമ്മൂഞ്ഞ് കളിക്കാന്‍ ശ്രമിച്ച ട്രംപിന് മോദികൊടുത്ത അടി അദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. യുദ്ധംകഴിഞ്ഞ് പാകിസ്ഥാന് സൈന്യാധിപനെ വൈറ്റ്ഹൗസില്ക്ഷണിച്ചുവരുത്തിഒന്നിച്ചിരുന്ന് കഞ്ഞികുടിച്ചതെന്തിിനായിരുന്നു. അന്ന് കാനഡയില്‍ നടക്കുന്ന ജി 7 രാജ്യങ്ങളുടെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ മോദിയും എത്തിയിരുന്നു. മോദിയെക്കൂടി കഞ്ഞികുടിക്കാന്‍ ട്രംപ് ക്ഷണിച്ചെങ്കിലും അദ്ദേഹം പോയില്ല. ട്രംപിന് വലിയക്ഷീണം ഉണ്ടാക്കിയ സംഭവങ്ങളായിരുന്നു. ഇതെല്ലാംകൊണ്ടാണ് ഇന്‍ഡ്യയെ പഠംപഠിപ്പിക്കാന് 50 ശതമാനം തീരുവയുമായി പുറപ്പെട്ടിരിക്കുന്നത്.
റക്ഷ്യയില്നിന്ന് എണ്ണവാങ്ങാന്‍ പാടില്ല റഷ്യന്‍ ആയുധങ്ങള്‍ വാങ്ങരുത് എന്നിങ്ങനെയുള്ള തിട്ടൂരങ്ങളൊന്നും മോദി വകവച്ചില്ല. റഷ്യ ഇന്‍ഡ്യയുടെ എന്നത്തേയും സുഹൃത്തായിരുന്നു. അപത്ഘട്ടങ്ങളില് ഇന്ഡ്യയോടൊപ്പംനിന്ന റഷ്യയെ കയ്യൊഴിയാന്‍ ഇന്ഡ്യാക്കാര് നന്ദികെട്ടവരല്ല. അന്നൊക്കെ അമേരിക്ക ഇന്‍ഡ്യുടെ ശത്രുപക്ഷത്തായിരുന്നു. അവര്‍ക്ക് ആയുധങ്ങളും പണവുംകൊടുത്ത് പ്രോത്സാഹിപ്പിച്ചു. ഈ പണം ഉപയോഗിച്ച് പാകിസ്ഥാന് ഭീകരസംഘടനകളെ വളര്‍ത്തി ഇന്‍ഡ്യക്കെതിരെ പ്രയോഗിച്ചു. നന്ദികെട്ട പാകിസ്ഥാന് അതേഭീകരന്മാരെ ഉപയോഗിച്ച് അമേരിക്കക്കും പണികൊടുത്തു. ബിന്‍ലാദനെ ഒളിപ്പിച്ചുവച്ച് അമരിക്കയെ വിഢിവേഷംകെട്ടിച്ചു. റഷ്യ നല്കിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്ഥാനെ ഇന്‍ഡ്യ നിലക്കുനിറുത്തിയത്. അങ്ങനെയുള്ള റഷ്യയെ തള്ളിപ്പറയാന്‍ ട്രംപല്ല ദേവേന്ദ്രന് പറഞ്ഞാലും ഇന്‍ഡ്യ ചെവിക്കൊള്ളില്ല.
ട്രംപിന്റെ താരീഫ് ഭീഷണി ഇന്‍ഡ്യയോട് വിലപ്പോകില്ല. ഇന്‍ഡ്യന്‍ എക്കോണമി ചത്തതാണന്ന് ട്രംപ് പറഞ്ഞത് രാഹുല്‍ ഗാന്ധിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇന്‍ഡ്യക്കെതിരെ ആരെന്തുപറഞ്ഞാലും അദ്ദേഹത്തിനത് സ്വീകാര്യമാണ്. താന്‍ ഇന്ഡ്യാക്കാരന് തന്നെയാണോയെന്ന് സുപ്രീംകോടതി ചോദിച്ചത് അടുത്തിടയാണ്. നാണംകെട്ടവന്റെ ---- ല്‍ ആലുകിളിച്ചാല്‍ എന്നുപറയുന്നതുപോലെയാണ് രാഹുലിന്റെ അവസ്ഥ. എന്തറിഞ്ഞുകൊണ്ടാണ് ലോകത്തിലെ നാലാംസമ്പത്തികശക്തിയായി വളര്‍ന്ന ഇന്‍ഡ്യന്‍ എക്കോണമി ചത്തതാണന്ന് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ എക്കോണമി ചാകാതെ സൂക്ഷിക്കേണ്ടത് ട്രംപിനെപ്പോലതന്നെ എല്ലാ അമേരിക്കകാരുടെയും ഉത്തരവാദിത്തമാണ്. അതിന് ലോകരാജ്യങ്ങളെ താരീഫ്ചുമത്തി ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്. അമേരിക്കന്‍ മാര്‍ക്കറ്റില്ലെങ്കില്‍ അവര്‍ മറ്റൊന്ന് കണ്ടുപിടിക്കും. തല്ക്കാലത്തെ ക്ഷീണം അവര്‍ക്ക് അനുഭവിക്കേണ്ടവന്നേക്കാം. അതിനെ തരണംചെയ്യാന്‍ മോദിയെപ്പോലുള്ള ഭരണാധികാരികള്‍ക്ക് സാധിക്കും.
(ട്രംപിന്റെ 50 ശതമാനം താരീഫ്ആഹ്ളാദിപ്പിക്കുന്നത് കേരളത്തിലെ സഹാക്കളെയാണ്. കിറ്റക്സ് സാബുവിന്റെ ഗാര്‍മെന്റ്സ് ഇനി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനാകില്ല എന്നതാണ് അവരുടെ സന്തോഷത്തിന് കാരണം. പക്ഷേ, സാബുപറയുന്നത് അമേരിക്കയല്ലെങ്കില് മറ്റുരാജ്യങ്ങള്‍ തന്റെ തുണിത്തരങ്ങള്‍ വാങ്ങുമെന്നാണ്. അതുമല്ലെങ്കില്‍ ഇന്‍ഡ്യയില്‍തന്നെ വിറ്റഴിക്കും. 145 കോടി ജനങ്ങളുള്ള രാജ്യത്താണോ വസ്ത്രങ്ങള്വാങ്ങാന് ആളില്ലാത്തത്. അതുകൊണ്ട് കേരളസഹാക്കള് അധികം ആഹ്ളാദിക്കേണ്ട.)
വിമാനങ്ങളും ആയുധങ്ങളുമല്ലാതെ മറ്റൊന്നും കയറ്റുമതി ചെയ്യാനില്ലാത്ത അമേരിക്ക എങ്ങനെ അതിജീവിക്കുമെന്ന് ആലോചിക്കേണ്ടതാണ്. അതുതന്നെ കുറഞ്ഞവിലക്ക് നല്കാന് ചൈനയും ഇന്‍ഡ്യയും തയ്യാറാണെങ്കില്‍ അമേരിക്കന്‍ ആയുധങ്ങള്‍ കൂടിയവിലക്ക് ആരുവാങ്ങും. ഇപ്പോള്‍തന്നെ അമേരിക്കയുടെ എഫ് 35 വിമാനംവാങ്ങാന് ആരും തയ്യാറാകുന്നില്ല. ഇന്‍ഡ്യക്ക് നല്‍കാമെന്ന് ട്രംപ് പറഞ്ഞിട്ടും മോദി മൈന്‍ഡുചെയ്തില്ല. അതേസമയം ഇക്കഴിഞ്ഞ പാകിസ്ഥാന് യുദ്ധത്തില്‍ കഴിവുതെളിയിച്ച ഇന്‍ഡ്യയുടെ ആയുധങ്ങള്‍ വാങ്ങാന്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും രാജ്യങ്ങള്‍ ലൈനില്‍ നില്‍ക്കുകയാണ്.
ഉപ്പുതൊട്ട് കര്‍പ്പൂരംവരെ ഇറക്കുമതി ചെയ്യുന്ന അമേരിക്കക്ക് മറ്റുരാജ്യങ്ങളുടെ സഹായമില്ലാതെ അതിജീവിക്കാനാകില്ല. അവര്‍ ഉത്പാതിപ്പിക്കുന്ന സാധനങ്ങള്‍ കിട്ടാതായാല്‍ അമേരിക്കക്കാര്‍ പട്ടിണികിടക്കേണ്ടിവരും. ഇപ്പോള്‍തന്നെ സാധനങ്ങളുടെവില താങ്ങാന്‍ വയ്യാത്തത് ആയിട്ടുണ്ട്. താരീഫിന്റെ ഭാരം അമേരിക്കക്കാരുടെ ചുമലില്‍തന്നെ പതിക്കും. അവര്‍ക്ക് താങ്ങാനാവാതെവരുമ്പോള് പ്രതികരിക്കും. അത് എങ്ങനെയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
samnilampallil@gmail.com