Image

ജനാധിപത്യത്തെ തൂക്കിലേറ്റുമ്പോൾ - തെരുവുകൾ ഉണരാൻ സമയമായി (ഷുക്കൂർ ഉഗ്രപുരം)

Published on 12 August, 2025
ജനാധിപത്യത്തെ തൂക്കിലേറ്റുമ്പോൾ - തെരുവുകൾ ഉണരാൻ സമയമായി (ഷുക്കൂർ ഉഗ്രപുരം)

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ (Election Commission of India - ECI) കേന്ദ്ര പ്രതിപക്ഷ നേതാവ് ശ്രീ.രാഹുൽ ഗാന്ധി ഗുരുതരമായ ചില വിഷയങ്ങൾ ഉന്നയിച്ചു. അതീവ ഗൗരവതരമായ ചില പ്രശ്നങ്ങളാണ് തെളിവുസഹിതം അദ്ദേഹം പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകൾക്ക് മറുപടി നൽകാതെ BJP ഭരണകൂടവും ECI (Election commission of India)യും  പരിശ്രമിച്ചത് അദ്ദേഹത്തിനെതിരെ ഭീഷണി സ്വരം ഉയർത്താനാണ് എന്ന കാര്യം ഏറെ വിചിത്രമാണ്. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ ജനാധിപത്യ ലോകത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലാണ് കാലമിത്രയും പ്രവർത്തിച്ചുപോന്നത്.

ഈ അടുത്തകാലത്ത് ഇലക്ഷൻ കമ്മീഷൻ ബിജെപിയുടെ വെറും താമര കമ്മീഷൻ മാത്രമായി അടിയറവ് പറയുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ഗവൺമെന്റിനെയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും സംശയത്തിന്റെ കൂരമ്പിൽ കയറ്റി നിർത്തുകയാണ് ഈ പ്രവർത്തിയിലൂടെ ECI  ചെയ്തിരിക്കുന്നത്.

വ്യത്യസ്ത രാഷ്ട്രീയ നിരീക്ഷകരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ള ധാരാളം ജനങ്ങൾ തെരഞ്ഞെടുപ്പ് വോട്ടിലെ കൃത്രിമത്വം സൂചിപ്പിച്ച് നിരവധി തവണ എഴുതുകയും പ്രസംക്കുകയും  ചെയ്തിട്ടുണ്ട്. ഐ.ഐ.ടിയിലെ മുൻകാല വിദ്യാർത്ഥിയും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ EVMൽ ജനാധിപത്യ വിരുദ്ധർ കൃത്രിമം നടത്തുന്ന കാര്യങ്ങളെ പത്രങ്ങൾക്കു മുൻപിൽ വിശദീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് വേണ്ടി വോട്ടിലെ കള്ളക്കളി നടത്തുന്ന കാര്യങ്ങളെ ഇന്ത്യൻ പ്രതിപക്ഷ നേതാവ് ശ്രീ.രാഹുൽ ഗാന്ധി കൈയോടെ പിടികൂടി തെളിവ് സഹിതം മീഡിയകൾക്ക് മുൻപിൽ പ്രദർശിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

2024-ൽ അധികാരം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയിരുന്നത് 25 സീറ്റുകളാണ്. 25 സീറ്റുകളിൽ 33,000ത്തിൽ കുറവ് വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി വിജയിച്ചത്. ഇവിടങ്ങളിലെല്ലാം വോട്ട് മോഷണമാണ് നടന്നത് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

2023-ലെ ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി കോൺഗ്രസിന് സംശയമുണ്ടായിരുന്നു. 2024-ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇതിന് സ്ഥിരീകരണം ലഭിച്ചു. രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം ബി.ജെ.പിയോട് പരാജയപ്പെടുകയാണ് ചെയ്തത്. കോൺഗ്രസ് പാർട്ടി നടത്തിയ അന്വേഷണത്തിൽ കർണാടകയിലെ ബാംഗ്ലൂർ സെൻട്രൽ ലോക്സഭാ സീറ്റിൽ മാത്രം നടന്ന വോട്ട് മോഷണം എങ്ങനെയെന്നും രാഹുൽ വിശദീകരിക്കുന്നുണ്ട്. മഹാദേവപുര നിയമസഭയിലെ വോട്ടർപട്ടികയിൽ ഒരു ലക്ഷത്തോളം വ്യാജവോട്ടർമാർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് രാഹുൽ പറയുന്നു.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ - വോട്ടർ പട്ടികയിൽ വ്യാപകമായ കൃത്രിമങ്ങൾ നടന്നതായി രാഹുൽ ഗാന്ധി ആരോപിക്കുന്നു. ഇതിനായി അദ്ദേഹം കർണാടകയിലെ ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വിവരങ്ങൾ മാത്രം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമായും അഞ്ച് ഫോൾഡായിട്ടാണ് ക്രമക്കേടുകളെ രാഹുൽ ഉന്നയിക്കുന്നത്.

- ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ

ഒരേ വ്യക്തിയുടെ പേര് ഒന്നിലധികം തവണ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി.

- വ്യാജ വിലാസങ്ങൾ

വ്യാജമായതും അസാധുവായതുമായ നിരവധി വിലാസങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ ചേർത്തു.

- ഒരൊറ്റ വിലാസത്തിൽ നിരവധി വോട്ടർമാർ

ഒരൊറ്റ മുറിയിൽ 80-ഓളം വോട്ടർമാരെ ചേർത്തതുപോലുള്ള അസാധാരണമായ സംഭവങ്ങൾ.

- അസാധുവായ ഫോട്ടോകൾ വ്യക്തമല്ലാത്തതോ അല്ലെങ്കിൽ നിലവാരമില്ലാത്തതോ ആയ ഫോട്ടോകൾ ഉപയോഗിച്ച് വോട്ടർമാരെ ചേർത്തു.

- ഫോം 6-ന്റെ ദുരുപയോഗം

പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6 ഉപയോഗിച്ച് നിലവിൽ വോട്ടർ പട്ടികയിലുള്ള ആളുകളെ വീണ്ടും ചേർത്തു.

- ഡിജിറ്റൽ വോട്ടർ പട്ടിക നൽകാത്തത്. വോട്ടർ പട്ടികയുടെ ഡിജിറ്റൽ രൂപം നൽകാതെ, പരിശോധിക്കാൻ ബുദ്ധിമുട്ടുള്ള വലിയ പേപ്പർ കെട്ടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്താനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു എന്നും അദ്ദേഹം പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുന്നത് - ഇതും വോട്ട് തട്ടിപ്പിന് കളമൊരുക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസത്തിന് ശേഷം നശിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇത് തിരഞ്ഞെടുപ്പിൽ നടന്ന കൃത്രിമങ്ങൾക്ക് തെളിവുകൾ ഇല്ലാതാക്കാനാണ് എന്ന് അദ്ദേഹം ആരോപിച്ചു.

ഈ ആരോപണങ്ങളെ തുടർന്ന്, ഈ വിഷയങ്ങൾ സത്യവാങ്മൂലത്തിലൂടെ സമർപ്പിക്കാനോ അല്ലെങ്കിൽ ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയാനോ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ പൊതുവായ സത്യമാണെന്നും അതുകൊണ്ടുതന്നെ സത്യവാങ്മൂലം നൽകേണ്ട ആവശ്യമില്ലെന്നും രാഹുൽ ഗാന്ധിയും പ്രതികരിച്ചു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 'നാഷണൽ ഹെറാൾഡ്' പത്രം അതിന്റെ വെബ്സൈറ്റിൽ ഞെട്ടിക്കുന്ന ഒരു തലവാചകം നൽകി. "2019 ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ നിന്ന് പേര് കാണാതായ 12.7 കോടി പേരിൽ 3 കോടി മുസ്ലിംകളും 4 കോടി ദളിതരും. ആ ലേഖനം മുസ്‍ലിംകൾക്കും ദലിതർക്കും എതിരായ വ്യവസ്ഥാപിതമായ പക്ഷപാതിത്വത്തിന്റെ കഥ പറയുന്നുണ്ടായിരുന്നു. ആകെ ജനസംഖ്യയുടെ 14 ശതമാനത്തിന് മുകളിൽ മാത്രമാണ് മുസ്‍ലിം ജനസംഖ്യ എങ്കിലും വോട്ടർ പട്ടികയിൽ നിന്ന് കാണാതായ മുസ്‍ലിം പേരുകൾ 25% ആയിരുന്നു. മറ്റൊരർത്ഥത്തിൽ, ഒരു മുസ്‍ലിം കുടുംബത്തിൽ നാല് വോട്ടർമാരുണ്ട് എങ്കിൽ ഒരാളുടെ പേര് നിശ്ചയമായും പട്ടികയിൽ നിന്ന് കാണാതായിട്ടുണ്ടാവും’ - പ്രമുഖ പത്രപ്രവർത്തകനും ദി ഹിന്ദു ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ സിയാഉസ്സലാം രചിച്ച ‘Being, Muslim in Hindu India- A Critical View’ എന്ന പുസ്തകത്തിൽ നിന്നുള്ള ലേഖനങ്ങൾ ഇത്തരം അനവധി സത്യങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്.

അറബ് വസന്തത്തിന് വഴിയൊരുക്കിയ ഭരണാധികാരികളുടെ കടുത്തഏകാധിപത്യം ജനങ്ങൾ അവസാനിപ്പിച്ചത് തെരുവിലിറങ്ങിയിട്ടാണ്. ലോക ചരിത്രത്തിലെ മാറ്റങ്ങൾ സൃഷ്ടിച്ച എല്ലാ പോരാട്ടങ്ങളും ആരംഭിച്ചത് തെരുവുകളിൽ നിന്നുമാണ്. അറബ് വസന്തത്തിലെ / മുല്ലപ്പൂവ് വിപ്ലവത്തിലെ മറക്കാനാവാത്ത തെരുവാണ് തഹ്രീർ സ്ക്വയർ. ലോകചരിത്രത്തിൽ അങ്ങനെ ഒട്ടനവധി പേരുകളുണ്ട്. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ സാധാരണക്കാർക്ക് ചെയ്യാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം പാർലമെൻ്റിന് പുറത്ത് പ്രതിഷേധം നടത്തി ജനാധിപത്യത്തിന് സംരക്ഷണമൊരുക്കുന്ന പ്രവർത്തനമാണ്. അതിലൂടെ മാത്രമേ നമുക്ക് അന്തസ്സുള്ള ഒരു രാഷ്ട്രത്തെയും ജനാധിപത്യ ഭരണത്തെയും നിലനിർത്താൻ സാധിക്കൂ. തെരുവുകൾ ഉണരട്ടെ.

ഷുക്കൂർ ഉഗ്രപുരം

(Sociologist - Regional College of Science and Humanities, Kizhisseri)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക