Image

മനോന്മണീയം, എംജിആര്‍, തരൂര്‍, അടൂര്‍, പി ടി ഉഷ എല്ലാം വെള്ളാളര്‍, ലോകത്ത് 28 ലക്ഷം (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 16 August, 2025
 മനോന്മണീയം, എംജിആര്‍, തരൂര്‍, അടൂര്‍, പി ടി ഉഷ  എല്ലാം വെള്ളാളര്‍, ലോകത്ത്  28  ലക്ഷം (കുര്യന്‍ പാമ്പാടി)

കേരളത്തില്‍ മൂന്നര ലക്ഷവും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍,  ആഫ്രിക്ക  മുതലായ ഇടങ്ങളില്‍  28 ലക്ഷവുമുള്ള വെള്ളാളര്‍  ഭരണം, വിദ്യാഭ്യാസം, കൃഷി, വ്യാപാരം, കല, കായികം തുടങ്ങി  സര്‍വമേഖലകളിലും വ്യാപരിച്ച ഒരു മഹദ് സംസ്‌കൃതിയുടെ ജീവിക്കുന്ന പ്രതീകമാണെന്നു 'വെള്ളാളര്‍  പഴമയും പെരുമയും' എന്ന പുതിയ പുസ്തകം  ഉദ്ഘോഷിക്കുന്നു.

മനോന്മണീയം നാടകം രചിച്ച സുന്ദരം പിള്ള

ചിലപ്പതികാര നായിക കണ്ണകി, മനോന്മണീയം സുന്ദരം പിള്ള, ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള, വേലുത്തമ്പി ദളവ, പദ് മഭൂഷണ്‍ എ. ശിവതാണുപിള്ള, ശശി തരൂര്‍,  അടൂര്‍ ഗോപാലകൃഷ്ണന്‍, പി സുബ്രമണ്യം, നീലാ സുബ്രമണ്യം തുടങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്, പിടി ഉഷയും വരെ നീണ്ടുനിക്കുന്ന പെരുമയുടെ ചരിത്രം ആണത്.

മോഹന്‍ജദാരോയില്‍ വെള്ളാളരെ കണ്ടെത്തിയ പ്രൊഫ. ഹെന്റി ഹേരാസ്; കീഴാടി ചരിത്രം

മധുരക്കടുത്ത്  കീഴടിയില്‍ നടന്നു വരുന്ന ഉദ്ഖനനത്തില്‍ കണ്ടെത്തിയ സംസ്‌കൃതിയോടും ഹാരപ്പ സംസ്‌കൃതിയോടും വെള്ളാളകുലത്തിനു ജന്മാന്തര ബന്ധമുണ്ടെന്ന് പുസ്തകം സമര്‍ഥിക്കുന്നു.

'സിന്ധു മുതല്‍ മുതല്‍ വൈഗ വരെ' എഴുതിയ ആര്‍. ബാലകൃഷ്ണന്‍ ഐ.എ.എസ്

കന്യാകുമാരി ജില്ലയിലെ നാഞ്ചിനാടും  കുട്ടനാടും കേരളത്തിന്റെ നെല്ലറ എന്നു പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. നാഞ്ചിനാട്ടിലെ പാടശേഖരങ്ങളില്‍  നെല്ല് വിളയിച്ചു കൊണ്ടാണ് വെള്ളാളകര്‍ഷകര്‍ മറ്റൊരു നെല്ലറയായ കുട്ടനാട്ടിലേക്കും അവിടെ ചെന്നു ചേരുന്ന നദീതടങ്ങളിലേക്കും വ്യാപിച്ചതെന്നു പുസ്തകം സ്ഥാപിക്കുന്നു. വെള്ളാളരാണ് വേണാട് രാജവംശം സൃഷ്ട്ടിച്ചതു തന്നെ. വെല്‍ നാട്  വേണാട് ആയി.

മറുനാട്ടില്‍ ശോഭിച്ച വെള്ളാള പ്രതിഭകള്‍ നവനീതം പിള്ള, ചെമ്പകരാമന്‍ പിള്ള

മുംബൈ സെന്റ് സേവിയേഴ്സ് കോളേജിലെ ചരിത്ര പ്രൊഫസര്‍ സ്പാനിഷ് ആര്‍ക്കിയോളജിസ്റ്റ്  റവ. ഹെന്റി ഹേരാസ്  'ദി ഇല്ലസ്‌ട്രേറ്റഡ് ഹിസ്റ്റോറിക്കല്‍ ക്വാര്‍ട്ടര്‍ലി'യില്‍ പ്രസിദ്ധീകരിച്ച 'വെള്ളാളാസ്  ഓഫ് മൊഹന്‍ജദാരോ' പഠനങ്ങള്‍ തുടരേണ്ടിയിരിക്കുന്നുവെന്നു വാദിക്കുന്ന ഗ്രന്ഥകാരന്‍ ഡോ. കാനം ശങ്കരപിള്ള, വെള്ളാളരുടെ പഴക്കവും തഴക്കവും തെളിയിക്കാന്‍ ആധികാരിക പഠനങ്ങള്‍ അണിനിരത്തുന്നു.

മുന്‍ ഒറീസ ചീഫ് സെക്രട്ടറിയും ഇലക്ഷന്‍ ഡെപ്യുട്ടി കമ്മീഷണറുമായ ആര്‍. ബാലകൃഷ്ണന്‍ ഐ.എ. എസിന്റെ  'എ ജേര്‍ണി ഓഫ് സിവിലൈസേഷന്‍ ഇന്‍ഡസ് ടു  വൈഗ' എന്ന പുസ്തകമാണ് അവയില്‍ ഒന്ന്. വെള്ളാളകുലത്തിന്റെ പഴമ അടിസ്ഥാനമാക്കി സില്‍ക്ക് റൂട്ട്, സ്പൈസസ് റൂട്ട് എന്നിവയെപ്പോലെ ഒരു മണ്‍കല പാത അഥവാ മണ്‍പാത (പോട് റൂട്ട്) കൂടി വേണ്ടതാണെന്നു  പുസ്തകത്തില്‍ വാദമുണ്ട്.

മുന്‍ മന്ത്രിമാര്‍ പി.എസ്. നടരാജ പിള്ള, പി ചിദംബരം

യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച ബാലിയിലെ സുബക് ജലസേചനപദ്ധതി പോലെ തടയണകെട്ടി വെള്ളം തിരിച്ചുവിട്ടു മലയോരപാടങ്ങളില്‍  നെല്ല് വിളയിച്ചവര്‍ ആയിരുന്നിരിക്കണം  വെള്ളാളര്‍ എന്ന് അവതാരികയില്‍ ചരിത്ര ഗവേഷകന്‍ ഡോ. എം ജി ശശിഭൂഷണ്‍ പറയുന്നു. ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ സുബക് കൃഷിരീതി നേരിട്ട് കണ്ടറിഞ്ഞ ആളാണ് അദ്ദേഹം.

മഴമേഘങ്ങളുടെ കാര്യകര്‍ത്താക്കള്‍ എന്നാണ് വി. കനകസഭ വെള്ളാളരെ വിശേഷിപ്പിക്കുന്നത്. ഗൗണ്ടര്‍, മുതലിയാര്‍, റെഡ്ഢി, പിള്ള, പണിക്കര്‍, ചെട്ടി, ഷെട്ടി, നായ്ക്കര്‍, നാടാര്‍, കോനാര്‍ എന്നൊക്കെ   അറിയപ്പെടുന്ന വെള്ളാളര്‍ കേരളത്തിലെ നായന്മാര്‍ക്ക്  സമാനമായ ഒരു ഗോത്രവിഭാഗം ആണെന്ന് കരുതുന്ന പണ്ഡിതന്മാരുമുണ്ട്. ദക്ഷിണേന്ത്യന്‍ ജാതികളെപ്പറ്റി പുസ്തകം രചിച്ച എഡ്വേര്‍ഡ്  തേഴ്സ്റ്റന്‍ സമാധാനപ്രിയര്‍, മിതവ്യയശീലര്‍, അദ്ധ്വാനികള്‍ എങ്ങെയൊക്കെയാണ് വെള്ളാളരെ വിശേഷിപ്പിക്കുന്നത്.

ഡോ. കാനം, ഡോ. അജിഷ്, ശങ്കര്‍മോഹന്‍,  ഡോ. തരൂര്‍, പ്രഭാദേവി മോഹന്‍

'ചരിത്രവും ഐതിഹ്യങ്ങളും എല്ലാം ഇഴയടുപ്പത്തോടെ നെയ്‌തെടുത്ത മനോഹരമായ പരവതാനിയാണ് കേരളത്തിന്റെ ഭൂതകാലപ്പെരുമ. പറയിപെറ്റ പന്തിരുകുലത്തില്‍ തുടങ്ങി എണ്ണമറ്റ അവാന്തര വിഭാഗങ്ങളിലൂടെ  പടര്‍ന്നു പന്തലിച്ചുകിടക്കുന്ന ഈ ചരിത്രങ്ങളിലൂടെയുള്ള ഓരോ സഞ്ചാരവും സമാനതകളില്ലാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്,' പറയുന്നു പുസ്തകം ഇറക്കിയ വേദ ബുക്ക്‌സ് പ്രസാധകന്‍  ഷാബു പ്രസാദ്.

എഴുത്തുകാരനെന്ന നിലയില്‍ എഴുപതു വര്‍ഷം പൂര്‍ത്തിയാക്കിയ കാനം ആരോഗ്യവകുപ്പില്‍ ഡെപ്യുട്ടി ഡയറക്ടറായി റിട്ടയര്‍ ചെയ്തു. ഗൈനക്കോളജിസ്‌റ് ആയി പേരെടുത്തു. മെഡിക്കല്‍ ജേര്‍ണലിസ്റ്റായി മികവ് തെളിയിച്ച അദ്ദേഹം വായനയിലൂടെയും ലോക സഞ്ചാരത്തിലൂടെയും സമാഹരിച്ച അറിവുകള്‍ പങ്കുവയ്ക്കുമ്പോള്‍ തന്റെ മുമ്പും പിമ്പും സഞ്ചരിച്ച ചരിത്രകാരന്മാരെ ആദരവോടെയും മൂര്‍ച്ചയേറിയ തൂലിക പടവാളാക്കിയും നോക്കിക്കാണുന്നു. അതാണ് പുസ്തകത്തെ രസനിഷ്യന്തിയാക്കുന്നത്.

ഉദാഹണത്തിനു 'നസ്രാണി പഴമ കാണിക്കാന്‍ യഥാര്‍ത്ഥ വെള്ളാള കുരക്കേണി കൊല്ലം ചേപ്പാടായ തരിസാപ്പള്ളി പട്ടയത്തെ ക്രിസ്ത്യന്‍ കോട്ടയം ചെപ്പേട് ആക്കി പേരുമാറ്റിയതു ആദ്യകാല മോണ്‍സണ്‍ ആയ  ഗുണ്ടര്‍ട്ട്  സായിപ്പാണ്,' എന്ന ആമുഖത്തോടെയാണ്  186 പേജുവരുന്ന പുസ്തകം ആരംഭിക്കുന്നത്. പതിറ്റുപ്പത്ത്, പുറനാനൂറ്, അകനാനൂറ്, ചിലപ്പതികാരം, മണിമേഖല തുടങ്ങിയ സംഘകാലകൃതികളില്‍ വെള്ളാളരെ കണ്ടെത്താം.

ആലപ്പുഴക്കാരന്‍ തിരുവിതാംകൂറിലെ ആദ്യ എം.എ ബിരുദധാരി പ്രൊഫ. മനോന്മണീയം പെരുമാള്‍ സുന്ദരം പിള്ള, യഥാര്‍ത്ഥ ഭാരത ചരിത്രത്തെ അറിയണമെങ്കില്‍ തെന്നിന്ത്യയിലെ നദീതടങ്ങളില്‍ ഉദ്ഖനന പഠനം നടത്തണം എന്നെഴുതിയത് 1890ല്‍. (അദ്ദേഹത്തെ കേരളം വിസ്മരിച്ചപ്പോള്‍ തമിഴ് നാട് തിരുനെല്‍വേലിയില്‍ 1990ല്‍  മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാല സ്ഥാപിച്ചു.  മനോന്മണീയം അദ്ദേഹം എഴുതിയ നാടകമാണ്. 'തമിഴ് തായ് വാഴ്ത്തു' എന്ന ഔദ്യോഗിക പ്രാര്‍ഥനാ ഗാനം രചിച്ചതും അദ്ദേഹം.)

കണ്ണകിദേവി പുരസ്‌കാരം നേടിയ ഡോ. രാജം പിആര്‍എസ് പിള്ള; പിആര്‍എസ് പിന്നില്‍

'പക്ഷെ പഠനം നടന്നത് സിന്ധു, ഗംഗാ തടങ്ങളില്‍ സര്‍ ജോണ്‍ മാര്‍ഷലിന്റെ നേതൃത്വത്തില്‍. അതാകട്ടെ 1920നു ശേഷവും. മാര്‍ഷല്‍  ഹാരപ്പന്‍ നാഗരികത കണ്ടെത്തി. ആ സംസ്‌കൃതി വെള്ളാളരുടെ സംകൃതി എന്ന് സഖാവ് പി ഗോവിന്ദപിള്ളയുടെ ചരിത്ര അധ്യാപകന്‍ പ്രൊഫ. എച്ച്. ഹേരാസ് പറയുന്നു. ഇന്‍ഡ്യാ ഗവര്‍മെന്റ് ആ ജെസ്വിറ്റ്  പുരോഹിതനെ ആദരിക്കാന്‍  പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി.'

മധുര തിരുപ്പരകുന്ദ്രത്തിനു സമീപം വൈഗാനദീതടത്തിലെ കീഴാടിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ ഹാരപ്പയുമായി ബന്ധമുള്ള സംകൃതിയുടെ 3200  വര്‍ഷം പഴക്കമുള്ള ചുട്ടെടുത്ത ഇഷ്ടികവീടുകള്‍, നെയ്ത്തുശാലകള്‍, ജലസേചന ചാലുകള്‍, നിറമുള്ള മണ്‍കലങ്ങള്‍,  അച്ചുകള്‍, മുദ്രകള്‍, ജെല്ലിക്കെട്ട് കാളയുടെ ചിത്രങ്ങള്‍, സ്വര്‍ണലോലക്കുകള്‍, അറബി നാണയങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു. ഫ്‌ലോറിഡയില്‍ നടത്തിയ ബീറ്റാ കാര്‍ബണ്‍ പരിശോധനയില്‍ അവയുടെ കാലപ്പഴക്കം സ്ഥിരീകരിച്ചു.

ചിലപ്പതികാരം നായിക കണ്ണകി, തിരുവനന്തപുരത്തെ അയ്യാവു സ്വാമികള്‍, മനോന്മണീയം സുന്ദരം പിള്ള, ജയ്ഹിന്ദ് മുദ്രാവാക്യം മുഴക്കി നേതാജിയുടെ രാഷ്ട്രീയ ഗുരുവായ  ചെമ്പകരാമന്‍ പിള്ള, ടിപ്പുവിനെ ഓടിച്ച വൈക്കം പദ്മനാഭപിള്ള, നെല്‍കൃഷി  നശിപ്പിച്ച് റബര്‍ തോട്ടം സൃഷ്ട്ടിച്ച മോറല്‍ സായ്പ്പിനെ വകവരുത്തിയ  തൊടുപുഴ പുതിയവീട്ടില്‍ ശങ്കരപ്പിള്ള,   മൂന്നു തലമുറകളില്‍ ചലച്ചിത്ര ലോകത്തു തിളങ്ങിയ  എസ്.  രാമനാഥപിള്ള, പി.ആര്‍.എസ്' പിള്ള, ശങ്കര്‍ മോഹന്‍  തുടങ്ങി  വെള്ളാള പ്രതിഭകളെ കാനം പരിചയപ്പെടുത്തുന്നു.

വസുദേവകുടുംബകം--കോട്ടയം ആനിക്കാട് കല്ലൂര്‍ ഇല്ലമ്പള്ളി കുടുംബം

തിരുവിതാംകൂര്‍ എം.എല്‍.സി ആയിരുന്ന കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ടു  അഡ്വ. എസ്. രാമനാഥപിള്ള കലാസാഗര്‍ ഫിലിംസ് ബാനറില്‍ 'തിരമാല' നിര്‍മ്മിച്ചയാള്‍. സംവിധായകന്‍ പി.ആര്‍.എസ്. ചലച്ചിത്ര വികസന കോപ്പറേഷന്‍ അധ്യക്ഷനായി, 'മഞ്ഞി'ല്‍ നായകനായ  ശങ്കര്‍മോഹന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെയും കെആര്‍ നാരായണന്‍ അക്കാദമിയുടെയും ഡയറക്ടര്‍ പദവിയില്‍  എത്തി. നാലാം തലമുറയില്‍  മകന്‍ മോഹന്‍ ശങ്കര്‍ ജയരാജന്റെ 'കാമല്‍ സഫാരി'യില്‍ നായകനാണ്. ബോസ്റ്റണില്‍ പഠിച്ചു ബൗദ്ധികവൈകല്യമേഖലയില്‍ നിസ്തന്ദ്ര സേവനം ചെയ്ത മുത്തശ്ശി ഡോ. രാജം പിആര്‍എസ് (96) പ്രഥമ കണ്ണകിദേവി പുരസ്‌ക്കാരം നേടി.  

യുഎന്‍ ഹ്യൂമന്റൈറ്റ്‌സ് കമ്മീഷന്‍ മേധാവിയായിരുന്ന സൗത്താഫ്രിക്കയിലെ തമിഴ് വംശജ നവനീതം പിള്ള, നടനും മുഖ്യമന്ത്രിയുമായ എംജി രാമചന്ദ്രന്‍, മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി  തരൂര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ പി. കൃഷ്ണപിള്ള, കേരള ഗവര്‍ണറും സുപ്രീം കോടതി ചീഫ് ജസ്റ്റീ  സുമായിരുന്ന പി. സദാശിവം, മുന്‍ കേന്ദ്രധനകാര്യ മന്ത്രി പി. ചിദംബരം, കപ്പലോട്ടിയ തമിഴന്‍ വി.ഒ. ചിദംബരം പിള്ള,  ഒളിമ്പ്യന്‍ പിടി ഉഷ, സിനിമാനടന്മാരായിരുന്ന എന്‍എസ് കൃഷ്ണന്‍, എസ് പി  പിള്ള, മുത്തയ്യ എന്നിങ്ങനെ പട്ടിക നീളുന്നു. 

സെക്രട്ടറിയേറ്റ് ഇരിക്കുന്ന സ്ഥലം തായ് വീട് എന്ന വെള്ളാള കുടുംബംവക ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇരിക്കുന്ന ചെട്ടിക്കുന്നും അവരുടെ വക. കൊച്ചിയില്‍ ഹൈക്കോടതി സ്ഥാപിച്ച കേന്ദ്ര ധനമന്ത്രിയും  കൊച്ചി ദിവാനുമായിരുന്ന ഷണ്മുഖം ഷെട്ടിയും ആ വര്‍ഗ്ഗക്കാരന്‍. കേരള സംസ്ഥാന  മന്ത്രിമാര്‍ ആയിരുന്ന പിഎസ് നടരാജപിള്ള (മനോന്മണിയത്തിന്റെ മകന്‍)  എന്‍കെ ബാലകൃഷ്ണന്‍, സുരേന്ദ്രന്‍ പിള്ള എന്നിവരും.

മൂന്നു തലമുറ ഡോക്ടര്‍മാര്‍-കാനം, ശാന്ത, ബെര്‍മിങ്ങാമിലെ മകള്‍, കൊച്ചുമകള്‍

പന്ത്രണ്ടാം വയസില്‍ കേരളഭൂഷണം ഞായറാഴ്ച പതിപ്പില്‍ ലേഖനം എഴുതിക്കൊണ്ടു സാഹിത്ര്യരംഗത്തു പ്രവേശിച്ച കാനത്തിന് വൈദ്യശാസ്ത്രമേഖലയില്‍ ഒരു ഡസനോളം പുസ്തകങ്ങള്‍  ഉണ്ട്. വൈവിധ്യമേറിയ വിഷയങ്ങളില്‍ ആയിരത്തോളം ലേഖനനങ്ങള്‍, ബ്ലോഗുകള്‍. ആയിരം പൂര്‍ണചന്ദ്രന്‍  അടുത്തു വരുമ്പോഴും വീണ്ടുമൊരു അങ്കത്തിനു ബാല്യം.  ജീവിച്ചിരിക്കുന്ന 17 പേര്‍ ഉള്‍പ്പെടെ 98 വെള്ളാളരെ ഒന്നിച്ചാവിഷ്‌ക്കരിച്ച കാനത്തിന്റെ പുസ്തകം പ്രസാധനത്തില്‍ ലോകറിക്കാര്‍ഡ് ആണെന്ന് ചാറ്റ് ജിപിടി സാക്ഷ്യപ്പെടുത്തുന്നു. ശശി തരൂരിന്റെ അവതാരികയുമായി പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വരുന്നു.

പൊന്‍കുന്നം സ്വദേശിനി  ശാന്തയാണ് ജീവിതപങ്കാളി. ഏകമകള്‍ ഡോ. അഞ്ജു  ഭര്‍ത്താവ് ഡോ. ശ്രീജിത്തിനൊപ്പം ബെര്‍മിങ്ങാമിയില്‍. ഓക്‌സ്ഫഡില്‍ നിന്നു  രണ്ടു മെഡിക്കല്‍ ബിരുദങ്ങള്‍ നേടിയ നയനികയാണ് പേരക്കിടാവ്. മലാല യൂസഫ് സായിയുടെ ക്ലാസ്സ്മേറ്റ്.

 

ചിത്രങ്ങള്‍

1. വെള്ളാളരെ  കോര്‍ത്തിണക്കിയ ആദ്യ ചരിത്ര ഗ്രന്‍ഥം

Join WhatsApp News
Jayan varghese 2025-08-16 20:38:58
അവിടെയും ജാതി. പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം പൂ പോലഴകുള്ളൊരായിരുന്നു എന്ന പഴയ പാണൻ പാട്ടിന്റെ ആവർത്തനം !
നിരീശ്വരൻ 2025-08-17 17:29:33
അറിയാം ഈ ലോകം ശരിയാകില്ലെന്ന് . ജാതിയും മതവും വർണ്ണങ്ങളും ചേർന്ന് ഈ ലോകം നശിക്കുകയാണ്. ക്രിസ്ത്യാനിയും മഹമ്മദീയരും സഹോദരങ്ങൾ ആണെങ്കിൽ രണ്ടിനും കണ്ണെടുത്താൽ കണ്ടുകൂടാ. ക്രിസ്ത്യാനി ബ്രാഹ്മണ പിതൃത്വം അവകാശപ്പെടുമ്പോൾ, ബ്രാഹ്മണൻ മുഖം തിരിച്ചു നില്ക്കുന്നു. ബ്രാഹ്മണൻ ഹിന്ദു പിതൃത്വം അവകാശപ്പെടുമ്പോൾ. ഹിന്ദുക്കൾ ബ്രാഹ്മണനെ ഓടിച്ചിട്ടു തല്ലാൻ ശ്രമിക്കുന്നു . പിന്നെ പുലയനും പറയാനും പറഞ്ഞിട്ട് കാര്യമില്ല. അവനു മേൽപ്പറഞ്ഞ എല്ലാവരുടെയും മുഖച്ഛായ ഉണ്ട്. ആർക്കറിയാം. കുര്യൻ പാമ്പാടിയുടെ ഉത്ഭവം എവിടെയാണെന്ന് ! എന്തായാലും പൂർവ്വ ചരിത്രം തിരഞ്ഞാൽ എങ്ങും എത്തിച്ചേരില്ല. ജാതിയും മതവും വര്ജിക്കു . മനുഷ്യരെ സ്നേഹിക്കു. നിങ്ങളുടെ ചുണ്ടുകളിലെ മന്ത്രം വയലാറിന്റ കാവ്യശകലമായി മാറട്ടെ. മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ ..... ഐ ലവ് യു ഓൾ നിരീശ്വരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക