"യഹൂദിയായിലെ ഒരു ഗ്രാമത്തിൽ..'' എന്ന ക്രൈസ്തവ ഭക്തിഗാനത്തിന് ഉൾപ്പെടെയുള്ള പല ഗാനങ്ങൾക്കും ഈണം പകർന്നു അനശ്വരനായ സംഗീത സംവിധായൻ ആണ് എ.ജെ. ജോസഫ്. ഒരു ഗാനരചയിതാവ് എന്ന നിലയിലും ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സിനിമ - നാടക - ഭക്തി ഗാന സംഗീത സംവിധായകനായ എ. ജെ. ജോസഫ്, 'ഗിറ്റാര്‍ ജോസഫ്' എന്നപേരിലും അറിയപ്പെട്ടിരുന്നു.
എ.ജെ. ജോസഫ് ഓർമ്മയായിട്ട് ഒരു പതിറ്റാണ്ട്!
എ. ജെ. ജോസഫ് (എന്ന 'ഗിത്താർ ജോസഫ്') കോട്ടയത്ത് ഈരയിൽകടവിൽ (1945) ജനിച്ചു. നാടകാചാര്യൻ എന്‍.എന്‍. പിള്ളയുടെ നാടകസംഘത്തില്‍ ഗിറ്റാറിസ്റ്റായാണ് അദ്ദേഹം സംഗീത ലോകത്ത് എത്തിയത്. അദ്ദേഹം ചില ഗാനങ്ങൾ രചിച്ചതായി ആണ് ക്രഡിറ്റ് ലൈനിൽ ഉള്ളത്. ഗാനങ്ങൾ രചിച്ചിട്ടുള്ളതായും പറയപ്പെടുന്നുവെങ്കിലും ആ നിലയ്ക്ക് ഏറെ സംഭാവനകൾ ഇല്ല.
നാടക ലോകത്തുനിന്നും സിനിമാ ലോകത്തേയ്ക്കു അദ്ദേഹം പിന്നീട് ചുവടുമാറി. 'കുഞ്ഞാറ്റക്കിളി', 'കടൽക്കാക്ക', 'എന്റെ കാണാക്കുയിൽ', 'ഈ കൈകളിൽ', 'നാട്ടുവിശേഷം' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചു.
തരംഗിണിയുടെ 'സ്നേഹപ്രതീകം' എന്ന ക്രിസ്മസ് കാരൽ ഗാങ്ങളിൽ കെ.ജെ. യേശുദാസ് ആലപിച്ച "യഹൂദിയായിലെ ഒരു ഗ്രാമത്തിൽ..." എന്ന ഗാനമാണ് എറ്റവും പ്രശസ്തം. അദ്ദേഹത്തിന്റെ ; "ആകാശഗംഗാ തീരത്തിനപ്പുറം..."; "കാവല്‍ മാലാഖ..."; "ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം.'' എന്നീ ഗാനങ്ങളും ഏറെ പ്രശസ്തമാണ്.
കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, കെ. എസ്. ചിത്ര, എം. ജി. ശ്രീകുമാർ, എസ്. ജാനകി എന്നിങ്ങനെ ഒട്ടേറെപേർ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ "ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാംബരം" ('എന്റെ കാണാക്കുയിൽ') എന്ന പാട്ടാണ് കെ. എസ്. ചിത്രയ്ക്ക് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കാനിടയാക്കിയത്.
മാപ്പിളപ്പാട്ടുകൾക്കും അദ്ദേഹം സംഗീതം പകർന്നു. ‘ഈ കൈകളിൽ' (1986) എന്ന ചിത്രത്തിലെ "കാരുണ്യ കതിർവീശി.. റംസാൻ പിറ തെളിയുമ്പോൾ" എന്ന ഗാനം ജോസഫിന്റെതാണ് (രചന: കെ ജയകുമാർ)
സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം യേശുദാസിൻ്റെ ശബ്ദത്തിൽ അറബന മുട്ടി പാടുന്നു... അങ്ങനെ മലയാള സിനിമാഗാന ചരിത്രത്തിലെ ഏറ്റവും മികച്ച 'റമസാൻ ഗാനം' പിറന്നു. സിനിമ അത്ര വിജയമായില്ലെങ്കിലും പാട്ട് ഹിറ്റായി; പ്രത്യേകിച്ചു മലബാറിൽ. ഇന്നും റമസാൻ പ്രമേയമായ സിനിമാ ഗാനങ്ങളിൽ ആദ്യം നാവിൻ തുമ്പിൽ വരുന്നത് ഇതാണ്. ഈ തികഞ്ഞ ഭക്തിഗാനത്തിന്റെ സംഗീതം ഒരു ഇസ്ലാമിക (മാപ്പിള) പശ്ചാത്തലവും ഇല്ലാത്തയാളാണു സൃഷ്ടിച്ചതെന്നു വിശ്വസിക്കാൻ കഴിയുമോ? അതിനു മുൻപോ പിൻപോ ഒരു 'മാപ്പിളപ്പാട്ട്' ഇദ്ദേഹം സംഗീതം ചെയ്തിട്ടില്ല. ഒറ്റ പാട്ടിലൂടെ മാപ്പിള ഭക്തിഗാന ചരിത്രത്തിൽ കയ്യൊപ്പിട്ട പ്രതിഭയാണു എ.ജെ. ജോസഫ്.
"കാരുണ്യ കതിർവീശി..."യുടെ പിറവിയെപ്പറ്റി ജോസഫ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു."മാപ്പിള ശൈലിയിലുള്ള ഗാനങ്ങൾ മുൻപ് ചെയ്തിട്ടില്ലാത്തതിനാൽ ഒഴിഞ്ഞുമാറാൻ നോക്കി. എന്നാൽ, ഞാൻ തന്നെ ചെയ്യണമെന്നു നിർമാതാവിനും (പ്രേംപ്രകാശ്) സംവിധായകനും (കെ. മധു - സംവിധാനം) നിർബന്ധമായിരുന്നു. അന്നുവരെ ഞാൻ മാപ്പിള ഗാനങ്ങൾ കേൾക്കുകയല്ലാതെ പഠിച്ചിരുന്നില്ല. കുറേ പാട്ടുകൾ കേട്ട് അവയുടെ ശൈലി സൂക്ഷ്മമായി മനസ്സിലാക്കി. അങ്ങനെയാണ് ഈ സംഗീതം ചെയ്തത്. പാട്ട് പുറത്തിറങ്ങിയശേഷം ഒട്ടേറെപ്പേർ അനുമോദനവുമായെത്തി."
തൊട്ടതെല്ലാം പൊന്നാക്കിയ എന്ന് അഭിമാനിക്കാൻ കഴിയാവുന്ന ജോസഫ്, പക്ഷേ, ഏതാനും സിനിമകളേ ചെയ്തുള്ളൂ.
ചെന്നൈയിൽ ‘കടൽകാക്ക’ എന്ന ചിത്രത്തിന്റെ ഗാന റിക്കോർഡിങ്ങിനിടെ അണിയറ പ്രവർത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നു നാട്ടിലേക്കു മടങ്ങി. അതു സിനിമയിൽ നിന്നുള്ള മടക്കം കൂടിയായിരുന്നു. "സിനിമയുടെ രീതികളുമായി പൊരുത്തപ്പെടാൻ എന്നെപ്പോലൊരാൾക്കു കഴിയില്ല. അതിലും എത്രയോ അന്തസുള്ള ജോലിയാണു 'ഡിവോഷനൽ സോങ്സ്' ചെയ്യുന്നതെ"ന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഏറെ കാലം അദ്ദേഹം കോട്ടയം ലൂര്‍ദ്ദ് പള്ളിയില്‍ ക്വയര്‍ മാസ്റ്ററായും പ്രവര്‍ത്തിച്ചു. കസെറ്റുകളുടെയും സിനിമകളുടെയും കാലം കഴിഞ്ഞ് വർഷങ്ങളായി സംഗീത വിദ്യാലയം നടത്തുകയായിരുന്നു ജോസഫ്.
അദ്ദേഹം പറഞ്ഞ ഒരനുഭവം: ഒരു ക്രിസ്ത്മസ് രാത്രിയിൽ കൊച്ചിയിൽ തെരുവിൽ നില്ക്കുമ്പോൾ, അദ്ദേഹത്തിന്റെ ഗാനവും പാടി ഒരു കാരൾ സംഘം അതിലെ കടന്നുപോയി പോൽ. ആരും, പക്ഷെ, ആ ഗാനത്തിന്റെ സൃഷ്ടാവായ അദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഇത്തരമൊട്ടനവധി കാര്യങ്ങൾ ഒരനുഭവവിവരണത്തിൽ പറഞ്ഞത് ഓർക്കുന്നു.
ഏറെക്കാലം വിവിധ രോഗങ്ങൾ അലട്ടിയ അദ്ദേഹം, 2015 ആഗസ്റ്റ് 19-ന് (70) കോട്ടയത്തെ സ്വവസതിയിൽ വച്ച് അന്തരിച്ചു.
....................
കടപ്പാട്: മനോരമ ഓൺലൈൻ