ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ സമയം, സ്വാതന്ത്ര്യസമരത്തിൽ പ്രവാസി ഇന്ത്യക്കാർ വഹിച്ച പങ്കിനെ സൂക്ഷ്മമായി പരിശോധിക്കാനുള്ള ഒരു അവസരമായി കാണാം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ പ്രവാസിസമൂഹത്തിന്റെ സംഭാവന അനിഷേധ്യമായ ഒന്നാണെങ്കിലും പലപ്പോഴും അത് അവഗണിക്കപ്പെടുന്നു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ബി.ആർ. അംബേദ്കർ, വി.കെ. കൃഷ്ണ മേനോൻ എന്നിവരുൾപ്പെടെ സ്വാതന്ത്ര്യസമരത്തിലെ പല പ്രമുഖ നേതാക്കളും വിദേശത്താണ് ജീവിച്ചത്. പാശ്ചാത്യ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിയ അവർ ആ രാഷ്ട്രീയ സംവിധാനങ്ങളെയും അവയുടെ ഭരണ തത്വങ്ങളെയും കുറിച്ച് ഉത്സുകരായ വിദ്യാർത്ഥികളായിരുന്നു.
പുരാതന ഇന്ത്യയിൽ ആധുനിക ജനാധിപത്യത്തിന്റെ പാരമ്പര്യം വളരെ കുറവായിരുന്നെങ്കിലും, രാജ്യത്തെ പിന്നീട് നയിച്ച നേതാക്കളിൽ പലരെയും വിദേശത്ത് അവർ അനുഭവിച്ച സ്വാതന്ത്ര്യവും അവകാശബോധവും ആഴത്തിൽ സ്വാധീനിച്ചിരുന്നു. ആ ആദർശങ്ങളെ സ്വന്തം നാട്ടിലെ ജനങ്ങൾക്കുകൂടി കരഗതമാക്കാനാണ് അവർ ശ്രമിച്ചത്. ഗാന്ധി തന്റെ ജീവിതകാലം മുഴുവൻ ഗുജറാത്തിലെ പോർബന്ദറിൽ തുടർന്നിരുന്നെങ്കിൽ, അദ്ദേഹം ലോകമെമ്പാടും ആദരിക്കപ്പെടുന്ന മഹാത്മാവായി മാറുമായിരുന്നോ? എനിക്ക് അതിൽ സംശയമുണ്ട്. വ്യക്തിഗത അവകാശങ്ങൾ, വ്യക്തിസ്വാതന്ത്ര്യം, തുല്യ നീതി എന്നീ പാശ്ചാത്യ മൂല്യങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്റെ ആദർശവാദവും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനായി നെയ്തെടുത്ത തത്വങ്ങളും ഉരുത്തിരിഞ്ഞത്.
ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കൊണ്ടുവന്ന ആധുനിക കുടിയേറ്റ തരംഗത്തിന് വളരെ മുമ്പുതന്നെ, പഞ്ചാബിൽ നിന്നുള്ള കുടിയേറ്റക്കാർ (കൂടുതലും സിഖ് കർഷകരും തൊഴിലാളികളും) സാൻ ഫ്രാൻസിസ്കോയിലും പടിഞ്ഞാറൻ കാനഡയിലും എത്തിത്തുടങ്ങി. ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ട് അവർ ഗദ്ദർ പ്രസ്ഥാനം എന്നറിയപ്പെടുന്ന പോരാട്ടത്തിന് തുടക്കമിട്ടു. ഗദ്ദർ പത്രത്തിലൂടെ അവർ ആയുധങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുകയും പോരാളികളെ റിക്രൂട്ട് ചെയ്യുകയും ഒന്നാം ലോകമഹായുദ്ധസമയത്ത് ഇന്ത്യയിലേക്ക് സന്നദ്ധപ്രവർത്തകരെ തിരികെ അയയ്ക്കുകയും ചെയ്തു. ലാലാ ഹർ ദയാൽ, സോഹൻ സിംഗ് ഭക്ന, കർതാർ സിംഗ് സരഭ തുടങ്ങിയ നേതാക്കൾ ഇതിൽ നിർണായക പങ്കുവഹിച്ചു. കലാപം പൊട്ടിപ്പുറപ്പെടുത്താനുള്ള ശ്രമത്തിൽ നൂറുകണക്കിന് ഗദ്ദർ അനുകൂലികൾ ഇന്ത്യയിലേക്ക് മടങ്ങി, പക്ഷേ ബ്രിട്ടീഷ് ഇന്റലിജൻസ് അവരുടെ നിരയിലേക്ക് നുഴഞ്ഞുകയറി ആ പദ്ധതി പരാജയപ്പെടുത്തി. പലരും അറസ്റ്റ് ചെയ്യപ്പെടുകയും വധിക്കപ്പെടുകയും സ്വാതന്ത്ര്യസമരത്തിന്റെ വഴികാട്ടികളും രക്തസാക്ഷികളുമായി മാറുകയും ചെയ്തു.
അതേസമയം,ബ്രിട്ടണിലെ പ്രവാസിസമൂഹം ഇന്ത്യാ ഹൗസ് പോലുള്ള ഗ്രൂപ്പുകൾ രൂപീകരിക്കുകയും ലഘുലേഖകൾ അച്ചടിക്കുകയും, യൂറോപ്യൻ സോഷ്യലിസ്റ്റുകളുമായി ബന്ധം സ്ഥാപിക്കുകയും, ബ്രിട്ടീഷ് പാർലമെന്റിൽ ലോബിയിങ് നടത്തുകയും ചെയ്തു. കിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ച് മലേഷ്യയിലും സിംഗപ്പൂരിലും, പ്രവാസികൾ സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗും ഇന്ത്യൻ നാഷണൽ ആർമിയും (ഐഎൻഎ) സ്ഥാപിച്ചു.
പാശ്ചാത്യലോകത്തും പ്രചാരണം വളർന്നു. 1914 മുതൽ 1919 വരെ ലാലാ ലജ്പത് റായ് അമേരിക്കയിൽ പര്യടനം നടത്തി, അമേരിക്കയിലുള്ളവർക്ക് ബ്രിട്ടീഷുകാരുടെ അടിച്ചമർത്തൽ തുറന്നുകാട്ടുന്നതിനായി പ്രഭാഷണങ്ങളും എഴുത്തും നടത്തി. യൂറോപ്പിൽ, ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന സോഷ്യലിസ്റ്റ് കോൺഗ്രസിൽ മാഡം ഭിക്കാജി കാമ 'ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പതാക' ഉയർത്തിയത് ചരിത്രത്തിലെ പ്രസിദ്ധമായ ഏടാണ്. ഇന്ത്യയിൽ നിരോധിച്ച കൊളോണിയൽ വിരുദ്ധ സാഹിത്യം പ്രസിദ്ധീകരിക്കാൻ യൂറോപ്യൻ പത്രസ്വാതന്ത്ര്യം ഉപയോഗിച്ചു. വിദേശ ഇന്ത്യൻ വ്യാപാരികൾ - പ്രത്യേകിച്ച് കിഴക്കൻ ആഫ്രിക്കയിലെ (കെനിയ, ഉഗാണ്ട, ടാൻസാനിയ) - ഇന്ത്യൻ നാഷണൽ കോൺഗ്രസിനും വിപ്ലവ ഗ്രൂപ്പുകൾക്കും ഉദാരമായി സംഭാവന നൽകി, അതേസമയം വിദേശ ഇന്ത്യൻ ബിസിനസ്സ് ശൃംഖലകൾ ബ്രിട്ടീഷ് സെൻസറുകൾക്ക് അപ്പുറത്തേക്ക് സാഹിത്യം, ആയുധങ്ങൾ, സന്ദേശങ്ങൾ എന്നിവ കടത്തിവിട്ടു.വാഷിംഗ്ടൺ, ലണ്ടൻ, ജനീവ എന്നിവിടങ്ങളിൽ എൻആർഐ പ്രവർത്തകർ സർക്കാരുകളെയും അന്താരാഷ്ട്ര സംഘടനകളെയും സ്വാധീനിച്ചു. വി.കെ. കൃഷ്ണ മേനോനെ പോലുള്ള നേതാക്കൾ, ബെർട്രാൻഡ് റസ്സൽ പോലുള്ള ബ്രിട്ടീഷ് സഖ്യകക്ഷികൾക്കൊപ്പം, കോൺഗ്രസ് നേതാക്കളെ ചർച്ച നടത്താൻ ക്ഷണിക്കുന്നതിന് ബ്രിട്ടീഷ് സർക്കാരിൽ സമ്മർദ്ദം ചെലുത്തി.
ഈ ആഗോള ശ്രമങ്ങൾ എല്ലാംതന്നെ ഇന്ത്യയിലെ യുവാക്കളിൽ ആഴത്തിലുള്ള മാനസികവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനം ചെലുത്തി. സ്വാതന്ത്ര്യസമരത്തെ അന്താരാഷ്ട്രവൽക്കരിക്കുന്നതിന് രാജ്യത്തിനുള്ളിലെ ഏറ്റവും അടിച്ചമർത്തൽ കാലഘട്ടങ്ങളിൽ പോലും, ലോകത്തിന്റെ അവബോധത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യാന്വേഷണത്തെ സജീവമായി നിലനിർത്തുന്നതിലും അവർ വിജയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ ത്യാഗങ്ങൾ, ധൈര്യം, ദർശനം എന്നിവ അംഗീകരിക്കാതെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ കഥ അപൂർണ്ണമാണ്. കാലിഫോർണിയയിലെ കൃഷിയിടങ്ങൾ മുതൽ ലണ്ടനിലെ തെരുവുകൾ വരെയും, സിംഗപ്പൂരിലെ തുറമുഖങ്ങൾ മുതൽ പാരീസിലെ പ്രസ് റൂമുകൾ വരെയും, പ്രവാസികൾ ഇന്ത്യയുടെ ലക്ഷ്യത്തെ ലോക വേദിയിലേക്ക് കൊണ്ടുപോയി.
മാതൃരാജ്യത്തു നിന്ന് അകലെ കഴിയുന്നു എന്നതുകൊണ്ട് അതിന് സംഭവിക്കുന്ന വിധിയിൽ നിന്നും ദൂരം പാലിക്കുന്നു എന്നല്ല അർത്ഥമെന്ന് അവർ തെളിയിച്ചു. അവരുടെ പാരമ്പര്യത്തെ ആദരിക്കുമ്പോൾ, നമ്മൾ സ്വയം ചോദിക്കേണ്ട ഒരുചോദ്യമുണ്ട് : സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആദർശങ്ങൾ പുതിയ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ഇന്ത്യൻ പ്രവാസികൾ വീണ്ടും അതിനെ നേരിടാൻ വീണ്ടും തുനിഞ്ഞിറങ്ങുമോ?