അന്നൊരു ഓഗസ്റ്റ് പതിനഞ്ചിന്.......
സ്ക്കൂള് മൊടക്കാലോ അന്ന്. ഞങ്ങടെ ആലങ്കാട് ശങ്കര യു പി സ്കൂളിലും പതാക ഉയർത്തല്ണ്ട് ല്ലോ. എല്ലാരും പോവാറൊന്നൂല്ല്യ. പോണംന്ന് നിർബന്ധോല്യ.
ഓഗസ്റ്റ് പതിനഞ്ചെന്നാല് ഞങ്ങള് കുട്ട്യോൾക്ക് എവടെച്ചെന്നാലും മിഠായി കിട്ടണ ഒരു ദെവസം. അതാ ഞങ്ങടെ മനസ്സിലെ സാതന്ത്ര്യദിനം.
അങ്ങനെ ഞങ്ങള് കാലത്തന്നെ കുളിച്ച് റെഡ്യായി. അല്ല. കുളിച്ചൂന്നൊന്നും പറയാൻ പറ്റില്ല. അന്ന് കാലത്തൊന്നും കുളിക്കണ ഏർപ്പാടില്ല. പായേല് മൂത്രൊഴിക്കൊണോര് മാത്രം കാലത്ത് കുളിക്കും. ബാക്കിള്ളോരൊക്കെ ഉമിക്കരിട്ട് പല്ലേച്ച് മൊഖൊക്കെ കഴ്കി ത്തിരി കുട്ടിക്കൂറ പൗഡൊറൊക്കെ ഇട്ട് തലമുടിയൊക്കെ രണ്ട് ഭാഗത്തും മെടഞ്ഞ് മടക്കി കെട്ടി ഉടുപ്പൊക്കെ ഇട്ട് മിഠായി പിരിക്കാനെറങ്ങും. ( കുളിക്കാത്തേന് ഒന്നും വിചാരിക്കണ്ട. ക്രിസ്ത്യാന്യോളൊക്കെ അങ്ങനാർന്നു അന്ന്.)
ആ ഓഗസ്റ്റ് പതിനഞ്ചിന് ഞങ്ങള് വിചാരിച്ചു. ഇക്കൊല്ലം സ്ക്കൂളി പോവാന്ന്. സ്കൂളില് എന്തോ സ്പെഷലുണ്ടെന്ന് പറയണ കേട്ടോണ്ടാ അങ്ങനെ വിചാരിച്ചത്. അതോണ്ട് പച്ചപ്പാവാടേം പപ്പടക്കളർ ജാക്കറ്റും എടുത്തിട്ടു. അതാരുന്നു യൂണിഫോം. കാലത്തെന്നെ എറങ്ങ്യാ ഹെൽത്ത് സെൻററ് ,പരമേട്ടൻ്റെ പലചരക്കുകട , അങ്ങനങ്ങനെ പോണ വഴിന്നൊക്കെ മിഠായി വേടിച്ച് വേടിച്ച് സ്ക്കൂളിലെത്താം. സ്കൂളിലെ പരിപാടി കഴിഞ്ഞാ വായനശാലേന്നും പിന്നെ നഴ്സറിന്നും മിഠായി കിട്ടും. ഓറഞ്ച് മഞ്ഞ പച്ച അങ്ങനെ.......
സ്കൂളിച്ചെന്നു. ഞങ്ങടെ സ്കൂളില് പ്രത്യേക നെയമങ്ങളാ. അനിയൻമാഷാ ഹെഡ്മാഷ്. സ്ക്കൂളിക്ക് വരണ വഴില് ഇടുതവശത്തൂടെ വരിവരിയായി പൊറകില് കൈകെട്ടി വരണം. സ്ക്കൂളിലേക്ക് പോണ സമയത്ത് അഞ്ചോ ആറോ പേരാവും ഒരു കൂട്ടം. എന്നാലും പൊറകില് പൊറകില് നടക്കണം. പരമേട്ടൻ്റെ പീടിക എത്തണവരെ വരിയൊന്നും വേണ്ട. അയ്യം കോട് മൂലേലാ പരമേട്ടൻ് പീടിക. അവടന്നങ്ങ് ട് ടാറിട്ട റോഡാ. അവടക്ക് തിരിഞ്ഞാ പിന്നെ നെയമം കർശനാ.
"ഇന്ന് സ്വതന്ത്ര്യദിനല്ലേ . ഇന്നിപ്പോ കയ്യൊന്നും പിന്നീ കെട്ടണ്ട. വേണെങ്കി വരിവരിയായി നടക്കാം. " എന്ന എൻ്റെ വാക്കുംപ്പൊറത്ത് എല്ലാരും കൈയ്യൊക്കെ വീശി ഉഷാറായി നടന്നു. പോണ വഴിന്നൊക്കെ മിഠായി വാങ്ങാൻ കൈ വേണോലോ.
അങ്ങനെ സ്കൂളിലെത്തിലെത്തിപ്പോ പതാക ഉയർത്താറായി. പിള്ളാരൊക്കെ ക്ലാസ് കണക്കിന് വരി പാലിച്ച് നിക്കണ്ട്. കൈ പിന്നീ കെട്ടിന്ന് പ്രത്യേകം പറയണ്ടല്ലോ. ഞാൻ കെട്ടാൻ പോയില്ല. എന്തിനാപ്പോത് ? സ്വാതന്ത്ര്യദിനല്ലേ അങ്ങനെ പതാക ഉയർത്തി. ജനഗണമന പാടി. മിഠായി വിതരണം ചെയ്തു. പിറകീന്ന് ഒരു കൈയ്യെടുത്ത് എല്ലാരും മിഠായി വാങ്ങി. പിന്നേം പൊറകി കെട്ടി. എനിക്കും കിട്ടി മിഠായി.
മാഷ് വരിൻ്റെടേക്കോടെ നടന്ന് വന്ന് ചൂരല് വെച്ച് എന്നെ തോണ്ടി. പൊറകീന്നായോണ്ട് പിന്നിനിക്കണ കുട്ട്യാന്ന് വിചാരിച്ച് ഞാൻ തിരിഞ്ഞോക്കി. അമ്പോ..... മാഷ്. മാഷടുത്ത് വന്നാ പേടിച്ച് മുള്ളും എല്ലാരും. കോന്തുണ്ണിമാഷെന്നാ കുറ്റം പേര്. ശരിക്കും ആ പേരാർന്നു മാഷക്ക് മുമ്പുണ്ടാർന്നത്. പിന്നെ പേര് മാറ്റീതാ. അപ്പഴും നല്ല പേരൊന്നും കിട്ടീല്യ ഈ മാഷിന് . അനിയൻ , ചേട്ടന്നൊക്കെ വേറെ ആർക്കേലും പേരുണ്ടാവോ?
അന്നൊന്നും ഹിറ്റ്ലറ് ആരാന്നൊന്നും അറിയില്ലാർന്നു. ഏഴാംക്ലാസ് വരെ ഹിറ്റ്ലറെപറ്റി പഠിപ്പിക്കണില്ലാന്നാ തോന്നണ്. അറിയാർന്നെങ്കി ആരെങ്കിലും അതിട്ടേനെ. മാഷ്ക്ക് പറ്റ്യ പേരതാർന്നു.
മാഷന്നെ ചൂരലോണ്ട് തോണ്ടി പൊറകേ വരാൻ പറഞ്ഞു. ഓഫീസ് റൂമില് അവടെ പഠിക്കണ കാലത്ത് മൂന്നോ നാലോ വട്ടേ ഞാൻ പോയിട്ടൊള്ളൊ . മർദ്ദനമുറിയാ അതെന്നാ അന്നെൻ്റെ ധാരണ. പേടിച്ച് മുള്ളാനും തൂറാനും മുട്ടി.
കൈയ്യ് പൊറകെ കെട്ടാത്തേനാ പിടിച്ചോണ്ടായത്. എന്തൊരു മാഷാത് . സ്വാതന്ത്ര്യം കുട്ട്യോൾക്കും പറഞ്ഞിട്ടുളളതല്ലേ. എന്നാലും എന്തൊരക്രമം.
"ഞാൻ മാത്രല്ല. റോഡിക്കോടെ വരുമ്പൊ അവളും അവനും പിന്നെ അവര് രണ്ടാളും കൈ കെട്ടിട്ടുണ്ടാർന്നില്ല. "
ഒരു ധൈര്യത്തിന് കൂട്ടാള്യോള് ഇണ്ടാവണത് നല്ലതല്ലേ. കൂട്ടുകാര്ന്ന് പറഞ്ഞാ അങ്ങനെ വേണ്ടേ. ഏതാപത്തിലും കൂടെ നിക്കണം.
അവരും വരിവരിയായി വന്ന് നിന്നു. ഞാനവരെ നോക്കാനേ പോയില്ല. പാവങ്ങള്. അവരുടെ പേടിച്ച മൊഖം കാണാനൊള്ള ധൈര്യം എനിക്കുണ്ടായില്ല.
ഓഫീസ്മുറിലെ ഗാന്ധിജിടെ ഫോട്ടത്തിലേക്ക് ദയനീയമായി നോക്കണ കണ്ടോണ്ടാണോ എന്തോ ചൂരല് മേശേല് നാല് വീശ് വീശി ശബ്ദണ്ടാക്കി. മാഷലറി.
"ഇപ്രാവശ്യം പൊക്കോ. മേലാലാവർത്തിക്കരുത്."
ഞങ്ങള് വാലും ചുരുട്ടി ഓടി. ഓടുമ്പഴും കൈയ്യ് പൊറക്കെട്ടാനും വരി പാലിക്കാനും മറന്നില്ലാട്ടോ.
പിന്നെ പോണ വഴിക്ക് കിട്ട്യ മിട്ടായില് പകുതീം പങ്കുവെച്ച് കൊടുത്തോണ്ട് കൂട്ടുകാരടെ പിണക്കം മാറി.
സ്വാതന്ത്ര്യദിനത്തിന് പോലും സ്വാതന്ത്ര്യം തരാത്ത സ്ക്കൂളിലെ സ്വാതന്ത്ര്യദിനത്തിന് പിന്നെ ഞാൻ പോയിട്ടേയില്ല.
ഇപ്പ സ്വാതന്ത്ര്യത്തിൻ്റെ നെറുകേലിരിക്കുന്ന ഈ സമയത്ത് എങ്ങോട്ട് പറക്കണം ന്നറിയാതെ ടെൻഷനടിച്ച് അടങ്ങിയൊതുങ്ങി കഴിയാണ്. അപ്പൊ കൊറച്ച് വെകിട്ടാണെങ്കിലും എല്ലാവർക്കും "സ്വാതന്ത്ര്യദിനാശംസകൾ "
പാരതന്ത്ര്യം ഇല്ലാത്തപ്പോ സ്വാതന്ത്ര്യം ഒരു രസോല്യാത്ത സാധനാ.