Image

ജടായൂപാറ എന്ന സിനിമ (തമ്പി ആന്റണി)

Published on 18 August, 2025
ജടായൂപാറ എന്ന സിനിമ (തമ്പി ആന്റണി)

ജടായൂ പാറ എന്നൊരു സിനിമയുണ്ടോ? അതായിരിക്കും ഇങ്ങനെ ഒരു ശീർഷകം കാണുബോൾ എല്ലാവരും ചിന്തിക്കുന്നത് . എന്നാൽ അങ്ങനെ ഒരു സിനിമ ഒരിക്കലും പൂത്തീകരിച്ചിട്ടില്ല. അതുപോലെ  ഒരിക്കലും പൂർത്തിയാകാതിരുന്ന മറ്റൊരു സിനിമയെപ്പറ്റിയാണ് ഇന്നു പറയാൻ പോകുന്നത് .

ആദ്യമേ പറയട്ടെ ജടായൂ പാറയിൽ ഒരു ജടായുവിന്റെ ശിൽപം എന്ന ആശയം രാജീവ് അഞ്ചലിന്റെ മനസ്സിൽ ആദ്യം  രൂപപ്പെട്ടത് കാലിഫോർണിയായിൽവെച്ചാണ്. ഞങ്ങൾ ഒന്നിച്ചു സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ തീരങ്ങളിലെ ഏറ്റവും ഉയരംകൂടിയ പർവ്വതമായ മൗണ്ട് ഡയാബ്ലോ എന്ന മലമുകളിലേക്ക് ഒരിക്കൽ ഒരു യാത്ര പോയിരുന്നു. ഡെവിൾ മൗണ്ടൻ അല്ലെങ്കിൽ  ചെകുത്താൻ കുന്ന് എന്നാണ് മൗണ്ട് ഡയാബ്ലോ എന്ന സ്പാനിഷ് പദത്തിന്റെ അർഥം. 1800 ൽ  സ്പാനിഷ്‌കാരാണ് ആദ്യം ഈ മലനിരകൾ കീഴടക്കിയത്. ആദ്യം  പോയവരൊക്കെ വഴിതെറ്റി എങ്ങുമെത്താതെ തിരിച്ചുവന്നു. ഇരുട്ടിൽ പലരൂപങ്ങളും കണ്ടു എന്നു കഥകൾ കെട്ടിച്ചമച്ചു, അതിനുശേഷം അവർതന്നെ ഇട്ട പേരാണ് ഈ ചെകുത്താൻകുന്ന് എന്നത്. ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച  എന്റെ ആദ്യത്തെ നോവലിനു ഭൂതത്താൻകുന്ന് എന്നു പേരിടാനുള്ള കാരണവും ഈ മലനിരകൾതന്നെയാണ്. എന്റെ വീടിന്റെ ജനാലയില്കൂടി നോക്കിയാൽ വ്യക്തമായി കാണുന്ന ഈ ചെകുത്താൻ കുന്നിൽനിന്നുള്ള ഒരു യാത്രയാണ് ആ പുസ്തകം. സാൻ ഫ്രാൻസികോ ഉൾക്കടൽതീരങ്ങളിൽ മഞ്ഞു വീഴുന്ന ഒരേയൊരു കുന്നിൻപുറവും ഇതുതന്നെയാണ് .

ഏകദേശം നാലായിരം അടി ഉയരമുള്ള ഈ മലയുടെ മുകളിൽ നിന്നാൽ ചുറ്റുപാടുമുള്ള ചെറുമലനിരകളും പട്ടണങ്ങളും താഴ്‌വാരങ്ങളും, അങ്ങുദൂരെ പസഫിക് സമുദ്രവും ഇടകലർന്നു കിടക്കുന്ന കാഴ്ചയാണ്. അവിടെ ഒരു മനോഹരമായ കാഴ്ചകൾ കാണാം അതിനായി ഒരു ടവറം അതിനോടനുബന്ധിച്ച്
മ്യുസിയവും ഉണ്ട്. അതിനുള്ളിൽ അതു കണ്ടെത്തിയതിന്റെ ചരിത്രമൊക്കെ പാടങ്ങളിലും എഴുത്തുകളിലുമായി പ്രദർശിപ്പിച്ചിട്ടുണ്ട്. 1851ൽ കണ്ടെത്തിയ ഈ മലനിരകൾ വർഷങ്ങൾക്കു ശേഷമാണ്  കാലിഫോർണിയ സ്റ്റേറ്റ് പാർക്കായി പ്രഖ്യാപിച്ചു വിനോദ സഞ്ചാരികൾക്കായി തുറന്നിട്ടത്‌. ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂപ്രദേശം ചുറ്റുപാടും കാണാവുന്ന രണ്ടാമത്തെ പർവ്വതമാണ് മൗണ്ട് ഡയാബ്ലോ. ആദ്യത്തേത് ആഫ്രിക്കയിലുള്ള കിളിമഞ്ചാരോയാണ് .

അവിടെ നിന്നപ്പോൾ കേരളത്തിൽ ഇങ്ങനെയുള്ള ഉപയോഗശൂയിന്ന്യമായി കിടക്കുന്ന മനോഹരമായ മലകളെപ്പറ്റിയാണ് രാജീവ് ചിന്തിച്ചത്. ആദ്യം മനസ്സിൽ വന്നത് സ്വന്തം ജില്ലയിലുള്ള ജടായൂ പാറയെപറ്റിയാണ്. ഞാൻ അവിടെ പോയിട്ടില്ലായിരുന്നെങ്കിലും രാജീവ് പറഞ്ഞപ്പോൾ ആ ഉയരംകൂടിയ പാറയിൽ ഒന്നു കയറണമെന്നു തോന്നിയിരുന്നു. പിന്നീടാണ് അത് ഡെവിൾ മൗണ്ടൻപോലൊരു ടൂറിസ്റ്റ് പാർക്കായി വികസിപ്പിക്കണമെന്ന ആശയം ഉദിച്ചത്. പക്ഷെ ഒരു സിനിമാ സംവിധായകനും ശില്പിയുമായ രാജീവ് ആദ്യം ഒരു സിനിമയും പിന്നീട് ഒരു ശില്പവുമാണ് ഭാവനയിൽ കണ്ടത്. പേരിൽത്തന്നെ ജടായൂ ഉള്ളതുകൊണ്ട് ജടായൂ പക്ഷിയുടെ പറഞ്ഞുകേട്ട കഥയിൽത്തന്നെയാവാം ചിറകൊടിഞ്ഞ ജടായൂ പക്ഷി എന്നൊരു ശില്പം എന്നൊരു ചിന്ത ഉദിച്ചത്. എന്നെ വെച്ചുള്ള ബിയോണ്ട് ദി സോൾ, മെയ്ഡ് ഇൻ യൂ എസ എ എനീ  സിനിമകൾ ചെയ്തപ്പോൾമുതലാണ് അങ്ങനെ ഒരു സിനിമയെപ്പറ്റി ചിന്തിച്ചതെന്നു തോന്നുന്നു. ആ പാറക്കു മുകളിലിൽ ഭീമാകാരമായ ഒരു ജടായൂവിന്റെ ശിൽപ്പം പണിയാൻ വരുന്ന ശില്പിയായിട്ടുതന്നെയാണ് എന്നെ കാസ്റ്റ് ചെയ്തത്. അങ്ങനെ ഒരു തീരുമാനം അദ്ദേഹം എന്നെ വിളിച്ചുപറഞ്ഞപ്പോൾ എനിക്കും സന്തോഷം തോന്നി. സിനിമയിൽകൂടെയാണങ്കിലും വലിയ ഒരു പ്രോജെക്റ്റിന്റെ ആർക്കിടെക്ച്ചറായി വരാനുള്ള ഭാഗ്യം സാധിക്കുക എന്നത് ഒരു ചെറിയ കാര്യമല്ലായിരുന്നു.

Mount Diablo (devil mountain)

ഞാൻ നാട്ടിൽവന്നപ്പോൾ ഒരു ദിവസം പാറയിൽ കയറാനായി എന്നെ അനന്തപുരിയിലേക്കു വിളിച്ചു. ഞാൻ അവിടെ എത്തിയപ്പോഴാണ് പറഞ്ഞത് അടുത്തദിവസം രാവിലെതന്നെ ജടായൂപറയിലേക്കു പോകണമെന്നു. വെളുപ്പിന് ആറുമണിക്ക് പ്രസസ്ഥ  ഫോട്ടോഗ്രാഫർ ജയചദ്രനും കോസ്റ്റ്യുമാറും മായ്ക്കപ്പ് മാനുമൊക്കെയായിയാണ് രാജീവ് വന്നത്. ഒരു ശില്പിയുടെ സിനിമ എടുക്കണമെന്നു പറഞ്ഞിരുന്നെങ്കിലും, അത്രയൊന്നും ഞാൻ പ്രതീഷിച്ചിരുന്നില്ല. ഒരു മണിക്കൂറോളം ഒരുക്കം കഴിഞ്ഞപ്പോൾ ഞാനൊരു ശില്പിയായി കഴിഞ്ഞിരുന്നു. അങ്ങനെ ആ കൊച്ചുവെളുപ്പാൻ കാലത്തുതന്നെ എന്റെ കാറിൽ ചടയമംഗലത്തേക്കു തിരിച്ചു. അപ്പോഴേക്കും സൂര്യൻ ഉദിച്ചിരുന്നു. 
കാലിഫോർണിയയിലെ തണുത്ത കാലാവസ്ഥയിൽനിന്നു വന്നതുകൊണ്ടായിരിക്കണം അതികഠിനമായ ചൂടനുഭവപ്പെട്ടു. ജീൻസും കട്ടിയുള്ള ജാക്കറ്റ് പോലെയുള്ള കൊട്ടുംകൂടെ ആയപ്പോൾ പിന്നെ പറയുകയും വേണ്ട . ഞങ്ങൾ നാലുപേരുംകൂടി ചടയമംഗലത്തിറങ്ങി ജടായൂപാറയിലേക്കു മെല്ലെ. നടന്നുകയറി. മുകളിൽ ചെന്നപ്പോഴേക്കും എല്ലാവരെയും നന്നായി വിയർക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ ജയചന്ദ്രൻ ക്യാമെറ എടുത്തു എന്നെ തിരുത്തിയും നിർത്തിയും നടത്തിയും കുറേ മനോഹരമായ ചിത്രങ്ങൾ എടുത്തു . എല്ലാം കഴിഞ്ഞു ചൂടിന്റെ ആഘാതം കൂടുന്നതിനുമുൻപുതന്നെ മലയിറങ്ങി. അന്നു മനോരമയുടെ പ്രധാന ഫോട്ടോഗ്രാഫറായിരുന്ന ജയചന്ദ്രൻ എടുത്ത ഫോട്ടോകൾ അതിമനോഹരമായിരുന്നു .അതിൽ ഒന്നുമാത്രമേ ഇപ്പോൾ എന്റെ കൈയിൽ ഉള്ളു . മനോരമയിൽനിന്നും പത്രാധിപർ ജോസ് പനച്ചിപ്പുറമാണ് ഒരു സൺഡേ പേജിലേക്ക് ജടായുപാറയെപ്പറ്റി ഒരു സ്റ്റോറി ചെയ്യുന്നതിനായി ജയചന്ദ്രനെ അയച്ചത്. സ്റ്റോറിയൊക്കെ അടുത്ത സൺഡേ സപ്പ്ളിമെന്റിൽ ഗംഭീര വാർത്തയായി വന്നു.

എനിക്ക് ഇന്റർനാഷണൽ അംഗീകാരം കിട്ടിയ ബീയോണ്ട് ദി സോളിനുശേഷം ഞാനും രാജീവ് അഞ്ചലും ഒന്നിക്കുന്ന സിനിമയെപ്പറ്റിയുള്ള ആ വാർത്ത ഒരുപാടു പ്രതീക്ഷ നൽകുന്നതായിരുന്നു.
എന്നാൽ ശില്പം പ്രധീക്ഷിച്ചതിലും ഒരു വലിയ പ്രൊജക്റ്റ് ആയിരുന്നതുകൊണ്ട്, സിനിമക്കു സ്ക്രിപ്റ്റ് എഴുതാനോ അതിനു വേണ്ടി ഇൻവെസ്റ്ററെ കണ്ടുപിടിക്കാനോ രാജീവിനു സമയം ഒത്തുവന്നില്ല. അതുകൊണ്ട് ജടായൂ എന്ന സ്വപ്ന പദ്ധതി എങ്ങുമെത്താതെ ശൈശവത്തിൽത്തന്നെ ഇല്ലാതെയായി . അങ്ങനെ മോഹൻലാലിന്റെ ആദ്യ സിനിമയായ തിരമാല എന്ന തീരാമാലപോലെ ഒരിക്കലും വെളിച്ചം കാണാത്ത എത്രയെത്ര സിനിമകൾ .

ജടായൂ വിന്റെ കഥ

പുരാണത്തിലെ കഥാപാത്രമായ ജടായൂ  ഉയരത്തിൽ പറന്ന് തന്റെ നഖങ്ങളും തൊപ്പിയും ചിറകുകളും ഉപയോഗിച്ച് രാവണനെ കീറി നുറുക്കി, ആ രാക്ഷസരാജാവുമായുള്ള പോരാട്ടം അതിശയകരവും ഉഗ്രവുമായിരുന്നു. പക്ഷേ ശക്തനും ദൃഢനിശ്ചയവാനുമായ രാവണൻ തന്റെ വാൾ എടുത്ത് ജടായുവിന്റെ ചിറകുകൾ വെട്ടിമുറിച്ചു. ധീരനായ പക്ഷി ഒറ്റച്ചിറകുമായി ഭൂമിയിലേക്ക് വീണു, ഗുരുതരമായി പരിക്കേറ്റ്. അന്ന് ചടയമംഗലത്തുള്ള ജടായൂ പാറയിൽ വീണു എന്നുള്ള വിശ്വാസമാണ്. ആ മഹാസംഭവത്തിന്റെ ഓർമ്മക്കായിയാണ് ജടായൂ ശില്പത്തിന്റെ നിർമിതി .. സന്ദർശകർക്കായി പാറമുകളിലേക്കു റോപ് വേ യാത്രക്കുള്ള സൗകര്യവും ശില്പത്തോടനുബന്ധിച്ചു സ്ഥാപിച്ചിട്ടുണ്ട്. എക്കോടൂറിസത്തിന്റെ ഭാഗമായി സര്ക്കാരിന്റെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച ഈ ഭീമാകാരമായ ശില്പം ഇന്ന് ദിവസംതോറും ആയിരത്തിലധികം സന്ദർശകരെ ആകർഷിക്കുന്നു. ഇന്നിത് കെരളത്തിലെ ഒരു സുപ്രധാനമായ വിനോദ സഞ്ചാര കേന്ദ്രംകൂടിയാണ് . ഇതിന്റെ ശില്പിയായ രാജീവ് അഞ്ചലിന് എന്നെന്നും അഭിമാനിക്കാവുന്ന ഒരു നിർമിതി തന്നെ ആയിരിക്കും  ഇതെന്ന കാര്യത്തിൽ സംശയമില്ല . 

ജടായു എർത്ത്‌സ് സെന്റർ എന്നറിയപ്പെടുന്ന ജടായു നേച്ചർ പാർക്ക് കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 350 മീറ്റർ (1200 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മേൽത്തട്ടിലെത്താൻ ഇവിടെ ഒരു കേബിൾ കാർ സംവിധാനം ലഭ്യമാണ്, കേരളത്തിലെ ഏക കേബിൾ കാർ ഇതാണ്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിയുടെ ശില്പം എന്ന ബഹുമതി ജടായുവിനാണ് ലഭിച്ചത്.

ജടായു മ്യൂസിയം

ഇത് അഞ്ചുനിലകളുള്ള വലിയ ശില്പം, ഒരു മ്യൂസിയം, ജടായുവും റാവണനും തമ്മിലുള്ള മഹാഭാരത പോരാട്ടം അനിമേറ്റഡ് ഫിലിം ആയി പ്രദർശിപ്പിക്കുന്ന മൾട്ടി-ഡൈമെൻഷണൽ തിയേറ്റർ എന്നിവയെ ഉൾക്കൊള്ളുന്നു. ഇതിന് പുറമേ, ജടായു എർത്ത്‌സ് സെന്ററിൽ പരമ്പരാഗത കലാരൂപങ്ങൾ, പ്രദർശനങ്ങൾ, ജനകീയകലാപ്രകടനങ്ങൾ എന്നിവ അവതരിപ്പിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രവുമുണ്ട്.

അഡ്വെഞ്ചർ പാർക്ക്

അഡ്വെഞ്ചർ റോക്ക് ഹില്ലിൽ സ്ഥിതിചെയ്യുന്ന പാർക്ക് 2017 ഡിസംബർ 5ന് പൊതുജനങ്ങൾക്ക് തുറന്നുകിട്ടി.

കേവ് റിസോർട്ട്

ജടായു റാവണനുമായി നടത്തിയ പോരാട്ടത്തിന് ശേഷം ഒരു ഗുഹയിലേക്കു പോയി അഭയം തേടിയെന്നു വിശ്വസിക്കപ്പെടുന്നു. ഇപ്പോൾ നിർമ്മാണത്തിൽ ഉള്ള ആയുര്‍വേദ-സിദ്ധ ചികിത്സാ cave resort-ല്‍, ജടായുവിന്റെ കഥകളോടൊപ്പം ആയുര്‍വേദ ചികിത്സയും ലഭ്യമാകും.
എന്നാലും ആദ്യം പ്ലാൻ ചെയ്തതുപോലെ ഒരിക്കലും നടക്കാതെ പോയ ഒരു സിനിമയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടാകും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക