ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പുതിയതും മടങ്ങിയെത്തുന്നതുമായ മത്സരഇനങ്ങള്‍ക്ക് പ്രചാരണം നല്‍കി സംഘാടക സമിതി. അഞ്ച് ഇനങ്ങളാണ് ഇത്തരത്തില്‍ ഉള്ളത്. ബേസ് ബോള്‍/ സോഫ്റ്റ് ബോള്‍, ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്‌ബോള്‍, ലക്രോസ്, സ്‌ക്വാഷ് എന്നിവയാണിത്. ഇതില്‍ ഫ്‌ളാഗ് ഫുട്‌ബോളും സ്‌ക്വാഷും ആദ്യമായാണ് ഒളിംപിക് ഇനമാകുന്നത്. വ്യത്യസ്തരായ കൂടുതല്‍ താരങ്ങള്‍ ഒളിംപിക്‌സിനെത്തുമെന്നതാണ് പ്രത്യേകതയായി സംഘാടകര്‍ കണക്കാക്കുന്നത്. ലൊസാഞ്ചലസ് 28 ചെയര്‍പേഴ്‌സൻ കാസി വാസര്‍മാന്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
ക്രിക്കറ്റ് 1900 ത്തിലെ ഒളിംപിക്‌സില്‍ മത്സര ഇനമായിരുന്നു. ഒന്നേകാല്‍ നൂറ്റാണ്ടിനുശേഷം മടങ്ങിയെത്തുമ്പോള്‍ ട്വന്റി 20 ക്രിക്കറ്റാണ് നടക്കുക. പുരുഷ-വനിതാ വിഭാഗങ്ങളില്‍ മത്സരമുണ്ട്. 1900 ത്തില്‍ രണ്ടു ദിവസം നീണ്ട മത്സരമാണ് നടന്നത്. പങ്കെടുത്തത് രണ്ടു ടീമുകള്‍ മാത്രം. ബ്രിട്ടനില്‍ നിന്നുള്ള ഡെവന്‍ ആന്‍ഡ് സോമര്‍സെറ്റ് വാന്‍ഡറേഴ്‌സ് ഫ്രാന്‍സിലെ ഫ്രഞ്ച് അത്‌ലറ്റിക് ക്ലബ് യൂണിയനെ 158 റണ്‍സിനു പരാജയപ്പെടുത്തി. നാലു ടീമുകള്‍ക്ക് എന്‍ട്രി നല്‍കിയിരുന്നെങ്കിലും ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സും പിന്‍വാങ്ങി. ബ്രിട്ടൻ്റെയും ഫ്രാൻസിൻ്റെയും ദേശീയ ടീമുകള്‍ അല്ല പങ്കെടുത്തത്. അതുകൊണ്ടായിരിക്കാം സ്വര്‍ണ്ണമെഡല്‍ നല്‍കിയില്ല. വെള്ളിയും വെങ്കലവും യഥാക്രമം ബ്രിട്ടീഷ്, ഫ്രഞ്ച് ടീമുകള്‍ക്ക് സമ്മാനിച്ചു.
ലക്രോസ് 1904ലും 08 ലും ഒളിംപിക്‌സ് മത്സര ഇനമായിരുന്നു. കാനഡയാണ് രണ്ടു തവണയും സ്വര്‍ണ്ണം നേടിയത്. ബേസ്‌ബോള്‍/ സോഫ്റ്റ്‌ബോള്‍ 1992 മുതല്‍ 2008 വരെ ഉണ്ടായിരുന്നു. പിന്നീട് 2020 ല്‍(2021) ഉള്‍പ്പെടുത്തി. ടോക്കിയോയിൽ ജപ്പാനായിരുന്നു രണ്ട് ഇനങ്ങളിലും സ്വര്‍ണ്ണം. ലക്രോസ് സിക്‌സസ് ആയിരിക്കും ഇക്കുറി നടക്കുക.
പുതിയ ഇനമായ ഫ്‌ളാഗ് ഫുട്‌ബോള്‍ അമേരിക്കന്‍ ഫുട്‌ബോളിന്റെ ലളിതമായ പതിപ്പാണ്. മടങ്ങി വരുന്നതും പുതിയതുമായ അഞ്ച് ഇനങ്ങളിലും വനിതാ താരങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ സംഘാടക സമിതി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിന്റെ ഭാഗമായി അഞ്ച് ഇനങ്ങളിലെയും പ്രമുഖ വനിതാ താരങ്ങളെ അവര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതില്‍ വനിതാ ക്രിക്കറ്റില്‍ സംഘാടകര്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയെയാണ്.
ഫ്‌ളാഗ് ഫുട്‌ബോളില്‍ ഡയാന ഫ്‌ളോറെസും സോഫ്റ്റ് ബോളില്‍ കെല്ലി മാക്‌സ്വെലും സ്‌ക്വാഷില്‍ നിയോര്‍ എലെ ഷെര്‍ബിനിയും ലക്രോസില്‍ എറീക ഇവാന്‍സും സംഘാടക സമിതി കണ്ടെത്തിയ സൂപ്പര്‍ താരങ്ങളായി. പാരിസ് ഒളിംപിക്‌സ് സമാപിച്ച് ഒരു വര്‍ഷം, ലൊസാഞ്ചലസ് ഒളിംപിക്‌സിന് മൂന്നു വര്‍ഷം ബാക്കി. ഈ അവസരത്തില്‍ 2028 ലെ ഒളിംപിക്‌സ് ചരിത്രമാകുമെന്ന പ്രതീക്ഷയാണ് സംഘാടക സമിതി നല്‍കുന്നത്.
2028 ജൂലൈ 14 മുതല്‍ 30 വരെയാണ് ഒളിംപിക്‌സ് നടക്കുക. 1932 ലും 84 ലും ഒളിംപിക്‌സ് നടത്തിയ നഗരത്തിന് ഇത് മൂന്നാം ഊഴം. ലണ്ടനും പാരിസിനും ശേഷം മൂന്നു തവണ ഒളിംപിക്‌സ് വേദിയാകുന്ന നഗരം എന്ന നേട്ടം ലൊസാഞ്ചലസിനും സ്വന്തമാകും. അമേരിക്കയില്‍ ഇത് നാലാം ഒളിംപിക്‌സ് ആണ്. 1996ല്‍ ശതാബ്ദി ഒളിംപിക്‌സിന് വേദിയായത് അറ്റ്‌ലാന്റയാണ്. ലൊസാഞ്ചലസിൽ കാട്ടുതീ പടര്‍ത്തിയ ആശങ്കയെല്ലാം വിട്ടകന്നു. ഒരുക്കങ്ങള്‍ ഭംഗിയായി മുന്നോട്ടുപോകുന്നതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍. ഇനി അറിയേണ്ടത് അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ കളിക്കളങ്ങളില്‍ ആരൊക്കെ കുതിക്കും ആരൊക്കെ കിതയ്ക്കും എന്നാണ്.