ഏലിയാമ്മ വലിയ ഭക്തയാണ്. എല്ലാ ദിവസവും പള്ളിയിൽ പോകും, കുർബാന കാണും; പ്രാർത്ഥിക്കും. പിന്നെ ആഴ്ച തോറും കുമ്പസാരം, പള്ളിയിൽ വച്ച് വയറ്റിൽനിന്ന് അപശബ്ദത്തോ ടെ അല്പം ഗ്യാസ് പോയാൽ അതുവരെ പാപമായി വൈദികനോട് ഏറ്റുപറയുന്ന പ്രകൃതം. ദിവസേന കുർബാന കൈക്കൊള്ളൽ, ആഴ് ചയിലൊരു ഉപവാസം, കാലാകാലങ്ങളിൽ നോമ്പുനോട്ടം ഇങ്ങനെ ഏലിയാമ്മ നോക്കാത്ത പുണ്യപ്രവൃത്തികളില്ല. നാട്ടുകാരൊക്കെ അവരെ ഒരു പരമ ഭക്തയായി അംഗീകരിച്ചു.
ഒടുവിൽ ഏലിയാമ്മ പ്രായമായി മരിച്ചു. അവരുടെ ആത്മാവ് പരലോകത്തിലേക്ക് പറന്നു. ആദ്യം കാണുന്നത് ശുദ്ധീകരണ സ്ഥലം ജംഗ്ഷനാണ്, അവിടെ മിഖായേൽ മാലാഖ ഒരു കണക്കു പുസ്തകം പിടിച്ചുകൊണ്ട് ഇരിപ്പുണ്ട്. സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കു മുള്ള രണ്ടു വഴികൾ തിരിയുന്നത് അവിടെ നിന്നുമാണ്. ജീവിതത്തിൽ കാട്ടിക്കൂട്ടിയ നന്മതിന്മകളുടെ കണക്കുനോക്കി മിഖായേൽ മാലാഖ രണ്ടു സൈഡിലേക്കും ആത്മാവുകളെ ആനയിക്കുന്നു.
ഒടുവിൽ ഏലിച്ചേടുത്തിയുടെ ഊഴം എത്തി, തനിക്കായി സ്വർഗ്ഗീയ പാത തുറക്കപ്പെടും എന്ന കാര്യത്തിൽ ഏലിയാമ്മയ്ക്ക് തർക്കമില്ല. പക്ഷെ മിഖായേൽ മാലാഖ വിരൽ ചൂണ്ടിയത് എതിർപാതയിലേ ക്കാണ്.
ഏലിയാമ്മ ഞെട്ടിപ്പോയി. ഇതെന്തു ന്യായം അവർ താൻ ചൊല്ലിയ ജപമാലയുടേയും കണ്ട കുർബാനകളുടെയും നോമ്പുനോറ്റതിന്റെയു മൊക്കെ കണക്കു പറഞ്ഞ് മിഖായേൽ മാലാഖയുമായി തർക്കിച്ചു.
'ഒക്കെ ശരിതന്നെ മിഖായേൽ മാലാഖ പറഞ്ഞു: 'പക്ഷെ എനി ക്കും ചില ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം നൽകണം',
'കേൾക്കട്ടെ'.
'നിന്റെ മകന് പഠിക്കാൻ വിഷമമുള്ള ഹിന്ദി പരീക്ഷയുടെ തലേദിവസം നീ അവനെ വീട്ടിലിരുത്തി പഠിപ്പിച്ചോ?'
'ഞാനന്ന് പാമ്പാടി പള്ളിയിൽ പ്രാർത്ഥിക്കാൻ പോയിരിക്കുക യായിരുന്നു".
'നിന്റെ ഭർത്താവിന് നടുവുവേദന വന്നു കിടന്നപ്പോൾ അവനെ ശുശ്രൂഷിച്ചോ?'
“അന്നു ഞാൻ ഐ.എം.എസ്സിൽ ഭജനയിരിക്കുകയായിരുന്നു".
'നിന്റെ അമ്മായിയമ്മയ്ക്ക് തലകറക്കം വന്നപ്പോൾ നീ എവിടെ യായിരുന്നു?"
"പരുമലപള്ളിയിൽ പോയി കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കു കയായിരുന്നു".
മിഖായേലിന്റെ ചുണ്ടിൽ ഒരു പുശ്ചച്ചിരി മാലാഖ പറഞ്ഞു:
'ഒരു ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും മരുമകൾ എന്ന നിലയിലും ഉള്ള ചുമതലാനിർവ്വഹണമായിരുന്നു ദൈവത്തിന് ഇഷ്ടപ്പെടുമായിരുന്ന ഏറ്റവും വലിയ പ്രാർത്ഥന',
ഏലിയാമ്മ മിഴിച്ചുനിന്നു.
'യേശുദാസ് ഏതോ സിനിമയിൽ പാടിയ ഒരു പാട്ടുണ്ട്- ബലിയല്ലാ എനിക്കു വേണ്ടത് കരുണയാണല്ലോ- കേട്ടിട്ടുണ്ടോ?'
ഏലിയാമ്മ നിഷേധാർത്ഥത്തിൽ തലയാട്ടി.
'കേട്ടിരിക്കണം. അർത്ഥവും മനസ്സിലാക്കിയിരിക്കണം. ദൈവ പുത്രന്റെ വാക്കുകളാണ്' മിഖായേൽ,
ഏലിയാമ്മ അതു മൈൻഡു ചെയ്യാതെ സ്വർഗ്ഗീയപാതയിലേക്കു പ്രവേശിക്കാൻ ഒരു വിഫലശ്രമം നടത്തി നോക്കി
അപ്പോൾ മിഖായേൽ മാലാഖ തൻ്റെ വലതുകാൽ മെല്ലെ മുന്നോട്ടു നീക്കിവച്ചു. ആ കുതികാൽവെട്ടിൽ ഏലിയാമ്മ മലർന്നടിച്ചു വീണത് നേരെ നരകാഗ്നിയിലേക്ക്!
... നല്ല തണുപ്പുള്ള രാത്രിയായിരുന്നു. മൂടിപ്പുതച്ച് ഉറക്കമായിരുന്നു. അതിനിടെ ഉറങ്ങിക്കിടന്ന ഭർത്താവ് അന്തപ്പന്റെ നിറുത്താതെയുള്ള ചിരി കേട്ടാണ് ഏലിയാമ്മ ഉറക്കമുണർന്നത്.
"എന്തോന്നാ മനുഷേനേ ഈ അസമയത്തു കിടന്നു ചിരിക്കുന്നത്? വല്ല സ്വപ്നവും കണ്ടോ?'
'കണ്ടു കണ്ടു. നിന്നെ മിഖായേൽ മാലാഖ നരകത്തിലെ അഗ്നി കുണ്ഠത്തിലേക്കു തള്ളിയിടുന്ന സ്വപ്‌പ്നം' അയാൾ ആ കാഴ്ച്ചയുടെ രസത്തിൽ അപ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു.
'ഇയാളുടെ തലയ്ക്കു വട്ടാണ്. ഏലിയാമ്മ തിരിഞ്ഞുകിടന്ന് ഉറക്കം തുടർന്നു.
Read More: https://www.emalayalee.com/writers/304