Image

സെപ്റ്റംബറില്‍ മോദിക്ക് 75 വയസ്; പടിയിറക്കത്തിന് സമയമായെന്ന് ആര്‍.എസ്.എസ്? (എ.എസ് ശ്രീകുമാര്‍)

Published on 17 August, 2025
സെപ്റ്റംബറില്‍ മോദിക്ക് 75 വയസ്; പടിയിറക്കത്തിന് സമയമായെന്ന് ആര്‍.എസ്.എസ്? (എ.എസ് ശ്രീകുമാര്‍)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വരുന്ന സെപ്റ്റംബര്‍ 17-ന് 75 വയസ് തികയും. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം  ഈ ഡയമണ്ട് ജൂബിലി പിറന്നാള്‍ ദിനം അത്ര സന്തോഷം പകരുന്ന ഒന്നായിരിക്കില്ല. തുടര്‍ച്ചയായി മൂന്നാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചരിത്രമെഴുതിയ മോദിക്ക് ഇനിയൊരു തവണകൂടി ആ സ്ഥാനത്ത് ഇരിക്കുമോ എന്നതാണ് നിരീക്ഷകർ ഉറ്റു നോക്കുന്നത് .  ബി.ജെ.പിയുടെ മാതൃ സംഘടനയും പാര്‍ട്ടിയുടെ സൈദ്ധാന്തിക ഘടകവുമായ ആര്‍.എസ്.എസിന്റെ ഒരു അലിഖിത നിയമം മോദിക്കുമേല്‍ ചൂഴ്ന്ന് നില്‍ക്കുന്നു. അതിനൊരു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മോദി ആര്‍.എസ്.എസിനെ വാനോളം പുകഴ്ത്തിയത്.

ഇത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും പ്രധാനമന്ത്രി പദത്തിന്റെ നിലനില്‍പ്പാണ് മോദിയെക്കൊണ്ട് അങ്ങനെ പറയിച്ചതെങ്ങ് പലരും കരുതുന്നു. രാജ്യത്തെ സംബന്ധിക്കുന്ന അടിയന്തര പ്രാധാന്യമുള്ളതും ഗൗരവതരവുമായ വിഷയങ്ങളെപ്പറ്റിയാണ് സാധാരണ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിമാര്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് രാജ്യത്തോട് സംസാരിക്കുക. പക്ഷേ ഇന്ത്യയുടെ പൊതു താത്പര്യത്തെ ഒട്ടും ബാധിക്കാത്ത ഒരു ആര്‍.എസ്.എസ് സ്തുതി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കടന്നുവന്നു. പതിറ്റാണ്ടുകള്‍ നീണ്ട സജീവവും സംഭവബഹുലവുമായ മോദിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാന്‍ പോവുകയാണോ എന്ന അശരീരി സമീപത്തു നിന്നു തന്നെ മുഴങ്ങുന്നുന്നത് തന്നെ കാരണം.

ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര സംഘടന, അതായത് എന്‍.ജി.ഒ ആണ് ആര്‍.എസ്.എസ് എന്നാണ് മോദി പറഞ്ഞത്. ഇക്കൊല്ലം ആര്‍.എസ്.എസ് 100-ാം വാര്‍ഷികം ആഘോഷം നടക്കുമെങ്കിലും മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇതിന് യാതൊരു പ്രസക്തിയുമില്ല. ആര്‍.എസ്.എസിനെ പ്രീതിപ്പെടുത്തി സ്വന്തം വിരമിക്കല്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോദിയുടെ ആര്‍.എസ്.എസ് സ്തുതിയെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. 75 വയസ് പൂര്‍ത്തിയായാല്‍ നേതാക്കള്‍ പുതിയ തലമുറയ്ക്കുവേണ്ടി വഴിമാറിക്കൊടുക്കണം എന്നാണ് ആര്‍.എസ്.എസിന്റെ പരമ്പരാഗത രീതിശാസ്ത്രം. ഇതില്‍ മോദിയെന്നോ അമിത്ഷായെന്നോ യാതൊരു ഭേദവുമില്ല. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കള്‍ ഈ പ്രായ പരിധി മാനദണ്ഡത്തില്‍ വിരമിച്ച ഉന്നത നേതാക്കളാണ്.

അപ്പോള്‍ മോദിയും ഈ കീഴ്‌വഴക്കം പാലിച്ചേ മതിയാവൂ. കാരണം ആര്‍.എസ്.എസിന്റെ നിയമസംഹിതയ്ക്ക് ബി.ജെ.പി വഴങ്ങാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. 80 വയസ് കഴിഞ്ഞിട്ടും പിണറായി വിജയന് പലവിധ ഇളവുകളും പദവികളും കൊടുത്ത സി.പി.എമ്മിന്റെ വീരാരാധന പോലെയല്ല ആര്‍.എസ്.എസിന്റെ നിലപാട്. മോദി ഈ പ്രായ പരിധി പാലിക്കണമെന്ന തരത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞമാസം ജൂലൈയില്‍ നാഗ്പുരില്‍ വച്ച്, ആര്‍.എസ്.എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിയില്‍ ഒരു സുപ്രധാന അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി.

75 വയസ്സ് തികഞ്ഞ് ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ഥം നിങ്ങള്‍ക്ക് വയസ്സായി മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് ഓര്‍മപ്പെടുത്തിയായിരുന്നു അന്ന് ഭാഗവതിന്റെ പരാമര്‍ശം. രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണം ഉണ്ടായിരുന്നിട്ടും, പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്നും ഭാഗവത്  ഭംഗ്യന്തരേണ പറഞ്ഞിരുന്നു. മോഹന്‍ ഭാഗവതിന്റെ ഈ പരാമര്‍ശം മറ്റാരെയുമല്ല, മോദിയെത്തന്നെയാണ് ലക്ഷ്യം വെച്ചതെന്ന് സ്പഷ്ടമാണ്. ലോകരാഷ്ടങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു പ്രതിച്ഛായയിലേയ്ക്ക് അതിവേഗം നടന്നുകയറിയ മോദിക്ക് 75 തികയുമ്പോള്‍ പ്രധാനമന്ത്രി പദം വിട്ടൊഴിയുകയെന്നതിനെപ്പറ്റി ചിന്തിക്കാനാവില്ല.

ആ വൈകാരികതയില്‍ തളയ്ക്കപ്പെട്ടതിനാലാണ് അനവസരത്തിലും മോദി ചില്ലറ ഇളവുകള്‍ക്കായി ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ച് ചെങ്കോട്ടയില്‍ സംസാരിച്ചത്. ബി.ജെ.പിയും ആര്‍.എസ്.എസും തമ്മിലുള്ള മൂപ്പിളമ തര്‍ക്കങ്ങളില്‍ തീവ്ര ഹിന്ദുത്വ ദേശീയവാദ സംഘടനയായ ആര്‍.എസ്.എസിനാണ് എന്നും മേല്‍ക്കൈ. നാലുമാസങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര മോദി നാഗ്പൂരിലെ ബി.ജെ.പി ആസ്ഥാനത്തെത്തി മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍.എസ്.എസുമായുള്ള പ്രശ്‌നങ്ങൾ  പരിഹരിക്കുന്നതിനായിരുന്നു മോദിയുടെ ഈ സന്ദര്‍ശനം. പ്രധാനമന്ത്രി പദത്തിലിരിക്കെ ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ആര്‍.എസ്.എസ് ആസ്ഥാനത്തെത്തുന്നത്. ഈ കൂടിക്കാഴ്ചയില്‍ ആര്‍.എസ്.എസ് നിശ്ചയിച്ച വ്യക്തിയാണ് ബി.ജെ.പി പ്രസിഡന്റായ ജെ.പി നദ്ദയെന്നോര്‍ക്കണം. അങ്ങനെയെല്ലാക്കാര്യത്തിലും ബി.ജെ.പിയെ നിയന്ത്രിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ്.

വാസ്തവത്തില്‍ ആര്‍.എസ്.എസിന്റെ ഇഷ്ടങ്ങളെല്ലാം അതിന്റെ മെരിറ്റ് നോക്കാതെ സാധിച്ചുകൊടുത്ത പ്രധാനമന്ത്രിയാണ് മോദി. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, അയോധ്യയിലെ രാമക്ഷേത്ര സമര്‍പ്പണം തുടങ്ങിയവ ഉദാഹരണം. 2024-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നത് ആര്‍.എസ്.എസിന്റെ വിമര്‍ശനത്തിനിടയാക്കി. തങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുണ്ട്, ആര്‍.എസ്.എസിന്റെ പിന്തുണയൊന്നും വേണ്ട എന്ന ചില ബി.ജെ.പി നേതാക്കളുടെ നിലപാടും അവരെ ചൊടിപ്പിച്ചു.

ഈ സാഹചര്യത്തില്‍ ആർ.എസ്. എസിനോട് കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങളാണ് കുറേ നാളുകളായി നരേന്ദ്ര മോദി നടത്തിക്കൊണ്ടിരിക്കുന്നത്. ലോക്‌സഭയിലെ 240 ബി.ജെ.പി എം.പിമാരില്‍ 190 പേര്‍ കടുത്ത ആര്‍.എസ്.എസ് നിലപാട് പുലര്‍ത്തുന്നവരാണ്. 50 പേര്‍ മാത്രമാണ് മോദിയുടെ വ്യക്തിപ്രഭാവത്തില്‍ കൂറ് പുലര്‍ത്തുന്നവര്‍. 75 വയസ്  പൂര്‍ത്തിയാവുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ മോദിയുടെ പടിയിറക്കത്തിന് കാര്യകാരണങ്ങളാവുമെന്നാണ് രാഷ്ട്രീയ ഉപശാലാ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍. സൂര്യന്‍ ഒരിക്കലും അസ്തമിക്കുന്നില്ല. ഭൂമിയാണ് കറങ്ങുന്നത്. ഇവിടെ ആര്‍.എസ്.എസ് എന്ന സൂര്യന് ചുറ്റും ബി.ജെ.പി ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഉപഗ്രഹമായ ചന്ദ്രനെപ്പോലെ, മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വൃദ്ധിക്ഷയങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.   
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക