2028 ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ലൊസാഞ്ചലസ് നഗരം തുടര്‍ന്നു നടക്കുന്ന പാരാലിംപിക്‌സിനും തുല്യപ്രാധാന്യമാണു നല്‍കുക. 1932 ലും 1984ലും ലൊസാഞ്ചലസ് ഒളിംപിക്‌സ് വേദിയായെങ്കിലും പാരാലിംപിക്‌സ് ആദ്യമായി ഇവിടെ നടക്കുക 2028 ല്‍ ആണ്. അതുകൊണ്ട് വൈകല്യമുള്ള താരങ്ങളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ് സംഘാടകര്‍. 2028 ഓഗസ്റ്റ് 15 മുതല്‍ 27 വരെയാണ് പാരാലിംപിക്‌സ്. അതായത് ഗ്രീഷ്മകാല ഒളിംപിക്‌സ് (ജൂലൈ 14-30) സമാപിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം. പാരാലിംപിക്‌സും മൂന്നു വര്‍ഷം അകലെ നില്‍ക്കെ സംഘാടക സമിതി കൗണ്ട് ഡൗണ്‍ തുടങ്ങി.
പാരാലിംപിക്‌സ് മുന്‍നിര്‍ത്തി രണ്ട് ചിഹ്നങ്ങളാണ് സംഘാടകര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഒന്ന് : മൂണ്‍ ഷോട്ട് എ. രണ്ട് : റീ ഇന്‍വെന്‍ഷന്‍ എ. ആദ്യത്തേതിന് നീലയും പച്ചയും വര്‍ണമെങ്കില്‍ രണ്ടാമത്തേതില്‍ ഇവയ്‌ക്കൊപ്പം ഓറഞ്ചും പിങ്കുംകൂടി ചേരും. 12 വേദികളിലായി 24 കായിക ഇനങ്ങളിലാണ് പാരാലിംപിക്‌സ് നടക്കുക.
മാറ്റങ്ങളുടെ ആഗോള ഹബ് അയാണ് ലൊസാഞ്ചലസ് അറിയപ്പെടുന്നത്. സര്‍ഗാത്മകതയും സാങ്കേതികത്വവും സമന്വയിച്ച് എന്നും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരം. ഇവിടെയുള്ള വ്യവസായങ്ങള്‍ എല്ലാം മാറ്റത്തിനു തുടക്കമിടുന്നവരാണ്. സംഘാടകര്‍ ആതിഥേയ നഗരത്തെക്കുറിച്ച് പറയുന്നു.
മൂണ്‍ഷോട്ട് എ പുരോഗതിയും സാധ്യതയും വിഭാവന ചെയ്യുന്നെങ്കില്‍ റീഇന്‍വെന്‍ഷന്‍ എ. ലക്ഷ്യമിടുന്നത് പുരോഗതിയും തുടര്‍ച്ചയായ മാറ്റങ്ങളുമാണ്.
കഴിഞ്ഞ ജൂലൈ 28ന് 1932 ലെയും 84 ലെയും ഒളിംപിക്‌സിന്റെ വാര്‍ഷികം ആഘോഷിച്ച് പുതുതലമുറയെ ലൊസാഞ്ചലസിന്റെ ഒളിംപിക്‌സ് പാരമ്പര്യം സംഘാടക സമിതി ഓര്‍മ്മപ്പെടുത്തി. 1932 ജൂലൈ 30ന് ഒളിംപിക്‌സ് സമാപനത്തിന് ലൊസാഞ്ചലസ് സ്മാരക കൊളീഷിയത്തില്‍ 1,01,000 കാണികളാണ് സമാപനച്ചടങ്ങ് വീക്ഷിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധേയമായിരുന്നു 1932ലെ ഒളിംപിക്‌സ്.
1984 ലെ ഒളിംപിക്‌സില്‍ വനിതാ അത്‌ലിറ്റുകള്‍ക്കു കിട്ടിയ പ്രാധാന്യം സംഘാടകര്‍ ഓര്‍മ്മിപ്പിക്കുന്നു. വനിതകളുടെ മാരത്തണ്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 3000 മീറ്റര്‍ ഓട്ടം(ഇപ്പോള്‍ 5000 മീറ്റര്‍) തുടങ്ങിയവ തുടങ്ങിയത് 1984 ല്‍ ലൊസാഞ്ചലസില്‍ ആണ്. അതുപോലെ റിത്മിക് ജിംനാസ്റ്റിക്‌സ്, ആര്‍ട്ടിസ്റ്റിക് സ്വിമ്മിങ്ങ് എന്നിവ വനിതകള്‍ക്കു മാത്രമുള്ള മത്സര ഇനങ്ങളായി ഉള്‍പ്പെടുത്തി.
2028 പാരാലിംപിക്‌സിന്റെ മൂന്നു വര്‍ഷ കൗണ്ട് ഡൗണ്‍ ആഘോഷമായാണ് തുടങ്ങിയത്. വിധിക്കുമുന്നില്‍ കീഴടങ്ങാതെ പൊരുതാന്‍ നിശ്ചയിച്ച കായികതാരങ്ങളെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുവാന്‍ സംഘാടകര്‍ പ്രതിജ്ഞാബദ്ധമാണ്. മത്സര ഇനങ്ങളും പങ്കെടുക്കുന്ന താരങ്ങളും ഒളിപ്ക്‌സിനെക്കാള്‍ കുറവാണ്. പക്ഷേ, പാരാലിംപിക്‌സ് ലോകശ്രദ്ധ നേടുമെന്ന കാര്യത്തില്‍ സംഘാടക സമിതി തികഞ്ഞ പ്രതീക്ഷ പുലര്‍ത്തുന്നു.