Image

അച്ചായന് ഇവിടെ സുഖം തന്നെ (കണ്ടതും കേട്ടതും 5: ജോണ്‍ ജെ. പുതുച്ചിറ)

Published on 18 August, 2025
അച്ചായന് ഇവിടെ സുഖം തന്നെ (കണ്ടതും കേട്ടതും 5: ജോണ്‍ ജെ. പുതുച്ചിറ)

മത്തായിച്ചേട്ടനും ഭാര്യ ഏലിയാമ്മയ്ക്കും പ്രായം ഏറെയായി പ്രായത്തിന്റെ അവശതകൾക്കു പുറമെ പലവിധ രോഗങ്ങളും അവരെ അലട്ടിക്കൊണ്ടിരുന്നു. സാമാന്യം നല്ല സാമ്പത്തികശേഷി ഉണ്ടായിരുന്നതിനാൽ മരുന്നു വാങ്ങുവാനോ മറ്റു ചിലവുകൾ നടന്നു പോകുന്നതിനോ തടസ്സം ഉണ്ടായിരുന്നില്ല.

അവർക്ക് മൂന്ന് ആൺമക്കൾ ഉണ്ട്. രോഗവും മറ്റ് പീഢകളും ആയിട്ടും മക്കൾ ആരും തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നത് ആ ദമ്പതികളുടെ ഒരു വലിയ പരാതിയായിരുന്നു. മറ്റെല്ലാം ഉണ്ടായിട്ടും മക്കളുടെ അസാന്നിദ്ധ്യം തന്നെയായിരുന്നു ആ ദമ്പതികളുടെ ഏറ്റവും വലിയ ദുഃഖം, അപൂർവ്വമായി എത്തുന്ന സന്ദർശകരോടും അവർ ആ പരിഭവം മറച്ചുവച്ചില്ല.


അങ്ങനെയിരിക്കെയാണ് ഇടവക വികാരി ഭവനസന്ദർശനത്തിന് എത്തിയത്. പ്രാർത്ഥനയ്ക്കുശേഷമുള്ള സംഭാഷണമദ്ധ്യേ മത്തായിച്ചേട്ടനും ഏലിയാമ്മയും അച്ഛനു മുന്നിലും പരാതിയുടെ കെട്ടഴിച്ചു.
“മറ്റെല്ലാമുണ്ടല്ലോ. പക്ഷെ മക്കളുതിരിഞ്ഞു നോക്കുന്നില്ല ആ ഒരു ദുഃഖമേയുള്ളൂ?" അവർ പറഞ്ഞു.

താൻ അവരെ വിളിച്ചു സംസാരിക്കാമെന്ന് അച്ചൻ പറഞ്ഞു. ന്യായ മായ സാമ്പത്തിക ചുറ്റുപാടുള്ള സ്ഥിതിക്ക് ഒരു ഹോംനഴ്സ‌സിനെ പരിചരണത്തിനുവേണ്ടി വച്ചുകൂടെ എന്നും അച്ചൻ തിരക്കി.
അതു നല്ലൊരു ഐഡിയായായി ആ വൃദ്ധദമ്പതികൾക്കും തോന്നി. പത്രത്തിൽ കണ്ട പരസ്യം അനുസരിച്ച മത്തായിച്ചേട്ടൻ പിറ്റേന്നുതന്നെ ഒരു ഹോം നഴ്‌സിങ് സ്ഥാപനത്തിലേക്ക് വിളിച്ച് ഹോം നേഴ്‌സിനെ ഏർപ്പാടാക്കി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ സലോമി എത്തി ഇരുപത്തിയഞ്ചു വയസ്സുകാരിയായ ഒരു യുവസുന്ദരി, അവൾ മത്തായിച്ചേട്ടന്റെയും ഏലിയാമ്മയുടെയും പരിചരണം ഏറ്റെടുത്തു. അത്യാവശ്യം വീട്ടുകാര്യങ്ങളിലും സഹായിച്ചു. കമ്പിയില്ലാകമ്പി എന്നോണം മത്തായിച്ചേട്ടന്റെ ആൺമക്കളെല്ലാം ആ വിവരം അപ്പോൾത്തന്നെ അറിഞ്ഞു.

കുരിശുംമൂട്ടിലെ കടയിൽനിന്ന് ഒരു മുഴുത്ത ഇറച്ചിക്കോഴിയേയും വാങ്ങിക്കൊണ്ട് മൂത്തമകൻ മാമ്മച്ചൻ പിറ്റേന്നുതന്നെ അച്ഛനെയും അമ്മയേയും കാണാനെത്തി.
ആ മാതാപിതാക്കൾക്കു സന്തോഷമായി മക്കളിൽ ഒരുവനെങ്കിലും വളരെക്കാലം കൂടിയാണെങ്കിലും തങ്ങളെ കാണാനെത്തിയല്ലോ. പോകുന്നതിന് മുമ്പ് ചിക്കൻ എല്ലാ ദിവസവും കറിവച്ച് മാതാപിതാ ക്കളെ കഴിപ്പിക്കണമെന്ന് സലോമിയെ പ്രത്യേകം ചുമതലപ്പെടുത്താനും മാമ്മച്ചൻ മറന്നില്ല

അതിനു പിന്നാലെ ബേക്കറിയിൽനിന്ന് ഒരു കേക്കും വാങ്ങി ക്കൊണ്ട് രണ്ടാമത്തെ പുത്രൻ തോമാച്ചനും വന്നു. മാതാപിതാക്കളുടെ സന്തോഷം ഇരട്ടിച്ചു. മക്കൾക്ക് ഓരോരുത്തർക്കുമായി മനംമാറ്റം വന്ന് തുടങ്ങിയല്ലോ. പോകാൻ നേരത്ത് തോമാച്ചൻ സലോമിയോടു പറഞ്ഞു: "അച്ഛനും അമ്മയ്ക്കും ഷുഗറാ. കേക്ക് അധികം കൊടുക്കേണ്ട. ബാക്കിയുള്ളത് നീ തിന്നോ", അതു പറഞ്ഞിട്ട് അവൻ അവളെ നോക്കി ഒന്നു കണ്ണിറുക്കി.

അരിഷ്ടവും കുഴമ്പുമൊക്കെയായിട്ടായിരുന്നു മൂന്നാമൻ മാത്തുക്കുട്ടി യുടെ സന്ദർശനം, വികാരിയച്ചൻ്റെ ഉപദേശപ്രകാരം മക്കളൊക്കെ തങ്ങളെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണെന്നായിരുന്നു ആ മാതാപിതാക്കളുടെ വിശ്വാസം.

എന്നാൽ മക്കളുടെ വരവ് ഒരു പതിവാകുകയും അവർ തങ്ങളേക്കാളേറെ സമയം സലോമിയോടൊപ്പം ചുറ്റിക്കളിക്കുന്നതും കണ്ടപ്പോൾ അവരുടെ ഉദ്ദേശശുദ്ധിയിൽ കിഴവനും കിഴവിക്കും സന്ദേഹമായി.

എന്തോ സംശയം തോന്നിയ മൂന്നു മരുമക്കളും കൂടി സംഘടിത മായി ഒരു ദിവസം കുടുംബവീട്ടിലേക്ക് ഒരു മിന്നൽ സന്ദർശനം നടത്തുകയും ചെയ്തു.
സുരസുന്ദരിയായ സലോമിയെ കണ്ടപ്പോൾത്തന്നെ അവർക്ക് തങ്ങളുടെ ഭർത്താക്കന്മാരുടെ അസുഖം പിടികിട്ടി.
"കിഴവനും ആയകാലത്ത് ഒട്ടും മോശമല്ലായിരുന്നു. ആ സ്വഭാവമാ ആൺമക്കൾക്കും കിട്ടിയിരിക്കുന്നത്". അവർ ഭർ ത്താക്കന്മാരെക്കുറിച്ചുള്ള പരിദേവനങ്ങളുടെ കെട്ടഴിച്ചു.
"അയൽവക്കത്തെ സുന്ദരിക്കോതമാരെ നോക്കാതിരിക്കാൻ വേണ്ടി ഞാൻ ജനലുകളിലെല്ലാം കോവലിൻ്റെ വള്ളി പടർത്തിയിടും" മരുമക്കളിൽ ഒരുവൾ പറഞ്ഞു.
"ഞാൻ ലാന്റ്ഫോൺ പൂട്ടിയിട്ടിട്ടെ പുറത്തോട്ടു പോകുമായിരുന്നുള്ളു. പക്ഷെ ഇപ്പോൾ മൊബൈൽ ഫോണിന്റെ കാലമായതുകൊണ്ട് രക്ഷയില്ല" രണ്ടാമത്തവൾ.
"അതിനൊക്കെ ഞാൻ നല്ല ഉപായം പറഞ്ഞുതരാം. രാവിലെ കരിങ്ങാലി വെള്ളമാണെന്നു പറഞ്ഞ് ഒരു ഗ്ലാസ്സ് കടുക്കാവെള്ളം സ്ട്രോങ്ങായിട്ട് കൊടുത്താൽ മതി. ഞാനതാ പ്രയോഗിക്കുന്നത്?". മൂന്നാമത്തവൾ.

ആ മൂന്ന് മരുമക്കളും ചേർന്ന് സലോമിയെ അന്നുതന്നെ അവിടുന്ന് കെട്ടുകെട്ടിച്ചു. പകരം പിറ്റേന്ന് മുതൽ കൊമ്പൻമീശക്കാരനായ ഒരു മെയിൽ നഴ്സിനെ ഏർപ്പാടു ചെയ്തു.
പിന്നെ മത്തായിച്ചേട്ടൻ്റെ ആൺമക്കളെയൊന്നും അതുവഴി കണ്ടിട്ടില്ല.മത്തായിച്ചേട്ടനും ഏലിയാമ്മച്ചേടത്തിയ്ക്കും വീണ്ടും ഏകാന്തവാസot

(തുടരും..)

Read More: https://www.emalayalee.com/writers/304


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക