Image

രാമായണമാസവും കുറെ കഥകളും (സുധീർ പണിക്കവീട്ടിൽ)

Published on 17 August, 2025
രാമായണമാസവും കുറെ കഥകളും (സുധീർ പണിക്കവീട്ടിൽ)

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു_*
_ഭക്തഭവനങ്ങളിൽ മുഴങ്ങട്ടെ_
_രാമായണ_ _പാരായണം_
*_ശ്രീരാമനാമം_*
*_പാടി വന്ന പൈങ്കിളിപ്പെണ്ണേ!_*
*_ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ._*
*_ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ_*
*_ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍._*

ഒരു മാസം നീണ്ടു നിന്ന രാമായണമാസം ഇന്ന് സമാപിക്കുന്നു. നാളെ പൊന്നിൻ ചിങ്ങം പിറക്കുകയായി. ഓരോ വര്ഷം രാമായണം വായിക്കുമ്പോഴും പുതിയ അറിവുകളും പുതിയ അർത്ഥതലങ്ങളും ലഭിക്കുന്നു. നമ്മൾ വായിക്കുന്നതും നമ്മൾ മനസ്സിലാക്കുന്നതും നമ്മളെ മോക്ഷപ്രാപ്തിക്ക് സഹായിക്കുമെന്ന് ഭകതർ വിശ്വസിക്കുന്നതിൽ തെറ്റില്ല. കാരണം നന്മയുടെ മാർഗ്ഗം എന്നും നന്മകൾ മാത്രം നൽകുന്നു. 

ഹിന്ദുക്കളെ സംബന്ധിച്ചേടത്തോളം ഭക്തി ആത്മീയപാതകളിൽ ഒന്നായാണ് കണക്കാക്കുന്നത്. ഇതിനെ ഭക്തിമാർഗ്ഗം എന്ന് വിശേഷിപ്പിക്കുന്നു.  ഭാരതത്തിന്റെ ഇതിഹാസ ഗ്രന്ഥാങ്ങളിൽ ഒന്നായ രാമായണം പാരായണം  ചെയ്യുന്നതിനായി കേരളത്തിലെ മലയാളി ഹിന്ദുക്കൾ കർക്കിടകമാസം നീക്കിവച്ചിരിക്കുന്നു. 

ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കിടകത്തിലാണ്. ഇത് ദേവന്മാർക്ക് രാത്രികാലമാണ്. ഉത്തരായണം പകൽ കാലവും. കർക്കിടകം ദേവന്മാർക്ക് രാത്രി തുടങ്ങുന്നതിന്റെ ആദ്യഘട്ടമായതിനാൽ ദേവസന്ധ്യ എന്നും ഇത് അറിയപ്പെടുന്നു. ഇക്കാലത്ത് ശ്രീരാമചന്ദ്രന്റെ അപദാനങ്ങൾ വാഴ്ത്തുന്നത് പുണ്യമായി വിശ്വാസികൾ കരുതുന്നു. ധർമ്മങ്ങൾ പാലിക്കേണ്ട ആവശ്യകതയും പാലിക്കാത്തവരുടെ പതനവും രാമായണം വ്യക്തമാക്കുന്നു. രാമായണം പാരായണം ചെയ്യുമ്പോൾ രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കുന്നുവെന്ന് പറയുന്നു. അതിനു കാരണം വായനയിൽ ഏർപ്പെടുന്ന ഭക്തന്റെ മനസ്സ് ശുദ്ധമാകുന്നു. ശുദ്ധമായ മനസ്സ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നു. മനസ്സ് വ്യാകുലപ്പെടുമ്പോൾ അത് ശരീരത്തെ ബാധിക്കുന്നു. അതേസമയം രാമായണം വായിച്ചാൽ രോഗം വരില്ലെന്നു പരിഹസിക്കുന്നത് മൂഢത്വമാണ്.

മലയാളി ഹിന്ദുക്കൾ കർക്കിടക മാസത്തിൽ രാമായണം വായിക്കുന്നതിനു കാരണം രാമൻ കർക്കിടക ലഗ്നത്തിൽ ജനിച്ചതുകൊണ്ടാകാം. ജ്യോതിശാസ്ത്രത്തിലെ നാലാമത്തെ രാശിയായി ഇതിനെ കണക്കാക്കുന്നു. രാമായണം ത്രിസന്ധ്യ സമയം വായിക്കരുതെന്നു വിശ്വസിക്കുന്നുണ്ട്. രാമായണപാരായണം നടക്കുന്നേടത്തെല്ലാം ഹനുമാൻ, ഗന്ധർവന്മാർ, കിന്നരന്മാർ തുടങ്ങിയവരുടെ  സാന്നിധ്യമുണ്ടാകും.  ആ സമയത്ത് രാമായണം വായിച്ചാൽ അവരുടെയെല്ലാം സന്ധ്യാവന്ദനം മുടങ്ങിപോകും. ഇങ്ങനെ അനവധി വിശ്വാസങ്ങൾ ഈ ചടങ്ങുമായി ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷെ അതാരും മുടക്കുന്നില്ല.

ഈ മാസക്കാലം എന്നെ ഓർമ്മിപ്പിച്ച ചില രസകരമായ വിവരങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാൻ സന്തോഷമുണ്ട്.സീതയെ അന്വേഷിച്ച് കണ്ടുപിടിക്കാമെന്ന ദൗത്യം സുഗ്രീവൻ ഏറ്റെടുത്തപ്പോൾ അദ്ദേഹം തന്റെ സൈന്യത്തെ ലോകത്തിന്റെ നാനാഭാഗത്തേക്കും അയച്ചുവെന്നു രാമായണം  പറയുന്നുണ്ട്.അതിൽ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യം ജപ്പാൻ ആയിരുന്നുവെന്നു ഇന്നത്തെ ശാസ്ത്രജ്ഞർ പറയുന്നു. അന്റാർട്ടിക്കയെപ്പറ്റിയും പരാമർശമുണ്ടത്രേ. അപ്പോൾ വാല്മികിക്ക് ലോകരാജ്യങ്ങളെക്കുറിച്ചു അറിവുണ്ടായിരുന്നുവെന്നു  വിശ്വസിച്ചുവരുന്നു. എങ്ങനെയാണ് ഭൂമിശാസ്ത്രപരമായ അറിവ് സുഗ്രിവിനു കിട്ടിയത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി "ബാലിയെ പേടിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ കണ്ടെത്തുക  എന്റെ നിലനിൽപ്പിനും ജീവനും     ആവശ്യമായിരുന്നു" ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായില്ലെങ്കിൽ സുഗ്രിവിനു ഈ അറിവ് ലഭിക്കുമായിരുന്നില്ല. നമുക്ക് ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിൽ നിരാശപ്പെടാതെ അതിനെ അതിജീവിക്കുകയും അതിലൂടെ മറ്റു മാർഗങ്ങൾ കണ്ടെത്തുകയും വേണം. പൂക്കളെപോലെ തന്നെ മുള്ളുകളും ദൈവത്തിന്റെ അനുഗ്രഹമാണെന്നു കരുതണം.

വാൽമീകി രാമായണത്തിലോ  അധ്യാത്മരാമായണത്തിലോ വ്യക്തമായി പറയുന്നില്ലെങ്കിലും പലരും പല ഉപകഥകൾ മെനഞ്ഞെടുത്തിരിക്കുന്നത് അറിയുക രസകരമാണ്. രാവണവധത്തിനുശേഷം ശ്രീരാമൻ ദുഖിതനാകുന്നുണ്ട്. കാരണം രാവണന്റെ പത്ത് തലകളിൽ ഒന്നിൽ വലിയ ജ്ഞാനം, അറിവ്, ധാർമ്മികത, ഭക്തി, എന്നിവയുണ്ടായിരുന്നു. ആ ശിരസ്സ് ഞാൻ ഛേദനം ചെയ്യരുതായിരുന്നു. ആ ശിരസ്സ് അവിടെ നിർത്തി മറ്റു ശിരസ്സുകൾ ഛേദിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ആ ശിരസ്സ് ഛേദിച്ചതിന്റെ പ്രായശ്ചിത്തം എനിക്ക് ചെയ്യണം എന്ന് രാമൻ നിശ്ചയിച്ച്. അങ്ങനെ നിൽക്കുമ്പോൾ രാവണവധം അറിഞ്ഞു രാമനെ ശപിക്കാൻ മണ്ഡോദരി വരികയായിരുന്നു. കീഴ്പോട്ട് നോക്കി നിന്ന രാമൻ ഒരു സ്ത്രീയുടെ നിഴൽ തന്നിലേക്ക് അടുത്ത് വരുന്നത്  കാണുന്നു. രാമൻ അത് കണ്ടു രണ്ടടി പിന്നോക്കംവച്ച്. ഏകപത്‌നീവ്രതകാരനായ രാമന് പരസ്ത്രീയുടെ നിഴൽ പോലും സ്പർശിക്കാൻ  കഴിയില്ല.ആ മനസ്സ് കണ്ടു മണ്ഡോദരി തിരികെ പോയി. രാമൻ എത്രമാത്രം സീതയെ  സ്നേഹിക്കുന്നുവെന്നു അവർ ഓർത്തുകാണും.

ശ്രീരാമലക്ഷ്മണൻമാർ പമ്പനദിയുടെ തീരത്തുകൂടി നടക്കുമ്പോൾ ഒരു കാക്ക നദിയിലേക്ക് നടന്നു വരുന്നു.  വെള്ളം കുടിക്കാൻ വേണ്ടി കൊക്കുകൾ വെള്ളത്തിനോടടുപ്പിക്കുന്നു. എന്നാൽ ഉടനെ തന്നെ കരയിലേക്ക് തിരിച്ചുപോകുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ ലക്ഷ്മണൻ രാമനോട് അതിന്റെ കാരണം ചോദിച്ചു. രാമൻ പറഞ്ഞു. ഈ കാക്ക എന്റെ ഒരു ഭകതയാണ്. അത് എന്റെ നാമം ഇടതടവില്ലാതെ ജപിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ അത് ദാഹിച്ച് വലിഞ്ഞിരിക്കയാണ്. വെള്ളം കുടിക്കാൻ  വന്നിരിക്കയാണ്.എന്നാൽ വെള്ളം കുടിക്കുമ്പോൾ രാമനാമ ജപം നിർത്തേണ്ടിവരും അതിനു കഴിയാതെ അത് തിരിച്ചുപോകുന്നു. ഭക്തിയോടെ ഭഗവാന്റെ നാമം  ജപിക്കുന്നത് ഭഗവാന്റെ കൃപ ലഭിക്കാൻ സഹായകമാകുന്നു. ശ്രീരാമന്റെ നാമത്തിനുള്ള ശക്തിയെപ്പറ്റി വേറൊരു കഥയുണ്ട്. രാവണവധത്തിനുശേഷം വിഭീഷണന്റെ ഒരു പരിചാരകൻ ചോദിച്ചു. ഈ വാനരന്മാർ എങ്ങനെ ഈ പാലം പണിതു. ഓരോ കല്ലിലും രാമന്റെ പേര് എഴുതിയപ്പോൾ അവ കടലിൽ പൊങ്ങി കിടന്നുവെന്നാണ് വിശ്വാസം. ശ്രീരാമന്റെ പേരിനു ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ കഴിവുണ്ട്. പക്ഷെ പരിചാരകൻ സംശയിച്ചു നിന്ന്. വിഭീഷണൻ ഒരു ഇലയിൽ രാമന്റെ പേര് എഴുതി മടക്കി പരിചാരകന്റെ കയ്യിൽ കൊടുത്ത് പറഞ്ഞു നീ ഇതുകൊണ്ടു സമുദ്രം മറി കടന്നു വരിക. പരിചാരകൻ കടലിൽ ഇറങ്ങിയപ്പോൾ മുട്ടിനു വെള്ളമേ ഉണ്ടായിരുന്നുള്ളു. പരിചാരകന് വിഭീഷണനിൽ വിശ്വാസം ഉണ്ടായിരുന്നു. എന്നാലും സമുദ്രത്തിന്റെ പകുതിയെത്തിയപ്പോൾ സംശയം കൂടി ഇല നിവർത്തി നോക്കി. ഉടനെ മുങ്ങി ചാവുകയും ചെയ്തു.

രാമ ലക്ഷ്മണന്മാർ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ രാമൻ തന്റെ വില്ലു നിലത്ത് വച്ചു. അത് ഒരു തവളയുടെ മേലെയായിരുന്നു.  തവള വില്ലിന്റെ ഭാരം കൊണ്ട് പിടയുന്നത് ലക്ഷമണൻ കണ്ടു രാമനോട് പറഞ്ഞു  രാമൻ വില്ലു നീക്കിയിട്ട് തവളയോട് ചോദിച്ചു നിനക്ക് വേദനിച്ചപ്പോൾ നീ എന്തെ മിണ്ടാതിരുന്നത്, എന്തെ സഹായത്തിനു വേണ്ടി  നിലവിളിച്ചില്ല.തവള പറഞ്ഞു മറ്റുള്ളവർ എന്നെ ഉപദ്രവിക്കുമ്പോൾ ഞാൻ നിന്റെ പേര് വിളിക്കുന്നു. ഇതിപ്പോൾ നിന്റെ തന്നെ വില്ലുകൊണ്ട് വേദനിക്കുമ്പോൾ ഞാൻ അതിനെ നിന്റെ അനുഗ്രഹമായി കരുതി.
ഒരു ദിവസം വിഭീഷണൻ അദ്ദേഹത്തിന്റെ വീടിന്മേൽ രാ മ (ഇരുട്ടിനെ അകറ്റുക എന്നർ ത്ഥമുണ്ട്, ശ്രീരാമചന്ദ്രന്റെ പേരാണ്) എന്നെഴുതി വച്ചു. രാവണൻ വീട്ടിൽ വന്നപ്പോൾ എന്തിനാണ് എന്റെ ശത്രുവിന്റെ പേര് നീ വീടിന്മേൽ എഴുതിവച്ചിരിക്കുന്നത് എന്ന് ചോദിച്ചു സഹോദരനെ ശാസിച്ചു. അപ്പോൾ വിഭീഷണൻ പറഞ്ഞു ഇത് രാവണൻ എന്ന പേരിന്റെ രായും മണ്ഡോദരി എന്ന പേരിന്റെ മായും ആണ്. രാവണൻ അതീവ സന്തുഷ്ടനായി ഈ പേര് ലങ്കയിലെ എല്ലാ വീടുകളിലും എഴുതിവയ്ക്കാൻ കൽപ്പന നൽകി.

വായനക്കാർക്ക് കഥകൾ ഇഷ്ടമായികാണുമല്ലോ? വർഷത്തിൽ ഒരു മാസമല്ല,  പ്രതിദിനം ഈശ്വരചിന്തയിൽ ഏർപ്പെടുന്നത് മാനസിക ആരോഗ്യം വളർത്താനും നന്മയുടെ വഴിയിലൂടെ നടക്കാനും ശക്തി പകരുന്നു.ഏതു ഈശ്വരൻ ശരിയെന്നു വാദിച്ചു സമയം കളയുമ്പോഴാണ് മനുഷ്യരാശി യുദ്ധക്കളങ്ങളിൽ ജീവൻ വെടിയുന്നത്. എന്തിനാണ് ഈശ്വരന്റെ മേൽവിലാസം അന്വേഷിക്കുന്നത്. ഓരോ മതത്തിലും നേരായ മാർഗത്തിലൂടെ നടക്കാനുള്ള നിർദേശങ്ങൾ ഉണ്ടല്ലോ. 

ചിങ്ങമാസം വരുന്നു. ഐതിഹ്യങ്ങളും ആഘോഷങ്ങളുമായി. നമ്മുടെ മലയാള നാട് ഒരു വധുവിനെപോലെ ഈ മാസക്കാലം അണിഞ്ഞൊരുങ്ങുന്നു. ഒപ്പം ജനങ്ങളും പുത്തൻ കോടിയുടുപ്പും പാട്ടും കളിയുമായി അഭിരമിക്കുന്നു . ജീവിതം ആഘോഷമാക്കുക. എല്ലാവരെയും  സ്നേഹിക്കുക. ലോകാ സമസ്താഃ സുഖിനോ ഭവന്തു.!
ശുഭം
 

Join WhatsApp News
Babu menon 2025-08-17 02:49:16
ഭഗവത് ഗീത മൂന്നാം അധ്യായം വായിച്ചു. ഇങ്ങനെ ഓരോ ലക്കമായി പറയുമ്പോൾ അത് കൂടുതലായി മനസ്സിലാക്കാൻ എളുപ്പമാണ്. സുധീർ പറയുന്ന വിധവും ലളിതം. ജയ് ശ്രീകൃഷ്ണ സ്നേഹത്തോടെ ബാബു മേനോൻ, ഒറ്റപ്പാലം🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക