Image

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിനായി അങ്കം തുടങ്ങി; അബിനോ അഭിജിത്തോ ബിനുവോ..?

എ.എസ് ശ്രീകുമാര്‍ Published on 22 August, 2025
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിനായി അങ്കം തുടങ്ങി; അബിനോ അഭിജിത്തോ ബിനുവോ..?



സ്ത്രീ പീഡന വിവാദത്തില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചൊഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി പിടിവലി തുടങ്ങി. നിലവില്‍ മൂന്നുപേരാണ് അധ്യക്ഷന്റെ ഉടുപ്പു തുന്നി കളത്തിലുള്ളത്. കെ.സി വേണുഗോപാലിന്റെ നോമിനിയായി ബിനു ചുള്ളിയിലും രമേശ് ചെന്നിത്തലയുയെ ആളായി അബിന്‍ വര്‍ക്കിയും എം.കെ രാഘവന്‍ എം.പിയുടെ ഇഷ്ടക്കാരനായി കെ.എം അഭിജിത്തുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കസേര മോഹിക്കുന്നത്. നാളെയോ മറ്റന്നാളോ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്.

നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ ഒന്നായിരുന്നു ബിനു ചുള്ളിയിലിന്റേത്. ബിനുവിനുവേണ്ടി സെഷ്യല്‍ മീഡിയയില്‍ ശക്തമായ കാമ്പെയ്ന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ഈയിടെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനുവിന് പുതിയ സ്ഥാനം നല്‍കേണ്ടതില്ലെന്ന് വാദമുയര്‍ന്നു. പക്ഷേ കെ.സി വേണുഗോപാലുമായുള്ള അടുപ്പം ബിനുവിന് ഗുണകരമായേക്കും. അബിന്‍ വര്‍ക്കിയുടെ പേര് മാത്രം പരിഗണിച്ചാല്‍ മതിയെന്നും രാഹുലിനോളം പൊതു സ്വീകാര്യത ഉള്ള നേതാവാണ് അബിന്‍ എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മത്സരിച്ച അബിന്‍ വര്‍ക്കി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നില്‍ രണ്ടാമതെത്തിയിരുന്നു.

എന്നാല്‍ ജാതി സമവാക്യം അബിന് എതിരാണ്. കെ.പി.സി.സി, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രസിഡന്റുമാരെല്ലാവരും ക്രിസ്ത്യന്‍ വിഭാത്തില്‍പ്പെട്ടവരാണ്. എ ഗ്രൂപ്പ് പിന്തുണയുള്ള കെ.എസ്.യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിന് വേണ്ടി എം.കെ രാഘവന്‍ എം.പി സജീവമായി രംഗത്തുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരിഗണിച്ചിരുന്ന പേരാണ് അഭിജിത്തിന്റേത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ പുനസംഘടനയില്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അഭിജിത്തിനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അഭിജിത്തിനെ ഉടന്‍ പരിഗണിക്കാമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം എം.കെ രാഘവന് നല്‍കിയിരുന്നത്രേ. അത് ഇപ്പോള്‍ പാലിക്കണമെന്നാണ് രാഘവന്റെ നിലപാട്.

എം.എല്‍.എ പദവിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും ഒന്നിച്ച് വഹിച്ചു വരുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് എം.എല്‍.എ ആയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റുന്നതിനെ കുറിച്ച് നേതൃതലത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. 'വോട്ട് ചോരി' വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ലോങ് മാര്‍ച്ചിന് ശേഷം സ്ഥാനമൊഴിയാമെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന ലൈംഗിക ആരോപണങ്ങളില്‍ രാഹുലിന്റെ കസേര തെറിച്ചത്.

2023-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പില്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടുത്. ഉമ്മന്‍ ചാണ്ടി അവസാനമായെടുത്ത രാഷ്ട്രീയ തീരുമാനമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ത്ഥിത്വം. അത് എ ഗ്രൂപ്പിന്റെ വിജയത്തിലെത്തുകയും ചെയ്തു. രാഹുല്‍ 53,398 വോട്ടുകള്‍ക്കാണ് അബിന്‍ വര്‍ക്കിയെ തോല്‍പ്പിച്ചത്. സാധുവായ 5,11,489 വോട്ടുകളില്‍ രാഹുലിന് 2,21,986-ഉം ഐ ഗ്രൂപ്പുകാരനായ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളും ലഭിച്ചു.

ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന വാക്‌പോരുകള്‍ ദേശീയ നേതൃത്വത്തിന് ഇടപെട്ട് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കി മാറ്റുന്നതിലേക്ക് എത്തി. രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവന്നത്. വിവാദങ്ങള്‍ക്ക് പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. അബിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ബാഹുബലി സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രമുള്ള പോസ്റ്റര്‍ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിലിട്ടതോടെയാണ് പോര് രൂക്ഷമായത്.

രാഹുല്‍ മാങ്കൂട്ടത്തലിന്റെ അനുകൂലികളാകാം ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു. പിന്നില്‍ നിന്ന് കുത്തിയിട്ട് നേതാവാകാന്‍ നോക്കിയാല്‍ അംഗീകരിക്കില്ലെന്ന് രാഹുലിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞതോടെ ഗ്രൂപ്പില്‍ തര്‍ക്കം മൂത്തു. സംഗതി നിയന്ത്രണാതീതമായതോടെയാണ് ദേശീയ നേതൃത്വം അടിയന്തരമായി ഇടപെട്ട് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കി മാറ്റിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഒന്നിലെറെ യുവതികള്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഗ്രൂപ്പില്‍ ചേരിപ്പോര് ശക്തമായിരിക്കുന്നത്.

രാഹുല്‍ പദവിയില്‍ തുടരരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട സ്ത്രീപക്ഷ നിലപാട് സ്വീകരിച്ച യുവനേതാക്കള്‍ക്ക് നേരെ രൂക്ഷമായ അധിക്ഷേപവും ആക്രമണവുമാണ് ഉണ്ടായത്. അബിന്‍ വര്‍ക്കി, വി.പി ദുല്‍ഖിഫില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി സ്‌നേഹ എന്നിവര്‍ക്കെതിരെയാണ് ആക്രമണം. രാഹുലിനെ സംഘടനയ്ക്കുള്ളില്‍ നിന്നും ഒറ്റിയതാണെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ഏതായാലും യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന ഔദ്യോഗിക ഗ്രൂപ്പ് തന്നെ പൂട്ടിക്കുകയും ചെയ്തു.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക