1994 ൽ ഹിരോഷിമയിൽ ഏഷ്യൻ ഗെയിംസ് വേളയിലാണെന്നാണ് വിശ്വാസം.ടെന്നിസ് കോർട്ടിൽ ഗാലറിയിൽ നിരുപമ വൈദ്യനാഥൻ്റെ കഴുത്ത് ബാം ഇട്ട് തിരുമ്മുന്ന ഒരു സാധാരണക്കാരനെ കണ്ടു.ടീം ഡോക്ടറോ മറ്റോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്.എന്നാൽ കഴുത്തിൻ്റെ വേദന അകന്ന് നന്ദി പറഞ്ഞ് എഴുന്നേറ്റ നിരുപമ വൈദ്യനാഥൻ ആ വ്യക്തിയോട് കാട്ടിയ ആദരവ് ഞാൻ ശ്രദ്ധിച്ചു. അത് ആരെന്ന് അറിയുവാൻ ആകാംക്ഷയായി. ഒടുവിൽ അറിഞ്ഞു. ഡോ. വേസ് പെയ്സ്. ടെന്നിസ് താരം ലിയാൻഡർ പെയ്സിൻ്റെ പിതാവ്.1972 ലെ മ്യൂണിക്ക് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൻ്റെ മിഡ് ഫീൽഡർ ആയി തിളങ്ങിയ താരം. പിന്നെ പരിചയപ്പെട്ടു.
ഏറെ നേരം സംസാരിച്ചു.കേരളത്തിൽ നിന്നെന്നു പറഞ്ഞപ്പോൾ ബ്രിട്ടാനിയ രാജൻ പിള്ളയുടെ നാടിനെക്കുറിച്ചൊക്കെ ചോദിച്ചു.
1996 ൽ അറ്റ്ലാൻ്റ ഒളിംപിക്സിൽ ലിയാൻഡർ പെയ്സ് ടെന്നിസിൽ വെങ്കലം നേടിയപ്പോൾ ഡോ. വേസ് പെയ്സിനെ തിരഞ്ഞെങ്കിലും കാണാൻ സാധിച്ചില്ല. കോച്ച് ജയദീപ് മുഖർജിയോട് തിരക്കിയപ്പോൾ വ്യക്തമായ മറുപടിയും കിട്ടിയില്ല.
ഇന്നു രാവിലെ പ്രമുഖ സ്പോർട്സ് ലേഖിക
എലോറ സെന്നിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്നാണ് ഡോക്ടർ അന്തരിച്ചുവെന്ന വാർത്തയറിഞ്ഞത്. എ ലോറയ്ക്കും വഴികാട്ടിയായിരുന്നു ഡോക്ടർ വേസ് പെയ്സ്.അദ്ദേഹത്തിന് 80 വയസ് ആയിരുന്നു. പാർക്കിൻസൻ രോഗബാധിതനായി ആശുപത്രിയിൽ ആയിരുന്നത്രെ.
ലിയാൻഡറിൻ്റെ നേട്ടങ്ങളിൽ പിതാവിൻ്റെ പങ്ക് വലുതായിരുന്നു. കളിക്കിടെ പിഴവുപറ്റിയാൽ റാക്കറ്റ് ഉയർത്തി ലിയാൻഡർ പെയ്സ് "ഐ ക്യാൻ ഡൂ ഇറ്റ്.ഐ ക്യാൻ ഡൂ ഇറ്റ് തൗസൻ്റ് ടൈംസ് " എന്ന് പറയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ, ആരാണ് ലിയാൻഡറിന് കളിക്കളത്തിൽ ആത്മവിശ്വാസം പകരുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ. പിതാവ് ഡോക്ടർ വേസ് പെയ്സ്. ലിയാൻഡറിൻ്റെ മാതാവ് ജെന്നിഫർ ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ താരമായിരുന്നു. പക്ഷേ, ലിയാൻഡറിന് റോൾ മോഡൽ പിതാവു തന്നെയായിരുന്നു.
1996 ൽ അറ്റ്ലാൻ്റയിൽ നടന്ന ഒളിംപിക്സിൽ ടെന്നിസ് സിംഗിൾസിൽ ലിയാൻഡർ പെയ്സ് വെങ്കലം നേടിയപ്പോഴാണ് പുതിയ തലമുറയ്ക്ക് ഡോ. വേസ് പെയ്സിനെ ഓർമവന്നത്. അദ്ദേഹവും ഒളിംപിക് മെഡൽ ജേതാവാണ് എന്നു പലരും തിരിച്ചറിഞ്ഞതും അന്നായിരിക്കാം. പിതാവിന് പിന്നാലെ പുത്രനും ഒളിംപിക് മെഡൽ നേടിയ സംഭവം ഇന്ത്യൻ കായിക ചരിത്രത്തിൽ ന്നപൂർവം.
സെമിയിൽ അമേരിക്കയുടെ ആന്ദ്രേ ആഗസിയോട് പൊരുതിത്തോറ്റ ലിയാൻഡർ വെങ്കല മെഡൽ പോരാട്ടത്തിൽ ബ്രസീലിൻ്റെ ബർണാണ്ടോ ബലിജെനിക്കെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തി രണ്ടാം സെറ്റിൽ 30-40 ന് പിന്നിട്ടു നിന്നശേഷമാണ് തിരിച്ചുവന്നത്; അതും കൈക്കുഴയ്ക്കു സംഭവിച്ച പരുക്കിൻ്റെ വേദന സഹിച്ച്.
തീർച്ചയായും സ്പോർട്സ് മെഡിസിൻ വിദഗ്ദ്ധനായ പിതാവിൻ്റെ ഉപദേശം പെയ്സിന് കിട്ടിയിരിക്കും.
ഇനി ജീവിതവഴിയിലായാലും ലിയാൻഡറിനെ നയിക്കാൻ പിതാവ് ഇല്ല.
മ്യൂണിക്ക് ഒളിംപിക്സിൽ ഡോ. വേസ് പെയ്സ് കളിക്കുമ്പോൾ ഇന്ത്യൻ ടീമിൻ്റെ ഡോക്ടർ, മലയാളിയായ ഡോക്ടർ ഗോപിനാഥ് കോട്ടൂർ ആയിരുന്നു. ഡോ. കോട്ടൂർ ടെന്നിസ് താരമായിരുന്നു. പിന്നീട് 2004ൽ ആഥൻസ് ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തിൽ ഡോക്ടർമാരായി വേസ് പെയ്സും മലയാളിയായ പി.എസ്.എം.ചന്ദ്രനും വൈറൻ റസ്ക്വിനോയും ഉണ്ടായിരുന്നു. ഇന്ത്യയിൽ സ്പോർട്സ് മെഡിസിൻ്റെ വളർച്ചയ്ക്ക് അടിത്തറയിട്ടവരിൽ ഒരാളാണ് ഡോ. വേസ് പെയ്സ്.
ബി.സി.സി.ഐയിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലും പ്രവർത്തിച്ച ഡോ. പെയ്സ് കൽക്കട്ട ക്രിക്കറ്റ് ക്ലബിൻ്റെയും കൽക്കട്ട ഫുട്ബോൾ ക്ലബിൻ്റെയും പ്രസിഡൻ്റ് ആയിരുന്നു. 1996 മുതൽ 2000 വരെ ഇന്ത്യൻ റഗ്ബി ഫുട്ബോൾ യൂണിയൻ സാരഥിയായിരുന്നു. സ്പോർട്സിൽ അദ്ദേഹമൊരു ഓൾറൗണ്ടർ തന്നെയായിരുന്നു. വൈവിധ്യമായ മികവുകളിലുള്ള വ്യക്തിത്വം. ഡോ. വേസ് പെയ്സ് പറന്നകന്നു. പക്ഷേ, ആ ഓർമകൾ ബാക്കിയാകും.