അറ്റ്ലാന്റിക് സിറ്റി, ന്യു ജേഴ്‌സി: ഫോമാ ജനറൽ സെക്രട്ടറിയായി മികച്ച പ്രവർത്തനം കാഴ്ച വച്ച് അമേരിക്കയാകെ സൗഹൃദത്തിന്റെ ഒരു നെറ്റ് വർക്ക് സൃഷ്ടിച്ച ടി. ഉണ്ണികൃഷ്ണൻ കെ.എച്ച്. എൻ. എ. പ്രസിഡന്റായി വിജയിക്കുമെന്ന് ആർക്കും തന്നെ ഒരു സംശയവുമില്ലായിരുന്നു. പുത്തൻ ആശയങ്ങൾ, വേറിട്ട പ്രവർത്തന രീതി തുടങ്ങിവയൊക്കെ കൈമുതലും യുവത്വത്തിന്റെ പ്രസരിപ്പും വ്യത്യസ്തമായ കാഴ്ചപ്പാടും ഒത്തു ചേർന്ന് വലിയ പ്രതീക്ഷകൾ ഉണർത്തിയാണ് ഉണ്ണികൃഷ്ണനും ടീമും അധികാരത്തിലെത്തുന്നത്. സംഘടനയുടെ സുവർണ കാലമാകട്ടെ അതെന്ന് നമുക്ക് ആശംസിക്കാം.
2013 മുതൽ കെ.എച്ച്.എൻ. എ. ഡയറക്ടർ ബോർഡ്,ട്രസ്‌റ്റി ബോർഡ് എന്നിവയിൽ അംഗമായി പ്രവർത്തിക്കുകയും നിരവധി വർഷങ്ങളിൽ അഞ്ജലി മാഗസിൻ, കൺവൻഷൻ സോവനീർ എന്നിവയുടെ ചീഫ് എഡിറ്റർ ആയി പ്രവർത്തിക്കുകയും 2021 അരിസോണ കെ.എച്ച്.എൻ.എ കൺവൻഷൻ ചീഫ് ഇലൿഷൻ കമ്മീഷണർ ആയി സേവനം ചെയ്യുകയും ചെയ്ത ഉണ്ണികൃഷ്ണൻ നിലവിൽ സംഘടനയുടെ ട്രസ്റ്റി ബോർഡ് അംഗമാണ്.
2013 -ൽ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളീ (ആത്മ ) ഇന്ന് 300 ലധികം കുടുംബങ്ങളുള്ള ശക്തമായ സംഘടനകളിലൊന്നാണ്. 2013 -2016 കാലഘട്ടത്തിൽ ആത്മയുടെ പ്രഥമ പ്രസിഡന്റായും നിലവിൽ ട്രസ്റ്റീ ബോർഡ് ചെയർമാനായും പ്രവർത്തിക്കുന്നു.
2015 -ൽ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ കെ എച്ച് എൻ എ ശുഭാരംഭവും 2025 ഫെബ്രുവരിയിൽ 600 ലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 11 മുതൽ വൈകുന്നേരം 7:30 വരെ തുടർച്ചയായ പരിപാടികളോടെ നടത്തിയ വിരാട് 25 ഫ്ലോറിഡ ശുഭാരംഭവും ശ്രെദ്ധേയമായിരുന്നു. 2009 മുതൽ റ്റാമ്പാ അയ്യപ്പ ക്ഷേത്രത്തിന്റെ ലൈഫ് മെമ്പറായ ഉണ്ണികൃഷ്ണൻ നിലവിൽ ക്ഷേത്രത്തിന്റെ കമ്മ്യൂണിറ്റി ഔട്ട് റീച് കമ്മിറ്റിയുടെ ചെയർ ആയി പ്രവർത്തിക്കുന്നു
(ഫോമാ സെക്രട്ടറിയായിരിക്കെ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ)
പണം സമ്പാദിക്കുക എന്നുള്ളതല്ല ജീവിതലക്ഷ്യം: ടി.ഉണ്ണികൃഷ്ണൻ
മീട്ടു റഹ്മത്ത് കലാം
പ്രവാസം ആഗ്രഹിച്ചിരുന്നോ?
കായംകുളമാണ് സ്വദേശം. അച്ഛൻ പ്രൊഫ.കെ.ജി.തങ്കപ്പൻ കായംകുളം എംഎസ്എം കോളജിലെ രസതന്ത്രം വകുപ്പ് മേധാവിയായിരുന്നു. അമ്മ സുഷമ, സ്‌കൂൾ ടീച്ചർ. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ 2000-ലാണ് അമേരിക്കയിൽ വന്നത്. ഐടി ബൂം എന്ന് വിശേഷിപ്പിക്കുന്ന ആ കാലഘട്ടത്തിൽ പഠിച്ചിറങ്ങി, അമേരിക്കയിൽ ജോലി നേടുക എന്നുള്ളതു തന്നെയായിരുന്നു മിക്ക യുവാക്കളുടെയും ലക്‌ഷ്യം. കൂടെ പഠിച്ച നിരവധി സുഹൃത്തുക്കൾ ഇവിടെയുണ്ട്. വന്നകാലം മുതൽ, ഫ്ലോറിഡയിലെ ടാമ്പയിലാണ് താമസം.
കലാലയ രാഷ്ട്രീയം അത്രകണ്ട് പ്രബലമല്ലാത്ത സമയത്തായിരുന്നല്ലോ കോളജ് പഠനം, പ്രവാസജീവിതത്തിൽ സംഘാടനത്തിനോട് താല്പര്യം ഉടലെടുക്കാനുള്ള സ്വാധീനം എന്തായിരുന്നു?
എന്റെ സ്കൂൾ കാലഘട്ടത്തിൽ മാതാപിതാക്കൾ നൈജീരിയയിലായിരുന്നു. അവധി സമയത്ത് അവരുടെ അടുത്ത് പോയിരുന്നു. ബഥനി ബോർഡിങ്ങ് സ്‌കൂളിലായിരുന്നു ആറ് മുതൽ പത്ത് വരെ പഠിച്ചത്. വിദ്യാർത്ഥികളെ കൊച്ചുകൊച്ച് ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്ന അവിടത്തെ പരിശീലനം പിന്നീടുള്ള ജീവിതത്തിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. അച്ഛൻ പഠിപ്പിച്ചിരുന്ന കോളജിൽ തന്നെയായിരുന്നു എന്റെ ബിരുദപഠനം.
ഓൾ കേരളാ പ്രൈവറ്റ് കോളജ് ടീച്ചേർസ് അസോസിയേഷനിൽ അടക്കം എല്ലായിടങ്ങളിലും അച്ഛനൊരു സജീവ സാന്നിധ്യമായിരുന്നു. മുനിസിപ്പാലിറ്റി തലത്തിലുള്ള രാഷ്ട്രീയരംഗത്തും മരണം വരെ ഇടപെട്ടിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടി ഇറങ്ങിപ്രവർത്തിക്കാൻ അച്ഛനും , അമ്മയ്ക്കും വലിയ ഉത്സാഹമാണ്. അതൊക്കെ കണ്ടുവളർന്നതിന്റെ സ്വാധീനം ഉണ്ടായിരിക്കാം. പഠനകാലത്തു നടന്നിരുന്ന യുവജനോത്സങ്ങളുടെ സംഘാടനത്തിലൂടെയും കോളജ് ഡേയുടെയും ടെക് ഫെസ്റ്റ് പോലുള്ള പരിപാടികളുടെയും ചുമതല ഏറ്റെടുത്ത് നടപ്പിലാക്കിയതിലൂടെയും എന്നിലും ആ ഗുണങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു.
അമേരിക്കയിലെത്തിയ ആദ്യ നാലുവർഷങ്ങളിൽ മലയാളി അസ്സോസിയേഷനുകളിൽ സജീവമായിരുന്നില്ലെങ്കിലും ഇന്ത്യൻ കമ്മ്യൂണിറ്റിയുമായി അടുത്ത് ഇടപെട്ടിരുന്നു. തൊഴില്പരമായും ആ നെറ്റ്വർക്കിങ് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇന്ന് അമേരിക്കയിലായാലും, കാനഡയിലായാലും സ്വന്തം കുടുംബം എന്നതുപോലെ അടുപ്പമുള്ള ഒരുപാട് സുഹൃത്തുക്കളെ നേടിത്തന്നത് വിവിധ സംഘടനകളാണ്.
ഐടി പ്രൊഫഷണലുകൾക്ക് സാമൂഹിക ജീവിതമില്ലെന്നും അവർ യന്ത്രങ്ങളോട് അടിമപ്പെട്ടിരിക്കുന്നു എന്നും ആക്ഷേപമുണ്ടല്ലോ. താങ്കൾ അതിൽ നിന്നെങ്ങനെ വ്യത്യസ്തനായി?
ഐടി മേഖലയിലെ ജോലി ക്ലോക്കിന് അനുസൃതമായല്ല. എത്രനേരം വേണമെങ്കിലും യഥേഷ്ടം വർക്ക് ചെയ്യാം. അതുകൊണ്ടുതന്നെ, അതിയായ താല്പര്യത്തോടെ ചിലർ ജോലിയിൽ മുഴുകിപ്പോവുകയും കംപ്യൂട്ടറിന് മുന്നിൽ തന്നെ ഊണും ഉറക്കവുമില്ലാതെ ചിലവിടുന്നതുമായ സാഹചര്യം ഉണ്ടാകും. ഇത് കുടുംബജീവിതത്തെയും വ്യക്തിജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുമെന്ന് മനസ്സിലാക്കി, അതിൽ നിന്ന് വിട്ടുനിൽക്കാൻ എന്റെ ഭാഗത്തുനിന്നും മനഃപൂർവ്വമായ ശ്രമം ഉണ്ടായിരുന്നു. തോട് പൊട്ടിച്ച് വെളിയിൽ കടന്നത് ആ ശ്രമത്തിന്റെ ഫലമായാണ്. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ എന്റെ അനുഭവം ഒരു ഉദാഹരണമാക്കിക്കൊണ്ട്, സാമൂഹിക ജീവിതത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കാറുണ്ട്. അടുത്ത തലമുറയ്ക്ക് വേണ്ടി സമ്പാദിച്ചുകൂട്ടുക എന്ന തത്വത്തിൽ നിന്ന് അധികമാളുകളും ഇന്നും മോചിതരായിട്ടില്ല. അത് മാറണം. നമുക്ക് വേണ്ടിക്കൂടി ജീവിക്കണം. താല്പര്യമുള്ള കാര്യങ്ങളിൽ എല്ലാം ഏർപ്പെടണം. പിന്നീട് ആകട്ടെ എന്ന് ചിന്തിച്ച് ആഗ്രഹങ്ങൾ മാറ്റിവയ്ക്കരുത്. തിരക്കുകൾ എല്ലാം ഒഴിയുന്ന സമയത്ത്, സ്വപ്നങ്ങളെ പിന്തുടരാൻ ആരോഗ്യം അനുവദിച്ചെന്ന് വരില്ല.
ആരാണ് താങ്കളുടെ റോൾ മോഡൽ?
ഗാന്ധിജിയുടെ ജീവിതം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. യൗവ്വനാരംഭത്തിൽ അദ്ദേഹവും പ്രവാസിയായിരുന്നല്ലോ. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ച് ജന്മരാജ്യത്തെത്തി, ബ്രിട്ടീഷ് ഭരണത്തിനുകീഴിൽ ഇന്ത്യക്കാർ അനുഭവിക്കുന്ന കഷ്ടതകൾ കണ്ട് മനംനൊന്ത് സ്വാതന്ത്ര്യസമരം ആഹ്വാനം ചെയ്തതും അഹിംസയിലൂടെ അത് നേടിയെടുത്ത അദ്ദേഹത്തിന്റെ ജീവിതം എന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. ഏത് നാട്ടിൽ കഴിഞ്ഞാലും, മടക്കയാത്രയിൽ ജനിച്ചുവളർന്ന നാടിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പകർന്ന പാഠം ജീവിതയാത്രയിൽ ഒരു വഴിവിളക്കായി എന്നും മനസ്സിലുണ്ട്. മികച്ച സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും, ലളിതജീവിതം മതിയെന്നുള്ള തീരുമാനവും ഗാന്ധിജിയോട് ആരാധന തോന്നാനുള്ള കാരണങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ അതേ കാലയളവിൽ ജീവിച്ചിരുന്ന അതിസമ്പന്നരായ എത്ര പേരെ കാലം ഓർമ്മിക്കും? എന്നാൽ, ഗാന്ധിജിയെ പോലൊരു മഹാത്മാവ് എക്കാലവും ഓർമ്മിക്കപ്പെടും. സമ്പന്നതയല്ല സമൂഹത്തിൽ സ്ഥാനം നേടാനുള്ള അളവുകോൽ എന്നുകൂടി ആ ജീവിതം അടിവരയിടുന്നു.
ഫോമായുമായുള്ള ബന്ധം?
2008-ലാണ് ഫോമാ രൂപീകൃതമാകുന്നത്. ആ സമയം യൂത്ത് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു. ഫോമാ എന്ന പേര് സ്വീകരിക്കുന്നതിന് മുൻപ് തന്നേ 2007 ൽ നടന്ന ദേശീയ യൂത്ത് ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കുവാനും അതിന്റെ വിജയകരമായ പരിസമാപ്തി ചിക്കാഗോയിൽ അതിഗംഭീരമായി നടത്തുവാനും സാധിച്ചിരുന്നു, 2008 ൽ നാലു ദിവസങ്ങളിലായി നടന്ന കേരളാ കൺവെൻഷന്റെ മുഖ്യ ചുമതല വഹിക്കുവാനും കഴിഞ്ഞിരുന്നു. ആശയപരമായ വ്യത്യാസങ്ങൾ നിലനിന്നിരുന്ന വല്ലാത്ത സാഹചര്യമായിരുന്നു അത്. ഫോമായുടെ നേതൃത്വത്തിൽ ആ സമയം ദേശീയ തലത്തിൽ യൂത്ത് ഫെസ്റ്റിവൽ പോലെ വലിയൊരു പരിപാടി നടത്തുന്നതിന് ഏറെ വെല്ലുവിളികൾ ഉണ്ടായിരുന്നു. അതിന്റെ നാഷണൽ കൺവീനറായാണ് ഞാൻ പ്രവർത്തിച്ചത്. 2009ൽ രണ്ടായിരത്തില്പരം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് അതിന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. പ്രശസ്ത ഗായകരായ ഉഷ ഉതുപ്പും ജി.വേണുഗോപാലും പങ്കെടുത്ത വലിയ മാമാങ്കമായിരുന്നു അത്. അതിനു ശേഷം ഫോമായുടെ ഉയർച്ചയുടെ ഓരോ പടവുകളും ഒപ്പം നിന്ന് കാണുകയാണ്. നിരവധി കൺവൻഷനുകൾക്കുവേണ്ടി പ്രവർത്തിച്ചു. 2018 -20 കാലയളവിൽ ഫോമാ വില്ലേജ് പദ്ധതിയുടെ മുഖ്യ കോ-ഓർഡിനേറ്ററായി. ഗവണ്മെന്റിന്റെ അനുവാദം വാങ്ങി, കേരളത്തിൽ 40 വീടുകൾ നിർമ്മിച്ചുനൽകുക എന്നുള്ളത് യാഥാർഥ്യമാകുമെന്ന് ചിന്തിക്കാൻ പോലും അന്ന് കഴിയുമായിരുന്നില്ല. ആ വിജയങ്ങളിൽ നിന്നുള്ള ആത്മവിശ്വാസമാണ് ഇന്ന് ഫോമായുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാനും കരുത്ത് പകർന്നത്.
കോവിഡിനെ എങ്ങനെ ഓർമ്മിക്കുന്നു?
2020 മാർച്ച് 14 ന് ഞങ്ങളുടെ ലോക്കൽ അസോസിയേഷനായ എംഎസിഎഫ് ഒരു വിസ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു, ഞാനായിരുന്നു അതിന്റെ കോ-ഓർഡിനേറ്റർ. ക്യാമ്പിന്റെ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അറ്റ്ലാന്റ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും കോവിഡ് കാരണം അത് ക്യാൻസൽ ചെയ്യുകയാണ് എന്നറിയിച്ചത്, കോവിഡ് എന്ന് കേട്ടിരുന്നെങ്കിലും, ലോക്ഡൗണിലേക്ക് കടക്കുമെന്നതടക്കം ഭീകരപ്രത്യാഘാതങ്ങൾ അപ്പോളും ചിന്തിച്ചിരുന്നില്ലെങ്കിലും വലിയ പ്രശ്നങ്ങളാണ് എന്ന് മനസിലായിത്തുടങ്ങി. ഫോമാ ഇലക്ഷന്റെ ക്യാമ്പയിനിങ്ങും മറ്റും നടക്കുന്ന സമയമാണ്. ക്യാമ്പിന് വേണ്ടിയുള്ള ഒരുപാട് ദിവസങ്ങളുടെ അധ്വാനമാണ് മഹാമാരി മൂലം നടക്കാതെ പോയത്. ഫോമായുടെ ക്രൂസ് കൺവൻഷൻ നടക്കില്ലെന്ന് അറിഞ്ഞതോടെ, ഇലക്ഷനും നീണ്ടുപോകുമോ എന്ന് ആശങ്കപ്പെട്ടു. ആ സമയത്തു പതിനായിരക്കണക്കിന് മലയാളികളാണ് വിസാ കാലാവധി കഴിയാറായി എച്ച് 1 വിസയിലും സ്റ്റുഡന്റ് വിസയിലും ഇവിടെ കുടുങ്ങിപ്പോയത്. എമ്പസിയുമായി ബന്ധപ്പെടാൻ പോലും പലർക്കും കഴിഞ്ഞിരുന്നില്ല. പാസ്പോർട്ട് പുതുക്കുന്നതിനും മരണാനന്തരചടങ്ങ് നടത്തുന്നതിനും മരിച്ചവരുടെ ബോഡി നാട്ടിൽ എത്തിക്കുന്നതിനും, ആളുകൾ ഫോമായുമായി ബന്ധപ്പെട്ടാണ് പരിഹാരം തേടിയത്. എന്ത് സംശയമുണ്ടെങ്കിലും ഫോമായുടെ ബന്ധപ്പെടാൻ കോൺസുലേറ്റിൽ നിന്ന് പോലും നിർദ്ദേശം നൽകി എന്നുള്ളത് വലിയ അംഗീകാരമായി കാണുന്നു.
പൊതു സമൂഹത്തിലെ നിരവധി ആളുകൾക്ക് ഇപ്പോഴും അന്നത്തെ പ്രവർത്തനങ്ങളുടെ പേരിൽ സംഘടനയോട് സ്നേഹവും കടപ്പാടുമുണ്ട്.
സൺഷൈൻ റീജിയന്റെ നേതൃത്വത്തിൽ ഓൺലൈനായി നടത്തിയ കൃഷിപാഠം പരിപാടിയിലൂടെ അമേരിക്കയിൽ നിരവധി മലയാളികൾ വീട്ടിലെ കൃഷി പരീക്ഷിക്കാൻ തുടങ്ങി. ഇപ്പോഴും അത് തുടരുന്നതിൽ സന്തോഷം. നാലുകോടി രൂപയുടെ സഹായം കേരളത്തിൽ എത്തിക്കാൻ സാധിച്ചു. ബാലരാമപുരത്തെ കൈത്തറി തൊഴിലാളികൾക്കും ഫോമാ കൈത്താങ്ങായി. ഫോമാ ഹെല്പിങ് ഹാൻഡ്‌സ് എന്ന വിങ് തുടങ്ങിയതും കോവിഡിനെത്തുടർന്ന് കൂടുതൽ സഹായങ്ങൾ നാട്ടിൽ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. അതിന് പ്രത്യേക വെബ്‌സൈറ്റും ക്രമീകരിച്ചു.
തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിശ്രമകാലത്താണ് അധികം ആളുകളും സംഘടനാ പ്രവർത്തനങ്ങളിലേക്ക് വരുന്നത്. ഓരോ മണിക്കൂറും പണമാക്കി മാറ്റാൻ യുവാക്കൾ താൽപര്യപ്പെടുന്ന മേഖലയിൽ പ്രവർത്തിക്കുമ്പോൾ, താങ്കൾ എങ്ങനെ മറ്റു കാര്യങ്ങൾക്ക് സമയം മാറ്റിവയ്ക്കുന്നു?
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള ഇലക്ഷൻ പ്രചാരണാർത്ഥമാണ് വ്യക്തിജീവിതത്തെയും തൊഴിലിനേയും ബാധിക്കുന്ന വിധത്തിൽ കൂടുതൽ സമയം വേണ്ടിവന്നത്. പ്രസ്തുത സ്ഥാനത്ത് എത്തപ്പെട്ടതോടെ തിരക്കുകൾ വീണ്ടും കൂടി. ഉത്തരവാദിത്തങ്ങളിൽ വിട്ടുവീഴ്ച സാധ്യമല്ല. സുഹൃത്തുക്കളുമായുള്ള ഒത്തുചേരലും പിറന്നാൾ ആഘോഷവും പോലുള്ള പരിപാടികൾ ഒഴിവാക്കിയാണ് ടൈം മാനേജ് ചെയ്യുന്നത്. മൂന്നുനാലുദിവസം കൂടുമ്പോൾ വോളിബോളും ടെന്നീസുമൊക്കെ കളിക്കുമായിരുന്നു, അതും വേണ്ടെന്നു വച്ചു. വർഷത്തിൽ രണ്ടുതവണ നാട്ടിൽ പോകുന്ന പതിവും താൽക്കാലികമായി മാറ്റി. കുടുംബവുമൊത്തുള്ള വിനോദ യാത്രകളും കാലാവധി പൂർത്തീകരിച്ച ശേഷം മതിയെന്നുള്ള തീരുമാനത്തിലാണ്. നമുക്ക് സംതൃപ്തി തരുന്ന കാര്യങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നത്. സമൂഹത്തെ സഹായിക്കാൻ കഴിയുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തി, ഓവർടൈം ചെയ്ത് കൂടുതൽ പണം സമ്പാദിച്ചാൽ നമുക്ക് കിട്ടില്ല. ഐടി ഫീൽഡിൽ മാത്രം ഒതുങ്ങിയിരുന്നെങ്കിൽ, എനിക്ക് ലഭിക്കുമായിരുന്ന ബന്ധങ്ങൾക്ക് പരിധിയുണ്ട്. പലരുടെയും ജീവിതങ്ങളിൽ പോസിറ്റീവായ മാറ്റം കൊണ്ടുവരാൻ കഴിയുന്നത് തന്നെയാണ് സംഘടനാപ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന പ്രധാന നേട്ടം.
സംതൃപ്തി തോന്നിയ മുഹൂർത്തങ്ങൾ?
കോവിഡ് സമയത്ത് നടത്തിയ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളും മനസ്സിന് കുളിർമ്മ നൽകിയിരുന്നു. പതിനെട്ട് വെന്റിലേറ്ററുകൾ ഫോമായുടെ കേരളത്തിൽ എത്തിക്കാൻ കഴിഞ്ഞത് ഞാനും കൂടി ഉൾപ്പെടുന്ന കമ്മിറ്റിയുടെ ശ്രമഫലമായിട്ടാണെന്നത് അഭിമാനകരമായി കാണുന്നു. ഓരോ വെന്റിലേറ്ററും പ്രതിവർഷം കുറഞ്ഞത് അഞ്ഞൂറ് രോഗികളുടെയെങ്കിലും ജീവൻ രക്ഷിക്കും. ആ കുടുംബങ്ങളുടെ പ്രാർത്ഥന, നമുക്ക് തരുന്ന ഊർജ്ജം വളരെ വലുതാണ്. ഫോമാ വില്ലേജ് പദ്ധതിയിലൂടെ വീട് ലഭിച്ചവരുടെ കണ്ണിൽ കണ്ട തിളക്കവും, മറക്കാനാവില്ല. എന്റെ ജന്മനാടിന്റെ അടുത്തുള്ള കടപ്ര എന്ന ഗ്രാമത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഫോമാ വില്ലേജിന് അനുയോജ്യമായ ഇടം കണ്ടെത്തിയതും ഒരു നിയോഗം പോലെയാണ്. അച്ഛന്റെ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടി അവിടെ പോയപ്പോഴാണ്, ആ ഗ്രാമത്തിലെ ജനങ്ങളുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയത്. ഞാനൊരു പ്രവാസിയാകുന്നതിനോട് അച്ഛന് വലിയ യോജിപ്പുണ്ടായിരുന്നില്ല. നാടിനുവേണ്ടി മകൻ കൂടുതൽ പ്രവർത്തിച്ചുകാണണമെന്നായിരുന്നു ആഗ്രഹം. കേരളത്തിൽ ആയിരുന്നെങ്കിൽ ചെയ്യാൻ കഴിയുമായിരുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഇന്ന് അമേരിക്കയിലിരുന്ന് ചെയ്യാൻ സാധിക്കുന്നുണ്ട്. അച്ഛന്റെ ആത്മാവ് ഇതൊക്കെക്കണ്ട് സന്തോഷിക്കുന്നുണ്ടാകും. എല്ലാവരിൽ നിന്നും ഉയർന്ന അഭിപ്രായം കേട്ട് സന്തോഷം തോന്നിയതായി അമ്മയും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ പ്രാവശ്യം നിരവധി ആൾക്കാർ സ്ഥാനം ആഗ്രഹിച്ചിരുന്നപ്പപ്പോൾ , ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ എങ്ങനെ ധൈര്യം തോന്നി?
2010 മുതൽ തന്നെ എക്സിക്യൂട്ടീവിലേക്ക് അവസരം വന്നിരുന്നു. കൃത്യസമയത്തിനായി കാത്തിരിക്കുകയായിരുന്നു. അന്ന് എടുത്തുചാടിയിരുന്നെങ്കിൽ ഇത്ര ഭംഗിയായി ലാഘവത്തോടെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ കഴിയുമായിരുന്നോ എന്ന കാര്യം സംശയമാണ്. പൂർണമായി ആത്മവിശ്വാസം കൈവരിച്ച ശേഷമാണ് മത്സരിക്കണമെന്ന് തീരുമാനിച്ചത്. കാത്തിരിപ്പ് ഫലവത്തായി എന്നാണ് മനസ്സിലാക്കുന്നത്. കോവിഡ് പോലെ അപ്രതീക്ഷിതമായ വെല്ലുവിളികൾ വന്നപ്പോൾ, എത്രമാത്രം മികവ് പുലർത്താൻ കഴിയുമെന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാൽ, പ്രതിസന്ധികളെ വകഞ്ഞുമാറ്റി സധൈര്യം മുൻപോട്ട് പോകാൻ ഫോമായ്ക്ക് കഴിഞ്ഞു. സത്യത്തിൽ, മഹാമാരിക്കിടയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതിലൂടെയാണ് അമേരിക്കയ്ക്ക് പുറത്തും കേരളത്തിലും ആമുഖം കൂടാതെ സംഘടനയെ കൂടുതൽ പേർ അറിയാൻ തുടങ്ങിയത്. അതൊരു വലിയ നേട്ടമായി തന്നെ കാണുന്നു.
കുടുംബത്തിന്റെ പിന്തുണ?
അമ്മയും സഹോദരങ്ങളും നാട്ടിലാണ്. ഒരു സഹോദരി ദീപ്തി ഭർത്താവ് മനോജിനൊപ്പം എറണാകുളത്ത് ബിസിനസ് ചെയ്യുന്നു. മറ്റൊരു സഹോദരി ദീപ ഭർത്താവ് ബിജുവിനൊപ്പം ആലപ്പുഴയിൽ ടെക്സ്ടൈൽ - ജ്വലറി ബിസിനസ് നടത്തുന്നു. അവർക്കാർക്കും അമേരിക്കയിലേക്ക് വരാൻ താല്പര്യമില്ല.
ഭാര്യ അഞ്ജന കൃഷ്ണൻ, സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. മകൻ നീൽ കൃഷ്ണൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നമ്മുടെ തിരക്കുകൾ മനസ്സിലാക്കി പരാതികൾ ഇല്ലാതെ നിൽക്കുന്നതുതന്നെയാണ് അവർ തരുന്ന പിന്തുണ. കുടുംബത്തിൽ സമാധാനമില്ലെങ്കിൽ ഇതൊന്നും സാധ്യമാകില്ലല്ലോ.