പുരുഷ-വനിതാ ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ ഇന്ത്യ-പാക്കിസ്ഥാന്‍ ടീമുകള്‍ മൂന്നാമതൊരു രാജ്യത്ത് മത്സരിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ഇരു ടീമുകളും ഉടനെയെങ്ങും കളിക്കാന്‍ സാധ്യതയില്ല. ദ്വിരാഷ്ട്ര പരമ്പരയും രാജ്യാന്തര ടൂര്‍ണമെന്റുകളും വ്യത്യസ്തമാണെന്ന് ഇന്ത്യ വിശദീകരിച്ചു. എന്നാൽ ഇന്ത്യയില്‍ ടൂര്‍ണമെന്റ് കളിക്കാനും പാക്കിസ്ഥാന്‍ വിസമ്മതിച്ചു.
ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ബിഹാറിലെ രാജ്ഗിറില്‍ നടക്കുന്ന പുരുഷന്മാരുടെ ഏഷ്യാ കപ്പ് ഹോക്കിക്ക് ടീമിനെ അയക്കില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. പാക്ക്താരങ്ങള്‍ക്ക് വീസ നല്‍കാന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചതാണ്. പിന്നീട് തമിഴ്‌നാട്ടില്‍ നിശ്ചയിച്ചിരിക്കുന്ന ജൂനിയര്‍ ലോകകപ്പ് ഹോക്കിയിലും പാക്കിസ്ഥാന്‍ പങ്കെടുക്കില്ല. 2016 ല്‍ ഇന്ത്യയില്‍ ജൂനിയര്‍ ലോകകപ്പ് ഹോക്കി നടന്നപ്പോള്‍ ഇന്ത്യ പാക്കിസ്ഥാന്‍ ടീമിന് വീസ നിഷേധിച്ചിരുന്നു. പക്ഷേ, ഇത്തവണ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പാക്കിസ്ഥാന്‍ സ്വയം പിന്‍വാങ്ങുകയാണ്. ഏഷ്യാ കപ്പ് വരുന്ന ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റ് ആയതിനാല്‍ പിന്‍മാറ്റം പാക്കിസ്ഥാന് ലോകകപ്പ് സാധ്യത കുറയ്ക്കും.
ഇതേ സമയം സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കൊളംബോയില്‍ നടക്കും. ഒക്ടോബര്‍ അഞ്ചിനായിരിക്കും ഇന്ത്യ - പാക് മത്സരം. പാക്കിസ്ഥാന്റെ ലോകകപ്പ് തയ്യാറെടുപ്പ് മത്സരങ്ങളും ശ്രീലങ്കയിലായിരിക്കും നടക്കുക.
ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റ് മത്സരം സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ യു.എ.ഇ.യിലാണ്. ഇവിടെ പാക്കിസ്ഥാനും ഇന്ത്യയും 'എ' ഗ്രൂപ്പിലാണ്. ഇരുടീമുകളും സെപ്റ്റംബര്‍ 14ന് മുഖാമുഖം വരും.
ഹോക്കിയില്‍ ആയാലും ക്രിക്കറ്റില്‍ ആയാലും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ ഇരുരാജ്യത്തെയും കായികപ്രേമികള്‍ ആവേശത്തോടെയാണ് കാണുന്നത്. വിജയം അവര്‍ ആഘോഷമാക്കും. ഇതിനിടെ ഇതിഹാസങ്ങളുടെ ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബര്‍മ്മിങ്ങാമില്‍ പാക്കിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ വിസമ്മതിച്ചതും വാര്‍ത്തയായിരുന്നു.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം 2012 ല്‍ ആണ് അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയത്. മൂന്ന് ഏകദിനങ്ങളിലും രണ്ട് ട്വന്റി 20യിലും മത്സരിച്ചു. പാക്കിസ്ഥാന്‍ ഹോക്കി ടീമാകട്ടെ 2023 ല്‍ ചെന്നൈയില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.
സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയമില്ല, ശത്രുതയില്ല എന്നൊക്കെ പറയുമ്പോഴും രാജ്യതാല്‍പര്യമാണു വലുത്. ദേശീയ താല്‍പര്യം കണക്കിലെടുത്തേ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു തീരുമാനമെടുക്കാന്‍ കഴിയൂ. അത് അംഗീകരിക്കുവാന്‍ ദേശീയ കായിക സംഘടനകള്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് ദ്വിരാഷ്ട്ര മത്സര പരമ്പരയ്ക്ക് ഉടനെയൊന്നും സാധ്യതയില്ല. പാക്കിസ്ഥാന്‍ പര്യടനത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്.